ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള ജൂനി യർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, കേരള നഴ്സ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെയോ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയോ അംഗീകാരമുള്ള ആക്സിലറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആൻഡ് മെഡിക്കൽ കൗൺസിലിന്റെ ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. 18 മുതൽ 44 വയസു വരെയാണ് പ്രായപരിധി. 13,000 രൂപ ഹോണറേറിയമായി ലഭിക്കും. യോഗ്യരായ പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ പട്ടികജാതി/ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ജൂൺ 5 രാവിലെ 11ന് സ്‌കൂളിൽ ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2597900, 9495833938

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഇനി പുതിയ ലോഗോ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഇനി പുതിയ ലോഗോ

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ഇനി പുതിയ ലോഗോ. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ ചേർന്ന ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ലോഗോ പ്രകാശനം ചെയ്തു.

ജില്ലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ യോഗത്തിൽ ചർച്ചയായി. തിരുവനന്തപുരത്തിനായി പുതിയ ബ്രാൻഡിംഗ് തന്ത്രങ്ങൾ രൂപീകരിക്കുന്നതും, സ്റ്റാർട്ടപ് കേരളയുമായി സഹകരിച്ച് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി വൺ കാർഡ് ഡിജിറ്റൽ സൊല്യൂഷൻ പുറത്തിറക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.

സഞ്ചാരികൾക്ക് ജില്ലയിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, പ്രത്യേക ഓഫറുകൾ എന്നിവ വൺ കാർഡ് ഡിജിറ്റൽ സൊല്യൂഷൻ പദ്ധതിയിലൂടെ സാധ്യമാകും. വേളി ടൂറിസ്റ്റ് വില്ലേജിൽ പി.പി.പി മോഡൽ നടപ്പാക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്നതിനായി സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കൽ, ശാസ്താംപാറ ടൂറിസം വികസനം, നെയ്യാർ ഡാമിൽ ജലസേചന വകുപ്പിന്റെ അനുമതിയോടെ അഡ്വഞ്ചർ സോൺ, സ്മാർട്‌സിറ്റിയുമായി ചേർന്ന് ശംഖുംമുഖത്തെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവയും യോഗത്തിൽ ചർച്ചയായി.

മഴക്കാലത്തിന് മുന്നോടിയായി കല്ലാർ ഉൾപ്പെടെയുള്ള വിനോസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുന്നതിനും കാപ്പിൽ ബീച്ചിൽ സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ചും ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സബ് കളക്ടർ അശ്വതി ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഡിടിപിസി സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വർക്കല, കല്ലമ്പലം മേഖലകളിലെ മത്സ്യ മാർക്കറ്റുകളിൽ മിന്നൽ പരിശോധന

വർക്കല, കല്ലമ്പലം മേഖലകളിലെ മത്സ്യ മാർക്കറ്റുകളിൽ മിന്നൽ പരിശോധന

വർക്കല, കല്ലമ്പലം മേഖലകളിലെ മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമോണിയ കലർന്ന 300 കിലോയോളം മീൻ പിടികൂടി. വർക്കല പുന്നമൂട് ചന്തയിൽനിന്നു 90 കിലോ ചൂര മീൻ പിടികൂടി.

28-ാം മൈൽ മാർക്കറ്റിൽനിന്നും 25 കിലോ നെത്തോലിയും 70 കിലോ വങ്കടയും കല്ലമ്പലം മാർക്കറ്റിൽനിന്നും 65 കിലോ ചൂരയും 25 കിലോ ചെങ്കലവയും ഏഴുകിലോ ഉണക്കമീനും ആറുകിലോ കൊഞ്ചുമാണ് പിടിച്ചെടുത്തത്. മൊബൈൽ ഫുഡ് ടെസ്റ്റ് ലാബിന്റെ സഹായത്തോടെയുള്ള പരിശോധനയിലാണ് അമോണിയയുടെ സാന്നിധ്യം മീനുകളിൽ കണ്ടെത്തിയത്.

പുന്നമൂട്ടിൽ വർക്കല നഗരസഭാ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഓഫീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഐസിട്ട മീനുകൾ മാർക്കറ്റിൽ എത്തിച്ച്‌ മണൽ വിതറി വിൽപ്പന നടത്തുന്നത് അനുവദിക്കില്ലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഓഫീസർ ഡോ. ആർ.പി.പ്രവീൺ പറഞ്ഞു.

ഉണക്കമീനുകളിൽ തലയും കുടലും ഉൾപ്പെടെയുള്ളവ നീക്കംചെയ്യാതെ ഉണക്കി വിൽക്കുന്നത് കാരണം പെട്ടെന്ന് പുഴുവുണ്ടാകുന്നതായും കേടാവുന്നതായും കണ്ടെത്തി. പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിച്ചു. കമ്മീഷൻ ഏജന്റുമാരുടെ ഗോഡൗണുകളിൽ കൃത്യമായ പരിശോധന നടക്കുന്നുണ്ട്. എന്നാൽ, ചെറുകിട വിൽപ്പനക്കാരിലേക്ക് മത്സ്യം എത്തുമ്പോൾ മായം കലരുന്നതായാണ് പരിശോധനയിൽ വ്യക്തമാകുന്നതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് അജിത, ലാബ് അസിസ്റ്റന്റ് വിനോദ്, ഷീജ എൻ, വർക്കല നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിഷ് എസ്.ആർ, സോണി എം, സരിത എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ചീഫ് ജസ്റ്റിസ് എസ്.വി ഭാട്ടിയുടെ സത്യപ്രതിജ്ഞ നാളെ

ചീഫ് ജസ്റ്റിസ് എസ്.വി ഭാട്ടിയുടെ സത്യപ്രതിജ്ഞ നാളെ

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടിനാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാചകം ചൊല്ലിക്കൊടുക്കും.

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; പരാതിക്കാരന്റെ മരണത്തിൽ കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; പരാതിക്കാരന്റെ മരണത്തിൽ കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനായ കർഷകന്റെ ആത്മഹത്യയിൽ ബാങ്കിന്റെ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം കസ്റ്റഡിയിൽ. പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് പുലർച്ചെ ഒന്നരയോടെയാണ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്കിന്റെ മുൻ സെക്രട്ടറി രമാദേവിയേയും കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് വായ്പ തട്ടിപ്പു കേസിലെ പരാതിക്കാരനായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ ആത്മഹത്യ ചെയ്യുന്നത്. ഇതിനെ തുടർന്ന് എബ്രഹാം ഉൾപ്പടെയുള്ളവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എബ്രഹാമിനെതിരെ നടപടിയെടുക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മരിച്ച രാജേന്ദ്രന്റെ മൃതദേഹവുമായി എബ്രഹാമിന്റെ വീട്ടിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടക്കാനിരിക്കെയാണ് പൊലീസ് നടപടി.

2016ലെ ബാങ്ക് ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു കെകെ എബ്രഹാം. ഭരണത്തിലിരുന്ന സമയത്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി ഉയർന്നത്. ചെറിയ തുക വായ്പ എടുക്കാൻ ബാങ്കിൽ എത്തിയ കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. ചെറിയ തുകയ്ക്ക് എത്തുന്നവരുടെ പേരിൽ വലിയ തുക എഴുതിയെടുത്താണ് തട്ടിപ്പ്. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് എത്തിത്തുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം പുറത്തറിയുന്നത്. 30ൽ അധികം പരാതികളാണ് ലഭിച്ചത്.

ഭൂമി പണയപ്പെടുത്തി രാജേന്ദ്രന്‍ 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാൽ 70000 രൂപ മാത്രമാണ് രാജേന്ദ്രൻ വായ്പ എടുത്തിരുന്നത്. എബ്രഹാമിനെതിരെ ‌പുൽപള്ളി സഹകരണ ബാങ്ക് മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് ടി.എസ് കുര്യൻ രം​ഗത്തെത്തിയിരുന്നു. രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്നാണ് കുര്യൻ പറഞ്ഞത്.

സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ തട്ടിപ്പ് തെളിഞ്ഞു. കെകെ എബ്രഹാം ഉൾപ്പടെയുള്ളവരിൽ നിന്ന് എട്ട് കോടി രൂപ പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ കേസ് ഇപ്പോൾ കോടതിയിലാണ്.

കായികമേഖലയിലേയ്ക്ക് കൊച്ചുമിടുക്കരെ കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’; ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

കായികമേഖലയിലേയ്ക്ക് കൊച്ചുമിടുക്കരെ കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’; ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായികമേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’യ്ക്ക് തുടക്കം. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായി ആവിഷ്‌കരിച്ച പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഗോത്ര വിഭാഗത്തിൽ നിന്ന് മികച്ച ഫുട്‌ബോൾ താരങ്ങളെ വാർത്തെടുക്കാനും കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയാനും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് ‘ആട്ടക്കള’.

ഇന്ത്യൻ കായിക രംഗത്തെ പ്രഗൽഭ മലയാളി യുവതാരങ്ങളും ചേർന്ന് ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ ആവിഷ്‌കരിച്ച പരിപാടിക്കാണ് ഏലൂർ ഗ്രൗണ്ടിൽ തുടക്കമായത്.

ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13th ഫൗണ്ടേഷനിലൂടെയാണ് ആദിവാസി കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നത്. ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്‌ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ മമ്മൂട്ടിയിൽ നിന്ന് ഫുട്‌ബോൾ ഏറ്റുവാങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ പങ്കെടുത്തു.