ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ല; 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട്; ഡല്‍ഹി പൊലീസ്

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ല; 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട്; ഡല്‍ഹി പൊലീസ്

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ റസ്ലിങ് ഫെഷറേഷന്‍ (ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പതിനഞ്ചു ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. താരങ്ങളുടെ ആക്ഷേപത്തെ പിന്തുണയ്ക്കുന്ന വസ്തുതകള്‍ ഇല്ല- ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസില്‍ പതിനഞ്ചു ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ സമരത്തിലാണ്. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങിയ ഇവരെ ജന്തര്‍ മന്ദറില്‍നിന്ന് പൊലീസ് ഒഴിപ്പിക്കുകയായിരുന്നു.

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. മന്ത്രാലയത്തിന്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി കേന്ദ്ര മന്ത്രി വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ആയിരങ്ങൾ ആശ്രയിക്കുന്ന ചിറയിൻകീഴ് സ്റ്റേഷനിൽ പല എക്‌സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പില്ലെന്ന പ്രദേശവാസികളുടെ പരാതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വി മുരളീധരൻ നേരിട്ട് അറിയിച്ചിരുന്നു.

യാത്രക്കാർ വർക്കല സ്റ്റേഷനെ ആശ്രയിക്കേണ്ടി വരുന്നുവെന്നിരിക്കെ യാത്രാദുരിതത്തിന് അറുതിവരുത്താൻ അനുഭാവപൂർവം ഇടപെടുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇന്നത് യാഥാർത്ഥ്യമാകുമ്പോൾ ചിറയിൻകീഴ് നിവാസികൾക്ക് വേണ്ടി സ്‌നേഹവും നന്ദിയും അറിയിക്കുന്നതായും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ജൂൺ 6 നു വൈകുന്നേരം 6 മണിയ്ക്ക് കേന്ദ്ര മന്ത്രി വി മുരളീധരൻ പരശുറാം എക്സ്പ്രസ് ചിറയിൻകീഴ് റെയിൽ വേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും.

ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിതിന്റെയും ഡോ.വന്ദനയുടെയും കുടുംബത്തിന് സർക്കാർ ധനസഹായം

ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിതിന്റെയും ഡോ.വന്ദനയുടെയും കുടുംബത്തിന് സർക്കാർ ധനസഹായം

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിയ്ക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ജെ.എസ്. രഞ്ജിത്തിന്റെ കുടുംബത്തിന് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കും.

കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്.ആര്‍. രാജേഷ്‌കുമാറിന്റെ ഭാര്യ എന്‍.കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍ നിന്നും അനുവദിക്കാനും തീരുമാനിച്ചു.

മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം  ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്‌സ് 2023 ജൂൺ ബാച്ചിലെ ഒഴിവുള്ള സീറ്റികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ ഓൺലൈനായി www.keralamediaacademy.org യിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2422275, 8281360360 (കോഴ്സ് കോ-ഓർഡിനേറ്റർ).

ചിറയിൻകീഴ് സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

ചിറയിൻകീഴ് സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ എൻഐഎ പരിശോധന അണ്ടൂർ പാറക്കാട് സ്വദേശിയും ടെക്നോപാർക്കിൽ ഗ്രാഫിക് ഡിസൈനറുമായ മുഹമ്മദ് ഷിയാസിന്റെ വീട്ടിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു. മുഹമ്മദ് ഷിയാസ് ബീഹാർ സ്വദേശിമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന കണ്ടെത്തലുകളെ തുടർന്നാണ് എൻ ഐ എ സംഘം പരിശോധന നടത്തിയതെന്നാണ് സൂചന.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്

പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള ജൂനി യർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, കേരള നഴ്സ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെയോ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയോ അംഗീകാരമുള്ള ആക്സിലറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആൻഡ് മെഡിക്കൽ കൗൺസിലിന്റെ ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. 18 മുതൽ 44 വയസു വരെയാണ് പ്രായപരിധി. 13,000 രൂപ ഹോണറേറിയമായി ലഭിക്കും. യോഗ്യരായ പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ പട്ടികജാതി/ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ജൂൺ 5 രാവിലെ 11ന് സ്‌കൂളിൽ ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2597900, 9495833938