നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിക്കുകയുമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിൽ ഹരീഷ് പേങ്ങൻ വേഷമിട്ടിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ്; കാനാറ വാർഡിൽ യുഡിഎഫിലെ അപർണയ്ക്ക് വിജയം

ഉപതെരഞ്ഞെടുപ്പ്; കാനാറ വാർഡിൽ യുഡിഎഫിലെ അപർണയ്ക്ക് വിജയം

ഉപതെരഞ്ഞെടുപ്പ് നടന്ന പഴയ കുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കാനാറ വാർഡിൽ യുഡിഎഫിലെ അപർണ വിജയിച്ചു

ആകെ

യുഡിഎഫ്- 560
എൽഡിഎഫ്- 548
ബിജെപി- 76

വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം; സ്‌കൂളുകള്‍ നാളെ തുറക്കും

വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം; സ്‌കൂളുകള്‍ നാളെ തുറക്കും

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. 42 ലക്ഷത്തോളം കുട്ടികളാണ് നാളെ സ്കൂളുകളിലേക്കെത്തുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍
നാളെ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങളുണ്ടാകും. ലളിതമായി വ്യത്യസ്തരീതിയില്‍ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഈ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.

ഇതനുസരിച്ച് പൊതുവിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമായിരിക്കും. തുടര്‍ച്ചയായി അഞ്ചു പ്രവൃത്തിദിനങ്ങള്‍ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാര്‍ശ ചെയ്തിട്ടുള്ളത്.

വിദ്യാഭ്യാസ കലണ്ടറിന് അംഗീകാരം നല്‍കാന്‍ ചേര്‍ന്ന ക്യുഐപി യോഗമാണ് ഈ ശുപാര്‍ശ നല്‍കിയത്. ഇതനുസരിച്ച് തുടര്‍ച്ചയായ ആറു ദിവസം പ്രവൃത്തിദിനമാകില്ല. വ്യാഴാഴ്ച നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യയന ദിനങ്ങള്‍ അടക്കം വ്യക്തമാക്കിയുള്ള അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അന്തരിച്ചു

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അന്തരിച്ചു

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ സ്വാമി ഗുരുമിത്രൻ ഗുരുജ്യോതിയില്‍ ലയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. 2002 ല്‍ സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ദീര്‍ഘകാലം ഗുരുവിന്റെ ജന്മസ്ഥലമായ ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ചിന്റെ ചുമതല വഹിച്ചു.

തുടര്‍ന്ന് 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് സെക്രട്ടറിയാവുകയും ചെയ്തു. 2019 മുതല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ മാനേജരായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പൂര്‍വ്വാശ്രമത്തിലെ നാമം അജയകുമാര്‍ എല്‍. 1976 ഫെബ്രുവരി 10ന് ചിറയിൻകീഴിൽ ജനിച്ചു. കൃഷ്ണൻകുട്ടിയും ലതികയുമാണ് മാതാപിതാക്കൾ. നാളെ (31-05-2023 ബുധന്‍) രാവിലെ 7 മണിമുതല്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമം വളപ്പില്‍ നടക്കും.

സംസ്ഥാനത്തെ അങ്കണവാടികളെ സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കും: വീണാ ജോര്‍ജ്

സംസ്ഥാനത്തെ അങ്കണവാടികളെ സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കും: വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടില്‍ അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 30ലധികം അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും മറ്റ് ജനപ്രതിനിധികളുടെ ഫണ്ടും പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയുമാണ് സ്മാര്‍ട്ട് അങ്കണവാടികളാക്കുന്നത്.

സുരക്ഷിതമായ ഒരു ഇടം എന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന അന്തരീക്ഷം ഉറപ്പാക്കുകയും സ്മാര്‍ട്ട് അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണം ലക്ഷ്യത്തോടടുക്കുകയാണ്. 2500 ഓളം അങ്കണവാടികളില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. വൈദ്യുതി വകുപ്പുമായി ചേര്‍ന്നുള്ള നടപടികളിലൂടെ ഇനി നൂറില്‍ താഴെ അങ്കണവാടികളില്‍ മാത്രമാണ് വൈദ്യുതി ലഭിക്കാനുള്ളത്. വൈദ്യുതി ലൈന്‍ വലിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് ഈ വര്‍ഷം തന്നെ മുഴുവന്‍ അങ്കണവാടികളിലും വൈദ്യുതി ലഭ്യമാക്കും.

പൊതു വിദ്യാഭ്യാസ മേഖലയില്‍ ദേശീയതലത്തില്‍ തന്നെ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും വളര്‍ത്തിയെടുക്കുന്നത് വളരെ ശ്രദ്ധയോടെയും കരുതലോടെയും കാണുകയും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ പോകുന്നതിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിന് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. പ്രിയപ്പെട്ടവരുടെ സംരക്ഷണയില്‍ നിന്നും കുഞ്ഞുങ്ങള്‍ പൊതു സമൂഹത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇടം അങ്കണവാടികളാണ്. ആ അങ്കണവാടികളെ ഏറ്റവും ശാസ്ത്രീയമായി സജ്ജമാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഗവൺമെന്റ് യുപിഎസ് വഞ്ചിയൂർ ആലംകോട് പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര  നിലവാരത്തിലേക്ക്

ഗവൺമെന്റ് യുപിഎസ് വഞ്ചിയൂർ ആലംകോട് പ്രീ പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കുട്ടികളുടെ സർവതോന്മുഖമായ വികാസം ലക്ഷ്യമിട്ടു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയ വർണ്ണ കൂടാരം ആറ്റിങ്ങൽ എംഎൽഎ ഒ എസ്‌ അംബിക ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ സിന്ധു എസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.ജവാദ് (ഡി പി സി എസ് എസ് കെ തിരുവനന്തപുരം) പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ പ്രഥമ അധ്യാപിക പുഷ്കല ഡി കെ, സ്റ്റാഫ് സെക്രട്ടറി ശ്യാം എസ്.ആർ, സജീർ രാജകുമാരി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കരവാരം ഗ്രാമപഞ്ചായത്ത്), കവിത ആർ (ബ്ലോക്ക് മെമ്പർ കിളിമാനൂർ), എം കെ രാധാകൃഷ്ണൻ( സ്വാഗതസംഘം ചെയർമാൻ), ഡോ. സുലഭ വി (സീനിയർ ലക്ചർ ഡയറ്റ് ആറ്റിങ്ങൽ തിരുവനന്തപുരം), ബി പി സി വിനോദ് ടി കിളിമാനൂർ, സി ആർ സി കോഡിനേറ്റർ ഷീബ കെ, സ്വാതി കൃഷ്ണ എം എസ് (പി ടി എ പ്രസിഡന്റ്), എസ്എംസി ചെയർമാൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രീപ്രൈമറി കുട്ടികളുടെ കലാവിരുന്നും ചേക്കു രാജീവിന്റെ ഫിഗർ ഷോയും നടത്തി.