by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഹമ്മദാബാദ്: അവസാന പന്തു വരെ ആവേശം. മഴയിലും തണുക്കാതെ നിന്ന പോരാട്ട വീറ്. ത്രില്ലർ പോരാട്ടത്തിൽ ഐപിഎൽ കിരീടം നിലനിർത്താനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞ് തലയും പിള്ളേരും. അഞ്ചാം വട്ടവും ചെന്നൈ സൂപ്പർ കിങ്സ് കിരീടം സ്വന്തമാക്കി.
അവസാന ഓവറിലെ അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് നാല് റൺസ്. മോഹിത് ശർമയെറിഞ്ഞ ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് രവീന്ദ്ര ജഡേജ ചെന്നൈയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി. അഞ്ച് വിക്കറ്റിന് വിജയിച്ച് ചെന്നൈ ഒരിക്കൽ കൂടി ഐപിഎൽ കിരീടത്തിൽ മുത്തം ചാർത്തി. അഞ്ചാം കിരീട നേട്ടത്തിലൂടെ മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം ചെന്നൈയും എത്തി.
മഴയെ തുടർന്ന് ചെന്നൈയുടെ ബാറ്റിങ് 15 ഓവറാക്കി ചുരുക്കിയിരുന്നു. അവരുടെ ലക്ഷ്യം 15 ഓവറിൽ 171 റൺസായി നിജപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന മികച്ച ടോട്ടലാണ് ബോർഡിൽ ചേർത്തത്. ചെന്നൈ ബാറ്റങിന് ഇറങ്ങി മൂന്ന് പന്തുകൾ എറിഞ്ഞപ്പോഴേക്കും മഴയെത്തി. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസായിരുന്നു ചെന്നൈയുടെ സമ്പാദ്യം.
രണ്ട് മണിക്കൂറും 20 മിനിറ്റും കഴിഞ്ഞപ്പോഴാണ് മഴയെത്തിയത്. ഇതോടെയാണ് മഴ നിയമമനുസരിച്ച് ചെന്നൈയുടെ ലക്ഷ്യം 15 ഓവറിൽ 171 ആക്കി ചുരുക്കിയത്.
മികച്ച തുടക്കമാണ് ഓപ്പണർമാർ ചെന്നൈയ്ക്കു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ട് ഋതുരാജ് ഗെയ്ക്‌വാദും ഡെവോൺ കോൺവെയും ചേർന്നു പടുത്തുയർത്തി. 16 പന്തിൽ 26 റൺസെടുത്ത ഗെയ്ക്‌വാദ് നൂർ അഹമ്മദിന്റെ പന്തിൽ റാഷിദ് ഖാൻ ക്യാച്ചെടുത്തു പുറത്തായി. തൊട്ടുപിന്നാലെ ഡെവോൺ കോൺവെയെ പുറത്താക്കി നൂർ അഹമ്മദ് വിക്കറ്റ് നേട്ടം രണ്ടാക്കി. 9.1 ഓവറിലാണ് ചെന്നൈ 100 കടന്നത്. കോൺവെ 25 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം 47 റൺസെടുത്തു. ഋതുരാജ് ഒരു സിക്‌സും മൂന്ന് ഫോറും പറത്തി.
സ്കോർ 117ൽ നിൽക്കെ അജിൻക്യ രഹാനെയെ (13 പന്തിൽ 27) മോഹിത് ശർമ മടക്കി. താരം രണ്ട് വീതം സിക്സും ഫോറും സഹിതമാണ് ഇത്രയും റൺസെടുത്തത്. മോഹിത് എറിഞ്ഞ 13ാം ഓവറിൽ അമ്പാട്ടി റായുഡുവും (എട്ട് പന്തിൽ 19), ക്യാപ്റ്റൻ ധോനിയും പുറത്തായതോടെ ചെന്നൈ സമ്മർദത്തിലായി.
അവസാന ഓവറിൽ ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസായിരുന്നു. ആദ്യ പന്ത് ഡോട്ട് ബോളായെങ്കിലും, പിന്നീടുള്ള മൂന്ന് പന്തുകളിൽ ഓരോ റൺസ് വീതം ചെന്നൈ നേടി. അഞ്ചാം പന്ത് സിക്സർ പറത്തിയതോടെ ചെന്നൈ ഡഗ്ഔട്ട് ഉണർന്നു. ഒടുവിൽ മോഹിത് ശർമയുടെ ലോ ഫുൾ ടോസ് ബൗണ്ടറി കടത്തി ജഡേജ ചെന്നൈയുടെ വിജയമുറപ്പിച്ചു.
ശിവം ഡുബെ 21 പന്തിൽ രണ്ട് സിക്‌സുകൾ തൂക്കി 32 റൺസുമായി പുറത്താകാതെ നിന്നു. ജഡേജ ആറ് പന്തിൽ ഒരോ സിക്‌സും ഫോറും സഹിതം 15 റൺസുമായും പുറത്താകാതെ നിന്നു.
ഗുജറാത്തിനായി മോഹിത് ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നൂർ അഹമ്മദ് രണ്ട് വിക്കറ്റുകളും നേടി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ചെന്നൈക്ക് മുന്നിൽ 215 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഫൈനലിൽ മികച്ച തുടക്കമാണ് ടൈറ്റൻസിനായി ഓപ്പണിങ് വിക്കറ്റിൽ ശുഭ്‌മാൻ ഗില്ലും വൃദ്ധിമാൻ സാഹയും നൽകിയത്. തുഷാർ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിൽ ശുഭ്‌മാൻ ഗിൽ നൽകിയ അനായാസ ക്യാച്ച് ദീപക് ചാഹർ വിട്ടുകളഞ്ഞത് ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി. എന്നാൽ ഏഴാം ഓവറിൽ ഗിൽ ധോനിയുടെ കിടിലൻ സ്റ്റംപിങ്ങിൽ കുടുങ്ങി. രവീന്ദ്ര ജഡേജ എറിഞ്ഞ ബോൾ ഗിൽ തകർത്തടിക്കാൻ ശ്രമിച്ചപ്പോൾ അതിവേഗ സ്റ്റംപിംഗുമായി അമ്പരപ്പിക്കുകയായിരുന്നു ധോനി. 20 പന്തിൽ നിന്ന് 39 റൺസാണ് ഗില്ലിന്റെ സമ്പാദ്യം.
ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ സായ് സുദർശൻ മികച്ച കളി പുറത്തെടുത്തു. എന്നാൽ, 14-ാം ഓവറിൽ 54 റൺസ് എടുത്തുനിൽക്കെ വൃദ്ധിമാൻ സാഹ ദീപക് ചഹറിന് മുന്നിൽ കീഴടങ്ങി. തകർത്തുകളിച്ച സായ് 47 പന്തിൽ എട്ട് ബൗണ്ടറിയും ആറ് സിക്സും സഹിതം 96 റൺസ് നേടി. നായകൻ ഹർദിക് പാണ്ഡ്യ പുറത്താകാതെ 21 റൺസ് നേടി.
by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തെങ്ങു വീണ് കാര്‍ തകര്‍ന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വൂര്‍ സ്വദേശികളായ രണ്ട് യാത്രക്കാര്‍ക്കും പരിക്കില്ല. കാറ്റും മഴയെയും തുടര്‍ന്നാണ് തെങ്ങ് കടപുഴകി വീണത്. പുത്തൂര്‍ കാലടിയില്‍ ഇന്നലെ രാത്രി 7 നാണ് സംഭവം. പുത്തൂരില്‍ നിന്നും തൃശൂരിലേക്ക് പോയ കാറിന്റെ നടുഭാഗത്തായിട്ടാണ് തെങ്ങ് വീണത്. ഉടനെ തന്നെ തെങ്ങ് തെറിച്ച് റോഡിലേക്ക് വീഴുകയും ചെയ്തു.
തെങ്ങ് വീണതിന്റെ ആഘാതത്തില്‍ കാറിന്റെ നടുഭാഗം കുഴിഞ്ഞു പോയ നിലയിലായിരുന്നു. കാറിന്റെ നാല് ഡോറുകളും തുറക്കാന്‍ പറ്റാത്ത അവസ്ഥയിലുമായി.തുടര്‍ന്ന് നാട്ടുകാര്‍ എത്തിയാണ് കാറില്‍ ഉണ്ടായിരുന്ന യാത്രക്കാരായ രണ്ടുപേരെയും പുറത്തേക്ക് എത്തിച്ചത്
by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കമ്പം: കമ്പം നഗരത്തെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യം ഇന്നും തുടരും. ഷണ്മുഖ നദി ഡാമിന് സമീപത്ത് നിന്ന് അരിക്കൊമ്പന്‍ വനത്തിലേക്ക് നീങ്ങുന്നതായാണ് വിവരം. യോജിച്ച സ്ഥലം കിട്ടിയാല്‍ മയക്കുവെടി വയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ അരിക്കൊമ്പന്റെ ഓരോ ചലനങ്ങളും ദൗത്യസംഘം നിരീക്ഷിച്ച് വരികയാണ്.
കഴിഞ്ഞ ദിവസം കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വനാതിര്‍ത്തിയിലൂടെയായിരുന്നു അരിക്കൊമ്പന്റെ സഞ്ചാരം. ഇത് ദൗത്യത്തിന് വലിയ തിരിച്ചടി ആകുന്നുണ്ട്.ദൗത്യത്തിന് നിയോഗിച്ച സംഘം ഏത് നിമിഷവും മയക്കു വെടി വയ്ക്കാന്‍ സജ്ജമാണ്. എന്നാല്‍ മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനിടെ, അരിക്കൊമ്പന്റെ തുമ്പി കൈയില്‍ ഏറ്റ മുറിവ് വനം വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ പിടികൂടി. 16 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. പിന്നാലെ ഇവ ഗേറ്റിലേക്കും മുറ്റത്തേക്കും സമീപത്തുള്ള കോവൽ വള്ളിയിലേക്കും കയറി. പാമ്പുപിടിത്ത വിദഗ്ധൻ ഷൈൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവയെ ചാക്കിലാക്കി വനം വകുപ്പിന് കൈമാറി. അൽഫോൺസിന്റെ വീടിനരികിലുള്ള ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പൈപ്പുകൾക്കുള്ളിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. പൈപ്പിന്റെ ഒരു വശം മണ്ണു മൂടിയിരുന്നു. മറുഭാഗം നാട്ടുകാരിൽ ചിലർ ചല്ലുവച്ച് അടച്ചു സുരക്ഷിതമാക്കി.
by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: മാപ്രാണം ലാല്‍ ആശുപത്രിക്ക് സമീപം ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസിന് പിന്നില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഓര്‍ഡിനറി ബസിന് പിന്നില്‍ ഇടിച്ച ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രക്കാര്‍ക്കാണ് കൂടുതലായി പരിക്കേറ്റത്. പരിക്കേറ്റവരെ ലാല്‍ ആശുപത്രിയിലും മറ്റുമായാണ് പ്രവേശിപ്പിച്ചത്. സംസ്ഥാനപാതയില്‍ വാഹനഗതാഗതം അരമണിക്കൂര്‍ തടസ്സപ്പെട്ടു. പ്രദേശത്ത് ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
by Midhun HP News | May 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികവും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സർക്കാർ രൂപീകരിച്ചതിന്റെ ഒൻപതാം വാർഷികവും ഇന്ന്. രണ്ടും വിപുലമായി ആഘോഷിക്കാൻ ബിജെപി ഒരുങ്ങി. 2019 മെയ് 30നാണ് രണ്ടാം മോദി സർക്കാർ അധികാരമേറ്റത്. ഒൻപത് വർഷം കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു ഇനി നടപ്പാക്കാൻ പോകുന്നവയെക്കുറിച്ചും വിവരിക്കാൻ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ വാർത്താ സമ്മേളനം നടത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ന് മുതൽ ജൂൺ 30 വരെ മഹാ ജനസമ്പർക്ക അഭിയാൻ എന്ന പേരിൽ ബിജെപി ജനങ്ങളിലേക്കിറങ്ങി പ്രചാരണം നടത്തും. രാജ്യത്തുടനീളം 50ഓളം റാലികളും പാർട്ടി സംഘടിപ്പിക്കും. ഇതിൽ 20ലധികം റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം പാർലമെന്റ് ഉദ്ഘാടനത്തിനു ശേഷം ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. 2024 തിരഞ്ഞെടുപ്പിന്റെ പൊതുചിത്രവും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രചാരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
Recent Comments