വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍

വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍

മലപ്പുറം: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍. തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യയായ വി പി നുസ്രത്തിനെ (36), ഡിവൈഎസ്പിയുടെ ചേര്‍പ്പിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയാണ്.

ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി നുസ്രത്തിന്റെ പേരില്‍ കേസുകളുണ്ട്. വക്കീൽ ചമഞ്ഞും സാമ്പത്തിക ഇടപാടുകൾ പറഞ്ഞു തീർക്കാനെന്ന പേരിൽ ഭീഷണിപ്പെടുത്തിയും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടിയതായി ഇവർക്കെതിരെ പരാതികളുണ്ട്.

10 ലക്ഷവും അതിലധികവും നഷ്ടമായവർ പരാതിക്കാരിലുൾപ്പെടുന്നു. സ്വര്‍ണം തട്ടിയെന്ന പരാതിയും നുസ്രത്തിനെതിരെയുണ്ട്. ഭർത്താവ് സുരേഷ് ബാബു നേരത്തെ തിരൂർ ഡിവൈഎസ്പിയായിരുന്നു. പൊലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നതായി പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു.

ക്യാച്ച് ദ റെയിൻ പരിപാടി സംഘടിപ്പിച്ചു

ക്യാച്ച് ദ റെയിൻ പരിപാടി സംഘടിപ്പിച്ചു

മൺസൂൺ മഴയെ വരവേൽക്കാനും മഴവെള്ളം സംഭരിച്ച് പ്രകൃതിയെ സംരക്ഷിക്കാനും നടത്തിയ ക്യാച്ച് ദ റെയിൻ പരിപാടി അഡ്വ.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ വെഞ്ഞാറമൂട് ജീവകലയാണ് പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് പ്രശസ്ത കലാകാരൻ സുനിൽ പട്ടിമറ്റം അവതരിപ്പിച്ച പപ്പറ്റ് ഷോയും നടന്നു. വെഞ്ഞാറമൂട് കെ എസ് ആർ ടി സി പരിസരത്ത് നടന്ന ചടങ്ങിൽ നെഹ്റു യുവകേന്ദ്ര വളൻ്റിയർ വിഷ്ണു ഷാജി അദ്യക്ഷത വഹിച്ചു. ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി. മധു നന്ദിയും രേഖപ്പെടുത്തി. കെ.ബിനുകുമാർ, ഭഗത്ദേവ്.ജെ.പി, സന്തോഷ് വെഞ്ഞാറമൂട് തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമായേക്കും.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രത പുലർത്തണം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന്
തടസമില്ല.

ഇനി മാസം തോറും സർചാർജ്; ജൂൺ മുതൽ വൈദ്യുതി ബിൽ ‘ഷോക്കടിപ്പിക്കും’

ഇനി മാസം തോറും സർചാർജ്; ജൂൺ മുതൽ വൈദ്യുതി ബിൽ ‘ഷോക്കടിപ്പിക്കും’

തിരുവനന്തപുരം: വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സർചാർജ് ഈടാക്കാൻ വൈദ്യുതി ബോർഡ്. റെ​ഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തിൽ ബോർഡിന് അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ചു ഇതിനുള്ള ചട്ടങ്ങൾ കമ്മീഷൻ അന്തിമമാക്കി. ജൂൺ ഒന്നിന് നിലവിൽ വരും. യൂണിറ്റിന് പരമാവധി 10 പൈസ ബോർഡിന് ഈടാക്കാം. കരടു ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചത്. ബോർഡ് 40 പൈസയാണ് ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ 10 പൈസയായി നിജപ്പെടുത്തിയത്.

വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വില കൂടുന്നതുകാരണമുണ്ടാകുന്ന അധികച്ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്. നിലവിൽ മൂന്ന് മാസത്തിലൊരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടശേഷമാണ് കമ്മീഷൻ സർചാർജ് തീരുമാനിച്ചിരുന്നത്. ജൂൺ പകുതിയോടെ വൈദ്യുതി കൂടാനിരിക്കെയാണ് ഒന്ന് മുതൽ സർചാർജ്. ഉപഭോക്താക്കളുടെ ഭാരം ഇരട്ടിപ്പിക്കുന്നതാണ് പുതിയ നീക്കം. യൂണിറ്റിന് 41 പൈസ കൂട്ടാനാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.

പുതിയ ചട്ടം നിലവിൽ വന്നാലും പരമാവധി 10 പൈസ എന്ന നിയന്ത്രണം ആദ്യ ഒൻപതു മാസം ബാധകമാവില്ല. പഴയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒൻപതു മാസത്തെ സർചാർജ് അനുവദിക്കാൻ ബോർഡ് നേരത്തേ കമ്മീഷന് അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് മാസം 30 പൈസയും അടുത്ത മൂന്ന് മാസം 14 പൈസയും അതിനടുത്ത മൂന്ന് മാസം 16 പൈസയും വേണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. ഈ അപേക്ഷകളിൽ കമ്മീഷൻ തീരുമാനമെടുത്തിട്ടില്ല. ചട്ടം മാറ്റിയതിനു മുമ്പുള്ള അപേക്ഷയായതിനാൽ പഴയചട്ടം അനുസരിച്ചുതന്നെ കമ്മീഷന് ഇത് അനുവദിക്കേണ്ടി വരും. ബോർഡ് സ്വമേധയാ ചുമത്തുന്ന 10 പൈസയ്ക്കൊപ്പം അതും ഈടാക്കും.

അതിനുശേഷം മാസം എത്ര രൂപ അധികച്ചെലവുണ്ടായാലും പത്ത് പൈസയേ സ്വമേധയാ ഈടാക്കാവൂ. അതിൽക്കൂടുതലുള്ളത് നീട്ടിവെക്കണം. ഇത് ഈടാക്കാൻ മൂന്ന് മാസത്തിലൊരിക്കൽ ബോർഡിന് കമ്മീഷനെ സമീപിക്കാം. രണ്ട് മാസത്തെ ബിൽ കാലയളവിൽ ഓരോ മാസവും വ്യത്യസ്ത നിരക്കിൽ സർചാർജ് വന്നാൽ രണ്ട് മാസത്തെ ശരാശരിയാണ് ഈടാക്കുക.

തലയോട്ടി പൂര്‍ണമായി തകര്‍ന്നു; പെണ്‍കുട്ടിയെ 34 തവണ കുത്തി, ബന്ധം തകര്‍ന്ന വൈരാഗ്യമെന്ന് പൊലീസ്

തലയോട്ടി പൂര്‍ണമായി തകര്‍ന്നു; പെണ്‍കുട്ടിയെ 34 തവണ കുത്തി, ബന്ധം തകര്‍ന്ന വൈരാഗ്യമെന്ന് പൊലീസ്

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പതിനാറുകാരിയുടെ അരുംകൊലയില്‍ പെണ്‍കുട്ടിക്ക് 34 തവണ കുത്തേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ തലയോട്ടി പൂര്‍ണമായും തകര്‍ന്നു. ഡല്‍ഹിയിലെ എസി റിപ്പയര്‍ ഷോപ്പിലെ മെക്കാനിക്കാണ് സാഹില്‍ എന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി സാഹില്‍ അടുപ്പത്തിലായിരുന്നു എന്നാണ് ഔട്ടര്‍ നോര്‍ത്ത് ഡിസിപി രവി കുമാര്‍ പറയുന്നത്. ശനിയാഴ്ച പെണ്‍കുട്ടിയുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടന്നത്.

സുഹൃത്തിന്റെ മകന്റെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പുറത്തുപോയപ്പോഴാണ് സാഹില്‍ വഴിയില്‍ കാത്തിരുന്നു ആക്രമിച്ചത്. അതേസമയം, സാഹിലിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.
ഡല്‍ഹി രോഹിണിയിലെ ഷാബാദ് ഡയറി ഏരിയയില്‍ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ് നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലേക്ക് വലിയ പാറക്കല്ലെടുത്ത് ഇട്ടു. നിരവധി തവണയാണ് പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ തലയിലിട്ടത്. യാത്രക്കാര്‍ കാണ്‍കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്.

ഇതിനുശേഷം പോയ പ്രതി തിരികെ വന്ന് വീണ്ടും പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പലതവണ ഇട്ടു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചവിട്ടുകയും ചെയ്തശേഷമാണ് സ്ഥലത്തു നിന്നും പോയത്.

സ്‌കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 10 മണിയ്ക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വി.എച്ച്.എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, ജി. ആർ അനിൽ എന്നിവർ പങ്കെടുക്കും.