കെ.എസ്.ആർ.ടി.സി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ആറ്റിങ്ങലിലേക്ക് സർവ്വീസ് ആരംഭിച്ചു

കെ.എസ്.ആർ.ടി.സി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ആറ്റിങ്ങലിലേക്ക് സർവ്വീസ് ആരംഭിച്ചു

കെഎസ്ആർടിസി കൊല്ലത്ത് നിന്നും അഞ്ചുതെങ്ങ് വഴി ചിറയിൻകീഴിലേക്ക് സർവീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് പള്ളിമുക്ക് ഇരവിപുരം തീരദേശ പാത വഴി അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ മേഖല വഴി ആറ്റിങ്ങൽ വരെയുള്ളതാണ് പുതിയ സർവ്വീസ്.

കൊല്ലം ഡിപ്പോയിൽ നിന്നും പള്ളിമുക്ക്, ഇരവിപുരം, പൊഴിക്കര, കാപ്പിൽ, ഇടവ, വർക്കല, അയന്തി, ഒന്നാംപാലം, അഞ്ചുതെങ്ങ്, ചെക്കാലവിളാകം, കടക്കാവൂർ, തെക്കുംഭാഗം, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നിങ്ങനെയാണ് സർവ്വീസ്.

▪️കൊല്ലത്ത് നിന്നും പുറപ്പെടുന്ന സമയം.

രാവിലെ 5:40 ന് (ഡിപ്പോ)
രാവിലെ 11 ന് (കളക്ട്രേറ്റ്)
വൈകിട്ട് 4 : 45 ന് (കളക്ട്രേറ്റ്)

▪️അഞ്ചുതെങ്ങിൽ എത്തിച്ചേരുന്ന സമയം.

രാവിലെ : 7:30 (ആറ്റിങ്ങൽ)
ഉച്ചയ്ക്ക് : 1:00 (ചിറയിൻകീഴ്)
വൈകിട്ട് : 6:35 (ആറ്റിങ്ങൽ)

▪️ആറ്റിങ്ങൽ/ചിറയിൻകീഴ് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന സമയങ്ങൾ.

രാവിലെ : 8:20 (ആറ്റിങ്ങൽ)
ഉച്ചയ്ക്ക് : 2:00 (ചിറയിൻകീഴ്)
രാത്രി : 7:10 (ആറ്റിങ്ങൽ – NH വഴി കൊല്ലം)

▪️അഞ്ചുതെങ്ങിൽ എത്തിച്ചേരുന്ന സമയങ്ങൾ.

രാവിലെ 8:30 (കൊല്ലം കളക്ട്രേറ്റ്)
ഉച്ചയ്ക്ക് : 2:20 (കൊല്ലം കളക്ട്രേറ്റ്)

എന്നിങ്ങനെയാണ് സമയ ക്രമം. കഴിഞ്ഞ ദിവസമാണ് കൊല്ലം – ആറ്റിങ്ങൽ ഓർഡിനറി സർവീസിന് തുടക്കം കുറിച്ചത്.

വേടന്റെ പരിപാടിക്കിടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു; മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

വേടന്റെ പരിപാടിക്കിടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു; മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

കാസര്‍കോട്: കാസര്‍കോട് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദമ്പതികളുടെ മരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ഡിസംബര്‍ 29നാണ് ദമ്പതികളുടെ മകന്‍ ശിവാനന്ദ് (19) ട്രെയിന്‍ തട്ടി മരിച്ചത്. ബേക്കലില്‍ നടന്ന റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടിയായിരുന്നു ശിവാനന്ദിന്റെ മരണം. ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ സംഗീതപരിപാടിക്കിടെ ആയികുന്നു സംഭവം.

സംഗീതപരിപാടി നടന്ന ബീച്ച് പാര്‍ക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാര്‍ക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കാനും, ആചാരങ്ങള്‍ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായി തീരുമാനമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം.

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിശോധിക്കുന്ന സാഹചര്യത്തില്‍ കേരളം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും, ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിശ്വാസികളെ അകറ്റുന്ന നിലപാട് പാടില്ലെന്ന് സിപിഎമ്മിലും ധാരണയായിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്, നേരത്തെ യുവതീ പ്രവേശത്തെ അനുകൂലിച്ചിരുന്ന സിപിഎമ്മും സംസ്ഥാന സര്‍ക്കാരും മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത്. വിശ്വാസികളെ അടുപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമവും നടത്തിയിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി അടക്കമുള്ള സമുദായങ്ങള്‍ ആചാരം സംരക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നവോത്ഥാന സംരക്ഷണ സമിതിയിലെ മറ്റൊരു പ്രബല സമുദായമായ കെപിഎംഎസ് യുവതീപ്രവേശന നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന അഭിപ്രായക്കാരാണ്.

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച സിപിഎമ്മും മുഖ്യമന്ത്രിയും മുമ്പ്, നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി നിലപാട് മാറ്റില്ലെന്നായിരുന്നു പ്രസ്താവിച്ചത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയതിനെത്തുടര്‍ന്ന്, സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

അതേസമയം ശബരിമലയിലെ യുവതീപ്രവേശന വിധി നിലനിര്‍ത്തണമെന്ന് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും, ശബരിമലയെ പ്രത്യേക വിഭാഗമായി കാണാനാകില്ലെന്നുമാണ് അസോസിയേഷന്‍ വ്യക്തമാക്കിയത്.

‘രസികന്‍ കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല, 6 മാസം മുമ്പ് ഓര്‍മയുണ്ടോന്ന് ചോദിച്ച് വന്ന താടിക്കാരന്‍’; ഹരിമുരളിയെക്കുറിച്ച് ലാല്‍ ജോസ്

‘രസികന്‍ കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല, 6 മാസം മുമ്പ് ഓര്‍മയുണ്ടോന്ന് ചോദിച്ച് വന്ന താടിക്കാരന്‍’; ഹരിമുരളിയെക്കുറിച്ച് ലാല്‍ ജോസ്

ബാലതാരമായി മനസില്‍ ഇടം നേടിയ ഹരിമുരളിയുടെ മരണം ഞെട്ടലും വേദനയുമുണ്ടാക്കിയതായിരുന്നു. രസികന്‍, അണ്ണന്‍ തമ്പി തുടങ്ങിയ സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം വളരെ ചെറിയ പ്രായത്തില്‍ തന്നെ കയ്യടി നേടിയിട്ടുണ്ട് ഹരിമുരളി. പിന്നീട് സിനിമ ഉപേക്ഷിച്ച താരം എഡിറ്റിങും ഗ്രാഫിക്‌സുമൊക്കെ ചെയ്ത് പിന്നണിയിലൂടെ സിനിമയിലേക്ക് തിരികെ വരുന്നതിനിടെയാണ് മരണം.

ഹരിമുരളിയെ ജനപ്രീയനാക്കിയ സിനിമയായിരുന്നു രസികന്‍. ദിലീപുമായുള്ള ഹരിമുരളിയുടെ കോമ്പോ വന്‍ ചിരി നല്‍കിയതായിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചയായതും രസികനിലെ കടവാവല്‍ തന്നെയായിരുന്നു. ഇപ്പോഴിതാ ഹരിമുരളിയെ മാസങ്ങള്‍ മുമ്പ് കണ്ടതിനെക്കുറിച്ചും രസികന്‍ ചിത്രീകരണത്തിലെ ഓര്‍മയുമൊക്കെ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

രസികന് ശേഷം ഹരിമുരളിയെ കണ്ടിട്ടില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തട്ടുകടയില്‍ വച്ച് അപ്രതീക്ഷിതമായി ഹരിമുരളി തന്നോട് വന്ന് സംസാരിച്ചതും ലാല്‍ ജോസ് ഓര്‍ക്കുന്നുണ്ട്. മനോരമ ഓണ്‍ലൈനിനോടായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം.

”രസികനില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിങ് സമയത്ത് അവന്റെ തമാശകളും സംശയങ്ങളുമൊക്കെ ആയി സെറ്റില്‍ വളരെ സജീവമായിരുന്നു. അവനെ ഫേമസ് ആക്കിയ സീന്‍ അവനും ദിലീപും കൂടി പൊലിപ്പിച്ച് എടുത്തതാണ്. ദിലീപ് ആണ് ആ ഡയലോഗ് അവനെ പഠിപ്പിച്ച് എടുത്തതും ചെയ്യിപ്പിച്ചതും. ദിലീപുമായി ഒരുപാട് അടുത്തിരുന്നു അവന്‍ ഇന്ന്. പിന്നീട് അവന്‍ സിനിമയൊക്കെ നിര്‍ത്തി ഗ്രാഫിക്‌സിലേക്കും എഴുത്തിലേക്കും ഒക്കെ തിരഞ്ഞുവെന്ന് കേട്ടു” ലാല്‍ ജോസ് പറയുന്നു.

”രസികന്‍ കഴിഞ്ഞിട്ട് അവനെ കണ്ടിട്ടേയില്ല. അഞ്ചാറ് മാസം മുമ്പ് എറണാകുളത്ത് ഒരു രാത്രി വളരെ വൈകി ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കേറി. എന്റെ അടുത്ത് താടിയുള്ള ഒരു ചെറുപ്പക്കാരന്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവന്‍ ചോദിച്ചു. അങ്കിള്‍ എന്നെ മനസിലായോ? ഞാന്‍ പറഞ്ഞു ഇല്ല. ഞാന്‍ രസികനില്‍ ബാലതാരമായി അഭിനയിച്ച ഹരി ആണെന്ന് അവന്‍ പറഞ്ഞു”.

അവന്‍ വന്ന് സംസാരിച്ചത് ഏറെ സന്തോഷിപ്പിച്ചു. വളരെ കാലത്തിന് ശേഷം അവനെ കാണുന്നത് അങ്ങനെയാണ്. നിന്നെ ഒക്കെ കാണുമ്പോഴാണ് എനിക്ക് പ്രായം ആയെന്ന് ബോധ്യം വരുന്നതെന്ന് അവനോട് പറഞ്ഞു. അച്ഛനോടും അമ്മയോടും അന്വേഷണം പറയണമെന്ന് പറഞ്ഞാണ് വിട്ടത്. വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയെന്നും സംവിധായകന്‍ പറയുന്നുണ്ട്.

നിറച്ചുവച്ചതു മാത്രം പൊക്കി, കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍!; സിസിടിവി ദൃശ്യം പുറത്ത്

നിറച്ചുവച്ചതു മാത്രം പൊക്കി, കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍!; സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചാലയിലെ ഹോട്ടലില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മോഷണം പോയതായി പരാതി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഗ്യാസ് കുറ്റി കള്ളന്‍ അടിച്ചു മാറ്റിയത്. നിറയെ ഗ്യാസ് ഉണ്ടായിരുന്ന സിലിണ്ടറാണ് കള്ളന്‍ മോഷ്ടിച്ചത്.

എന്നാല്‍ പകുതി ഉപയോഗിച്ച രണ്ടു കുറ്റികള്‍ ഉണ്ടായിരുന്നത് കള്ളന്‍ എടുത്തില്ല. ചാലയിലെ വി എസ് ഹോട്ടലിലായിരുന്നു മോഷണം. മൂന്നു സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. ഇതിലെ നിറകുറ്റിയാണ് കള്ളന്‍ മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

സിസിടിവി കാമറകൾ പ്രവർത്തിക്കാതിരിക്കാൻ ഹോട്ടലിന്റെ മെയിൻ സ്വിച്ച് ബോർഡിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ ഇൻവെർട്ടർ സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് വൈദ്യുതി പോയിട്ടും സിസിടിവി കാമറകൾ പ്രവർത്തിച്ചു.ഇതോടെ കള്ളൻ ഹോട്ടലിലേക്ക് വരുന്നതും നിറച്ച ഗ്യാസ് കുറ്റിയുമായി മടങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞു. അടുക്കളയിലെ കാമറ കണ്ട കള്ളൻ, കാമറ മറ്റൊരിടത്തേക്ക് തിരിച്ചുവെച്ചതിനാൽ അടുക്കളയിലെ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ഹോട്ടലുടമ അർച്ചന പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ദുബായിൽ റൂം ഷെയറിംഗിനും ബെഡ് സ്പേസിനും പുതിയ നിയമം; പ്രവാസികൾ അറിയേണ്ട 6 പ്രധാന മാറ്റങ്ങൾ

ദുബായിൽ റൂം ഷെയറിംഗിനും ബെഡ് സ്പേസിനും പുതിയ നിയമം; പ്രവാസികൾ അറിയേണ്ട 6 പ്രധാന മാറ്റങ്ങൾ

ദുബായിലെ താമസച്ചെലവ് കുറയ്ക്കുന്നതിനായി ആയിരക്കണക്കിന് പ്രവാസികൾ ആശ്രയിക്കുന്ന ബെഡ് സ്പേസ്, ഷെയർഡ് അപ്പാർട്ട്മെൻ്റ് സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയ നിയമം വരുന്നു. കെട്ടിട ഉടമകൾക്കും താമസക്കാർക്കും ഒരുപോലെ ബാധകമായ ഈ നിയമം, എവിടെ താമസിക്കണം, എത്രപേർക്ക് ഒരു മുറി പങ്കിടാം, ആർക്കൊക്കെ നിയമപരമായി വാടകയ്ക്ക് നൽകാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നു. തിരക്ക് കുറയ്ക്കാനും സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കാനുമാണ് അധികൃതർ ഈ നീക്കം നടത്തുന്നത്.

എല്ലാ ഫ്ലാറ്റുകളും ഇനി മുതൽ ഷെയർ അക്കമഡേഷനായി ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് ഒന്നാമത്തെ മാറ്റം. ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഒരു ഫ്ലാറ്റ് ഷെയറിംഗിനായി നൽകാൻ പാടുള്ളൂ. ഓരോ പ്രദേശത്തെയും ജനസാന്ദ്രതയും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്ത് ഏതൊക്കെ സ്ഥലങ്ങളിൽ ഷെയർ അക്കമഡേഷൻ അനുവദിക്കണമെന്ന് മുനിസിപ്പാലിറ്റി തീരുമാനിക്കും. ചില ജനവാസ മേഖലകളിൽ നിന്ന് ഇത്തരം സംവിധാനങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടേക്കാം.

താമസക്കാരുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് രണ്ടാമത്തെ കാര്യം. ഓരോ വ്യക്തിക്കും താമസിക്കാൻ ആവശ്യമായ കുറഞ്ഞ സ്ഥലം എത്രയാണെന്ന് അധികൃതർ നിശ്ചയിക്കും. അടുക്കള, ബാത്റൂം തുടങ്ങിയ പൊതു സൗകര്യങ്ങൾ എത്രപേർക്ക് വീതം വേണമെന്നതിലും മാനദണ്ഡമുണ്ടാകും. ഇത് നിലവിൽ അമിതമായി ആളുകൾ താമസിക്കുന്ന ഫ്ലാറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.

മൂന്നാമതായി, അംഗീകൃത ലൈസൻസുള്ളവർക്ക് മാത്രമേ ഷെയർ അക്കമഡേഷൻ വാടകയ്ക്ക് നൽകാൻ അനുവാദമുള്ളൂ. കെട്ടിട ഉടമയ്ക്കോ അല്ലെങ്കിൽ ഉടമ ചുമതലപ്പെടുത്തിയ അംഗീകൃത റിയൽ എസ്റ്റേറ്റ് കമ്പനിക്കോ മാത്രമേ ഇതിന് അധികാരമുണ്ടാകൂ. വാടകയ്ക്ക് താമസിക്കുന്ന ഒരാൾ മുറിയുടെ ഒരു ഭാഗം വീണ്ടും വാടകയ്ക്ക് നൽകുന്ന (Sub-leasing) രീതി ഇനി മുതൽ നിയമവിരുദ്ധമായി കണക്കാക്കും.

നാലാമത്തെ മാറ്റം ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനമാണ്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് ഷെയർ അക്കമഡേഷനുകൾക്കായി പ്രത്യേക ഇലക്ട്രോണിക് രജിസ്ട്രി തയ്യാറാക്കും. ഉടമയുടെ വിവരങ്ങൾ, താമസക്കാരുടെ എണ്ണം, മുറിയുടെ വിസ്തീർണ്ണം എന്നിവ ഇതിൽ രേഖപ്പെടുത്തണം. കൂടാതെ, ഷെയർ അക്കമഡേഷനുകൾക്കായി പ്രത്യേക വാടക ഇൻഡിക്കേറ്ററും അധികൃതർ പുറത്തിറക്കും.

അഞ്ചാമതായി, സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും. തീപിടുത്തം തടയാനുള്ള സംവിധാനങ്ങൾ, കൃത്യമായ ശുചിത്വ പാലനം, ഇലക്ട്രിക്കൽ – സാനിറ്റേഷൻ സുരക്ഷ എന്നിവയിൽ വിട്ടുവീഴ്ചയുണ്ടാകില്ല. താമസക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന കെട്ടിടങ്ങൾക്ക് മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് പെർമിറ്റ് നഷ്ടമാകാൻ ഇത് കാരണമാകും.

ആറാമത്തെ പ്രധാന കാര്യം നിയമലംഘകർക്കുള്ള കനത്ത ശിക്ഷയാണ്. 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ 10 ലക്ഷം ദിർഹം വരെയാകാം. കൂടാതെ, വൈദ്യുതി – ജല കണക്ഷനുകൾ വിച്ഛേദിക്കാനും ലൈസൻസ് റദ്ദാക്കാനും താമസക്കാരെ ഒഴിപ്പിക്കാനും അധികൃതർക്ക് അധികാരമുണ്ടാകും. വാടക തർക്കങ്ങൾ പരിഹരിക്കാൻ ദുബായ് റെൻ്റൽ ഡിസ്പ്യൂട്ട് സെൻ്ററിനെ സമീപിക്കാവുന്നതാണ്.

നിലവിൽ ഷെയർ അക്കമഡേഷനായി പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടാൻ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമാണെങ്കിൽ ഈ കാലാവധി ഒരിക്കൽ കൂടി നീട്ടി നൽകാനും സാധ്യതയുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷമാണ് നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരിക.

ദുബായിലെ സാധാരണക്കാരായ പ്രവാസികളുടെ താമസസൗകര്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് ഈ പുതിയ മാറ്റങ്ങൾ. നിയമം നടപ്പിലാകുന്നതോടെ താമസസ്ഥലങ്ങളിലെ തിരക്ക് കുറയുമെങ്കിലും വാടക നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഓരോ മേഖലയിലെയും പെർമിറ്റ് ലഭ്യത അനുസരിച്ചായിരിക്കും ഇനി താമസക്കാർക്ക് റൂമുകൾ കണ്ടെത്തേണ്ടി വരിക.

കെട്ടിട ഉടമകൾ കൃത്യമായ പെർമിറ്റ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ താമസക്കാർ ശ്രദ്ധിക്കണം. നിയമവിരുദ്ധമായി സബ് ലീസ് എടുക്കുന്നവർ വരും ദിവസങ്ങളിൽ വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സുരക്ഷിതവും മാന്യവുമായ താമസ സൗകര്യം എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ് ഗവൺമെൻ്റിൻ്റെ ലക്ഷ്യം.