തൊടുപുഴയില്‍ വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തൊടുപുഴയില്‍ വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തൊടുപുഴ: വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ഹലീമ മുറിക്കുള്ളില്‍ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇസ്മായിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. വഴക്കിനിടെ ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം ഇസ്മായില്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.

വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനായ മകന്‍ മാഹിന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ അനക്കമറ്റ് കിടക്കുന്ന ഹലീമയെ കണ്ടു. ഈ സമയം മൊബൈലില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ഇസ്മായിലിന്റെ സഹോദരനും വീട്ടിലെത്തിയിരുന്നു. പിന്നീട് അയല്‍ക്കാരെയും വിവരമറിയിച്ച് വീടിന്റെ വാതില്‍തുറന്ന് പരിശോധിച്ചപ്പോഴാണ് ഇസ്മായിലിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തെക്കന്‍ കര്‍ണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40മുതല്‍ 45കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് ഞായറാഴ്ച രാവിലെ അഞ്ചരമുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കന്‍ഡില്‍ 30cm നും 70cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തോട് വൃത്തിയാക്കുന്നതിനിടെ കഴുത്തിൽ കിടന്ന രണ്ട് പവന്റെ മാല പോയി; സരോജിനിയെ കാത്ത് ആ മാല ഒരു വർഷം അവിടെക്കിടന്നു

തോട് വൃത്തിയാക്കുന്നതിനിടെ കഴുത്തിൽ കിടന്ന രണ്ട് പവന്റെ മാല പോയി; സരോജിനിയെ കാത്ത് ആ മാല ഒരു വർഷം അവിടെക്കിടന്നു

മലപ്പുറം: തൊഴിലുറപ്പ് ജോലിക്കിടെ നഷ്ടപ്പെട്ട മാല ഒരു വർഷത്തിനുശേഷം അവിടെനിന്നു തന്നെ തിരികെ ലഭിച്ച സന്തോഷത്തിലാണ് എടപ്പാൾ, പൊൽപാക്കര സ്വദേശി സരോജിനി. ഒപ്പം ജോലി ചെയ്തിരുന്ന വിനോദിനിക്കു ചെളിയിൽ പുതഞ്ഞ നിലയിൽ മാല ലഭിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം എടപ്പാൾ പഞ്ചായത്തിലെ 4–ാം വാർഡിലെ പൊൽപാക്കര താഴം തോട്ടിൽ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് സരോജിനിയുടെ രണ്ട് പവന്റെ മാല നഷ്ടപ്പെട്ടത്. ജോലി കഴി‍ഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാല പോയെന്നറിഞ്ഞത്. തിരിച്ചുചെന്ന് പണി ചെയ്തിടത്ത് മുഴുവൻ തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. ഇതേ സ്ഥലത്തു വ്യാഴാഴ്ച്ച സരോജിനി ഉൾപ്പെടെയുള്ളവർ തോട് വൃത്തിയാക്കാൻ ഇറങ്ങി. ഇതിനിടെയാണ് വിനോദിനിക്ക് മാല കിട്ടിയത്.

കിലോയ്ക്ക് രണ്ടരലക്ഷം രൂപ വിലയുള്ള മാങ്ങ; ആരെയും കൊതിപ്പിക്കുന്ന ‘മിയാസാകി’, തൈയും ഇവിടെയുണ്ട്

കിലോയ്ക്ക് രണ്ടരലക്ഷം രൂപ വിലയുള്ള മാങ്ങ; ആരെയും കൊതിപ്പിക്കുന്ന ‘മിയാസാകി’, തൈയും ഇവിടെയുണ്ട്

വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്, അതുകൊണ്ട്, ഇപ്പോൾ എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് മാങ്ങ. ഒരു മാങ്ങയ്ക്ക് എത്ര രൂപ വിലയുണ്ടാകും?, 40,000 രൂപ എന്ന് കേട്ടാൽ ഞെട്ടുമോ? എന്നാലിതാ ഒരെണ്ണത്തിന് 40,000 രൂപയും കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും വിലയുള്ള ഒരു മാമ്പഴം കണ്ട് മാമ്പഴക്കർഷകർ തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്. ജപ്പാന്റെ സ്വന്തം മാമ്പഴമായ ‘മിയാസാകി’ ആണ് ഈ വെറൈറ്റി.

ഹോർട്ടിക്കൾച്ചർ വകുപ്പ് കർണാടകയിലെ കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലെ താരമാണ് മിയാസാകി. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമെന്നാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേക പരിചരണം നൽകി വളർത്തുന്ന ഈ മാമ്പഴത്തിന്റെ നിറവും രുചിയുമൊക്കെ ആരെയും കൊതിപ്പിക്കും. കർഷകരെ വിലകൂടിയ ഈ മാമ്പഴം പരിചയപ്പെടുത്താനാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ മാവിൻതൈ നട്ടുവളർത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഏകദേശം 350 ​ഗ്രാം തൂക്കമുണ്ട് ഒരു മിയാസാകി മാങ്ങയ്ക്ക്. ആപ്പിൾ പോലെ ചുവന്ന് തുടുത്താണിരിക്കുന്നത്. മേയ് 31 വരെയാണ് മേള നടക്കുന്നത്. ഇവിടേക്ക് മിയാസാകി കാണാനായി നിരവധിപ്പേരാണ് എത്തുന്നത്. മിയാസാകിയുടെ ഒരു തൈയ്ക്ക് 15,000 രൂപ വിലവരും.

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്ര സുഗമമാക്കാൻ പുതിയ ഇ- ഗേറ്റ് സംവിധാനം ഒരുങ്ങി

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്ര സുഗമമാക്കാൻ പുതിയ ഇ- ഗേറ്റ് സംവിധാനം ഒരുങ്ങി

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്ര സുഗമമാക്കാൻ പുതിയ ഇ- ഗേറ്റ് സംവിധാനം ഒരുങ്ങി. യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്ത ശേഷം ബോർഡിങ് പാസ്സ് ഇ ഗേറ്റുകളിൽ സ്കാൻ ചെയ്ത് സെക്യൂരിറ്റി ഹോൾഡിംഗ് ഏരിയയിലേക്ക് (എസ്‌എച്ച്‌എ) പ്രവേശിക്കാം. വിമാനത്താവളത്തിന്റെ ആഭ്യന്തര, അന്താരാഷ്‌ട്ര ടെർമിനലുകളുടെ പ്രീ-സെക്യൂരിറ്റി ഹോൾഡ് ഏരിയയിലാണ് ക്യു ആർ കോഡ് സ്‌കാനറോടുകൂടിയ 6 ഇ-ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ഉദ്യോഗസ്ഥർ ബോർഡിങ് പാസ്‌ നേരിട്ട് പരിശോധിച്ചു യാത്രക്കാരെ കടത്തിവിടുന്ന
രീതിയായിരുന്നു.

ഇ ഗേറ്റ് വരുന്നത്തോടെ യാത്രക്കാർക്ക് പരിശോധനാ നടപടികൾ വേഗത്തിലാക്കാനും തിരക്കുള്ള സമയങ്ങളിൽ ഏറെ നേരം വരി നിൽക്കേണ്ടി വരുന്നത് ഒഴിവാക്കാനും കഴിയും.എയർലൈനുകൾക്ക് ടെർമിനലിനുള്ളിൽ യാത്രക്കാർ എവിടെയാണെന്ന് എളുപ്പത്തിൽ കണ്ടെത്താനും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും ഇ ഗേറ്റുകൾ സഹായിക്കും.

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്; കമ്പത്ത് നിരോധനാജ്ഞ

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്; കമ്പത്ത് നിരോധനാജ്ഞ

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.

തമിഴ്നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ഇപ്പോൾ പുളിമരതോട്ടത്തിലൂടെ ഓടി നടക്കുകയാണ്. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടുകയായിരുന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഇതേത്തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. അതിനിടെ, കൊമ്പന് വനംവകുപ്പ് ഭക്ഷണം എത്തിച്ച് നല്‍കി. തെങ്ങോല, വാഴ വെള്ളം എന്നിവയാണ് എത്തിച്ചത്. ആരും പ്രതിക്ഷിക്കാതെയാണ് അരിക്കൊമ്പൻ കമ്പത്ത് എത്തിയതെന്ന് കമ്പം എം.എൽ.എ എം രാമക്യഷ്ണൻ പ്രതികരിച്ചു. ഉടൻ എസ്.പിയെയും കളക്ടറെയും വിവരം അറിയിച്ചുവെന്നും തുടർന്ന് ഇവർ ഇടപെട്ട് ആനയെ തനിയെ ഒരിടത്ത് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു