സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ വേദിയില്‍ എം കെ മുനീര്‍ കുഴഞ്ഞുവീണു

സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ വേദിയില്‍ എം കെ മുനീര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം: മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റ് പീഠത്തിന് അരികിലേക്ക് നടന്ന് ഒന്നുരണ്ടു വാചകങ്ങള്‍ പറഞ്ഞ് കഴിയുമ്പോഴെക്കുമാണ് മുനീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മുതിര്‍ന്ന നേതാവ് സി പി ജോണ്‍ സംസാരിച്ച ശേഷം അടുത്തതായി പ്രസംഗിക്കാനായി പീഠത്തിലേക്ക് പോയ സമയത്താണ് മുനീര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുനീറിനെ മറ്റു നേതാക്കള്‍ ചേര്‍ന്ന് കസേരയില്‍ പിടിച്ചിരുത്തി. മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നത് തുടര്‍ന്ന് അദ്ദേഹം സ്റ്റേജില്‍ തന്നെ ഇരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ പോകേണ്ടതില്ലെന്നുമാണ് മുനീര്‍ പറഞ്ഞത്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെയാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി സെക്രട്ടറിയേറ്റ് വളയല്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാച്യൂ ജംഗ്ഷന്‍ യുഡിഎഫ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

പാലക്കാട്ട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു, ചോര വാര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ് മഹാദേവന്‍; ആര്‍ആര്‍ടി എത്തി തുരത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. തടി പിടിക്കാന്‍ കൊണ്ടുവന്ന നാട്ടാനയ്ക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. മണ്ണാര്‍ക്കാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തി കാട്ടാനക്കൂട്ടത്തെ തുരത്തി.

കല്ലടിക്കോട് ശിരുവാണിയില്‍ ഇന്നലെ രാത്രി 11.30നാണ് സംഭവം. കാടിറങ്ങിവന്ന മൂന്ന് കാട്ടാനകളാണ് നാട്ടാനയെ ആക്രമിച്ചത്. അരീക്കോട് മഹാദേവന്‍ എന്നാണ് ആനയ്ക്കാണ് പരിക്കേറ്റത്. മഹാദേവന്റെ മുന്‍വശത്തെ കാലിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബ്ദം കേട്ട് ഓടിയെത്തിയ പാപ്പാന്മാര്‍ മണ്ണാര്‍ക്കാട് ആര്‍ആര്‍ടിയെ അറിയിക്കുകയായിരുന്നു.

മണ്ണാര്‍ക്കാട് നിന്ന് എത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടാനക്കൂട്ടം പിരിഞ്ഞ് പോയത്. അതേസമയം ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത് നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.കരിമ്പ- ശിരുവാണി ദേശീയപാതയില്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. ഈ മേഖലയില്‍ വന്യമൃഗ ശല്യം പൊതുവേ രൂക്ഷമാണ്.

‘തനിക്ക് റെക്കോർഡ് ആണ് ലക്ഷ്യം’, പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കാനെത്തിയ 59കാരിയെ പാതിവഴിയിൽ മരണം കവർന്നെടുത്തു

‘തനിക്ക് റെക്കോർഡ് ആണ് ലക്ഷ്യം’, പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കാനെത്തിയ 59കാരിയെ പാതിവഴിയിൽ മരണം കവർന്നെടുത്തു

ഹൃദയത്തിൽ പേസ്മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കാനെത്തിയ ഇന്ത്യക്കാരി നേപ്പാളിലെ ബെയ്‌സ് ക്യാമ്പിൽ മരണത്തിനു കീഴടങ്ങി.സൂസെൻ ലിയോപോൾഡിന ജീസസ് (59) ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ 5800 മീറ്റർ ആയപ്പോഴേക്കും മരണത്തിന് കീഴടങ്ങിയത്. എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ ബുധനാഴ്‌ച സുസെയിന് ദേഹാസ്വസ്ഥ്യമനുഭവപ്പെടുകയായിരുന്നു. പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ഏഷ്യയിലെ ആദ്യ വനിതയാവുക എന്നതായിരുന്നു സുസെയിന്റെ ലക്ഷ്യം.

ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂസെൻ ചികിത്സക്കിടെയാണ് മരിച്ചത്. ബേസ് ക്യാമ്പില്‍ നിന്ന് 250 മീറ്റര്‍ മുകളിലുള്ള ക്രോംപ്റ്റന്‍ പോയിന്റ് വരെ എത്താന്‍ സൂസെയ്ന്‍ അഞ്ചിലധികം മണിക്കൂര്‍ എടുത്തതോടെ ഇവര്‍ക്ക് പര്‍വതാരോഹണം സാധ്യമല്ലെന്ന് അധികൃതര്‍ ടൂറിസം വകുപ്പിനെ അറിയിച്ചു.

ദൗത്യത്തില്‍നിന്ന് പിന്മാറണമെന്ന് അധികൃതര്‍ സൂസെയ്നോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. കൊടുമുടി കയറാന്‍ ഫീസടച്ച് അനുമതി തേടിയ താന്‍ അത് പൂര്‍ത്തിയാക്കുമെന്നായിരുന്നു അവരുടെ മറുപടി. പിന്നീട് ഭക്ഷണം ഇറക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ടായതോടെ സൂസെയ്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

‘അഹിംസാ സിദ്ധാന്തം കൂടുതല്‍ ഉയരങ്ങളിലേക്ക്’; ഹിരോഷിമയില്‍ ​ഗാന്ധിജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

‘അഹിംസാ സിദ്ധാന്തം കൂടുതല്‍ ഉയരങ്ങളിലേക്ക്’; ഹിരോഷിമയില്‍ ​ഗാന്ധിജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

ജപ്പാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ പ്രധാനമന്ത്രി ഹിരോഷിമയിലാണ് ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അനാവരണം ചെയ്തത്.

ലോകം കാലാവസ്ഥ വ്യതിയാനവും ഭീകരവാദവും നേരിടുന്ന ഘട്ടത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് പ്രാധാന്യം ഏറെയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇത് സഹായകമാകും. ജപ്പാന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച ബോധി വൃക്ഷം ഹിരോഷിമയില്‍ നട്ടത് തന്നെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇവിടെ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് സമാധാനത്തിന്റെ പ്രാധാന്യം അറിയാന്‍ ഇതുവഴി സാധിക്കുമെന്നും മോദി പറഞ്ഞു.

ഹിരോഷിമ എന്ന വാക്ക് കേട്ടാല്‍ ഇന്നും ലോകം നടുങ്ങും. ഇവിടെ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ച ജപ്പാനീസ് സര്‍ക്കാരിനോട് നന്ദി പറയുന്നതായും മോദി പറഞ്ഞു. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ എല്ലാവരും പിന്തുടരണം. ലോകത്തിന്റെ ക്ഷേമം ഉറപ്പാക്കണം. അതാണ് ഗാന്ധിജിക്കുള്ള യഥാര്‍ഥ ആദരമെന്നും മോദി പറഞ്ഞു.

കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബാംഗ്ലൂർ: കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന ചടങ്ങിൽ ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചുമതലയേറ്റു. ലിംഗായത്ത്, വൊക്കലിഗ, മുസ്ലിം, എസ് സി, എസ് ടി, വനിതാ പ്രാതിനിധ്യമുറപ്പിച്ച് കൊണ്ടുള്ള മന്ത്രിസഭ തന്നെയാകും രൂപീകരിക്കുക. ജഗദിഷ് ഷെട്ടറിന് എംഎൽസി സ്ഥാനം നൽകിയ ശേഷം മന്ത്രിസ്ഥാനം നൽകിയേക്കും.

ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ 6 മാസ ഈവനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ 6 മാസ ഈവനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐജെടി) നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ 6 മാസ ഈവനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത സർവകലാശാല ബിരുദം. സർക്കാർ സർവീസിലും സ്വകാര്യ
മേഖലയിലും ജോലി ചെയ്യുന്നവർക്ക് അതതു വകുപ്പുകളിലോ ഡപ്യൂട്ടേഷനിലോ
എഡിറ്റോറിയൽ, പബ്ലിക് റിലേഷൻസ് ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണ്
കോഴ്സ്. സർവീസിൽ നിന്നു വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും
അപേക്ഷിക്കാം. അപേക്ഷാഫോം നേരിട്ടും പ്രസ് ക്ലബ്ബിന്റെ
www.keralapressclub.com വെബ്‌സൈറ്റിലും ലഭ്യമാണ്. കോഴ്സ് ഫീ 40,000 രൂപ. 
അയയ്ക്കേണ്ട ഇ-മെയിൽ: ijtrivandrum@gmail.com.
അവസാന തീയതി: 30-05-23
വിവരങ്ങൾക്ക്: 9746224780, 0471-2330380.