കല്ലമ്പലത്ത് കെഎസ്ആർടിസി ബസിന് നേരെ അർദ്ധരാത്രിയിൽ അജ്ഞാതന്റെ കല്ലേറ് ആക്രമണം

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പോലീസ് സ്റ്റേഷന് സമീപം രാത്രിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സിന്റെ മുൻവശത്തെ ചില്ല് അജ്ഞാതൻ എറിഞ്ഞു പൊട്ടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ ഡ്രൈവർ ബസ് ഉടൻ തന്നെ റോഡിൽ ചവിട്ടി നിർത്തി. ആഴാംകോണം ജംഗ്ഷനിൽ റോഡിൽ നിറയെ ബസ്സിന്റെ ക്ലാസിന്റെ ചില്ലുകൾ വീണു ചിതറി. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം.

റോഡിൽ കൂടി നടന്നു പോയ ആൾ അപ്രതീക്ഷിതമായി വലിയ കല്ലെടുത്ത് ബസ്സിന്റെ മുൻ ഗ്ലാസിൽ എറിയുകയായിരുന്നു. ഉടൻതന്നെ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും സമീപത്തുള്ള കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. കല്ലേറിനെ തുടർന്ന് റോഡിൽ ചിതറിവീണ ഗ്ലാസിന്റെ ചില്ലുകൾ നാവായിക്കുളത്ത് നിന്നും ഫയർഫോഴ്സ് എത്തി വെള്ളം ചീറ്റി മാറ്റുകയുണ്ടായി. തിരുവനന്തപുരത്തു നിന്നും പാലക്കാടിന് പോവുകയായിരുന്ന സൂപ്പർ ഡീലക്സ് ബസിന് നേർക്കാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. ബസ്സിലെ യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും കൂടി കെഎസ്ആർടിസിയുടെ തന്നെ ദീർഘദൂര ബസുകളിൽ കയറ്റി വിട്ടു. കല്ലെടുത്ത് എറിഞ്ഞ ആളിനെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കല്ലമ്പലം പോലീസ് കേസെടുത്തു.

ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി

ഗുരുശ്രേഷ്ഠ പുരസ്കാരം നൽകി

അഖിലേന്ത്യാ അവാർഡ് ടീച്ചേഴ്സ് (കേരള ഘടകം) ഗുരുശ്രേഷ്ഠ പുരസ്കാരം കോവൂർ കുഞ്ഞുമോൻ എം.എൽ.എയിൽ നിന്നും അയിലം ഗവ.ഹൈസ്കൂൾ അധ്യാപകൻ സതീഷ് കുമാർ.എസ് ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, പുരസ്കാര സമർപ്പണം, പുസ്തക പ്രകാശനം അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു. ചടങ്ങിൽ മാത്യൂ അഗസ്റ്റിൻ ജനറൽ സെക്രട്ടറി സ്വാഗതവും ഡോ. പി കെ ഗോപൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പുസ്തക പ്രകാശനവും, കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ചടങ്ങിൽ കോന്നിയൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ വി.എൻ.സദാശിവൻപിള്ള, ഡോ.സി.ഉണ്ണികൃഷ്ണൻ, ബിന്നിസാഹിതി തുടങ്ങിയവർ പങ്കെടുത്തു.

എൽഇ‍ഡി ലൈറ്റുകളടക്കം എല്ലാം നിയമ വിരുദ്ധം; വാഹനങ്ങളിലെ ഓരോ രൂപ മാറ്റത്തിനും 5000 പിഴ

എൽഇ‍ഡി ലൈറ്റുകളടക്കം എല്ലാം നിയമ വിരുദ്ധം; വാഹനങ്ങളിലെ ഓരോ രൂപ മാറ്റത്തിനും 5000 പിഴ

കൊച്ചി: മൾട്ടികളർ എൽഇഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ, ഫ്ലാഷുകൾ തുടങ്ങിയ ഘടിപ്പിയ്ക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോർ വാഹന നിയമങ്ങൾ അനുസരിക്കാത്ത ഇവയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ‌

സുരക്ഷാ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്ക്‌ വാഹന നിയമത്തിനു പുറമെയുള്ള ശിക്ഷാ നടപടികൾക്കൊപ്പം ഓരോ രൂപ മാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രൻ ഉത്തരവിട്ടു. റോഡ്‌ സുരക്ഷാ നിയമവും മോട്ടോർ വാഹന നിയമവും മോട്ടോർ വെഹിക്കിൾസ്‌ (ഡ്രൈവിങ്‌) റഗുലേഷൻസ്‌ വ്യവസ്ഥകളും കർശനമായി നടപ്പാക്കുന്നത്‌ ഉറപ്പാക്കാൻ 2019ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ വിധി പാലിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഓൾ കേരള ട്രക്ക്‌ ഓണേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും നൽകിയ കോടതിയലക്ഷ്യ കേസിലാണ് കോടതി ഉത്തരവ്.

അമിത വേഗം, അമിത ഭാരം, മദ്യപിച്ചും മയക്കുമരുന്ന്‌ ഉപയോഗിച്ചും മൊബൈലിൽ സംസാരിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ കോടതി നിർദ്ദേശിച്ചു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ ഓവർലോഡ് കയറ്റുന്ന ചരക്കു വാഹനങ്ങളുടെ പെർമിറ്റും രജിസ്‌ട്രേഷനും സസ്‌പെൻഡ്‌ ചെയ്യാനോ റദ്ദാക്കാനോ ഉള്ള നടപടികൾ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു.

സാരംഗിന് ഇന്ന് യാത്രാ മൊഴി

സാരംഗിന് ഇന്ന് യാത്രാ മൊഴി

ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്ന കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകൻ ബി.ആർ.സാരംഗ് (16). അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കവെ ബുധനാഴ്ച രാവിലെ മരണപ്പെട്ടു. ഇന്നു പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന്റെ അവയവങ്ങൾ 10 പേർക്ക് ഉയിരേകും. ഇന്ന് 1 മണിയ്ക്ക് ആറ്റിങ്ങൽ ബോയ്സിൽ പൊതു ദർശനത്തിനു വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിയ്ക്കും.

കല്ലമ്പലം-നഗരൂർ റോഡിൽ വടകോട്ട് കാവിന് സമീപം 13-ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന് തെറിച്ച് റോഡിൽവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ
സ്വകാര്യാശുപത്രിയിൽ ചികിത്സിയിലായിരുന്നു.

ജനകീയ ആരോഗ്യ കേന്ദ്രം ആറ്റിങ്ങൽ നിയോജകമണ്ഡലം തല ഉദ്ഘാടനം നടന്നു

ജനകീയ ആരോഗ്യ കേന്ദ്രം ആറ്റിങ്ങൽ നിയോജകമണ്ഡലം തല ഉദ്ഘാടനം നടന്നു

കേരളത്തിലെ 5409 ആരോഗ്യ സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വൈകാതെ ടെലിമെഡിസിൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആറ്റിങ്ങൽ നിയോജകമണ്ഡലം തല ഉദ്ഘാടനം പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പൊയ്യക്കട സബ് സെന്ററിൽ ആറ്റിങ്ങൽ എംഎൽഎ ഒ. എസ്. അംബിക നിർവഹിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശാന്തകുമാരി, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ പി .രഞ്ജിതം, മെഡിക്കൽ ഓഫീസർ ഗീത, പഞ്ചായത്ത് മെമ്പർമാരായ ടി വി ബീന, അജയഘോഷ്,ഷീല കുമാരി, ലിസി, ശിശുദള,അനിൽകുമാർ എന്നിവർ പങ്കെടുത്തു.

യാത്രക്കാരൻ ടിക്കറ്റെടുത്തില്ലെങ്കിൽ കണ്ടക്ടർക്ക് പിഴ; ഉത്തരവുമായി കെഎസ്ആർടിസി

യാത്രക്കാരൻ ടിക്കറ്റെടുത്തില്ലെങ്കിൽ കണ്ടക്ടർക്ക് പിഴ; ഉത്തരവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാർ ടിക്കറ്റെടുക്കാതെ യാത്രചെയ്താൽ കണ്ടക്ടർക്ക് പിഴ. 5000 രൂപ വരെയാണ് കണ്ടക്ടറിൽ നിന്ന് ഈടാക്കുക. ഇതുസംബന്ധിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി. കൂടാതെ സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതി തെളിഞ്ഞാലും പിഴയൊടുക്കേണ്ടതായി വരും.

മുപ്പത്‌ യാത്രക്കാർവരെ സഞ്ചരിക്കുന്ന ബസിൽ ഒരാൾ ടിക്കറ്റെടുക്കാതിരുന്നാൽ 5000 രൂപയാണ്‌ പിഴ. 31 മുതൽ 47 വരെ യാത്രക്കാരുണ്ടെങ്കിൽ 3000 രൂപയും 48-ന് മുകളിൽ യാത്രക്കാരുണ്ടെങ്കിൽ 2000 രൂപയും. യാത്രക്കാരൻ ടിക്കറ്റെടുക്കാതിരുന്നാൽ നേരത്തെ കണ്ടക്ടർക്ക് സസ്പെൻഷനായിരുന്നു ശിക്ഷ. ആദ്യ ഘട്ടത്തിലാണ് പിഴ ചുമത്തുന്നത്. കുറ്റം ആവർത്തിച്ചാൽ പിഴയും നിയമനടപടിയും നേരിടണം.

സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികൾ തെളിഞ്ഞാൽ ജീവനക്കാർ പിഴയായി 500 രൂപ നൽകണം. കൂടാതെ വിജിലൻസ് ഓഫീസറുടെ മുന്നിൽ ഹാജരാകുകയും വേണം.

കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ബസുകളുടെ അപകടത്തെ തുടർന്നുണ്ടാകുന്ന നഷ്ടയിനത്തിൽ 25,000 രൂപവരെ ബന്ധപ്പെട്ട ജീവനക്കാരിൽനിന്ന് ഈടാക്കാനും നിർദേശമുണ്ട്. കെഎസ്ആർടിസി ജില്ലാ ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനും ജില്ലാ അധികാരികളുടെ ചുമതലകൾ വിശദീകരിക്കുന്നതിനുമായി മാനേജിങ്‌ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. കൃത്യവിലോപങ്ങളിൽ ജീവനക്കാർക്കെതിരെ നിയമപരമായ നടപടികൾ നിലവിലുണ്ടെങ്കിലും വൻതുക പിഴ ചുമത്തുന്നതിനുള്ള നിർദ്ദേശം ആദ്യമായാണ്.