ജി 7, ക്വാഡ് ഉച്ചകോടികൾ; പ്രധാനമന്ത്രി ത്രിരാഷ്ട്ര പര്യടനത്തിന്

ജി 7, ക്വാഡ് ഉച്ചകോടികൾ; പ്രധാനമന്ത്രി ത്രിരാഷ്ട്ര പര്യടനത്തിന്

ഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക്. ഈ മാസം 19നാണ് അദ്ദേഹം ജപ്പാനിലേക്ക് പോകുന്നത്. ഇതിന് ശേഷം പപ്പുവ ന്യൂ​ഗിനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും.

ഈ മാസം 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ജി 7 ഉച്ചകോടി. സമാധാനം, സുസ്ഥിരത, ആരോഗ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ലിംഗ നീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേൽ നടക്കുന്ന വിവിധ സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. വിവിധ രാഷ്ട്രത്തലവന്മാരുമായും അദ്ദേഹം ചർച്ച നടത്തും.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ്  മരണപ്പെട്ടു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുമാസം പ്രായമുള്ള കുട്ടിയും മരിച്ചു. പുത്തന്‍തോപ്പ് സ്വദേശി അഞ്ജുവിന്റെ മകൻ ഡേവിഡ് ആണ് മരിച്ചത്. അഞ്ജുവിനെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. അഞ്ജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രം​ഗത്തുവന്നിരുന്നു. അഞ്ജുവിന്റേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒന്നര വർഷം മുമ്പാണ് അഞ്ജുവിന്റെ വിവാഹം നടക്കുന്നത്. അഞ്ജുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കേരള സ്‌റ്റോറി ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിയ്ക്കും

കേരള സ്‌റ്റോറി ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിയ്ക്കും

ഡല്‍ഹി: ദ കേരള സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയും കോടതി പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സിനിമയില്‍ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചൂണ്ടിക്കാട്ടി വിലക്കിനെ ബംഗാള്‍ സര്‍ക്കാര്‍ ന്യായീകരിച്ചു.

സാമുദായിക പ്രശ്‌നങ്ങളിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നയിച്ചേക്കാമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വാദിക്കുന്നു. തമിഴ് നാട്ടില്‍ കേരള സ്റ്റോറി നിരോധിച്ചിട്ടില്ലെന്നും മോശം നിലവാരം മൂലം തിയറ്റര്‍ ഉടമകള്‍ നിര്‍ത്തിവച്ചതാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. കേരള സ്റ്റോറി നിരോധിക്കാന്‍ തയാറാകാത്ത കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലിയാണ് ഹര്‍ജി നല്‍കിയത്.

പൊന്നമ്പലമേട്ടിലെ പൂജ: രണ്ടുപേര്‍ അറസ്റ്റില്‍; പൂജാരി അടക്കം ഏഴുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

പൊന്നമ്പലമേട്ടിലെ പൂജ: രണ്ടുപേര്‍ അറസ്റ്റില്‍; പൂജാരി അടക്കം ഏഴുപേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

പത്തനംതിട്ട: അതിക്രമിച്ചു കയറി ശബരിമല പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് ഇന്നലെ രാത്രി അറസ്റ്റിലായത്. റാന്നി കോടതിയില്‍ ഇവരെ ഹാജരാക്കും.
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയതിന് ഒമ്പതുപേര്‍ക്കെതിരെയാണ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുള്ളത്. പൊന്നമ്പലമേട്ടില്‍ സന്ദര്‍ശക വിലക്ക് ലംഘിച്ചാണ് തൃശൂര്‍ തെക്കേക്കാട്ടുമഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘം പൂജ നടത്തിയത്.

ഈ മാസം എട്ടിനാണ് പൂജ നടന്നത്. നാരായണന്‍ നമ്പൂതിരിക്ക് അറസ്റ്റിലായവരുമായി മുന്‍പരിചയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. സംഘത്തെ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് പൊന്നമ്പല മേട്ടിലെത്തിച്ചത്. വനത്തിലൂടെ 10 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. രാവിലെ 7.25 ന് വള്ളക്കടവിലെത്തിയ സംഘം, 11.30 ന് പൊന്നമ്പലമേട്ടിലെത്തി. ഒരുമണിക്കൂര്‍ പൊന്നമ്പലമേട്ടില്‍ ചെലവഴിച്ചു. കാടു നശിപ്പിച്ചതിനും പ്ലാസ്റ്റിക് കൊണ്ടുവന്നതിനും ആയുധങ്ങളുമായി പ്രവേശിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പമ്പ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൂജാരി നാരായണന്‍ നമ്പൂതിരി അടക്കം ഏഴുപേരെ ഇനി പിടികൂടാനുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുതുതായി നിർമ്മിക്കുന്ന വർക്കല സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നടന്നു

പുതുതായി നിർമ്മിക്കുന്ന വർക്കല സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നടന്നു

സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പുതിയതായി നിർമിക്കുന്ന വർക്കല സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമാണോദ്ഘാടനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. രജിസ്‌ട്രേഷൻ വകുപ്പ് പൂർണമായും ആധുനികവത്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു.

ഇ-സ്റ്റാമ്പിംഗ് സംസ്ഥാനത്ത് പൂർണമായും നടപ്പാക്കാൻ കഴിഞ്ഞുവെന്നും ഭൂമി രജിസ്റ്റർ ചെയ്യുന്ന ദിവസം ആധാരം ലഭിക്കുന്ന തരത്തിൽ നടപടിക്രമങ്ങൾ ലഘൂകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നാധാരങ്ങളും പിന്നാധാരങ്ങളും പൂർണമായും ഡിജിറ്റലൈസ് ചെയ്ത് നടപടിക്രമങ്ങൾ കുറ്റമറ്റതാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ ചെലവഴിച്ചാണ് വർക്കല സബ് രജിസ്ട്രാർ ആഫീസിന് പുതിയ മന്ദിരം നിർമിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് നിർവഹണ ഏജൻസി.

വർക്കല, വെട്ടൂർ, അയിരൂർ, ചെമ്മരുതി, ഇടവ തുടങ്ങി അഞ്ച് വില്ലേജുകളിലുള്ളവരാണ് വർക്കല രജിസ്‌ട്രേഷൻ ഓഫീസിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. പ്രതിവർഷം നാലായിരത്തോളം ആധാരങ്ങൾ, പന്ത്രണ്ടായിരത്തോളം സർട്ടിഫിക്കറ്റുകൾ, നാലായിരത്തോളം ആധാരപകർപ്പുകൾ, നാലായിരത്തോളം ഗഹാൻ റിലീസ്, നൂറോളം ചിട്ടികൾ, നൂറോളം സ്‌പെഷ്യൽ മാര്യേജുകൾ എന്നിവ ഇവിടെ ഫയൽ ചെയ്യപ്പെടുന്നുണ്ട്. ഓൺലൈൻ സംവിധാനം വഴിയും പൊതുജനങ്ങൾക്ക് സേവനം നൽകുന്നുണ്ട്.

പുത്തൻ ചന്ത കിംഗ്‌സ് മിനി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം ലാജി, മറ്റ് ജനപ്രതിനിധികൾ, ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷൻ ആർ.മധു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പകൽകുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു

എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പകൽകുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു

വർക്കല സബ് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പകൽകുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ അച്ചടക്കമുള്ള ഒരു സേനയായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മാറിയിരിക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ രാഷ്ട്ര സ്‌നേഹം, അച്ചടക്കം, അർപ്പണബോധം എന്നിവ വളർത്തിയെടുക്കുന്നതിൽ എസ്പിസിയ്ക്ക് വലിയ പങ്കുണ്ട്.

സ്‌കൂളുകളിൽ അനിവാര്യമായ സേനയായി എസ്പിസി മാറിയെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് മാതൃകപരമായ പ്രവർത്തനം കാഴ്ചവെക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറ് പ്ലാറ്റൂണുകളിലായി 122 വിദ്യാർത്ഥികളാണ് പരേഡിൽ അണിനിരന്നത്.

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പകൽകുറി, എൻ.എസ്.എസ് എച്ച്.എസ്.എസ് മടവൂർ, ഗവൺമെന്റ് എച്ച്.എസ്.എസ് പള്ളിക്കൽ എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് പരിശീലനം പൂർത്തിയാക്കിയത്. ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ പകൽകുറിയിലെ ശിവൻ ബി രാജ്, നന്ദനാ സുനിൽ എന്നിവരാണ് പരേഡ് നയിച്ചത്. മികച്ച പ്ലാറ്റൂണുകൾക്കും കേഡറ്റുകൾക്കുമുള്ള പുരസ്‌കാരങ്ങൾ സ്പീക്കർ വിതരണം ചെയ്തു. വി.ജോയി എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.