40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനിടെ കേരളത്തിലെ നാല് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
40 കിലോമീറ്റർ വേ​ഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാത്ത തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5645 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 4685 രൂപയാണ്. അന്താരാഷ്ട്ര സ്വർണവിലയിലുള്ള വ്യതിയാനമാണ് സംസ്ഥാനത്ത് പ്രതിഫലിക്കുന്നത്.

പൊട്ടക്കിണറ്റിൽ വീണ നായ്ക്കുട്ടിയെ രക്ഷിച്ചു: തിരിച്ചുകയറുന്നതിനിടെ അതേ കിണറ്റിൽ വീണ് ​ഗൃഹനാഥൻ മരിച്ചു

പൊട്ടക്കിണറ്റിൽ വീണ നായ്ക്കുട്ടിയെ രക്ഷിച്ചു: തിരിച്ചുകയറുന്നതിനിടെ അതേ കിണറ്റിൽ വീണ് ​ഗൃഹനാഥൻ മരിച്ചു

പത്തനംതിട്ട: നായ്ക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ 60കാരൻ തിരിച്ചുകയറുന്നതിനിടെ കിണറ്റിൽ വീണുമരിച്ചു. കോട്ടാങ്ങൽ പുത്തൂപ്പടി സ്വദേശി മോഹനൻ പിള്ളയാണ് മരിച്ചത്.
ഇന്നലെ രാവിലെ വീടിനടുത്തുള്ള പുരയിടത്തിലെ 15 അടി ആഴമുള്ള പൊട്ടക്കിണറ്റിലാണ് നായ്ക്കുട്ടി വീണത്. നായയെ രക്ഷിക്കാൻ മോഹനൻപിള്ള കയർകെട്ടി കിണറ്റിലിറങ്ങി. ഭാര്യ സുമ കിണറ്റിൻകരയിലുണ്ടായിരുന്നു. നായ്ക്കുട്ടിയുമായി കയറിൽ പിടിച്ചു തിരിച്ചുകയറുന്നതിനിടെ മോഹനൻപിള്ള വീണ്ടും കിണറ്റിലേക്കു വീണു.

നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറ്റിലിറങ്ങിയവർ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. കിണറ്റിനുള്ളിൽ വായുലഭ്യത കുറവായതിനാൽ തലകറക്കമുണ്ടായിരിക്കാമെന്നാണ് സംശയം. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്കാരം.

ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കുത്തിയതെന്ന് സന്ദീപ്: കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കുത്തിയതെന്ന് സന്ദീപ്: കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

കൊല്ലം: വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. കൊട്ടാരക്കര കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും. സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നീക്കം. ഇന്നലെയും ജയിൽ ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

കേരള സ്റ്റോറി സംവിധായകനും നടിയ്ക്കും വാഹനാപകടത്തിൽ പരിക്ക്

കേരള സ്റ്റോറി സംവിധായകനും നടിയ്ക്കും വാഹനാപകടത്തിൽ പരിക്ക്

മുംബൈ: ദി കേരള സ്റ്റോറി സംവിധായകനും നടിയ്ക്കും വാഹനാപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്. മുംബൈയിൽ ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. സംവിധായകൻ സു​ദീപ്തോ സെന്നും നടി അദാ ശർമ്മയുമാണ് അപകടത്തിൽപ്പെട്ടത്. ​ഗുരുതരമായി ഒന്നുമില്ലെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു.

അപകടത്തെ തുടർന്ന് കരിംന​ഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. “കരിംനഗറിൽ ഒരു യുവജനസംഗമത്തിൽ ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നതാണ്. പക്ഷെ, ചില അടിയന്തര ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ഞങ്ങൾക്ക് യാത്ര ചെയ്യാൻ‌ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ ഈ സിനിമയുണ്ടാക്കിയത്”, സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.

വെറും 63 പന്തുകൾ, 59റൺസിൽ എല്ലാവരും പുറത്ത്! നാണംകെട്ട് രാജസ്ഥാൻ റോയൽസ്

വെറും 63 പന്തുകൾ, 59റൺസിൽ എല്ലാവരും പുറത്ത്! നാണംകെട്ട് രാജസ്ഥാൻ റോയൽസ്

ജയ്പുർ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് നാണംകെട്ട തോൽവി. റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 172 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം വെറും 59 റൺസിൽ അവസാനിച്ചു. 10.3 ഓവറിൽ രാജസ്ഥാൻ ആയുധം വച്ച് കീഴടങ്ങി. ആർസിബിക്ക് 112 റൺസിന്റെ കൂറ്റൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് അടിച്ചെടുത്തു.

ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പ്ലേ ഓഫ് സാധ്യത നിലനിർത്തി. ഈ തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങുകയും ചെയ്തു. ഷിമ്രോൺ ​ഹെറ്റ്മെയർ ഒഴികെ മറ്റൊരു താരവും പൊരുതാനുള്ള ആർജവം കാണിച്ചില്ല. 19 പന്തിൽ നാല് സിക്സും ഒരു ഫോറും സഹിതം ഹെറ്റ്മെയർ 35 റൺസെടുത്തു. പത്ത് റൺസെടുത്ത ജോ റൂട്ടാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ഇരുവരും ചേർന്ന് ബോർഡിൽ ചേർത്ത 45 റൺസ് മാറ്റിയാൽ ബാക്കി എട്ട് താരങ്ങൾ ചേർന്ന് കണ്ടെത്തിയത് വെറും 14 റൺസ് മാത്രം.

യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ എന്നിവർ പൂജ്യത്തിന് പുറത്തായി. ആർ അശ്വിൻ, കെഎം ആസിഫ് എന്നിവർ സംപൂജ്യർ. ക്യാപ്റ്റൻ സഞ്ജു സാംസൺ നാല് റൺസുമായി മടങ്ങി. ഇംപാക്ട് പ്ലെയറായി എത്തിയ ദേവ്ദത്ത് പടിക്കലും നാല് റൺസിൽ പുറത്ത്. ധ്രുവ് ജുറേൽ ഒരു റണ്ണുമായും ആദം സാംപ രണ്ട് റണ്ണും എടുത്തു മടങ്ങി. സന്ദീപ് ശർ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

മൂന്നോവറിൽ പത്ത് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വെയ്ൻ പാരനൽ ആർസിബിക്ക് ജീവശ്വാസം പകർന്നു. കരൺ ശർമ, മിച്ചൽ ബ്രെയ്സ്‌വെൽ എന്നിവർ രണ്ട് വീതം വിക്കറ്റുകളും മുഹമ്മദ് സിറാജ്, ​ഗ്ലെൻ മാക്സ്‌വെൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ​രാജസ്ഥാന്റെ അവസാന മൂന്ന് വിക്കറ്റുകളും 59 റൺസിൽ തന്നെ വീണു.

നേരത്തെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ നേടിയ അർധ ശതകത്തിന്റെ പിൻബലത്തിലാണ് പൊരുതാവുന്ന സ്‌കോറിൽ ആർസിബി എത്തിയത്. ഏഴാമനായി ക്രീസിലെത്തിയ അനുജ് റാവുത്തിന്റെ വെടിക്കെട്ടും അവരുടെ സ്‌കോർ ഈ നിലയ്‌ക്കെത്തിക്കുന്നതിൽ നിർണായകമായി. 44 പന്തുകൾ നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം ഡുപ്ലെസി 55 റൺസെടുത്തു. 33 പന്തിൽ 54 റൺസായിരുന്നു മാക്‌സ്‌വെൽ നേടിയത്. താരം അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തി.

അനുജ് വെറും 11 പന്തിൽ 29 റൺസ് വാരി. മൂന്ന് ഫോറും രണ്ട് സിക്‌സും താരം പറത്തി. മലയാളി പേസർ കെഎം ആസിഫ് എറിഞ്ഞ അവസാന മൂന്ന് പന്തുകളിൽ താരം രണ്ട് സിക്‌സും ഒരു ഫോറും അടിച്ചു. ഈ ഓവറിൽ തല്ല് കിട്ടിയെങ്കിലും മത്സരത്തിൽ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയത് ആസിഫായിരുന്നു. ആർസിബി സ്‌കോർ 50 പിന്നിട്ടപ്പോൾ ഓപ്പണർ വിരാട് കോഹ്‌ലിയെ പുറത്താക്കി ആസിഫാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. കോഹ്‌ലി 18 റൺസുമായി മടങ്ങി.

പിന്നീട് അർധ സെഞ്ച്വറിയുമായി കുതിച്ച ഡുപ്ലെസിയേയും ആസിഫ് മടക്കി. മത്സരത്തിൽ താരം രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ആദം സാംപ രാജസ്ഥാനായി മികവോടെ പന്തെറിഞ്ഞു. താരവും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സന്ദീപ് ശർമ ഒരു വിക്കറ്റെടുത്തു. ബാംഗ്ലൂർ നിരയിൽ മഹിപാൽ ലോറോർ (1), ദിനേഷ് കാർത്തിക് (0) എന്നിവർ നിരാശപ്പെടുത്തി. കളി അവസാനിക്കുമ്പോൾ അനുജിനൊപ്പം ഒൻപത് റൺസുമായി മിച്ചൽ ബ്രെയ്‌സ്‌വെലും പുറത്താകാതെ നിന്നു.