ബസ് ഡ്രൈവറെ ക്രൂരമായി ആക്രമിച്ച യാത്രക്കാരനെ സഹയാത്രികർ കീഴ്പെടുത്തി

ബസ് ഡ്രൈവറെ ക്രൂരമായി ആക്രമിച്ച യാത്രക്കാരനെ സഹയാത്രികർ കീഴ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ആക്രമിച്ച യാത്രക്കാരനെ സഹയാത്രികർ കീഴ്പെടുത്തി. നഗരൂർ സ്വദേശി ആസിഫ് ഖാനെ(29)യാണ് സഹയാത്രികര്‍ കീഴ്പെടുത്തി പൊലീസിനെ ഏല്‍പ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കല്ലമ്പലം അഴാംകോണത്തിനു സമീപം എത്തിയപ്പോൾ യാതൊരുവിധ പ്രകോപനവുമില്ലാതെ പെട്ടെന്ന് ഡ്രൈവറുടെ അടുത്തേക്ക് പോയി ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണമേറ്റ് നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവർ ബസ് റോഡ് വശത്ത് നിർത്തിയത് മൂലം വൻ അപകടമാണ് ഒഴിവാക്കിയത്. തുടർന്ന് സഹയാത്രികർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി കല്ലമ്പലം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് മറ്റു യാത്രക്കാർ പറയുന്നു. കല്ലമ്പലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി.

മാധവക്കുറുപ്പ് (90)അന്തരിച്ചു

മാധവക്കുറുപ്പ് (90)അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം ഗുരുനാഗപ്പൻകാവ് ആലപ്പുറത്തു വീട്ടിൽ മാധവക്കുറുപ്പ് (90) അന്തരിച്ചു. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ഇന്നലെ രാത്രി 11.50 ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഭാര്യ: ഗൗരിക്കുട്ടി അമ്മ
മക്കൾ: പ്രഭകുമാരി, ഗോപാലകൃഷ്ണക്കുറുപ്പ് (ഉണ്ണി ആലപ്പുറം), ഹരിപ്രസാദ്, ജലജ
മരുമക്കൾ: വിജയൻ, ശ്രീജ, സുമ, മണികണ്ഠൻ

അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധം; ഹൈക്കോടതി

അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധം; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. പുതിയ വാഹനങ്ങൾക്ക് ഉണ്ടെങ്കിലും 2019 ഏപ്രിൽ ഒന്നിനു മുൻപുള്ള വാഹനങ്ങളിൽ ഇത് നടപ്പാക്കിയിരുന്നില്ല. പഴയ വാഹനങ്ങളിൽ ഇതു സ്ഥാപിക്കാൻ കേന്ദ്ര അംഗീകാരമുള്ള ഏജൻസികൾക്കു സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം അംഗീകൃത ലൈസൻസികളുടെ ഡീലർമാർക്ക് അനുമതി ആവശ്യമാണ്.

കഴിഞ്ഞ മാർച്ചിൽ കോടതി ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. അംഗീകൃത സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാൻ സർക്കാർ മൂന്നു മാസം ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പുതിയ നിർദേശമനുസരിച്ച് കേന്ദ്ര അംഗീകാരമുള്ള 17 സ്ഥാപനങ്ങൾക്ക് ഇതു കൈകാര്യം ചെയ്യാം. വാഹൻ പോർട്ടലിൽ ഇതിന്റെ വിശദാംശം രേഖപ്പെടുത്തുന്ന കാര്യത്തിൽ സംസ്ഥാന അധികൃതർ തീരുമാനമെടുക്കേണ്ടി വരും. 2001 ലെ മോട്ടർവാഹന ഭേദഗതി നിയമപ്രകാരമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. എല്ലാ വാഹനങ്ങളിലും ഇതു നിർബന്ധമാക്കി 2018 ഡിസംബർ 6നു കേന്ദ്രം വിജ്ഞാപനമിറക്കിയിരുന്നു. 2019 മേയ് 9നു സംസ്ഥാന ഗതാഗത വകുപ്പും സർക്കുലർ ഇറക്കി.

പഴയ വാഹനങ്ങൾക്ക് ഇതു നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ മോട്ടർ സൈൻസും സംസ്ഥാനത്തിന്റെ അംഗീകാരമില്ലെന്നു പറഞ്ഞു നടപടിയെടുക്കുന്നതിനെതിരെ മലപ്പുറത്തെ ഓർബിസ് ഓട്ടോമോട്ടിവ്സും നൽകിയ ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.

മോക്ക ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ

മോക്ക ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മോക്ക ചുഴലിക്കാറ്റ് തീരം തൊടുന്ന സമയത്ത് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാണ് പ്രവചിക്കുന്നത്. അതിനാല്‍ ബംഗ്ലാദേശിലും മ്യാന്മാറിലും കനത്ത നാശനഷ്ടത്തിന് സാധ്യതയുണ്ട്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ച കേസില്‍ ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിച്ച ക്രൈംബ്രാഞ്ച് ആണ് ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോര്‍ട്ട് നല്‍കിയത്.

തെളിവുകള്‍ ശേഖരിക്കുന്നതിലും അതു സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യസംഘത്തിന് സംഭവിച്ച പ്രധാനപ്പെട്ട നാലുവീഴ്ചകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച രണ്ടു ഡിവൈഎസ്പിമാര്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണവുമായി മുന്നോട്ടുപോയ പൂജപ്പുര എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്. ആശ്രമം കത്തിച്ചശേഷം സന്ദീപാനന്ദഗിരിക്ക് ആദരാഞ്ജലികള്‍ എന്നെഴുതിവെച്ച റീത്ത് കണ്ടെടുത്തിരുന്നു.

എന്നാല്‍ റീത്തിലെ കയ്യക്ഷരത്തിന്റെ പകര്‍പ്പ് എടുത്തിരുന്നെങ്കിലും തൊണ്ടിമുതലിനൊപ്പം അതുണ്ടായിരുന്നില്ല. ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും പലതും പിന്നീട് നഷ്ടമായി. വിവിധ രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ വിളികള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെ ഭാഗമായി കൈമാറിയപ്പോള്‍ അതൊന്നും ലഭിച്ചിരുന്നില്ല. അതൊക്കെ വീഴ്ചയാണ്. ഇത് കേസന്വേഷണം വൈകുന്നതിന് കാരണമായി എന്നും ക്രൈംബ്രാഞ്ച് എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലത്ത് ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം; പരാക്രമം കാണിച്ചത് പൊലീസ് വൈദ്യപരിശോധനയ്‌ക്ക് എത്തിച്ച പ്രതി

കൊല്ലത്ത് ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം; പരാക്രമം കാണിച്ചത് പൊലീസ് വൈദ്യപരിശോധനയ്‌ക്ക് എത്തിച്ച പ്രതി

കൊല്ലം: കൊല്ലത്ത് ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം. ജില്ലാ ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി വിഷ്‌ണു(31) ആണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 5.20 ഓടെയായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് അത്യാഹിത വിഭാ​ഗം മെഡിക്കൽ ഓഫീസറായ ഡോ. എ ജാസ്‌മിനും ഹൗസ് സർജന്മാരും മറ്റ് രോഗികളും ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നെന്ന പരാതിയെ തുടർന്നാണ് വിഷ്ണുവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ്‌ ചെയ്തത്. ആശുപത്രിയിൽ അതിക്രമം കാട്ടിയ പ്രതി ഡോക്ടറുടെ മുറിയിലേക്ക് ഓടിക്കയറി മേശയിലേക്ക് ആഞ്ഞുചവിട്ടിയ ശേഷം ഭീഷണിമുഴക്കി. വിലങ്ങുവെച്ച പ്രതിയെ രണ്ടു പൊലീസുകാർ ചേർന്ന് ബലമായി പിടിച്ചിരിക്കുകയായിരുന്നു.

പ്രതിയെ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ല. പരിശോധിക്കാൻ സാധിക്കില്ലെന്ന് എസ്ഐയെ അറിയിച്ചപ്പോൾ വൈദ്യപരിശോധന എങ്ങനെയും പൂർത്തീകരിക്കാൻ എസ്ഐ നിർബന്ധിച്ചതായും ഡോ ജാസ്മിൻ പറഞ്ഞു. പ്രതി മദ്യപിച്ചിട്ടുണ്ടെന്നും അക്രമസ്വഭാവം കാട്ടുന്നെന്നും ഡോക്ടറെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപിച്ചിരുന്നതിനാൽ ഡോക്ടർ വൈദ്യപരിശോധന നടത്താൻ വിസമ്മതിച്ചു. തുടർന്ന് ഒപി ചീട്ടിൽ അക്രമസ്വഭാവം കാട്ടുന്നെന്ന് എഴുതിയതായും പൊലീസ് പറഞ്ഞു. തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇയാളെ ശാന്തനായതോടെ ജാമ്യത്തിൽ വിട്ടു.