കസേര കൊണ്ട് തലക്കടിച്ചു, അടിവയറ്റിൽ ചവിട്ടി; പ്രവീൺനാഥിന്റെ മരണത്തിൽ ഭാര്യ റിഷാനക്കെതിരെ സഹയാത്രിക

കസേര കൊണ്ട് തലക്കടിച്ചു, അടിവയറ്റിൽ ചവിട്ടി; പ്രവീൺനാഥിന്റെ മരണത്തിൽ ഭാര്യ റിഷാനക്കെതിരെ സഹയാത്രിക

ട്രാൻസ്‌മെന്നും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ. റിഷാനയിൽ നിന്നും പ്രവീൺ നേരിട്ടത് ക്രൂരമായ പീഡനമെന്നാണ് ആരോപണം. മരിക്കുന്നതിനു മുൻപ് പ്രവീൺ വളരെ ദുർബലമായ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയിരുന്നതെന്നും പ്രവീണിന്റെ കുടുംബത്തോടൊപ്പം സഹയാത്രികയും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

“ഏപ്രിൽ രണ്ടിന് റിഷാന അയ്‌ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിച്ചു, തുടർന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കൾ ചേർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടറോട് അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീൺ പറഞ്ഞത്. പിന്നീട് ഏപ്രിൽ 10നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി.

വൈകിട്ട് സഹയാത്രിക ടീമിനെ വിവരം അറിയിയ്കുകയും പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിയ്ക്കുകയും ചെയ്തു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ 10നും ഏപ്രിൽ 2നും തനിയ്ക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട്‌ വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് ബന്ധപെട്ടപ്പോൾ പ്രവീൺ റിഷാനക്ക്‌ എതിരെ ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചു. ശേഷം, ഏപ്രിൽ 20നു രാത്രി പ്രവീണിന് റിഷാനയിൽ നിന്നും വീണ്ടും പല തരത്തിൽ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നു.

കത്തികൊണ്ട് മുറിപ്പെടുത്തൽ, ശ്വാസം മുട്ടിക്കാൻ ശ്രമിക്കൽ, ബന്ധനസ്ഥനാക്കൽ, ലൈംഗിക പീഡനം, ഒരു ട്രാൻസ്മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തിൽ പങ്കിടുമെന്ന് ഭീഷണി നേരിടുക എന്നിങ്ങനെ പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു. സഹയാത്രിക ഏപ്രിൽ 21നാണ് ഈ വിവരങ്ങൾ മനസിലാക്കുന്നത്‌. തുടർന്ന് ഏപ്രിൽ 22നു തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവീണിനെ എത്തിച്ചു. പ്രവീൺ പലരോടും തൻറെ പങ്കാളിയിൽ നിന്നുള്ള മോശം അനുഭവങ്ങൾ പങ്കുവച്ചിരുന്നു എങ്കിലും, റിഷാന തന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്ന് പ്രവീൺ പലപ്പോഴും വിശ്വസിച്ചിരുന്നു. ഈ ബന്ധം തുടരണം എന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതായും പറയുന്നു.

ജ്യോതിശാസ്ത്രവിദ്യാപീഠം സ്ഥാപകനും കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഡീനുമായിരുന്ന ഡോ. എൻ ഗോപാലപ്പണിക്കർ നിര്യാതനായി

ജ്യോതിശാസ്ത്രവിദ്യാപീഠം സ്ഥാപകനും കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഡീനുമായിരുന്ന ഡോ. എൻ ഗോപാലപ്പണിക്കർ നിര്യാതനായി

തിരുവനന്തപുരം: പേട്ട മൂലയിൽ ബംഗ്ലാവിൽ ഡോ. എൻ. ഗോപാലപ്പണിക്കർ (94) നിര്യാതനായി. തിരുവനന്തപുരം സംസ്കൃത കോളേജ് ജ്യോതിഷം പ്രൊഫസറും കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഡീനും ആയിരുന്നു. മികച്ച സംസ്കൃത അദ്ധ്യാപകനുള്ള രാഷ്ടപതിയുടെ അവാർഡ് മുൻ രാഷ്ട്രപതി പ്രതിഭാപാട്ടിലിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ജ്യോതിഷം ഒരു വിഷയം ആയി പി. ജി. തലത്തിൽ പഠിപ്പിക്കുവാൻ അനുമതി നേടി എടുക്കുവാന്‍ കഴിഞ്ഞു. അഹോരാത്രദശാദ്ധ്യായി അടക്കം വലുതും ചെറുതും ആയി അൻപതിൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രവിദ്യാപീഠം സ്ഥാപകനും ദീർഘകാലം അതിന്റെ പ്രസിഡന്റും ആയിരുന്നു.

സാങ്കേതിക തകരാർ: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാർ: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ദോഹയിലേയ്ക്ക് പോയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് തിരിച്ചിറക്കിയത്.പറന്നുയര്‍ന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും മര്‍ദ്ദം നിയന്ത്രിക്കുന്ന പ്രഷര്‍ സംവിധാനത്തില്‍ തകരാറുള്ളതായി പൈലറ്റിന് സംശയം തോന്നി.ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കണമെന്നാവശ്യപ്പെട്ട് പൈലറ്റ് എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയച്ചു

വിമാനത്തില്‍ അഞ്ച് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമുണ്ടായിരുന്നു.ലാന്‍ഡിംഗിലെ അപകടസാദ്ധ്യത ഒഴിവാക്കാന്‍ വിമാനത്തിലെ ഇന്ധനം കടലില്‍ ഒഴുക്കിക്കളഞ്ഞു.തുടര്‍ന്ന് വിദഗ്ദ്ധര്‍ വിമാനം പരിശോധിച്ചു.തുടര്‍ന്ന് പ്രഷര്‍ സംവിധാനത്തിന് കാര്യമായ പ്രശ്‌നമില്ലെന്ന് ഉറപ്പാക്കിയശേഷം വിമാനം യാത്രക്കാരുമായി ദോഹയിലേക്ക് പോയി. ക്യാബിനിലെ മര്‍ദ്ദവും വിമാനത്തിനുള്ളില്‍ നിന്നും പുറത്തേക്കുള്ള വായു കൈമാറ്റവും നിയന്ത്രിച്ച് സുരക്ഷ ഉറപ്പ് വരുത്തുന്ന സംവിധാനമാണ് ക്യാബിന്‍ പ്രഷര്‍ ഏര്യഷന്‍ സിസ്റ്റം.

മോദി പ്രഭാവം ഏറ്റില്ല; താമരയ്ക്കു മങ്ങല്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

മോദി പ്രഭാവം ഏറ്റില്ല; താമരയ്ക്കു മങ്ങല്‍; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ബംഗളൂർ: മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല.

കേവല ഭൂരിപക്ഷം കടന്നു മുന്നേറുന്ന കോണ്‍ഗ്രസ് 124 സീറ്റുകളില്‍ മുന്നിലാണ്. ജനതാ ദള്‍ (എസ്) മുന്നേറ്റം 24 സീറ്റില്‍ ഒതുങ്ങി. കാലാവധി തീര്‍ന്ന നിയമസഭയില്‍ ബിജെപിക്ക് 120 സീറ്റാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് 69ഉം ജെഡിഎസിന് 32ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. വിജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെയും ബംഗളുരുവിലേയും ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 120 നേടി പാര്‍ട്ടി സ്വന്ത നിലയ്ക്ക് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ 38 വര്‍ഷമായി കര്‍ണാടകയില്‍ ഒരു പാര്‍ട്ടിക്കും ഭരണം നിലനിര്‍ത്താനായിട്ടില്ല. ഈ പതിവ് കനത്ത പ്രചാരണത്തിലുടെ മറികടക്കാനായിരുന്നു ബിജെപി ശ്രമം.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ ബിജെപിയേക്കാള്‍ ഇരട്ടി സീറ്റുകളില്‍ ലീഡ് നേടാന്‍ പാര്‍ട്ടിക്കായി. കോണ്‍ഗ്രസിന്റെ വോട്ടു ശതമാനത്തിലും നിര്‍ണായകമായ വര്‍ധനയുണ്ട്.

എംഡിഎംഎ വിൽപ്പന നടത്തുന്നത് 52 കാരി; മലപ്പുറം സ്വദേശിനിയിൽ നിന്ന് പിടികൂടിയത് 13 ഗ്രാം

എംഡിഎംഎ വിൽപ്പന നടത്തുന്നത് 52 കാരി; മലപ്പുറം സ്വദേശിനിയിൽ നിന്ന് പിടികൂടിയത് 13 ഗ്രാം

മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ എംഡി എം എ വിൽപ്പനക്കാരിയായ 52 കാരിയെ പോലീസ് പിടികൂടി. മലപ്പുറം പൂക്കോട്ടൂർ സ്വദേശിനി റസിയ ബീഗത്തെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. മൊറയൂരിലെ ഇവരുടെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് എംഡി എം എ അടക്കം പോലീസ് ഇവരെ പിടികൂടിയത്. 13 ഗ്രാം എംഡിഎംഎയും ഇവ തൂക്കി നൽകാനുള്ള ഉപകരണവും കവറുകളും 20,000 രൂപയും വാടക ക്വാർട്ടേഴ്സിൽ നിന്നും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞദിവസം കരിപ്പൂരിൽ ലഹരി മരുന്നുപയോഗിച്ചിരുന്ന യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മൊറയൂരിൽ നിന്നാണ് ലഹരി മരുന്ന് ലഭിക്കുന്നതെന്ന് മനസ്സിലാക്കിയത്. തുടർന്ന് പോലീസ് യുവാക്കൾ നൽകിയ വിവരത്തെ അടിസ്ഥാനമാക്കി മൊറയൂരിലെ വാടക ക്വാർട്ടേഴ്സ് നിരീക്ഷിച്ചു. യുവാക്കളും മറ്റും ധാരാളം വന്നു പോകുന്നുണ്ടായിരുന്നെങ്കിലും വില്പനക്കാരി ഒരു സ്ത്രീയാണെന്ന് ആരും സംശയിച്ചിരുന്നില്ല. തുടർന്ന് പോലീസ് ക്വാർട്ടേഴ്സിൽ എത്തി പരിശോധിച്ചു.

പരിശോധനയിൽ എംഡിഎംഎ പിടികൂടുകയായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് എംഡി എം എ ലഭിക്കുന്നതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അന്യസംസ്ഥാനങ്ങളിലുള്ള രാസലഹരി കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് 52 കാരിയായ റസിയ ബീഗം എന്നാണ് പോലീസ് പറയുന്നത്. മലപ്പുറം എസ്.പി സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി എ.എസ്.പി വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസാഫ് ടീമും വനിതാ എസ് ഐ മിനിയും ആണ് ലഹരി മരുന്ന് വിൽപ്പനക്കാരിയെ പിടികൂടിയത്.

ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം: തടവുശിക്ഷ 5 വർഷമായി ഉയർത്തും, ഭേദഗതി ഉടൻ

ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം: തടവുശിക്ഷ 5 വർഷമായി ഉയർത്തും, ഭേദഗതി ഉടൻ

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കുമെതിരായ ആക്രമണങ്ങൾക്കുള്ള തടവുശിക്ഷ അഞ്ചുവർഷമായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തേയുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾകൂടി പരിഗണിച്ചായിരിക്കും ഓർഡിനൻസ് തയ്യാറാക്കുന്നത്.

നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്ന നിർവചനത്തിൽ വരുന്നത്. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം പരിരക്ഷ ലഭിക്കും.

നിയമ, ആരോഗ്യവകുപ്പുകൾകൂടി ചർച്ചചെയ്തശേഷം കരട് അന്തിമമാക്കി അടുത്തയാഴ്ച മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും. നിലവിലുള്ള നിയമത്തിൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ് ആശുപത്രികളിലെ അക്രമണങ്ങൾക്കുള്ള പരമാവധി ശിക്ഷ. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വി എസ് ശിവകുമാർ ആരോഗ്യമന്ത്രി ആയിരിക്കെ 2012ലാണ് നിയമം കൊണ്ടുവന്നത്.