by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയതായി പൊലീസുകാരനെതിരെ പരാതി. കഴക്കൂട്ടം അസി. കമ്മീഷണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിൽ കടയിൽ നിന്നും മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പൊലീസുകാരനെതിരെയാണ് അന്വേഷണം നടക്കുന്നത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം മുരളീധരന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് ഒരു മാസം മുൻപ് 5 കിലോ പഴുത്ത മാങ്ങ വാങ്ങി പൊലീസുകാരൻ കടന്നു കളഞ്ഞത്.
കഴക്കൂട്ടം അസി. കമ്മീഷണർക്കും പോത്തൻകോട് സിഐക്കുമാണ് മാങ്ങ വാങ്ങിയത് എന്ന് പൊലീസുകാരൻ കടക്കാരനെ ധരിപ്പിച്ചു. പണം അവർ നൽകുമെന്നും അറിയിച്ചു. എന്നാൽ പിന്നീട് പൊലീസ് ഉദ്യാഗസ്ഥരെ കണ്ട് കടക്കാരൻ കാര്യം തിരക്കിയപ്പോഴാണ് താൻ കബളിക്കപ്പെട്ടു എന്ന് മനസ്സിലായത്. തുടർന്ന് പോത്തൻകോട് ഇൻസ്പെക്ടർ ഡി. മിഥുൻ സ്ഥലത്തെത്തി അന്വേഷണം നടത്തി.

പരാതിയുടെ അടിസ്ഥാനത്തിൽ മാങ്ങ വാങ്ങിയ പൊലീസുകാരനെതിരെ അന്വേഷണം ആരംഭിച്ചു. മാങ്ങ വാങ്ങിയ പൊലീസുകാരനെ തിരിച്ചറിഞ്ഞതായാണ് സൂചന. സംസ്ഥാനത്ത് മാങ്ങ മോഷണത്തിന്റെ പേരിൽ ഒരു പൊലീസുകാരനെ സർവീസിൽ നിന്നും നീക്കം ചെയ്ത് ദിവസങ്ങൾ കഴിയുന്നതിനു മുമ്പാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജമ്മു കാശ്മീരിലും തമിഴ്നാട്ടിലുമായി എൻഐഎ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിൽ ആറിടത്താണ് റെയ്ഡ്. ഒരാളെ കസ്റ്റഡിയിലെടുത്തു. മധുര, ഡിണ്ടിഗൽ, തേനി അടക്കം പത്തിടങ്ങളിലാണ് തമിഴ്നാട്ടിൽ റെയ്ഡ്. എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച മുതൽ രണ്ടാഴ്ച്ച ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യങ്ങൾക്കുമായി ജലം എടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ ദേവസ്വം പുറത്തുവിട്ടിട്ടില്ല. വെള്ള നിവേദ്യം, നെയ് പായസം, പാൽപ്പായസം എന്നിവ തയ്യാറാക്കാൻ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നിയന്ത്രണ സമയത്ത് ഈ വഴിപാടുകളുടെ അളവു കുറയ്ക്കും.
2014ൽ മണിക്കിണർ ചെളി കോരി വൃത്തിയാക്കിയിരുന്നു. എന്നാൽ സമീപ ദിവസങ്ങളിൽ വെള്ളത്തിന് നിറം മാറ്റം കണ്ടു. ഈ സാഹചര്യത്തിലാണ് നവീകരണം. ചെളി കോരി നെല്ലിപ്പടി നവീകരിക്കും. കരിങ്കല്ലു കൊണ്ടു കെട്ടിയ കിണറിൽ കളിമൺ റിങുകൾ സ്ഥാപിക്കും. ഇടയിൽ പുഴ മണൽ, ചെറിയ മെറ്റൽ, കരി എന്നിങ്ങനെ ശുദ്ധീകരിക്കാനുള്ള പ്രകൃതിദത്ത വസ്തുക്കളും നിറയ്ക്കും.
നാലമ്പലത്തിനകത്തെ മഴ വെള്ളം ശുദ്ധീകരിച്ച് കിണറിലേക്ക് തിരിച്ചുവിടും. നാലമ്പലത്തിലെ ഓവുകൾക്ക് പകരം പൈപ്പും സ്ഥാപിക്കും. 30 ലക്ഷത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ വഴിപാടായി നടത്തുന്നത് ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയായ പ്രദീപാണ്. എറണാകുളം സ്വദേശിയായ എൻജിനീയർ ശ്രീനിവാസന്റെ മേൽനോട്ടത്തിലാണ് നവീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശമായിരുന്നു ഇന്നലെ. ഇന്ന് ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനായിരിക്കും സ്ഥാനാർത്ഥികളുടെ ശ്രമം. നിശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടകൾക്ക് കർശന നിർദ്ദേശം നൽകി.
അവസാന ഘട്ടത്തിൽ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയായിരുന്നു ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകിയത്. കോൺഗ്രസിന്റെ റാലികളിൽ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും സജീവമായിരുന്നു. സോണിയ ഗാന്ധിയും അവസാന ഘട്ടത്തിൽ പ്രചാരണങ്ങളിൽ പങ്കെടുത്തു. കർണാടകയുടെ പരമാധികാരത്തിലും അഖണ്ഡതയിലും കൈകടത്താൻ ഒരാളെയും കോൺഗ്രസ് അനുവദിക്കില്ലെന്ന സോണിയ ഗാന്ധിയുടെ പരാമർശം വിവാദമായി. ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. കേന്ദ്ര മന്ത്രി ശോഭ കരന്തലജെയാണ് പരാതി നൽകിയത്.
കർണാടകയെ ഇന്ത്യയിൽ നിന്നു ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാങിലുൾപ്പെട്ട കോൺഗ്രസ് ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവിൽ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസും കമ്മീഷന് പരാതി നൽകി. രാജ്യ വിരുദ്ധ പരാമർശം കോൺഗ്രസ് നടത്തിയെന്നത് മോദിയുടെ വ്യാജ ആരോപണമാണെന്നും ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പരാതി നൽകിയത്.
മോദിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും റോഡ് ഷോകളിൽ നിരവധി പേരാണ് പങ്കെടുത്തത്. ബംഗളൂരു നഗരം കേന്ദ്രീകരിച്ച് നിരവധി പ്രചാരണ യോഗങ്ങളാണ് ബിജെപിയും കോൺഗ്രസും ഇന്നലെ സംഘടിപ്പിച്ചത്.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചെയോടെ തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നതിലും വ്യക്തതയില്ല. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

by Midhun HP News | May 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അമ്പലപ്പുഴ: ആറ്റിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി ആശ ദമ്പതികളുടെ മകൻ ബാലു മുരളി (15) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. മറ്റ് ആറ് സുഹൃത്തുക്കൾക്കൊപ്പം പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ ഉടൻ തന്നെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു ബാലു.

Recent Comments