പോക്സോ കേസ്: കായിക്കര സ്വദേശിയ്ക്ക് തടവും പിഴയും

പോക്സോ കേസ്: കായിക്കര സ്വദേശിയ്ക്ക് തടവും പിഴയും

അഞ്ചുതെങ്ങ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയായ കായിക്കര മൂലൈത്തോട്ടം സ്വദേശിക്ക് തടവും പിഴയും. വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇന്ത്യൻ ശിക്ഷാ നിയമം 451 വകുപ്പ് പ്രകാരം രണ്ട് വർഷം തടവും 5000/- രൂപ പിഴയും, കുട്ടികളോടുള്ള അതിക്രമം തടയൽ നിയമം ഏഴ്, എട്ട് വകുപ്പുകൾ പ്രകാരം നാല് വർഷം തടവും 25000/- രൂപ പിഴയും ഉൾപ്പടെ ആറ് വർഷം തടവും 30000/- രൂപ പിഴയുമാണ് ശിക്ഷ.

ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ നാല് വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴ ഒടുക്കാതിരുന്നാൽ നാല് മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. പിഴ ഒടുക്കുന്ന പക്ഷം ആയത് കേസ്സിലെ ഇരയായ കുട്ടിയ്ക്ക് നല്കണമെന്നും ഉത്തരവിലുണ്ട്.

രാത്രിയിൽ അരിക്കൊമ്പന്റെ ആക്രമണം; കൃഷി നശിപ്പിക്കാൻ ശ്രമം, കാട്ടിലേക്ക് തുരത്തി; ഭീതിയിൽ തമിഴ്നാട്

രാത്രിയിൽ അരിക്കൊമ്പന്റെ ആക്രമണം; കൃഷി നശിപ്പിക്കാൻ ശ്രമം, കാട്ടിലേക്ക് തുരത്തി; ഭീതിയിൽ തമിഴ്നാട്

തൊടുപുഴ: തമിഴ്നാടിനെ ഭീതിയിലാക്കി അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ഇന്നലെ രാത്രിയാണ് ആന തമിഴ്നാട് അതിർത്തി മേഖലയായ ഹൈവേഡ് ഡാമിന് സമീപം ഇറങ്ങിയത്. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാക്കുകയാണ് അരിക്കൊമ്പൻ. ‌

തമിഴ്നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കുന്നില്ല. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിൽ പലതവണയാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി.

ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. വനാതിർത്തിയോടു ചേർന്ന് കിടക്കുന്ന പ്രദേശത്തിൽ തേയിലത്തോട്ടവും ലയങ്ങളുമുണ്ട്. പ്രദേശത്തെ കാലാവസ്ഥയും ചിന്നക്കനാലിലേത് പോലെയാണ്. ഇരവിങ്കലാറിൽ അരിക്കൊമ്പൻ ഒരു വീടിന്റെ വാതിലുകൾ തകർത്തു എന്ന വ്യാജവാർത്തയും പ്രചരിച്ചു. വീടിന്റെ വാതിൽ കാട്ടാന പൊളിച്ചെന്നും ഇത് അരിക്കൊമ്പൻ അല്ലെന്നും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

മുന്‍ എംഎല്‍എ പ്രൊഫ. നബീസാ ഉമ്മാള്‍ അന്തരിച്ചു

മുന്‍ എംഎല്‍എ പ്രൊഫ. നബീസാ ഉമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പ്രൊഫ. നബീസ ഉമ്മാള്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അധ്യാപികയായിരുന്ന നബീസ ഉമ്മാള്‍, നെടുമങ്ങാട് നഗരസഭ ചെയര്‍പഴ്‌സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 33 വര്‍ഷം കോളജ് അധ്യാപികയായിരുന്നു.

1987ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 1991ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി.

ഭര്‍ത്താവ്: പരേതനായ എം.ഹുസൈന്‍കുഞ്ഞ്. മക്കള്‍: റഹിം , ലൈല, സലിം, താര, പരേതരായ റസിയ, ഹാഷിം.

ഖബറടക്കം വൈകിട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി

സംസ്ഥാനത്ത് ചില ട്രെയിനുകൾ റദ്ദാക്കി, യാത്രകള്‍ വെട്ടിച്ചുരുക്കി

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

1. എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് മെയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.

2. കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് നാളെ മുതൽ മെയ് 31 വരെ ഭാഗികമായി റദ്ദാക്കി.

ട്രെയിനുകൾക്ക് നിയന്ത്രണം

1. ഈ മാസം 15ന് നിലമ്പൂർ – കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രം.

2. മെയ് 8,15 തീയതികളിൽ കണ്ണൂർ – എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം.

3. മെയ് 8,15 തീയതികളിൽ തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രം.

4. മെയ് 9,16 തീയതികളിൽ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും.

5. മെയ് 8,15 തീയതികളിലെ പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് കോട്ടയം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

6. മെയ് 15ന് വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറ വരെ വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

7. എറണാകുളം കൊല്ലം മെമു മെയ് 30 വരെ കായംകുളം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

വന്ദേഭാരത് ഹിറ്റ്; വരുമാനം 2.70 കോടി

വന്ദേഭാരത് ഹിറ്റ്; വരുമാനം 2.70 കോടി

തിരുവനന്തപുരം: സർവീസ് തുടങ്ങി ആറു ദിവസം കൊണ്ട് വന്ദേഭാരത് എക്സ്പ്രസിന് വരുമാനം 2.70 കോടി രൂപ. കാസർകോട് നിന്നും തിരുവനന്തപുരത്തക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയത്.

വന്ദേഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങിയ ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഏപ്രിൽ 28 ന് തിരുവനന്തപുരം-കാസർകോട് സർവീസിൽ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം. 29 ന് 20.30 ലക്ഷം, 30ന് 20.50 ലക്ഷം, മെയ് ഒന്നിന് 20.10 ലക്ഷം, രണ്ടിന് 18.20 ലക്ഷം, മൂന്നിന് 18 ലക്ഷം എന്നിങ്ങനെ പോകുന്നു വരുമാനം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കുള്ള സർവീസിൽ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷൻ. നിരക്ക് കൂടുതലാണെങ്കിലും കൂടുതൽ യാത്രക്കാരും തെരഞ്ഞത് എസ്‌സിക്യൂട്ടീവ് സീറ്റുകളാണ്. മെയ് 14 വരെയുള്ള മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റുപോയി.

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചു കയറിയ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപ. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി. ഇന്നലെ പവന്‍ വില 45760 ആയി ഉയര്‍ന്നിരുന്നു. സര്‍വകാല റെക്കോര്‍ഡ് ആണിത്.