വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമായിരിക്കും. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുമുണ്ട്. വേനലവധിയ്ക്ക് കുട്ടികളെ പഠനത്തിനും ഇത്തരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നത്. സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കണം. ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം.

ആറ്റിങ്ങല്‍ നഗരസഭയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 565 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

ആറ്റിങ്ങല്‍ നഗരസഭയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 565 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 262 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 23 ഭവനങ്ങള്‍ കൂടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ ഭവനങ്ങളുടെ താക്കോല്‍ വിതരണച്ചടങ്ങും, അതിദാരിദ്രര്‍ക്കുള്ള ഭക്ഷ്യകിറ്റു വിതരണവും, പി. എം. എ. വൈ പദ്ധതിയുടെ ഗഡു വിതരണവും, ഒരു വീടിന്റെ ഗൃഹപ്രവേശന ചടങ്ങും ആറ്റിങ്ങല്‍ എം. എല്‍. എ ഒ എസ് അംബിക നിര്‍വ്വഹിച്ചു.

നഗരസഭാ വൈസ് ചെയര്‍മാന്‍ ജി തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ നജാം സ്വാഗതംആശംസിച്ചു. മരാമത്തുകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഗിരിജ, സിപിഐഎം ആര്‍ രാജു കൗണ്‍സിലര്‍മാരായ സുഖില്‍, ബിനു, ലൈല ബീവി, സോഷ്യല്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ആസിഫ് തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി കെ എസ് അരുണ്‍ നന്ദി രേഖപ്പെടുത്തി.

നാളെ ചക്രവാതച്ചുഴി രൂപപ്പെടും; തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

നാളെ ചക്രവാതച്ചുഴി രൂപപ്പെടും; തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ച രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി ഈ ജില്ലകളില്‍ അന്നേദിവസം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ചയോടെ ഇത് ന്യൂനമര്‍ദ്ദമായി രൂപപ്പെടും. തിങ്കളാഴ്ച തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയില്‍ മധ്യ-ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആറാം ക്ലാസുകാരൻ കുളത്തിൽ മരിച്ച സംഭവം; കൊലപാതകം, സുഹൃത്തായ 14കാരൻ അറസ്റ്റിൽ

ആറാം ക്ലാസുകാരൻ കുളത്തിൽ മരിച്ച സംഭവം; കൊലപാതകം, സുഹൃത്തായ 14കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഒരു വർഷം മുൻപ് നാഗർകോവിലിൽ കുളത്തിൽ വിഴിഞ്ഞം സ്വദേശിയായ ആറാം ക്ലാസ്സുകാരൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസുമായി ബന്ധപ്പെട്ട് 14കാരനായ സുഹൃത്ത് അറസ്റ്റിലായി. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ആശുപത്രി റോഡിൽ മുഹമ്മദ് നസീം സുജിത ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദിന്റെ(12) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

2022 മെയ് 8നാണ് ആദിൽ മുഹമ്മദിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നാഗർകോവിൽ ഇറച്ചകുളത്തെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ആദിൽ. തമിഴ്നാട് ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെ മാതാപിതാക്കൾ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി അന്വേഷണം സിബിസിഐഡിയ്ക്ക് കൈമാറുകയായിരുന്നു.

ഇവരുടെ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവ ദിവസം ആദിൽ മുഹമ്മദ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ടീഷർട്ട് ധരിച്ചിരുന്നു. എന്നാൽ മൃതദേഹത്തിൽ ടീ ഷർട്ട് ഇല്ലായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദിൽ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് 14 കാരനെ പിടികൂടിയത്. മരണവിവരം മറച്ചുവയ്‌ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് 14കാരനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാനാണോ വിജനമായ പ്രദേശത്ത് എത്തിച്ചതെന്നതടക്കമുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായില്ല. കോടതിയിൽ ഹാജരാക്കിയ കുട്ടിയെ തിരുനെൽവേലി ജുവനൈൽ ഹോമിലേക്ക് മാറ്റി.

ഉമ്മന്‍ചാണ്ടി വീണ്ടും ആശുപത്രിയില്‍

ഉമ്മന്‍ചാണ്ടി വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് ഫെയ്‌സ്ബുക്കിലൂടെ വിവരം പുറത്തു വിട്ടത്. ഉമ്മന്‍ചാണ്ടിയെ കാണുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും ചാണ്ടി ഉമ്മന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു. അര്‍ബുദബാധിതനായ ഉമ്മന്‍ചാണ്ടി ബംഗലൂരുവിലെ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു.

ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും

ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും

ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം.

സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് പാകിസ്താൻ ബെംഗളൂരുവിലും ചെന്നൈയിലുമാവും അധികം മത്സരങ്ങളും കളിക്കുക. കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാവും ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ. ബംഗ്ലാ ആരാധകർക്ക് വേഗം എത്താനാണ് ഈ തീരുമാനം.