സിവിവി നല്‍കാതെ തന്നെ ഓണ്‍ലൈന്‍ ഇടപാട് നടത്താം; സേവനവുമായി വിസ

സിവിവി നല്‍കാതെ തന്നെ ഓണ്‍ലൈന്‍ ഇടപാട് നടത്താം; സേവനവുമായി വിസ

ഡല്‍ഹി: സിവിവി ഫ്രീ ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കി പേയ്‌മെന്റ് നെറ്റ് വര്‍ക്ക് സ്ഥാപനമായ വിസ. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയതെന്ന് വിസ അറിയിച്ചു.
റിസര്‍വ് ബാങ്ക് നടപ്പാക്കിയ ടോക്കണൈസേഷന്‍ മാര്‍ഗനിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് നടപടി. ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്ക് ടോക്കണൈസേഷന്‍ നടപ്പാക്കിയത്. വിസ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ടോക്കണൈസേഷനെയാണ് വ്യാപാരികള്‍ ആശ്രയിക്കുന്നത്. അതിനാല്‍ ഒരേ ഉപഭോക്താവ് തന്നെ വീണ്ടും ഓണ്‍ലൈന്‍ ഇടപാട് നടത്തുമ്പോള്‍ ഒരിക്കല്‍ കൂടി സിവിവി ചോദിയ്‌ക്കേണ്ടതില്ലെന്നാണ് വിസ പറയുന്നത്.

കാര്‍ഡ് ആദ്യം ടോക്കണസൈഷേന്‍ ചെയ്യുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് പിന്നീടുള്ള ഓണ്‍ലൈന്‍ ഇടപാടുകളില്‍ സിവിവി നല്‍കാതെ തന്നെ സുഗമമായി നടത്താന്‍ കഴിയുന്ന സംവിധാനമാണ് വിസ ഒരുക്കിയത്.

കാര്‍ഡിന്റെ പിന്നില്‍ കാണുന്ന മൂന്നക്ക നമ്പര്‍ ആണ് സിവിവി. ടോക്കണൈസേഷന്റെ തുടക്കത്തില്‍ സിവിവി നിര്‍ബന്ധമായി വാങ്ങേണ്ടതുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ഇടപാടുകളില്‍ സിവിവി വാങ്ങാതെ തന്നെ വ്യാപാരികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും വിസി അറിയിച്ചു.

അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്: സത്യവാങ്മൂലം വാങ്ങുന്നത് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്: സത്യവാങ്മൂലം വാങ്ങുന്നത് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്രവർത്തി ദിവസങ്ങളിൽ സ്കൂൾ ഓഫീസുകൾ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സാധ്യമായ ദിവസങ്ങളിൽ ശനിയാഴ്ച ഉൾപ്പെടെ പ്രിൻസിപ്പൽ അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, സ്റ്റാഫുകൾ എന്നിവർ ഓഫീസുകളിലുണ്ടാകണം. അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്.

ഇക്കാര്യത്തിന് അധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് മന്ത്രി നിർദേശം നല്‍കിയത്. എസ്എസ്എൽസി ഫലം 20നും ഹയർസെക്കൻഡറി ഫലം 25നും പ്രസിദ്ധീകരിക്കും. വർഷം 220 അധ്യയന ദിവസം ഉറപ്പാക്കണം.

ഇതിന് വേണ്ട ക്രമീകരണം നടത്തും. എസ്എസ്എല്‍സി മൂല്യനിർണയത്തിൽ 2200 പേർ ഒരു കാരണവും കാണിക്കാതെ ഹാജരായില്ല. 1508 പേർ ഹയർ സെക്കന്‍ററിയിലും ഹാജരായില്ല. ഈ 3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.

ശിവ കൃഷ്ണപുരം- തെങ്ങും വിളക്ഷേത്രം റോഡിന്റെ ഉദ്ഘാടനം നടന്നു

ശിവ കൃഷ്ണപുരം- തെങ്ങും വിളക്ഷേത്രം റോഡിന്റെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് പ്രവൃത്തികൾ പൂർത്തിയാക്കിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം നിർവ്വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, വാർഡ് മെമ്പർമാരായ പി.പവനചന്ദ്രൻ, എൻ.രഘു, സുരക്ഷാ കോർഡിനേറ്റർ ആർ.കെ.ബാബു, ചന്ദ്ര മോഹൻ, ഹരിദാസ് എന്നിവർ പങ്കെടുത്തു.

അരിക്കൊമ്പന്‍ നാല് ദിവസം കൊണ്ട് സഞ്ചരിച്ചത് 40 കിലോമീറ്റര്‍; ആന പെരിയാര്‍ റേഞ്ചിലെത്തി

അരിക്കൊമ്പന്‍ നാല് ദിവസം കൊണ്ട് സഞ്ചരിച്ചത് 40 കിലോമീറ്റര്‍; ആന പെരിയാര്‍ റേഞ്ചിലെത്തി

തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന അരിക്കൊമ്പന്‍ കേരള വനമേഖലയിലെ പെരിയാര്‍ റേഞ്ചിനുള്ളില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയോടെ തമിഴ്‌നാട് വനമേഖലയില്‍ നിന്നും കേരളത്തിലേക്ക് കടന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ തമിഴ്‌നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ട്. നാലുദിവസംകൊണ്ട് 40 കിലോമീറ്റര്‍ ആണ് കൊമ്പന്‍ സഞ്ചരിച്ചത്.

ഇന്നലെ തമിഴ്‌നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ചു. തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തുകയായിരുന്നു. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനം ഭാഗത്തു നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ തിമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂര്‍ മേഖല കടുവ സങ്കേതത്തിലേക്ക് കടന്നിരുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനമേഖലയില്‍ നിന്ന് വനംവകുപ്പിന് സിഗ്‌നലുകള്‍ ലഭിച്ചിരുന്നു.

അരിക്കൊമ്പന്റെ ആരോഗ്യനില പൂര്‍ണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നല്‍കിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

എംഡിഎംഎ ഉപയോ​ഗിക്കുന്ന ​ഗ്ലാസ് ട്യൂബ് പിടിച്ചു, കേസ് ഒഴിവാക്കാൻ കൈക്കൂലി

എംഡിഎംഎ ഉപയോ​ഗിക്കുന്ന ​ഗ്ലാസ് ട്യൂബ് പിടിച്ചു, കേസ് ഒഴിവാക്കാൻ കൈക്കൂലി

കൽപ്പറ്റ: ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോ​ഗർക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. എക്സൈസ് ചെക്പോസ്റ്റ് കടന്നെത്തിയ യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പിടിയിലായതിനു പിന്നാലെയാണ് യുവാക്കൾ ആരോപണം ഉന്നയിച്ചത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പുതല അന്വേഷണം തുടങ്ങി.

കർണാടകയിൽ നിന്ന് കാറിൽ വരികയായിരുന്ന മുനീർ, മുഹമ്മദ് ഷഹീർ എന്നിവരാണ് കഞ്ചാവ് ബീഡിയുമായി മുത്തങ്ങ ചെക്പോസ്റ്റിൽ പൊലീസ് പിടികൂടിയത്. മുത്തങ്ങയിലെ തന്നെ എക്സൈസിന്റെ ചെക്പോസ്റ്റ് കടന്നായിരുന്നു യുവാക്കൾ എത്തിയത്. പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കടത്തിവിട്ടതാണെന്ന ആരോപണം പ്രതികൾ ഉന്നയിച്ചത്.

ബംഗളൂരുവിൽ നിന്നും യുവാക്കൾ എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് വാങ്ങിയിരുന്നു. ഇത് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. എന്നാൽ കേസിൽ പെടാതിരിക്കണമെങ്കിൽ 10000 രൂപ നൽകണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി യുവാക്കൾ ആരോപിച്ചു. ഒടുവിൽ 8000 രൂപ നൽകിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പൊലീസ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. തുടർന്ന് എക്സൈസ് വകുപ്പിന് വിവരം കൈമാറി. പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടത്.

പ്രിവന്റീവ്‌ എക്സൈസ്‌ ഓഫീസർ പ്രഭാകരനും സഹപ്രവർത്തകർക്കുമെതിരെയാണ്‌ ആരോപണം. പരാതിക്കാരായ യുവാക്കളുടെ വാഹനം ഏറെ നേരം പരിശോധിച്ചതിലുള്ള വൈരാഗ്യമാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലെത്തി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ഇന്നലെ 45,600 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്നും വീണ്ടും ഉയര്‍ന്നതോടെ സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയിരിക്കുകയാണ്. ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. 45,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില 45000 കടന്ന് പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്. അമേരിക്കയിലെ ബാങ്ക് പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.