അരിക്കൊമ്പൻ ഇന്ന് പൂർണമായും മയക്കം വിട്ടുണരും; സിഗ്നൽ പ്രകാരം ആന തുറന്നുവിട്ട സ്ഥലത്ത് നിന്ന് 3 കിലോ മീറ്റർ അകലെയുണ്ടെന്ന് വനം വകുപ്പ്

അരിക്കൊമ്പൻ ഇന്ന് പൂർണമായും മയക്കം വിട്ടുണരും; സിഗ്നൽ പ്രകാരം ആന തുറന്നുവിട്ട സ്ഥലത്ത് നിന്ന് 3 കിലോ മീറ്റർ അകലെയുണ്ടെന്ന് വനം വകുപ്പ്

ഇടുക്കി: അരിക്കൊമ്പന്‍ പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലേക്ക് കയറി.ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റ‌ർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടൽ. അതേസമയം,അരിക്കൊമ്പൻ ജനവാസ മഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനെ കുറിച്ച് വിശദീകരിച്ച് ദൗത്യ സംഘാംഗങ്ങളായ ഡോ. അരുൺ സക്കറിയയും സിസിഎഫ് ആർ എസ് അരുണും സംസാരിച്ചിരുന്നു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ. അരുൺ സക്കറിയ വിശദീകരിച്ചു.

റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; റിട്ട. ഡിവൈഎസ്പിയും നടനുമായ വി മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; റിട്ട. ഡിവൈഎസ്പിയും നടനുമായ വി മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ റിട്ട. ഡിവൈഎസ്പിയും സിനിമാ താരവുമായ വി.മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും. ആൽബത്തിൽ അഭിനയിക്കാൻ വന്ന യുവതിയെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ബേക്കൽ പൊലീസ് കേസെടുത്തത്.

അരിക്കൊമ്പൻ പോയിട്ടും ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ചക്കക്കൊമ്പനും സംഘവും ഷെഡ് തകർത്തു

അരിക്കൊമ്പൻ പോയിട്ടും ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ചക്കക്കൊമ്പനും സംഘവും ഷെഡ് തകർത്തു

ഇടുക്കി: അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഷെഡിൽ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്. രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിൽ ഇറക്കി വിട്ടത്. ഇതിന് പിന്നാലെ ചിന്നക്കനാലിലെ ജനങ്ങൾ ഏറെ സമാധാനത്തോടെ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം.

പൊലീസ് ക്വാർട്ടേഴ്സിലെ പെൺകുട്ടിയുടെ മരണം; ദുരൂഹത നീക്കാൻ പൊലീസ്

പൊലീസ് ക്വാർട്ടേഴ്സിലെ പെൺകുട്ടിയുടെ മരണം; ദുരൂഹത നീക്കാൻ പൊലീസ്

തിരുവനന്തപുരം: പാളയം പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരൻ്റെ മകളായ 14 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിൽ പൊലീസ്. ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. മരണ കാരണം വ്യക്തമാക്കാനാണ് നടപടി.
പാളയം പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുമ്പാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിലേക്ക് നയിച്ച കാരണത്തിൽ വ്യക്തത വരുത്താനാണ് ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം പൊലീസ് പെട്ടെന്ന് ആവശ്യപ്പെടുന്നത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ മുറിവുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. കുട്ടി പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യത്തിലും ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്.

പൊലീസ് ക്വാർട്ടേഴ്സിലുള്ളവർ, കുട്ടിയുടെ സുഹൃത്തുകൾ, അടുപ്പമുള്ളവർ, അധ്യാപകർ എന്നിവരിൽ നിന്നെല്ലാം വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. തലച്ചോറിലെ രക്തസ്രാവം ലഹരി ഉപയോ​ഗത്തിന്റെ ഫലമാണോ എന്നതടക്കം പരക്കുന്ന അഭ്യൂഹങ്ങളിലും വ്യക്തത വരുത്താൻ ആന്തരിക പരിശോധന ഫലം വരുന്നതോടെ കഴിയുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.

മാനത്ത് വര്‍ണ്ണപ്പൂരം; ആവേശക്കാഴ്ചയൊരുക്കി പൂരം വെടിക്കെട്ട്

മാനത്ത് വര്‍ണ്ണപ്പൂരം; ആവേശക്കാഴ്ചയൊരുക്കി പൂരം വെടിക്കെട്ട്

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാറാടിച്ച കുടമാറ്റത്തിന് പിന്നാലെ, മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരം വെടിക്കെട്ട്. ഒരു മണിക്കൂറിലേറെ നീണ്ടു തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ ഒരുക്കിയ ശബ്ദവര്‍ണ വിസ്മയം. തിരുവമ്പാടിയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. വടക്കേ നടയില്‍ നിന്ന് തുടക്കമിട്ട് ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപ്പൊരിച്ചില്‍. പിന്നാലെ തൃശൂരിനെ ആവേശത്തിലാക്കി പാറമേക്കാവും കരിമരുന്നിന്റെ ആകാശപ്പൂരത്തിന് തിരികൊളുത്തി. നില അമിട്ടുകളും കുഴിമിന്നലുകളും മാനത്ത് വര്‍ണ്ണക്കാഴ്ചയൊരുക്കി.

ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥനെ സാക്ഷിയാക്കി ശ്രീമൂലസ്ഥാനത്തെ നിലപാടു തറയില്‍ ഉപചാരം ചൊല്ലി പിരിയും. രാവിലെ എട്ടുമണിക്ക് മണികണ്ഠന്‍ ആല്‍ പന്തലില്‍ നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍ നിന്ന് തിരുവമ്പാടിയുടേയും എഴുന്നള്ളത്ത് ആരംഭിക്കും.
പടിഞ്ഞാറേ നടയില്‍ ഇരു വിഭാഗങ്ങളും സമ്മേളിച്ച് മേള അകമ്പടിയില്‍ കുടമാറും. ഇതിനുശേഷം പകല്‍ വെടിക്കെട്ട് നടക്കും. ഇതിനു പിന്നാലെ അടുത്ത വര്‍ഷത്തെ പൂരം പ്രഖ്യാപിക്കും.

മെഡിസെപ് ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന്

മെഡിസെപ് ഇനി വിരൽത്തുമ്പിൽ; മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ഇന്ന്. മെഡിസെപ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനായാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ഐഎംജിയിലെ ‘പദ്മം’ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

ധനകാര്യ വകുപ്പ് സോഫ്റ്റ് വെയർ ഡിവിഷൻ ആണ് മൊബൈൽ ആപ്പ് തയ്യാറാക്കിയത്. മെഡിസെപ് പദ്ധതി ആരംഭിച്ച് പത്തുമാസത്തിനുള്ളിൽ 592 കോടിയോളം രൂപയുടെ ചികിത്സാ പരിരക്ഷ നൽകിയതായി അധികൃതർ അറിയിച്ചു.