ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു

ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.

പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. എണ്ണം തടികളളക്കുന്നതിൽ മിടുക്കനായി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു.
ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന്‌  സംസ്ഥാന സർക്കാറിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചു.

കോഴിക്കോടൻ നാടകവേദിയിലുടെയാണ്‌ സിനിമയിൽ എത്തിയത്‌. നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത  ‘അന്യരുടെഭൂമി’ ആദ്യചിത്രം. സന്തോഷ്‌ വിശ്വനാഥ്‌  സംവിധാനം ചെയ്ത വണ്ണിലാണ്‌  അവസാനം അഭിനയിച്ചത്‌.  ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയാണ് ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം.

സന്ദേശത്തിലെ കെ ജി പൊതുവാളായുള്ള  ‘നാരിയൽ കാ പാനി’പ്രയോഗവും  നാടോടിക്കാറ്റിലെ ‘ഗഫൂർ കാ ദോസ്‌തും’ ആസ്വാദക പ്രീതിയാർജിച്ചു. തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്‌ എന്നിവയിലും ശ്രദ്ധേയ  വേഷങ്ങൾ.  ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന്‌  സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജൂറിയുടെ പ്രത്യേക പരാമർശത്തിന്‌ അർഹനായി. അബുദാബി കലാരത്നം പുരസ്കാരമടക്കം ബഹുമതികളും നേടി കോഴിക്കോട് എം എം  ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കവെ  നാടകത്തിൽ സജീവമായി മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ്‌  ജനനം. 

ഭാര്യ: സുഹ്റ.  മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതില്‍ വിശദ അന്വേഷണം; തീ പടര്‍ന്നില്ല, ഉണ്ടായത് രാസസ്‌ഫോടനം

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതില്‍ വിശദ അന്വേഷണം; തീ പടര്‍ന്നില്ല, ഉണ്ടായത് രാസസ്‌ഫോടനം

തൃശൂര്‍: തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തില്‍ ഉണ്ടായത് രാസസ്‌ഫോാടനമെന്ന നിഗമനത്തില്‍ പൊലീസ്. സ്‌ഫോടനത്തില്‍ തീ പടര്‍ന്നിട്ടില്ല. ബാറ്ററിക്കുള്ളിലെ ലിഥിയം സ്‌ക്രീനില്‍ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാവാമെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. കുട്ടി ഉപയോഗിച്ച ഫോണിന്റെ ബാറ്ററി വലിയ മര്‍ദത്തോടെ പൊട്ടിത്തെറിച്ചെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കുട്ടിയുടെ മുഖവും ഫോണ്‍ പിടിച്ചെന്നു കരുതുന്ന വലതു കൈയും സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. നാലു വര്‍ഷം മുമ്പു വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വര്‍ഷം മുമ്പു മാറ്റിയിരുന്നു.

ഇത് നിലവാരമില്ലാത്തതായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചാര്‍ജ് ചെയ്യുമ്പോഴല്ല സ്‌ഫോടനമെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് വിശദമായി അന്വേഷണം തുടങ്ങി. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. ഇന്നലെ രാത്രി വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തലയിലെ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻ രേഖ സോഫ്റ്റ്‍വെയർ ഉപയോ​ഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. സോഫ്റ്റ്‍വെയർ ഉപയോ​ഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ധനവകുപ്പിന്റെ മാർച്ച് 28ലെ ഉത്തരവിലെ നിർദേശം നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് താത്കാലിക ഉത്തരവിട്ടത്.

മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കോമൺ സർവീസ് സെന്റർ (സിഎസ് സി) നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാർ ഉൾപ്പെടെ 27 പേർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മറ്റ് സർവീസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നും ഓപ്പൺ പോർട്ടൽ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വിഷയം അടുത്ത ചൊവ്വാഴ്ച്ച (മേയ് 2) വീണ്ടും പരി​ഗണിക്കും.

ജീവപര്യന്തം തടവുകാരന്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

ജീവപര്യന്തം തടവുകാരന്‍ സെന്‍ട്രല്‍ ജയിലില്‍ മരിച്ചു

തിരുവനന്തപുരം: തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതി പൂജപ്പുര ജയിലില്‍ മരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബൈജു (41) ആണ് മരിച്ചത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇയാള്‍. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് മരണമുണ്ടായത്. സിപിഎം പ്രവര്‍ത്തകന്‍ ആനാവൂര്‍ നാരായണന്‍ നായരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ബൈജുവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

എം ഡി എം എയുമായി യുവാക്കളെ ചിറയിൻകീഴ് പോലീസ് പിടികൂടി

എം ഡി എം എയുമായി യുവാക്കളെ ചിറയിൻകീഴ് പോലീസ് പിടികൂടി

തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചിറയിൻകീഴ് പോലീസും മുടപുരം തെന്നൂർക്കോണം ഭാഗം കേന്ദ്രികരിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ കുറക്കട കൊച്ചാലുമൂട് സ്വദേശി അനസ് (25), പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുള്ള(19), കുറക്കട കൊച്ചാലുമൂട് സ്വദേശി ഹരിഹരൻ (24), മുടപുരം സ്വദേശി പ്രദിൻ(24), തെന്നൂർക്കോണം സ്വദേശി ജിഷ്ണു (26), ആറ്റിങ്ങൽ സ്വദേശി ശിവ (25)എന്നിവരിൽ നിന്ന് 200 ഗ്രാം ഗഞ്ചാവും 320 മില്ലി ഗ്രാം എംഡിഎംഎയും അത് കുത്തി വയ്ക്കുന്ന സിറിഞ്ചുകളും കണ്ടെടുത്തു.

തെന്നൂർകോണം സ്വദേശി ജിഷ്ണുവാണ് ലഹരി പദാർത്ഥങ്ങൾ വില്പനയ്ക്കായ് ശേഖരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു. ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ ലഹരി വിൽപ്പനക്കാരെക്കുറിച്ചും പോലീസിനു രഹസ്യ വിവരം ലഭിച്ചിട്ടുള്ളതായും വരും ദിവസങ്ങളിൽ ശക്തമായ റെയ്ഡ് നടത്തുമെന്നും തിരുവന്തപുരം റൂറൽ എസ് പി ശില്പ ഡി ഐ പി എസ് അറിയിച്ചു.

വര്‍ക്കല രാധാകൃഷ്ണന്‍ അനുസ്മരണം  നടന്നു

വര്‍ക്കല രാധാകൃഷ്ണന്‍ അനുസ്മരണം നടന്നു

വര്‍ക്കല രാധാകൃഷ്ണന്‍ അനുസ്മരണം സി പി ഐ എം വര്‍ക്കല ഏര്യാ സെക്രട്ടറി എം.കെ യൂസഫ് അദ്ധ്യക്ഷതയില്‍ സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി. ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. എസ്. ഷാജഹാന്‍, മടവൂര്‍ അനില്‍, ഏര്യാ സെന്‍ട്രല്‍ അംഗങ്ങളായ കെ.എം. ലാജി, വി.സത്യദേവന്‍, അഡ്വ. ബി.എസ്. ജോസ്, പാര്‍ട്ടി ഏര്യാ കമ്മിറ്റി അംഗങ്ങളായ എ.നഹാസ്, അഡ്വ. ബിജു. കെ.ആര്‍, ബിന്ദു ഹരിദാസ്, എ. എച്ച്. സലീം, വി. സുനില്‍, വി.സുധീര്‍, ഷിബു തങ്കന്‍, സ്മിതാ സുന്ദരേശന്‍, ശ്രീധരന്‍ കുമാര്‍, ജി. എസ്.സുനില്‍, സൂരജ്, സാബു തുടങ്ങി ഏര്യാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വര്‍ഗ്ഗ ബഹുജന സംഘടനാ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.