മെട്രോ ട്രെയിനിന് പിന്നാലെ വാട്ടര്‍ മെട്രോയിലും നിറ സാന്നിദ്ധ്യമായി കുടുംബശ്രീ

മെട്രോ ട്രെയിനിന് പിന്നാലെ വാട്ടര്‍ മെട്രോയിലും നിറ സാന്നിദ്ധ്യമായി കുടുംബശ്രീ

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രവര്‍ത്തനമാരംഭിച്ച കൊച്ചി മെട്രോ റെയില്‍ സര്‍വീസിന് പിന്നാലെ കേരളത്തിലെ ആദ്യ വാട്ടര്‍ മെട്രോയായിലും നിറ സാന്നിധ്യമായി തീര്‍ന്നിരിക്കുന്നു കുടുംബശ്രീ. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര്‍ മെട്രോയില്‍ മുപ്പത് കുടുംബശ്രീ അംഗങ്ങളാണ് ടിക്കറ്റിങ്, ഹൗസ് കീപ്പിങ് ജോലിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വളര്‍ത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊലൂഷന്‍സ് (കിബ്‌സ്) സൊസൈറ്റിയാണ് ഇവര്‍ക്ക് വാട്ടര്‍ മെട്രോയില്‍ വിവിധ സേവനങ്ങളേകാന്‍ അവസരം ലഭിച്ചത്. 18 പേര്‍ ടിക്കറ്റിങ് ജോലിക്കും 12 പേര്‍ ഹൗസ് കീപ്പിങ് ജോലിക്കും. കൊച്ചി ഈസ്റ്റ്, സൗത്ത്, മുളവുകാട്, എളംകുന്നപ്പുഴ എന്നീ സി.ഡി.എസുകളിലെ വിവിധ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളാണിവര്‍.

സ്വകാര്യ/സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സംരംഭകത്വവും വളര്‍ത്തുന്നതിനും അതുവഴി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമാണ് കിബ്സ് സൊസൈറ്റിയുടെ ലക്ഷ്യം. സംസ്ഥാനത്തെ സേവന മേഖലയിലെ പ്രധാന പങ്കാളിയാകാനുള്ള ശ്രമത്തിലാ ണ് കിബ്സ് സൊസൈറ്റി. 2022ല്‍ രൂപീകൃതമായ സൊസൈറ്റിയിലൂടെ വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായ വകുപ്പ്, കില തുടങ്ങിയ വിവിധ ഇടങ്ങളിലായി 262 പേര്‍ക്ക് ഇതിനകം തൊഴില്‍ ലഭിച്ചു കഴിഞ്ഞു.

ഏഴ് ഫിഷറീസ് സ്‌കൂൾ കെട്ടിടങ്ങൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ഏഴ് ഫിഷറീസ് സ്‌കൂൾ കെട്ടിടങ്ങൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികളിലുൾപ്പെടുത്തി പൂർത്തീകരിച്ച ഏഴ് പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും ഒരു ഹോസ്റ്റൽ ബ്ലോക്കിന്റെയും ഫിഷർമെൻ യൂട്ടിലിറ്റി സെന്ററിന്റെയും ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. തിരുവനന്തപുരം വലിയതുറ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പുതിയ ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനം നേരിട്ടും ഏഴ് സ്‌കൂൾ കെട്ടിടങ്ങൾ, ഒരു യൂട്ടിലിറ്റി സെന്റർ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായുമാണ് നിർവഹിച്ചത്.

മത്സ്യത്തൊഴിലാളി സമൂഹം വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പിന്നാക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക, വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുക, പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ വിവിധ കർമ്മ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പാക്കി വരുന്നതായി മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്.
ജി.യു.പി.എസ് കീക്കാൻ, ജി.എച്ച്.എസ്.എസ് പാക്കം, ജി.എം.യു.പി.എസ് പള്ളിക്കര (കാസർകോഡ്), ജി.എച്ച്.എസ്.എസ് ഇടവിലങ്ങ് (തൃശൂർ), ജി.യു.പി.എസ് ചിറയ്ക്കകം(എറണാകുളം), ജി.യു.പി.എസ് തകഴി (ആലപ്പുഴ) എന്നിവ കിഫ്ബി ധനസഹായത്തോടെയും ജി.എച്ച്.എസ്.എസ് മുഴുപ്പിലങ്ങാട് (കണ്ണൂർ), വലിയതുറ ജി.ആർ.എഫ്.ടി.എച്ച്.എസ് ഹോസ്റ്റൽ ബ്ലോക്ക് എന്നിവ ഫിഷറീസ് വകുപ്പിന്റെ മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്. ഫിഷർമെൻ യൂട്ടിലിറ്റി സെന്റർ പദ്ധതിയിലുൾപ്പെടുത്തി കാസർകോഡ് അജാനൂരിൽ നിർമിച്ച യൂട്ടിലിറ്റി സെന്ററിന് 94.09 ലക്ഷം രൂപയാണ് ചെലവായത്.

ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 1967ലാണ് വലിയതുറ ജി.ആർ.എഫ്.ടി.എച്ച്.എസ് ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ആകെ 120 കുട്ടികളും വൊക്കേഷണൽ വിഭാഗത്തിൽ 54 കുട്ടികളുമാണുള്ളത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കൽ പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ ഹോസ്റ്റൽ കെട്ടിടം നിർമിച്ചത്.

പഴയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നവീകരണം, പഴയ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലെ ഓഡിറ്റോറിയം, കുളിമുറികൾ, വസ്ത്രം കഴുകി ഉണക്കുന്നതിനുള്ള സംവിധാനം, വാഷിംഗ് മെഷീൻ, അടുക്കള ഉപകരണങ്ങൾ, ലബോറട്ടറിക്കാവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും, ക്ലീനിംഗിനും ഫയർ ഫൈറ്റിംഗിനും ആവശ്യമായ ഉപകരണങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തീരദേശ വികസന കോർപ്പറേഷൻ മുഖേന 4.66 കോടി രൂപ അടങ്കൽ തുകയിൽ 5 ക്ലാസ് മുറികൾ, 10 ലാബുകൾ, ലൈബ്രറി, ഓഫീസ്മുറി, സ്റ്റാഫ് റൂം, ശുചി മുറികൾ എന്നിവ ഉൾപ്പെട്ട ഒരു അക്കാഡമിക്ക് ബ്ലോക്ക് നിർമാണം പൂർത്തിയായി പ്രവർത്തന സജ്ജമാണ്.

ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായി.

ബാലകൃഷ്ണാ എന്ന വിളിയാണ് കേൾക്കുന്നത്, സഹിക്കാൻ പറ്റുന്നില്ല’; വിങ്ങുന്ന ഓർമ്മകളുമായി സായികുമാർ

ബാലകൃഷ്ണാ എന്ന വിളിയാണ് കേൾക്കുന്നത്, സഹിക്കാൻ പറ്റുന്നില്ല’; വിങ്ങുന്ന ഓർമ്മകളുമായി സായികുമാർ

തിരുവനന്തപുരം: അന്തരിച്ച നടൻ മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നുവെന്ന് നടൻ സായികുമാർ. ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും നല്ല സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്ന് കരുതിയിരുന്നു. ബന്ധത്തെ കുറിച്ച് എങ്ങിനെ വിശദീകരിക്കാനാണ് ഞാൻ. വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല. പല ഓർമ്മകളും മനസിലൂടെ പോകുന്നത്. ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്. നാടകത്തിൽ കൂടിയാണ് ഞാനും അദ്ദേഹവും വന്നത്. സഹിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അനുഭവമാണ്. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായികുമാർ പറഞ്ഞു.

പഴയക്കുന്നുമ്മേൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിക്ഷേധ ധർണ

പഴയക്കുന്നുമ്മേൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിക്ഷേധ ധർണ

എൽഡിഎഫ് സർക്കാർ വീടുകൾക്കും സ്ഥാപനങ്ങൾക്കും ക്രമാതീതമായി നികുതി വർധിപ്പിച്ചതിനും പുതിയ കെട്ടിട നിർമാണ പെർമ്മിറ്റിന് അമിത നികുതി ഭാരം വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയതിനും എതിരെ യുഡിഎഫ് ആഹ്വാന പ്രകാരം പഴയകുന്നുമ്മേൽ അടയമൺ മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ ധർണ നടത്തി.
കെപിസിസിഅംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡന്റ് അടയമൺ എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു.

ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു

ഹാസ്യ സാമ്രാട്ടിന് വിട; നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.

പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. എണ്ണം തടികളളക്കുന്നതിൽ മിടുക്കനായി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു.
ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന്‌  സംസ്ഥാന സർക്കാറിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചു.

കോഴിക്കോടൻ നാടകവേദിയിലുടെയാണ്‌ സിനിമയിൽ എത്തിയത്‌. നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത  ‘അന്യരുടെഭൂമി’ ആദ്യചിത്രം. സന്തോഷ്‌ വിശ്വനാഥ്‌  സംവിധാനം ചെയ്ത വണ്ണിലാണ്‌  അവസാനം അഭിനയിച്ചത്‌.  ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയാണ് ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം.

സന്ദേശത്തിലെ കെ ജി പൊതുവാളായുള്ള  ‘നാരിയൽ കാ പാനി’പ്രയോഗവും  നാടോടിക്കാറ്റിലെ ‘ഗഫൂർ കാ ദോസ്‌തും’ ആസ്വാദക പ്രീതിയാർജിച്ചു. തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്‌ എന്നിവയിലും ശ്രദ്ധേയ  വേഷങ്ങൾ.  ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന്‌  സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജൂറിയുടെ പ്രത്യേക പരാമർശത്തിന്‌ അർഹനായി. അബുദാബി കലാരത്നം പുരസ്കാരമടക്കം ബഹുമതികളും നേടി കോഴിക്കോട് എം എം  ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കവെ  നാടകത്തിൽ സജീവമായി മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ്‌  ജനനം. 

ഭാര്യ: സുഹ്റ.  മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതില്‍ വിശദ അന്വേഷണം; തീ പടര്‍ന്നില്ല, ഉണ്ടായത് രാസസ്‌ഫോടനം

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതില്‍ വിശദ അന്വേഷണം; തീ പടര്‍ന്നില്ല, ഉണ്ടായത് രാസസ്‌ഫോടനം

തൃശൂര്‍: തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തില്‍ ഉണ്ടായത് രാസസ്‌ഫോാടനമെന്ന നിഗമനത്തില്‍ പൊലീസ്. സ്‌ഫോടനത്തില്‍ തീ പടര്‍ന്നിട്ടില്ല. ബാറ്ററിക്കുള്ളിലെ ലിഥിയം സ്‌ക്രീനില്‍ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാവാമെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. കുട്ടി ഉപയോഗിച്ച ഫോണിന്റെ ബാറ്ററി വലിയ മര്‍ദത്തോടെ പൊട്ടിത്തെറിച്ചെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കുട്ടിയുടെ മുഖവും ഫോണ്‍ പിടിച്ചെന്നു കരുതുന്ന വലതു കൈയും സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. നാലു വര്‍ഷം മുമ്പു വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വര്‍ഷം മുമ്പു മാറ്റിയിരുന്നു.

ഇത് നിലവാരമില്ലാത്തതായിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചാര്‍ജ് ചെയ്യുമ്പോഴല്ല സ്‌ഫോടനമെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് വിശദമായി അന്വേഷണം തുടങ്ങി. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. ഇന്നലെ രാത്രി വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തലയിലെ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.