കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ

കാസർകോട്: ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ലീക്ക് കണ്ടെത്തി. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിരുന്നത്. ഐസിഎഫിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരും എന്നും റെയിൽവെ അധികൃതർ പറഞ്ഞു. കാസർകോട് ട്രെയിൻ ഹാൾട് ചെയ്യാൻ ട്രാക് ഇല്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിന് അഭിമാനം; വന്ദേ ഭാരത് എക്‌സ്പ്രസ്, കൊച്ചി വാട്ടർ മെട്രോ സർവീസുകൾ ഇന്നു മുതൽ

കേരളത്തിന് അഭിമാനം; വന്ദേ ഭാരത് എക്‌സ്പ്രസ്, കൊച്ചി വാട്ടർ മെട്രോ സർവീസുകൾ ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വന്ദേ ഭാരത് എക്‌സ്പ്രസും കൊച്ചി വാട്ടർ മെട്രോയും സർവീസ് ആരംഭിക്കും. കാസർകോട് നിന്നും ഉച്ചയ്‌ക്ക് 2.30 ന് വന്ദേ ഭാരത് എക്‌സ്പ്രസ് പുറപ്പെടും. കൊച്ചി വാട്ടർ മെട്രോ ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ആരംഭിക്കുക.

ഉച്ചയ്ക്ക് 2.30ന് കാസർകോടു നിന്നു പുറപ്പെടുന്ന എക്‌സ്പ്രസ് രാത്രി 10.35 ഓടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന് ഒൻപതു സ്റ്റോപ്പുകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് 3.30 ന് കണ്ണൂരിലും 4.30 ന് കോഴിക്കോടും 05.30 ന് ഷൊർണൂർ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും 08.02 കോട്ടയത്തും 09.20 കൊല്ലം ജംഗ്ഷനിലും 10.35 ന് തിരുവനന്തപുരത്തും ട്രെയിൻ എത്തിച്ചേരും.

28 മുതൽ തിരുവനന്തപുരം- കാസർകോട് സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടു പദ്ധതികളും നാടിന് സമർപ്പിച്ചത്.
രാവിലെ ഏഴ് മണി മുതലാണ് ഹൈക്കോടതി– വൈപ്പിൻ റൂട്ടിൽ വാട്ട‍ർ മെട്രോ സ‍ർവീസ് ആരംഭിക്കുക. രാത്രി എട്ടു വരെ സർവീസ് ഉണ്ടാകും. നാളെ മുതൽ മുതൽ വൈറ്റില– കാക്കനാട് റൂട്ടിലും വാട്ട‍ർ മെട്രോ ഓടിത്തുടങ്ങും.

ഈ റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ ഒൻപതു ബോട്ടുകളാണ് സ‍ർവീസിന് തയ്യാറായിരിക്കുന്നത്. 15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വാട്ടർ മെട്രോയുടെ വരവോടെ കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആശാൻ സ്മാരക കവിതാ പുരസ്കാരം എസ് കലേഷിന്

ആശാൻ സ്മാരക കവിതാ പുരസ്കാരം എസ് കലേഷിന്

തിരുവനന്തപുരം: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവ കവികൾക്കായി ഏർപ്പെടുത്തിയ കെ സുധാകരൻ സ്മാരക ആശാൻ യുവ കവി പുരസ്‌കാരത്തിന് കവി എസ് കലേഷ് അർഹനായി. ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിനാണ് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ബി ഭുവനേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് 51 കവിതാ സമാഹാരങ്ങളിൽ നിന്ന് കൃതി തിരഞ്ഞെടുത്തത്.

യുവതയുടെ പുതിയ കരുത്തും സന്ദേശവുമാണ് കലേഷിന്റെ കവിതകൾ. അത് സത്യസന്ധതയുടെ ആർഭാടരഹിതമായ കവിതയാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി.
മെയ് നാലിന് വൈകീട്ട് അഞ്ചിന് കായിക്കര ആശാൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ ഭക്ഷ്യ മന്ത്രി ജിആർ അനിൽ പുരസ്‌കാരം സമ്മാനിക്കും. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ കലേഷ് സമകാലിക മലയാളം വാരിക പത്രാധിപസമിതിയംഗമാണ്. എസ് കലേഷിന്റെ മൂന്നാമത്തെ കവിതാ സമാഹാരമാണ് ആട്ടക്കാരി. കേരള സാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരം, വിടി കുമാരൻ മാസ്റ്റർ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾക്കർഹനായിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ സന്ദർശനത്തിന്റെ ഭാ​ഗമായുള്ള സുരക്ഷാ പ​ദ്ധതി ചോർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. ഔദ്യോ​ഗിക രഹസ്യ നിയമ പ്രകാരമാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി ഇന്റലിജൻസ് എഡിജിപി തയ്യാറാക്കിയ പദ്ധതിയാണ് ചോർന്നത്.

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത മണിക്കൂറുകളിൽ മഴ വ്യാപിക്കും. എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ എറണാകുളം പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒറ്റപ്പെട്ട മഴ പ്രവചിക്കുമ്പോഴും താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. പാലക്കാട്, കൊല്ലം, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി വരെ ഈ ജില്ലകളിൽ ചൂട് ഉയരും.

പാലക്കാടും കൊല്ലത്തും 39 ഡി​ഗ്രി സെൽഷ്യസായിരിക്കും താപനില. ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 ഡി​ഗ്രി സെൽഷ്യസാണ്. 35 മുതൽ 40 ഡി​ഗ്രി സെൽഷ്യസ് വരെ തുടർച്ചയായി രേഖപ്പെടുത്തുന്ന ജില്ലകളിലാണ് ഒന്നാം ഘട്ട മുന്നറിയിപ്പായ യെല്ലോ അലർട്ട്.

കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം

മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ​ഗുരുതരമാക്കിയത്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

24ന് രാത്രി ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂങ്ങോട് ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്ടമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വിദ​ഗ്ദ ചികിത്സയ്ക്കായി മാറ്റി.