by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതിന് സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തില്‍ റെഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കും. ഓരോ സ്‌കൂളിലും ഒരുക്കുന്ന സൗകര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഫീസ് നിശ്ചയിക്കുക.
സ്‌കൂള്‍ തല കമ്മിറ്റി അംഗീകരിക്കുന്ന ഫീസില്‍ കൂടുതല്‍ മാനേജ്‌മെന്റുകള്‍ വാങ്ങരുത് എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കു നല്‍കിയിരിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഓരോ സ്‌കൂളിലെയും സൗകര്യങ്ങള്‍ക്കും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കും അനുസരിച്ചാണു ഫീസ് നിശ്ചയിക്കേണ്ടത്. സ്‌കൂള്‍ തല റഗുലേറ്ററി കമ്മിറ്റിയില്‍ 3 പിടിഎ പ്രതിനിധികള്‍ വേണം. പിടിഎ രൂപീകരിച്ച് 45 ദിവസത്തിനകം ഇതും രൂപീകരിക്കണം. സ്‌കൂള്‍ തല പരാതികളില്‍ തീരുമാനമെടുക്കാനാണു ജില്ലാതല സമിതി. ജില്ലാ സമിതിയുടെ ഉത്തരവ് ലംഘിച്ചാല്‍ സംസ്ഥാനതല സമിതിക്ക് ഇടപെടാം. എന്നിട്ടും ഫലമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി വരെയും കോഴിക്കോട്, ആലപ്പുഴ 37 ഡിഗ്രി വരെയും ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ പ്രവചനം. ഇന്നലെ പാലക്കാട്ട് 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തെ സംസ്ഥാനത്തെ ഏറ്റവുമുയർന്ന താപനിലയാണ് ഇത്. ആറ് ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് ഇത്. ചൊവ്വാഴ്‌ച പുനലൂർ 38.5, കോട്ടയം 38, വെള്ളാനിക്കര 37.7, കോഴിക്കോട് 37.1, ആലപ്പുഴ 37.2 ഡിഗ്രി രേഖപ്പെടുത്തി. അതേസമയം തിരുവനന്തപുരം ജില്ലയിലെ മലയോരമേഖലകളിൽ ഇന്നലെ മഴ ലഭിച്ചിരുന്നു. ഇന്ന് തെക്കൻ ജില്ലകളിൽ ഇടിമിന്നലോടെ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്.
മാർച്ച് ഒന്നു മുതൽ സംസ്ഥാനത്ത് വേനൽ മഴയിൽ 44 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 92.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 51.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലാകട്ടെ ഇക്കാലയളവിൽ മഴയേ ലഭിച്ചില്ല. സാധാരണ 39.8 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്താണ് ഇത്. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചത്.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ രണ്ടാം ട്രയൽ റൺ ആരംഭിച്ചു. പുലർച്ചെ 5.20ന് തമ്പാനൂരിൽ നിന്നും യാത്ര തിരിച്ചു. 6.11 ട്രെയിൻ കൊല്ലത്തെത്തി. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് പരീക്ഷണ ഓട്ടം. വന്ദേഭാരതിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാസർകോട് വരെ ട്രയൽ റൺ നടത്താനുള്ള തീരുമാനം. നേരത്തേ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരുന്നു സർവീസ് നിശ്ചയിച്ചത്.
ഒന്നര വർഷത്തിനുള്ളിൽ വന്ദേഭാരത് 110 കിലോമീറ്റർ വേഗം കൈവരിക്കും. അഞ്ച് വർഷത്തിനുള്ളിൽ 130 കിലോമീറ്ററാകും വേഗം. ഇതിനായി പാത വികസനം ത്വരിതപ്പെടുത്തും. ഭാവിയിൽ വന്ദേഭാരത് 160 കിലോമീറ്റർ വേഗം കൈവരിക്കും. വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പർ കോച്ചുകൾ ഡിസംബറോടെ തയാറാകുമെന്നും മന്ത്രി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യ ട്രയൽ റണ്ണിന്റെ ഭാഗമായി തിങ്കളാഴ്ച ട്രെയിൻ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഓടിച്ചിരുന്നു. പരീക്ഷണ ഓട്ടത്തിൽ 7 മണിക്കൂർ 10 മിനിറ്റിൽ ട്രെയിൻ തിരുവനന്തപുരത്തു നിന്നു കണ്ണൂരിലെത്തി. പുലർച്ചെ 5.10നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്കു 12.20നാണ് കണ്ണൂരിലെത്തിയത്. തിരികെ 2.10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് രാത്രി 9.20 നു തിരുവനന്തപുരത്തെത്തി.
by Midhun HP News | Apr 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നഗരൂകിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ജീവിതശൈലി രോഗനിർണയത്തിനായി ജനകീയ ലാബ് പ്രവർത്തനമരംഭിച്ചു. പ്രമേഹവും രക്തസമ്മർദ്ദവും കാരണം ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഏറെ ആശ്വാസമാണ് നൽകുന്നത്. പത്തു രൂപ മാത്രം നൽകിയാൽ വീട്ടിൽ എത്തി പ്രമേഹവും, രക്തസമ്മർദ്ദവും പരിശോധിച്ചു നൽകും. മൂന്നാഴ്ചയ്ക്കിടെ 129 ആളുകളെയാണ് ജനകീയ ലാബിന്റെ ഭാഗമായ പരിശോധിച്ചത്.
വിവിധ പഞ്ചായത്തുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 45 ആശാവർക്കർമാരാണ് ജനകീയ ലാബിൽ പ്രവർത്തിക്കുന്നത്. ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് കരുതലിന്റെയും ചേർത്തുനിർത്തലിന്റെയും സമാശ്വാസമാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ആരോഗ്യ ഭവനം-ജനകീയ ലാബ് പദ്ധതി. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പദ്ധതിക്ക് സാധാരണക്കാരിൽ നിന്നും ലഭിക്കുന്നത്.
മൂന്നുമാസത്തെ ഇടവേളയിൽ കൃത്യമായി ലാബിലെ അംഗങ്ങൾ അവർക്ക് നൽകിയിട്ടുള്ള വാർഡുകളിൽ എത്തി, മുപ്പത് വയസ്സിനു മുകളിൽ ഉള്ള ആളുകളെ പരിശോധിക്കുകയും ജീവിതശൈലി രോഗനിർണയം നടത്തുകയും ചെയ്യുന്നു.
സ്വകാര്യ ലാബുകളിൽ താരതമ്യേന ഉയർന്ന തുക ഈടാക്കി നടത്തുന്ന പരിശോധനയാണ് വെറും പത്ത് രൂപയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് വീട്ടുപടിക്കൽ ലഭ്യമാക്കുന്നത്. അമിതവണ്ണവും അതുമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകളും മുൻകൂട്ടി മനസിലാക്കുന്നതിനുള്ള ബി.എം.ഐ നിർണയവും ആരോഗ്യഭവനം പദ്ധതിയിലുണ്ട്. പ്രായമായ ആളുകളാണ് ജനകീയ ലാബിനെ ഏറ്റെടുത്തിരിക്കുന്നത്. വീടുകളിൽ എത്തി പരിശോധന ഉറപ്പാക്കുമെന്നതിനാൽ സ്വകാര്യ ലാബുകളിലേക്കുള്ള യാത്ര ഒഴിവാക്കാമെന്നതാണ് മുതിർന്നവരെ ആകർഷിക്കുന്നതിന് പിന്നിലെ കാരണം. പരിശോധിക്കാൻ എത്തുന്ന ആശാപ്രവർത്തകരോട് ഇനി അവരെത്തുന്ന ദിവസം പോലും ചോദിച്ചു ഉറപ്പാക്കുന്നവരുമുണ്ട് കൂട്ടത്തിൽ. ഗുരുതരമായ ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നവരെ തുടർ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്യും.
നിലവിൽ ഒരു പഞ്ചായത്തിൽ അഞ്ച് ആശാവർക്കർമാർ മാത്രമാണ് ജനകീയ ലാബിൽ പ്രവർത്തിക്കുന്നത്. പരിശീലനം ലഭിച്ച കൂടുതൽ പേരെ പദ്ധതിയിലുൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കിളിമാനൂർ ബ്ലോക്കിന് കീഴിലെ 136 വാർഡുകളിലും ജനകീയ ലാബിന്റെ സേവനം ലഭ്യമാണ്.
by Midhun HP News | Apr 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രില്‍ 19ന് വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് സുപ്രധാന പദ്ധകളുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബും, സ്‌ട്രോക്ക് ഐസിയുവും സിടി ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള സമഗ്ര സ്‌ട്രോക്ക് യൂണിറ്റാണ് യാഥാര്‍ത്ഥ്യമായത്. മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു, എംഎല്‍ടി ബ്ലോക്കിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനവും ഉണ്ടാകും. മെഡിക്കല്‍ കോളേജില്‍ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കല്‍ കോളേജുകള്‍ക്കും മാതൃകയാകുകയാണ്. മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആരംഭമാണ് എംഎല്‍ടി ബ്ലോക്ക്. ഈ പുതിയ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മെഡിക്കല്‍ കോളേജില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
1. സമഗ്ര സ്‌ട്രോക്ക് യൂണിറ്റ്: 14.03 കോടി രൂപ
ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് പക്ഷാഘാത ചികിത്സയ്ക്ക് അത്യാധുനിക സംവിധാനത്തോടുളള സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് പ്രവര്‍ത്ത സജ്ജമായിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ സി.ടി. ആന്‍ജിയോഗ്രാം കാത്ത് ലാബ് ഉള്‍പ്പടെയുളള സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് പ്രഥമ സംരഭമാണ്.
സ്‌ട്രോക്ക് ഐസിയു
പക്ഷാഘാത ചികിത്സക്കായി ആധുനിക സംവിധാനത്തോടെയുള്ള 14 കിടക്കകളുള്ള സ്‌ട്രോക് ഐ.സി.യു 0.97 കോടി രൂപ ചെലവില്‍ സജ്ജമാക്കി. കൂടാതെ സ്റ്റെപ്പ്ഡൗണ്‍ & ഹൈ കെയര്‍ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
സി.ടി. ആന്‍ജിയോഗ്രാം
മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ചും മസ്തിഷ്‌ക സിരാ ധമനികളുടെ ഘടനയും വിശകലനം ചെയ്തു പഠിക്കുന്നതിനും അതിലൂടെ രോഗികള്‍ക്ക് കൃത്യതയാര്‍ന്ന രോഗനിര്‍ണയം സാധ്യമാക്കുന്നതിനായി 4.4 കോടി രൂപ ചെലവില്‍ സി.ടി ആന്‍ജിയോഗ്രാം മെഷീന്‍ പ്രവര്‍ത്തനസജ്ജമാക്കി.
ന്യൂറോ കാത്ത്‌ലാബ്
മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസങ്ങള്‍ ഉള്‍പ്പെടെ രോഗനിര്‍ണയം നടത്തി ചികിത്സ നല്‍കുവാനുതകുന്ന ലോകോത്തര സംവിധാനമായ ന്യൂറോ കാത്‌ലാബ് 5.15 കോടി രൂപ ചെലവിലാണ് സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്.
2. ലിനാക്ക്: 18 കോടി രൂപ
കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക സംവിധാനമാണ് ലിനാക്. കൃത്യമായ ഡോസില്‍ വളരെ സൂക്ഷ്മമായി രോഗിക്ക് റേഡിയേഷന്‍ നല്‍കുന്ന ഈ സംവിധാനം 18 കോടി രൂപ ചെലവില്‍ ഒ.പി കെട്ടിടത്തിന് സമീപത്തായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ റേഡിയോ തെറാപ്പി വിഭാഗത്തിന് കീഴില്‍ സജ്ജമാക്കിയിട്ടുണ്ട്. വളരെ കൃത്യതയോടെ അര്‍ബുദബാധിത കോശങ്ങള്‍ക്ക് മാത്രം റേഡിയേഷന്‍ നല്‍കുവാന്‍ ഇതിലൂടെ സാധ്യമാകും.
3. ബേണ്‍സ് ഐ.സി.യു. & സ്‌കിന്‍ ബാങ്ക്: 3.465 കോടി രൂപ
പൊള്ളലേറ്റവര്‍ക്ക് അത്യാധുനിക ചികിത്സയ്ക്കായാണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന് കീഴില്‍ 9 കിടക്കകളുള്ള ബേണ്‍സ് ഐസിയു സജ്ജമാക്കിയിരിക്കുന്നത്.
4. ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്: 1.10 കോടി രൂപ
പള്‍മണറി മെഡിസിന്‍ വിഭാഗത്തിന് കീഴിലാണ് എന്റോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (ഇ.ബി.യു.എസ്) സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. പ്രധാന ശ്വാസനാളത്തില്‍ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്ന സങ്കീര്‍ണമായ മുഴകള്‍ കണ്ട് പിടിക്കുവാനും ചികിത്സാര്‍ത്ഥം ബയോപ്‌സി എടുക്കുവാനും ഈ ഉപകരണം വളരെ സഹായകരമാണ്.
5. എം.എല്‍.റ്റി.ബ്ലോക്ക് നിര്‍മ്മാണോദ്ഘാടനം: 16 കോടി രൂപ
മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പാരാമെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 6 നിലകളുള്ള 43,800 ചതുരശ്രയടി വിസ്തീര്‍ണമുളള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ലാബുകള്‍, ലക്ച്ചര്‍ ഹാളുകള്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ & കമ്പ്യൂട്ടര്‍ ലാബ്, റിസര്‍ച്ച് സൗകര്യങ്ങള്‍ക്ക് മാത്രമായി പ്രത്യേകം നില എന്നീ സൗകര്യങ്ങളുണ്ടാകും.
by Midhun HP News | Apr 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത്. 25ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. തമ്പാനൂരില്‍ നിന്നാകും ട്രെയിന്‍ യാത്ര ആരംഭിക്കുക. രാവിലെ 5.10ന് ട്രെയിന്‍ പുറപ്പെടും.
ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തുന്ന രീതിയിലാണ സമയം ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരിച്ച് 9.20ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കണോമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയാണ്. എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണം സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയുമായിരിക്കും.
Recent Comments