ഇത്തവണത്തെ ശവ്വാൽ ചന്ദ്രികയ്ക്ക് ഒരു പ്രത്യേകത ഉണ്ട്; ആകാശത്ത് തെളിയുക അപൂർവ പ്രതിഭാസം

ഇത്തവണത്തെ ശവ്വാൽ ചന്ദ്രികയ്ക്ക് ഒരു പ്രത്യേകത ഉണ്ട്; ആകാശത്ത് തെളിയുക അപൂർവ പ്രതിഭാസം

ഹിജ്‌റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോക ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. റമദാൻ മാസത്തെ അവസാന ദിനം മാനത്ത് ശവ്വാൽ നിലാവ് ഉദിക്കും. നിലാവ് കാണുന്നതോടെയാണ് പെരുന്നാൾ പ്രഖ്യാപിക്കുന്നത്. ഇക്കുറി ശവ്വാൽ ചന്ദ്രികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അപൂർവമായ ഹൈബ്രിഡ് പൂർണ സൂര്യ ഗ്രഹണത്തോടെയാകും ഈ വർഷം മാസപ്പിറവി ദൃശ്യമാവുക. പതിറ്റാണ്ടുകൾക്കിടെ ഒരു തവണ മാത്രം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണ് ഹൈബ്രിഡ് ടോട്ടൽ സോളാർ എക്ലിപ്‌സ്.

ഇതിന് മുൻപ് 2013 നവംബർ 3നാണ് ഹൈബ്രിഡ് ടോട്ടൽ സോളാർ എക്ലിപ്‌സ് സംഭവിച്ചത്. ഈ ഗ്രഹണ സമയം ചന്ദ്രൻ പൂർണമായും സൂര്യനെ മറയ്ക്കില്ല. അതുകൊണ്ട് തന്നെ ചന്ദ്രന് ചുറ്റും ഒരു നേർത്ത സൂര്യരശ്മിയുടെ വളയം കാണാൻ സാധിക്കും. പൂർണ സൂര്യ ഗ്രഹണത്തിനും ആന്വൽ സോളാർ എക്ലിപ്‌സിനും മധ്യേ ഉള്ള പ്രതിഭാസമായതിനാലാണ് ഹൈബ്രിഡ് ടോട്ടൽ സോളാർ എക്ലിപ്‌സ് എന്ന പേര് വന്നത്.

പാല്‍ വില കൂട്ടിയതിനെപ്പറ്റി അറിയില്ല; മില്‍മയോട് വിശദീകരണം തേടും: മന്ത്രി

പാല്‍ വില കൂട്ടിയതിനെപ്പറ്റി അറിയില്ല; മില്‍മയോട് വിശദീകരണം തേടും: മന്ത്രി

തിരുവനന്തപുരം: മില്‍മ പാല്‍ വില കൂട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിച്ചിട്ടില്ല. വില വര്‍ധനവു സംബന്ധിച്ച് മില്‍മയോട് വിശദീകരണം തേടുമെന്ന് മന്ത്രി അറിയിച്ചു. മില്‍മ വില വര്‍ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും വിവരം സർക്കാരിനെ അറിയിക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്താണ് പ്രശ്‌നമെന്ന് തിരക്കും. വില വര്‍ധിപ്പിക്കുന്നതിന് മില്‍മ ഉദ്ദേശിച്ച കാര്യമെന്താണെന്ന് അവരാണല്ലോ പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.

റീ പൊസിഷനിംഗ് മില്‍മ 2023’യുടെ ഭാഗമായി മൂന്നു മേഖലയിലെയും മില്‍മ ഉല്‍പന്നങ്ങളുടെ വില ഏകീകരിക്കുന്നുണ്ട്. പാലിന്റെയും ഉത്പന്നങ്ങളുടെയും നിരക്കും, അളവും പായ്ക്കറ്റിന്റെ നിറവുമെല്ലാം ഒരേ തരത്തിലാക്കുവാനും കൂടുതല്‍ ആകര്‍ഷകമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതില്‍ വില വര്‍ധനവ് വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് നാളെ മുതല്‍ വില വര്‍ധിപ്പിക്കുന്നത്. മില്‍മ റിച്ച് 29 രൂപയായിരുന്നത് 30 രൂപയായി വര്‍ധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയായും വില കൂടും. നീല കവറിലുള്ള പാലിന് വില കൂടില്ല. ഡിസംബറില്‍ പാല്‍ ലിറ്ററിന് ആറുരൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു.

ശബരിമല വിമാനത്താവളത്തിനു സൈറ്റ് ക്ലിയറന്‍സ്; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

ശബരിമല വിമാനത്താവളത്തിനു സൈറ്റ് ക്ലിയറന്‍സ്; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പ് സൈറ്റ് ക്ലിയറന്‍സ് നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വിനോദസഞ്ചാരത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് ആത്മീയ ടൂറിസത്തെ സംബന്ധിച്ച് വലിയ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.

വിമാനത്താവളത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭൂമി നിര്‍മാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് വ്യോമയാന മന്ത്രാലയം നല്‍കിയത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റും (ഡിജിസിഎ) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ഉന്നയിച്ച സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കിയതോടെയാണു ക്ലിയറന്‍സ് ലഭിച്ചത്.

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ദുബായ്: കൊല്ലം സ്വദേശിയായ യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കരിക്കോട് സ്വദേശി ആസിഫ് മഹ്‍മൂദ് (42) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ദ സെന്‍ട്രല്‍ സ്‍കൂള്‍ ദുബായ് (ടി.സി.എസ്) അഡ്‍മിന്‍ മാനേജറായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രഭാത നമസ്‍കാരത്തിന് പള്ളിയില്‍ പോയി മടങ്ങിവന്ന ശേഷം ആസിഫ് മഹ്‍മൂദ് താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ദുബായ് സിലിക്കണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുബായിലെ വിവിധ പ്രവാസി കൂട്ടായ്‍മകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ആസിഫ് മഹ്‍മൂദ്. കൊല്ലം ടി.കെ.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകരായിരുന്ന പ്രൊഫ മഹ്‍മൂദ് – ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ – ഖന്‍സ ഖാന്‍. ഭാര്യയും രണ്ട് മക്കളും ദുബായിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദുബായ് അല്‍ ഖൂസില്‍ ഖബറടക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അയ്യനെ കാണാൻ ജയറാമിനൊപ്പം ശബരിമലയിലെത്തി പാർവതി

അയ്യനെ കാണാൻ ജയറാമിനൊപ്പം ശബരിമലയിലെത്തി പാർവതി

ശബരിമല ചവിട്ടി നടി പാർവതി. ഭർത്താവും നടനുമായ ജയറാമിനൊപ്പമാണ് പാർവതി അയ്യനെ കാണാൻ സന്നിധാനത്ത് എത്തിയത്. കറുപ്പുടുത്ത് മാലയിട്ട് ഭക്തിനിർഭരമായി പാർവതി പ്രാർത്ഥിക്കുന്ന ചിത്രം ജയറാം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജയറാം പാർവതിക്കൊപ്പം ശബരിമലയിൽ എത്തുന്നത്. ‘സ്വാമി ശരണം’ എന്ന ക്യാപ്ഷനോടെയാണ് ജയറാം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് പാർവതിയും ജയറാമും ചെന്നൈയിൽ നിന്ന് കെട്ടുനിറച്ച് ശബരിമലയിൽ എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റശേഷമായിരുന്നു മലകയറ്റം. ഇന്നലെ വൈകീട്ടോടെ അയ്യപ്പനെ തൊഴുത് മലയിറങ്ങി. ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല-മകരവിളക്ക് കാലത്ത് ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും താരം സന്നിധാനത്ത് എത്തിയിരുന്നു.

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്കു സാധ്യതയെന്ന് ക്ാലാവസ്ഥാ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 °C വരെയും കൊല്ലം, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ 38 °C കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളില്‍ 37 °C വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.