ഫേസ്ബുക്ക് വഴി 25 ലക്ഷം രൂപയുടെ ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

ഫേസ്ബുക്ക് വഴി 25 ലക്ഷം രൂപയുടെ ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

ഫേസ്ബുക്ക് വഴി ബിസിനസ് ലോണായി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂര്‍ സ്വദേശിയില്‍ നിന്നും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ കൈക്കലാക്കിയ കേസില്‍ പ്രതി പിടിയില്‍. തൃശൂര്‍ അരനാട്ടുകര പാരികുന്നത്തു വീട്ടില്‍ ഷബീര്‍ അലിയെയാണ് ആലപ്പുഴ കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു കേസിനു ആസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ ബിസിനസ് ലോണ്‍ പരസ്യം കണ്ടു ഫോണില്‍ ബന്ധപ്പെട്ട നീലംപേരൂര്‍ സ്വദേശികളാണ് തട്ടിപ്പിന് ഇരകളായത്. എറണാകുളത്തുള്ള ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തുകയും ആദ്യ പലിശ ആയി 135000 രൂപ അടച്ചാല്‍ മാത്രമേ ലോണ്‍ കിട്ടുകയുള്ളു എന്നുമാണു ഇവരോട് പറഞ്ഞത്.

തുടര്‍ന്ന് പരാതിക്കാരന്‍ നീലംപേരൂര്‍ എസ്ബിഐ ശാഖ വഴി പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് തുക അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് പ്രതിയെ ഫോണില്‍ ബന്ധപെടുവാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായി എന്ന് മനസിലായത്. സംഭവത്തില്‍ കൈനടി പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തട്ടിപ്പ് നടത്തിയ ശേഷം കേരളത്തില്‍ വിവിധ ഇടങ്ങളിലും ബാംഗ്ലൂരിലും ആയി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ഫ്ലാറ്റുകളിൽ വാടകയ്ക്ക് താമസിച്ചു ഒളിവില്‍ കഴിയുന്നതിനു ഇടയില്‍ പ്രതി രഹസ്യമായി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തില്‍ ആണ് തൃശ്ശൂരിലെ ഒരു ഫ്ലാറ്റിൽ നിന്നും പ്രതിയെ കൈനടി പോലീസ് അറസ്റ്റ് ചെയ്തത്.

കൈനടി പോലീസ് സ്റ്റേഷനില്‍ കൂടാതെ പ്രതിയ്ക്ക് കൊടകര, ഗുരുവായൂര്‍, വടക്കാഞ്ചേരി, മേലക്കര തുടങ്ങിയ സ്റ്റേഷനുകളിലും വഞ്ചന കേസുകള്‍ ഉണ്ട്. കൊടകര പോലീസ് സ്റ്റേഷനില്‍ പ്രതിയ്ക്കെതിരെ 18 വാറണ്ടുകള്‍ നിലവില്‍ ഉണ്ട്.

ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ് കൈനടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജീവ്. ആര്‍ -ന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ടി. എസ്. രാഘവന്‍കുട്ടി, ഷിബു. എസ് ,സിവില്‍ പോലീസ് ഓഫീസര്‍മാരായ സനോജ്, സാംജിത്ത്, രാഹുല്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.

അരിക്കൊമ്പനെ കാടുമാറ്റിയേ തീരൂ; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

അരിക്കൊമ്പനെ കാടുമാറ്റിയേ തീരൂ; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: അരിക്കൊമ്പന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അരിക്കൊമ്പന്റെ കാടുമാറ്റവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. വിദഗ്ധ സമിതിയാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് വിദഗ്ധസമിതിയെ സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയ ചീഫ് ജസ്റ്റിസ്, വനംവകുപ്പിന്റെ ഉന്നതരും സമിതിയില്‍ ഉള്ളകാര്യം ചൂണ്ടിക്കാണിച്ചു.

വിദഗ്ധ സമിതിയുടെ നിര്‍ദേശം യുക്തിസഹമാണ്. സമിതി നിര്‍ദേശത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആനയെ മറ്റൊരിടത്തേക്ക് മാറ്റണമെങ്കില്‍ പിടികൂടേണ്ടേയെന്ന് കോടതി ചോദിച്ചു.

ആക്രമണകാരിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രാദേശികമായി പ്രതിഷേധമുണ്ടെന്നും, അതിനാല്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ കോടനാട് പാര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീംകോടതി തള്ളി. വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം അരിക്കൊമ്പനെ ഇടുക്കിയില്‍ നിന്നും പറമ്പിക്കുളത്തേക്ക് മാറ്റാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

60 ആപ്പുകളെ മാല്‍വെയര്‍ ബാധിച്ചു; 10 കോടി ഉപയോക്താക്കള്‍ സുരക്ഷാഭീഷണിയില്‍

60 ആപ്പുകളെ മാല്‍വെയര്‍ ബാധിച്ചു; 10 കോടി ഉപയോക്താക്കള്‍ സുരക്ഷാഭീഷണിയില്‍

ന്യൂയോര്‍ക്ക്: കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമായ മാല്‍വെയര്‍ 60 ആപ്പുകളെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഗോള്‍ഡോസണ്‍ എന്ന പേരിലുള്ള ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ആണ് ആപ്പുകളെ ആക്രമിച്ചത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 10 കോടി ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം സുരക്ഷാഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള ആന്‍ഡ്രോയിഡ് മാല്‍വെയര്‍ മക്കാഫി ഗവേഷണ വിഭാഗമാണ് കണ്ടെത്തിയത്. 60 ആപ്പുകളിലെ തേര്‍ഡ് പാര്‍ട്ടി ലൈബ്രറികളിലൂടെയാണ് മാല്‍വെയര്‍ കടന്നുകയറിയത്. ആപ്പിലെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ മാല്‍വെയര്‍. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍, വൈഫൈ, ജിപിഎസ് ലൊക്കേഷന്‍ തുടങ്ങിയവയിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇതിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.ഉപയോക്താവിന്റെ അനുമതിയില്ലാതെ തന്നെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പ് നടത്താനും ഇവയ്ക്ക് ശേഷിയുണ്ട്.

ഗോള്‍ഡോസണ്‍ ബാധിച്ച ആപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ കോണ്‍ഫിഗറേഷന്‍ നേടിയാണ് ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നിയമവിരുദ്ധമായി ഡേറ്റ കവരുന്ന രീതിയാണ് ഈ പ്രോഗ്രാം വഴി നടക്കുന്നത്. മാല്‍വെയര്‍ ബാധിച്ച ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് എത്രമാത്രം ഡേറ്റ ചോര്‍ന്നെന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്ന് വരെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളതാണ് ഈ മാല്‍വെയര്‍. പത്തുശതമാനം വരെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇതിന് കഴിയും. ആന്‍ഡ്രോയിഡ് 11 വേര്‍ഷന് ഒരുപരിധിവരെ ഇതിനെ നേരിടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

‘റോയല്‍ സഞ്ജു 3,000’- ഐപിഎല്ലില്‍ മലയാളി താരത്തിന് മറ്റൊരു നേട്ടം

‘റോയല്‍ സഞ്ജു 3,000’- ഐപിഎല്ലില്‍ മലയാളി താരത്തിന് മറ്റൊരു നേട്ടം

അഹമ്മദാബാദ്: ടീമിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് ഐപിഎല്ലില്‍ മറ്റൊരു നേട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയാണ് സഞ്ജു സംഘവും നാലാം വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടീം പതറിയ ഘട്ടത്തില്‍ ക്രീസിലെത്തിയ സഞ്ജു 32 പന്തില്‍ 60 റണ്‍സെടുത്താണ് രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വയ്പ്പിച്ചത്.
ഇതോടെ രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ 3,000 റണ്‍സ് നേടുന്ന ആദ്യ താരമായി സഞ്ജു മാറി. 115 മത്സരങ്ങളില്‍ നിന്നാണ് സഞ്ജു നേട്ടം തൊട്ടത്. 29.76 ആവറേജില്‍ 3,006 റണ്‍സാണ് ടീമിന് വേണ്ടി ഇതുവരെയായി താരം നേടിയത്. 139.10 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ട് സെഞ്ച്വറികളും 16 അര്‍ധ ശതകങ്ങളും താരം രാജസ്ഥാന് വേണ്ടി നേടി.

തുടര്‍ച്ചയായി രണ്ട് പൂജ്യങ്ങള്‍ക്ക് ശേഷമായിരുന്നു ഗുജറാത്തിനെതിരെ സഞ്ജുവിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ്. അഫ്ഗാന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരെ ഹാട്രിക്ക് സിക്‌സടക്കം പറത്തി സഞ്ജു നരേന്ദ്ര മോദി സ്റ്റേഡിയത്തെ തീ പിടിപ്പിച്ചു. പിന്നാലെയാണ് ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടവും.

2021ലെ സീസണായിരുന്നു രാജസ്ഥാന് വേണ്ടി സഞ്ജു കത്തിക്കയറിയത്. ആ സീസണില്‍ താരം 14 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സാണ് വാരിയത്. 40.33 ആയിരുന്നു ആവറേജ്. 136.72 ആണ് സ്‌ട്രൈക്ക് റേറ്റ്. പട്ടികയില്‍ അജിന്‍ക്യ രഹാനെയാണ് രണ്ടാമത്. താരം 100 മത്സരങ്ങള്‍ കളിച്ച് 2,810 റണ്‍സാണ് രാജസ്ഥാന് വേണ്ടി നേടിയിട്ടുള്ളത്. ജോസ് ബട്‌ലര്‍ 63 മത്സരങ്ങളില്‍ നിന്ന് 2,508 റണ്‍സും ഷെയ്ന്‍ വാട്‌സന്‍ 78 മത്സരങ്ങളില്‍ നിന്ന് 2,372 റണ്‍സും രാഗുല്‍ ദ്രാവിഡ് 46 മത്സരങ്ങളില്‍ നിന്ന് 1,276 റണ്‍സും നേടി.

മൊത്തം ഐപിഎല്‍ കരിയറില്‍ 3,683 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 29.23 ശരാശരി. 136.76 സ്‌ട്രൈക്ക് റേറ്റ്. ആകെ മൂന്ന് സെഞ്ച്വറികളും 19 അര്‍ധ സെഞ്ച്വറികളും താരം നേടി. 119 റണ്‍സാണ് മികച്ച സ്‌കോര്‍.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ പട്ടികയില്‍ 17ാം സ്ഥാനത്താണ് സഞ്ജു. 227 മത്സരങ്ങള്‍ കളിച്ച് 6,838 റണ്‍സ് നേടി കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാമത്. ശിഖര്‍ ധവാന്‍ 210 മത്സരങ്ങളില്‍ നിന്ന് 6,477 റണ്‍സും ഡേവിഡ് വാര്‍ണര്‍ 167 മത്സരങ്ങളില്‍ നിന്ന് 6,109 റണ്‍സും നേടി രണ്ടും മൂന്നും സ്ഥാനത്ത്. 231 മത്സരങ്ങളില്‍ നിന്ന് 5,986 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് നാലാമത്. 205 മത്സരങ്ങളില്‍ നിന്ന് 5,528 റണ്‍സെടുത്ത സുരേഷ് റെയ്‌ന അഞ്ചാം സ്ഥാനത്ത്.

തിരുവനന്തപുരം- കണ്ണൂര്‍ ഏഴുമണിക്കൂര്‍ 10 മിനിറ്റ്; എറണാകുളത്ത് എത്താന്‍ മൂന്ന് മണിക്കൂര്‍ 18 മിനിറ്റ്

തിരുവനന്തപുരം- കണ്ണൂര്‍ ഏഴുമണിക്കൂര്‍ 10 മിനിറ്റ്; എറണാകുളത്ത് എത്താന്‍ മൂന്ന് മണിക്കൂര്‍ 18 മിനിറ്റ്

കണ്ണൂര്‍: കേരളത്തിന് ലഭിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഏഴുമണിക്കൂര്‍ പത്ത് മിനിറ്റ് കൊണ്ട് കണ്ണൂരില്‍ എത്തിയാണ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയത്. കണ്ണൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് ട്രെയിന് നല്‍കിയത്. റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റുമാരെ ആദരിച്ചു.

തിരുവനന്തപുരത്ത് നിന്ന് 5.10ന് പുറപ്പെട്ട ട്രെയിന്‍ 12.20നാണ് കണ്ണൂരിലെത്തിയത്. നിശ്ചയിച്ച സമയത്ത് തന്നെ ട്രെയിന്‍ കണ്ണൂരില്‍ എത്തിക്കാന്‍ കഴിഞ്ഞതായി ലോക്കോ പൈലറ്റ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച ട്രെയിന്‍ 50 മിനിറ്റ് കൊണ്ടാണ് ആദ്യ സ്റ്റേഷനായ കൊല്ലത്ത് എത്തിയത്. രണ്ടാമത്തെ സ്റ്റോപ്പായ കോട്ടയത്ത് എത്താന്‍ എടുത്തത് രണ്ടുമണിക്കൂര്‍ 18 മിനിറ്റ്. കോട്ടയത്ത് 7.28നാണ് ട്രെയിന്‍ എത്തിയത്.

കോട്ടയത്ത് നിന്ന് എറണാകുളത്ത് എത്താന്‍ ട്രെയിന്‍ എടുത്തത് ഒരു മണിക്കൂര്‍. തിരുവനന്തപുരത്ത് നിന്ന് എറണാകുളം എത്താന്‍ ട്രെയിന്‍ എടുത്തത് മൂന്ന് മണിക്കൂര്‍ 18 മിനിറ്റ്. 8.28നാണ് ട്രെയിന്‍ സ്റ്റേഷനിലെത്തിയത്. തൂശൂരില്‍ 9.37നും തിരൂരില്‍ 10.46നും ട്രെയിന്‍ എത്തി. കോഴിക്കോട് ആറുമണിക്കൂര്‍ ഏഴുമിനിറ്റ് കൊണ്ടാണ് ട്രെയിന്‍ എത്തിയത്. 11.17നാണ് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയത്. ഒടുവില്‍ ഏഴുമണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് കണ്ണൂരിലും എത്തിയതോടെ ട്രെയിനിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി.

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നും ഒരു ഗ്രാം സ്വർണത്തിന്റെ വില 5595 ലാണ് നിൽക്കുന്നത്. ഒരു പവന് 44760 രൂപയിലാണ് വ്യാപാരം തുടരുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4660 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില.