കളിക്കുന്നതിനിടെ വീടിന്റെ ചുവര് ഇടിഞ്ഞുവീണു; രണ്ടു കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കളിക്കുന്നതിനിടെ വീടിന്റെ ചുവര് ഇടിഞ്ഞുവീണു; രണ്ടു കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: തളിപ്പറമ്പ് തിരുവട്ടൂരില്‍ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവര് ഇടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുവരാണ് തകര്‍ന്നത്. അറാഫത്തിന്റെ മകന്‍ ആദില്‍, ബന്ധുവിന്റെ മകന്‍ ജെസ ഫാത്തിമ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉച്ചയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ വീടിനകത്ത് നിന്ന് പുറത്ത് ആരുമില്ലെന്ന ധാരണയില്‍ ചുവര് തള്ളിയിടുകയായിരുന്നു. ഈ സമയത്ത് പുറത്ത് അഞ്ച് കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ ദേഹത്താണ് ചുവര് പതിച്ചത്. മൂന്ന് കുട്ടികള്‍ ഓടി മാറിയതിനാല്‍ അവര്‍ക്ക് സാരമായി പരിക്കേറ്റില്ല.

രണ്ടുകുട്ടികള്‍ മണ്ണിനും കല്ലിലും ഇടയില്‍പ്പെട്ടുപോയി. ജെസ ഫാത്തിമയുടെ പരിക്ക് അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ പരിയാരം മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് ആര്‍ഡിഒ സ്ഥലത്തെത്തി.

സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി

സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഈ റൂട്ടുകളിൽ നിലവിലുളള പെർമിറ്റുകൾക്ക് തൽക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

നിലവിലുളള പെർമിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാം. ദീ‍ർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുളളവയ്ക്ക് ഉത്തരവ് തിരിച്ചടിയാകും. ദീർഘദൂര റൂട്ടുകളിലെ കെഎസ്ആർടിസിയുടെ കുത്തകയ്ക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ദീർഘദൂര റൂട്ടുകളിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്നവർക്ക് അന്തിമ ഉത്തരവ് വരും വരെ തുടരാം.

യുവതിയ്ക്കുനേരെ അതിക്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

യുവതിയ്ക്കുനേരെ അതിക്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ഹോട്ടലിൽ സാധനം വാങ്ങാൻ എത്തിയ യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയ ആളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ തകരപ്പറമ്പ് അജ്മൽ മൻസിൽ അൻസാരി (48)യെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പേരൂർ കാക്കോട്ട് കോണത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയ്ക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്.

കാട്ടുചന്തയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനാണ് അൻസാരി. ബുധനാഴ്ച വൈകുന്നേരം സാധനം വാങ്ങാൻ എത്തിയ യുവതിയെ ഹോട്ടൽ ജീവനക്കാരനായ അൻസാരി കടന്നു പിടിക്കുകയായിരുന്നുവത്രെ. പരാതിയെ തുടർന്ന് കിളിമാനൂർ പോലീസ് ഹോട്ടൽ ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മന്ദിരത്തിൻറെയും മിനി ഹാളിൻറെയും ഉദ്ഘാടനം നാളെ

മന്ദിരത്തിൻറെയും മിനി ഹാളിൻറെയും ഉദ്ഘാടനം നാളെ

പുതുതായി പണികഴിപ്പിച്ച കിളിമാനൂർ ആലത്ത് കാവ് ഫ്രണ്ട്സ് അസോസിയേഷൻറെ പുതിയ ഓഫീസ് മന്ദിരത്തിൻറെയും മിനി ഹാളിൻറെയും ഉദ്ഘാടനം നാളെ (15.04.23) നടക്കും. വെകുന്നേരം 4 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ ഓഫീസ് മന്ദിരത്തിൻറെ ഉദ്‌ഘാടനം അഡ്വ .അടൂർ പ്രകാശ് എം പിയും, കലേഷ് ബാബു സ്മാരക ഹാളിൻറെ ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയും നിർവ്വഹിക്കും.
ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡൻറ് എം എസ് സാബു അധ്യക്ഷത വഹിക്കും.
ഡോ.ജോർജ് ഓണക്കൂർ, ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനം കൊണ്ടുവരണമെന്ന ആവശ്യവുമായി നിവേദനം

അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനം കൊണ്ടുവരണമെന്ന ആവശ്യവുമായി നിവേദനം

അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ അധികൃതർക്ക് നിവേദനം നൽകി. അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിൽ ലിഫ്റ്റ് സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യവുമായി ഡയറക്ടറേറ്റ് ഓഫ് ലൈറ്റ്ഹൗസ്സ് ആൻഡ് ലൈറ്റ്ഷിപ്സിന് നിവേദനം നൽകിയത്. ചരിത്ര പ്രാധാന്യമായ അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ്
സന്ദർശിക്കുവാനായി ദിനം പ്രതി സ്വദേശികളും വിദേശികളുമടക്കമുള്ള നൂറുകണക്കിനാളുകളാണ് എത്തുന്നത്.

എന്നാൽ ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുവാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല, 1988 ഏപ്രിൽ 20 ന് പൂർത്തികരിച്ച അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്, ലൈറ്റ്ഹൗസ് ശൃംഖലയിൽ കൊച്ചി മേഖല ഓഫീസ് ശൃംഘലയിൽ ഉൾപ്പെട്ടതാണ്. കാര്യമായ ഒരു വികസനവും നാളിതുവരെയും ഇവിടെ നടന്നിട്ടില്ല.

36 മീറ്റർ ഉയരവും ഇരുന്നൂറോളം പടവുകളുമുള്ള അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ് സന്ദർശിക്കുവാൻ നിലവിൽ നിരവധി വിദേശികളും സസ്വദേശികളുമായ ടൂറിസ്റ്റ്കളാണ് വന്നുപോകുന്നത്, ഇവരിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ/ പടവുകൾ കയറുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവർക്ക് ഇവിടെ അത്യാധുനിക സൗകര്യങ്ങളോട്കൂടിയ ലിഫ്റ്റ് സ്ഥാപിക്കുകയാണെങ്കിൽ അത് ആശ്വാസകരമായിരിക്കും. മാത്രവുമല്ല ടൂറിസം മേഖലകൾ ഭിന്നശേഷി സൗഹൃദമാക്കുകയെന്ന ലക്ഷ്യപ്രാപ്തി കൈവരിയ്ക്കുവാനും ഇതുവഴി നമുക്ക് സാധിക്കും.

അതിനോടൊപ്പം ടൂറിസ്റ്റ്കൾക്ക് അഞ്ചുതെങ്ങിലെ ലൈറ്റ് ഹൗസ് ചരിത്രം മനസ്സിലാക്കുവാൻ കഴിയും തരത്തിൽ ഒരു ചരിത്ര ഗ്യാലറികൂടി ഇതുമായി ബന്ധപെടുത്തി സ്ഥാപിക്കുകയാണെങ്കിൽ അത് ചരിത്രാന്ന്വേഷികളായ യുവ തലമുറയ്ക്ക് വളരെയേറെ പ്രയോജനകരമായി തീരുന്നതുമാണെന്ന് അദ്ദേഹം നിവേദനത്തിൽ സൂചിപ്പിക്കുന്നു. നിലവിൽ കോവളം ലൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയത് പോലുള്ള അത്യാധുനിക സൗകര്യങ്ങൾ അഞ്ചുതെങ്ങ് ലൈറ്റ്ഹൗസിലും ഒരുക്കി നൽകുവാനുള്ള സത്വര നടപടികൾ ഉണ്ടാകണമെന്ന് അഞ്ചുതെങ്ങ് സജൻ ഇ-മെയിൽ മുഖാന്തിരം വകുപ്പ് അധികാരിയ്ക്ക് അയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, രാജ്യത്തെ 65 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖലാ-സ്വകാര്യ പങ്കാളിത്തത്തിൽ (പി.പി.പി) ആവിഷ്കരിച്ച പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള ഒൻപത് ലൈറ്റ് ഹൗസുകളിൽ ഒന്നാണ് അഞ്ചുതെങ്ങ് ലൈറ്റ് ഹൗസ്. ലൈറ്റ് ഹൗസുകളിലെ സൗകര്യങ്ങൾ വിപുലീകരിച്ചും സ്ഥലം വിനിയോഗിച്ചും സഞ്ചാരികളെ ആകർഷിക്കുകയായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലൈറ്റ് ഹൗസുകളോട് ചേർന്ന സ്ഥലം സംരംഭകർക്ക് വിട്ടുനൽകിയും പൈതൃകത്തിന് യോജിച്ച വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കാനുമായിരുന്നു പദ്ധതി.

എന്നാൽ നിലവിൽ ഈ പദ്ധതി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയ മട്ടാണ്. അഞ്ചുതെങ്ങിൽ ഈ പദ്ധതിയുമായ് ബന്ധപ്പെട്ട കാര്യമായ ഒരു തുടർ പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

വൈദ്യുതി നിയന്ത്രണം വരുമോ?; ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

വൈദ്യുതി നിയന്ത്രണം വരുമോ?; ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ, വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ 100.3028 ദശലക്ഷം യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപഭോഗം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇതാണ് തിരുത്തികുറിച്ചത്. ഇതിന്റെ ചുവടുപിടിച്ച് വൈദ്യുതി ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകത 4903 ആയി ഉയര്‍ന്നും റെക്കോര്‍ഡിട്ടിരിക്കുകയാണ്.

ഈ ദിവസങ്ങളില്‍ കടുത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു. വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉല്‍പ്പാദനവും വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1735 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാന കാലയളവിലെ ജലനിരപ്പിനേക്കാള്‍ കുറവാണ് ഇത്തവണ അണക്കെട്ടുകളിലെ വെള്ളം.

ഇതേ അവസ്ഥ തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ആശങ്കയുണ്ട്. അങ്ങനെ വന്നാല്‍ പുറത്ത് നിന്ന് കൂടിയ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടതായി വരും. ഇതിന് പുറമേ പീക്ക് അവറിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ വൈദ്യുതി നിയന്ത്രണം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായും വരുമെന്നും ആശങ്കയുണ്ട്.