24 പന്തില്‍ 63 റണ്‍സ്; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി ഗുജറാത്ത്

24 പന്തില്‍ 63 റണ്‍സ്; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി ഗുജറാത്ത്

അഹമ്മദാബാദ്: സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് അടിച്ചെടുത്ത് ഗുജറാത്ത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിക്കുന്നത്. ടോസ് നേടി ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ മെല്ലെ പോയ അവര്‍ 11 ഓവറിന് ശേഷമാണ് കൂടുതല്‍ ആക്രമണത്തിലേക്ക് കടന്നത്.

24 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 63 റണ്‍സ് അടിച്ചെടുത്ത വിജയ് ശങ്കറിന്റെ ബാറ്റിങാണ് സ്‌കോര്‍ 200 കടത്തിയത്. താരം പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ രണ്ട് റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നു. സായ് സുദര്‍ശന്‍ 38 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 53 റണ്‍സെടുത്തു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 31 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 39 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ (17), അഭിനവ് മനോഹര്‍ (14) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സുയഷ് ശര്‍മ ഒരു വിക്കറ്റെടുത്തു.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ മദ്യവേട്ട; നേത്രാവതിയില്‍ നിന്നും 440 കുപ്പി മദ്യം പിടിച്ചു

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ മദ്യവേട്ട; നേത്രാവതിയില്‍ നിന്നും 440 കുപ്പി മദ്യം പിടിച്ചു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മദ്യവേട്ട. നേത്രാവതി എക്സ്പ്രസില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആര്‍പിഎഫ് പിടിച്ചെടുത്തു. സ്‌ഫോടകവസ്തുക്കള്‍ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യക്കടത്തിനു പിന്നിലുള്ളവരെ പിടികൂടാന്‍ കഴിഞ്ഞില്ല. പിടികൂടിയ മദ്യം തുടര്‍നടപടികള്‍ക്കായി എക്സൈസിന് കൈമാറി. ബര്‍ത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.

ഗോവ നിര്‍മിത 131 ഫുള്‍ ബോട്ടിലും 309 ക്വാര്‍ട്ടര്‍ ബോട്ടില്‍ മദ്യവുമാണ് പിടിച്ചെടുത്തത്. പരിശോധനാ സമയത്ത് തീവണ്ടിയിലുണ്ടായിരുന്ന ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നെന്ന് ആര്‍പിഎഫ് എസ്‌ഐ എംപി ഷിനോജ്കുമാര്‍ അറിയിച്ചു. തീവണ്ടിയില്‍ കയറിയപ്പോള്‍ തന്നെ മദ്യം അവിടെ ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. എലത്തൂര്‍ തീവണ്ടി തീവെപ്പുകേസിന് പിന്നാലെ തീവണ്ടികളിലെ പരിശോധന ആര്‍പിഎഫ് ശക്തിപ്പെടുത്തിയിരുന്നു. സ്ഫോടക വസ്തുക്കളും തീപിടിത്ത സാധ്യതയുള്ള വസ്തുക്കളും കടത്തുന്നത് പിടികൂടാനാണ് പരിശോധന നടത്തുന്നത്.

ആകാശ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് ചാർജ്; ഹെലികോപ്റ്റർ വിനോദയാത്രയ്ക്ക് അവസരവുമായി വിതുര ഫെസ്റ്റ്

ആകാശ യാത്രയ്ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് ചാർജ്; ഹെലികോപ്റ്റർ വിനോദയാത്രയ്ക്ക് അവസരവുമായി വിതുര ഫെസ്റ്റ്

ഗ്രാമീണ മേഖലയിലെ ആദ്യഹെലികോപ്റ്റർ വിനോദ യാത്രയ്ക്ക് അവസരമൊരുക്കാൻ തയാറെടുക്കുകയാണു വിതുര ഫെസ്റ്റ്. വിതുര വികസന സമിതി(വിവിഎസ്)യുടെ നേതൃത്വത്തിൽ മേയ് 1 മുതൽ 10 വരെ വിതുര ഇറയംകോട് അഞ്ചേക്കർ മൈതാനത്തിലാണു വിതുര ഫെസ്റ്റ് നടക്കുന്നത്. വിതുര, പൊന്മുടി, പേപ്പാറ ഡാം, ബോണക്കാട്, കല്ലാർ, തെന്മല ഡാം, അഗസ്ത്യാർകൂടം എന്നിവ ആകാശ യാത്രയിലൂടെ വളരെ അടുത്ത് കാണാനാവും. ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ ചെലവിലാണു ഇവിടെ യാത്ര ഒരുക്കുക.

മേള ദിനങ്ങളിലെ മൂന്നോ നാലോ ദിനങ്ങൾ മാത്രമാണു ഇതിനായി തിരഞ്ഞെടുക്കുന്നത്.
തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളിഡേ ഹെലി ടൂറിസം
ഗ്രൂപ്പിന്റെ സഹകരണത്തോടെയാണു ആകാശ യാത്ര സംഘടിപ്പിക്കുന്നത്. ഇതിനു
മുന്നോടിയായി ഹോളിഡേ ഹെലി ടൂറിസം ഗ്രൂപ്പ് എംഡി: ബെന്നി, ഗ്രൂപ്പ്
ക്യാപ്റ്റൻ ജി.ജി. കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മേള നടക്കുന്ന
ഇറയംകോട് അഞ്ചേക്കർ മൈതാനം സന്ദർശിച്ചു.

സ്ഥിതി ഗതികൾ അനുകൂലമാണെന്നും വളരെ ആവേശകരമായ ആകാശ യാത്ര ഒരുക്കാനുള്ള സാഹചര്യമുണ്ടെന്നും സംഘം വിലയിരുത്തി. യാത്ര 7 മിനിറ്റ് നീണ്ടു നിൽക്കും. ഒരു യാത്രയിൽ 6 പേർക്കു കയറാൻ അവസരം ഉണ്ടാകും. ഒരാൾക്കു 4,000 രൂപയായിരിക്കും ടിക്കറ്റ് ചാർജ്. യാത്രയുടെ ബുക്കിംഗ് വൈകാതെ ആരംഭിക്കുമെന്നു വിതുര ഫെസ്റ്റ് സംഘാടക സമിതി സെക്രട്ടറി എസ്. സതീശ ചന്ദ്രൻനായർ പറഞ്ഞു.

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കുത്തേറ്റ ആളുടെ ഗുരുതരം

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കുത്തേറ്റ ആളുടെ ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് 15 വയസ്സുകാരന്റെ ക്വട്ടേഷനില്‍ മൂന്നുപേര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. മൂന്നുപേരെ ഗുണ്ടാസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ക്വട്ടേഷന്‍ നല്‍കിയ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. കളിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തിന്റെയും കയ്യാങ്കളിയുടെയും വൈരാഗ്യത്തിലാണ് വിദ്യാര്‍ത്ഥി ക്വട്ടേഷന്‍ നല്‍കിയത്. ഗുണ്ടാ നിയമപ്രകാരം ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മൂന്നംഗ ഗുണ്ടാസംഘം ഒരു ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു. പിന്നീട് ഇന്നലെ വൈകീട്ട് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ നാലുപേരെയും ആക്രമിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഗുണ്ടകളെയും 15 കാരനെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷന്‍ വിവരം പുറത്തുവരുന്നത്. കഴിഞ്ഞദിവസം 15 കാരനും സുഹൃത്തുക്കളും തമ്മില്‍ കളിക്കിടെ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഈ വൈരാഗ്യത്തിലാണ് ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. കുത്തേറ്റ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കേളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഷഹീന്‍, ഷാനവാസ്, 15 കാരന്‍ എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു.

യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം; മുഖ്യമന്ത്രി അബുദാബിയിലേക്ക്

യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം; മുഖ്യമന്ത്രി അബുദാബിയിലേക്ക്

അബുദാബി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക്. മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തും. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്.

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മെയ് ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണല്‍ തീയേറ്ററില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ പൊതുജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കും. വിവിധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഇതിന് മുമ്പും മുഖ്യമന്ത്രി അബുദബിയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊതുജനങ്ങളുമായി സംവദിക്കുന്നത്. മെയ് പത്തിന് ദുബായിലും മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഏപ്രിൽ 11 മുതൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്.