എന്തുകൊണ്ട് ലോക്കല്‍ ട്രെയിന്‍ തെരഞ്ഞെടുത്തു?; ഒട്ടേറെ സിം കാര്‍ഡുകള്‍, അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ്

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ഡോക്ടര്‍ പൊലീസ് ക്യാംപിലെത്തി പരിശോധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവിയാണ് ചോദ്യം ചെയ്യലിനായി പ്രതിയെ പാര്‍പ്പിച്ചിട്ടുള്ള മാലൂര്‍കുന്ന് പൊലീസ് ക്യാംപിലെത്തി പരിശോധിച്ചത്.

ഷാറൂഖിന് കാര്യമായ ശാരീരിക പ്രശ്‌നങ്ങളില്ല എന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്നാണ് സൂചന. ശാരീരികമായ അവശതകളുണ്ടെന്ന് പ്രതി പറഞ്ഞ സാഹചര്യത്തിലാണ് പൊലീസ് മെഡിക്കല്‍ സഹായം തേടിയത്. അതേസമയം പൊലീസിന്റെ ചോദ്യം ചെയ്യലിനോട് പ്രതി പൂര്‍ണമായും സഹകരിക്കുന്നില്ല എന്നാണ് സൂചന. താനാണ് തീവെച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് ഒറ്റയ്ക്കാണെന്നും സംഭവത്തിന് പിന്നില്‍ മറ്റാരുമില്ലെന്നും പ്രതി ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

അതേസമയം ഷാറൂഖ് സെയ്ഫി നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഫോണ്‍കോളുകള്‍ പോയിട്ടുണ്ട്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഷാറൂഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, സോഷ്യല്‍ മീഡിയ ചാറ്റുകള്‍, സെയ്ഫിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം സംശയകരമാണെന്നും കേന്ദ്ര ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. ഷാറൂഖ് സെയ്ഫിക്ക് കേരളത്തില്‍ ആരുടെയൊക്കെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാവിലെ ഷൊര്‍ണൂരിലെത്തിയ ഷാറൂഖ് വൈകീട്ട് 7.19 വരെ ചെലവഴിച്ചിട്ടുണ്ട്. ഈ സമയത്തെല്ലാം എവിടെയെല്ലാം പോയി, എന്തൊക്കെയായിരുന്നു ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഷാറൂഖ് പെട്രോള്‍ വാങ്ങാന്‍ പോയ ഓട്ടോ ഡ്രൈവറെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പമ്പിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അക്രമി എന്തിന് കേരളം തെരഞ്ഞെടുത്തു?; ലോക്കല്‍ ട്രെയിന്‍ എന്തുകൊണ്ട് തെരഞ്ഞെടുത്തു?, എലത്തൂരില്‍ വെച്ച് ആക്രമണം നടത്താന്‍ തീരുമാനിച്ചു എന്നീ കാര്യങ്ങളിലാണ് പൊലീസ് കൂടുതല്‍ വ്യക്തത തേടുന്നത്. പാലത്തിന് മുകളില്‍ വെച്ച് ആക്രമണം നടത്തിയത് ഡി1, ഡി2 കോച്ചുകളിലെ മുഴുവന്‍ ആളുകളും കൊല്ലപ്പെടണം എന്ന ഉദ്ദേശത്തോടു കൂടിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൃത്യത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ട്. എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോയുള്ളതിനാല്‍ തീ ആളിപ്പടര്‍ന്നാല്‍ വന്‍ദുരന്തത്തിന് വഴി വെക്കുമായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നുണ്ട്.

പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വസതിയിൽ നുഴഞ്ഞു കയറി; അഫ്‌​ഗാൻ പൗരൻ അറസ്റ്റിൽ

പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വസതിയിൽ നുഴഞ്ഞു കയറി; അഫ്‌​ഗാൻ പൗരൻ അറസ്റ്റിൽ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയില്‍ നുഴഞ്ഞുകയറിയ അഫ്ഗാന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ തീവ്രവാദ വിരുദ്ധ വകുപ്പിന് കൈമാറിയെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ അകത്ത് കടന്നത്. എന്നാൽ ഇയാൾ എങ്ങനെ കയറിയെന്നതിൽ വ്യക്തതയില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ അഫ്‌​ഗാൻ പൗരനാണെന്ന് സ്ഥിരീകരിച്ചു. മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് ഇയാൾ പ്രധാനമന്ത്രിയുടെ വസതിക്കുള്ളിൽ പ്രവേശിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി മാറ്റിയിരിക്കുകയാണ്. ഇയാള്‍ എങ്ങനെ അകത്ത് കടന്നു എന്നത് അറിയാന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും.

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില തുടർന്നുള്ള രണ്ട് ദിവസം 360 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4645 രൂപയാണ്.

മാസ്സ് ലുക്കില്‍ ബന്ദിപ്പൂരില്‍; പ്രധാനമന്ത്രിയുടെ സഫാരി വൈറല്‍

മാസ്സ് ലുക്കില്‍ ബന്ദിപ്പൂരില്‍; പ്രധാനമന്ത്രിയുടെ സഫാരി വൈറല്‍

മൈസൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജംഗിള്‍ സഫാരി. കാക്കി പാന്റും കറുത്ത തൊപ്പിയും ടീ ഷര്‍ട്ടും ജാക്കറ്റും ധരിച്ചാണ് മോദി സഫാരിക്കെത്തിയത്.ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘പ്രോജക്ട് ടൈഗര്‍’ പദ്ധതിയുടെ 50ാം വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് മോദി ബന്ദിപ്പൂരിലെത്തിയത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കും. ബന്ദിപ്പൂരിലെത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. നേരത്തെ ഇന്ദിരാ ഗാന്ധിയും ബന്ദിപ്പൂരിലെത്തിയിരുന്നു. തമിഴ്നാട്ടിലെ മുതുമലൈ കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും മോദി സന്ദര്‍ശിച്ചു.

‘ആർ യു റെഡി’; കുട്ടികളുടെ പരിപാടി സംഘടിപ്പിച്ചു

‘ആർ യു റെഡി’; കുട്ടികളുടെ പരിപാടി സംഘടിപ്പിച്ചു

കുട്ടികൾക്ക്‌ വേണ്ടിയുള്ള പരിശീലന പരിപാടിയായ ‘ആർ യു റെഡി’ ബ്രഹ്മകുമാരീസ്‌ ആറ്റിങ്ങൽ സെന്ററിൽനടന്നു. പ്രസ്തുത പരിപാടി പ്രശസ്ത സിനിമാ സീരിയൽ താരവും മിമിക്രി ആർട്ടിസ്റ്റുമായ സച്ചിൻ സാബു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക്‌ പരിശീലനം നൽകിയത്‌ ആർട്ടിസ്റ്റ്‌ ഷിബു വഞ്ചിയൂർ, മേഘ ടി എസ്സ് (പ്രിൻസിപ്പൽ ത്രയംബക നൃത്ത വിദ്യാലയം), നീതു ലിജു (സൈക്കോളജിസ്റ്റ്‌), ഡോ. ദീപു രവി (സാന്ത്വന ഹോമിയോപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ), ദിപു കാർത്തിക്‌ (യോഗ ട്രെയിനർ), ഏഞ്ചൽ മുല്ല മെന്റർ എന്നിവരാണ്.

36 കുട്ടികൾ പങ്കെടുത്ത പരിപാടി, ലിജു പള്ളിപ്പുറം (ക്രിയേറ്റിവ്‌ പ്രൊഡ്യുസർ പ്രവാസി ഭാരതി റേഡിയോ അബുദാബി) കോർഡിനേറ്റ്‌ ചെയ്തു. പങ്കെടുക്കാൻ സാധിക്കാത്തവർക്ക്‌ വേണ്ടി ഏപ്രിൽ 22 നു വീണ്ടും ഈ പരിപാടി ആറ്റിങ്ങൽ ബ്രഹ്മകുമാരീസ്‌ സെന്ററിൽ 9:30 മുതൽ 1 മണി വരെ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 36 പേർക്ക്‌ പങ്കെടുക്കാം. പ്രായം 12 മുതൽ 16 വരെ. രജിസ്റ്റർ ചെയ്യേണ്ട നമ്പർ 9497689338.

ഗാനമേളയ്ക്ക് ശേഷം വിശ്രമിക്കവെ ഗായകന് ഹൃദയാഘാതം മൂലം മരണം

ഗാനമേളയ്ക്ക് ശേഷം വിശ്രമിക്കവെ ഗായകന് ഹൃദയാഘാതം മൂലം മരണം

ആലപ്പുഴ: ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗായകന്‍ പള്ളിക്കെട്ട് രാജ (രാജു എം കെ) ആണ് മരിച്ചത്. കായംകുളം പത്തിയൂരില്‍ വെച്ചാണ് സംഭവം. ഉത്സവത്തില്‍ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ്.
കന്യാകുമാരി സാഗര്‍ ബീറ്റ്‌സ് ഗാനമേളയിലെ കലാകാരനാണ് പള്ളിക്കെട്ട് രാജ. പ്രോഗ്രാം കഴിഞ്ഞ് വേദിക്ക് മുന്നിലുള്ള കസേരയില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു.