വിഷു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 31 പ്രത്യേക സര്‍വീസുകള്‍

വിഷു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 31 പ്രത്യേക സര്‍വീസുകള്‍

ബെംഗളൂരു: വിഷുവിന് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസി 31 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുണ്ടാകുക. 13-നുമാത്രം 23 സര്‍വീസുകള്‍ നടത്തും. ആകെ സര്‍വീസുകളില്‍ 19 എണ്ണവും ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ്.

കേരള ആര്‍ടിസിയും വിഷുവിനോടനുബന്ധിച്ച് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അതേസമയം, ഈസ്റ്റര്‍, വിഷു, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ച് പ്രത്യേക തീവണ്ടി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകള്‍ റെയില്‍വേയ്ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.

കര്‍ണാടകയില്‍ നിന്നുള്ള സര്‍വീസുകള്‍

ഏപ്രില്‍ 12: ബെംഗളൂരു-എറണാകുളം-രാത്രി 8.39- ഐരാവത് ക്ലബ് ക്ലാസ്, തൃശ്ശൂര്‍-രാത്രി 9.03 ഐരാവത് ക്ലബ് ക്ലാസ്, പാലക്കാട്-9.49-ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂര്‍-9.10-ഐരാവത്, 9.57- രാജഹംസ, കോട്ടയം-7.43 ഐരാവത് ക്ലബ് ക്ലാസ്, കോഴിക്കോട്-9.10- ഐരാവത് ക്ലബ് ക്ലാസ്.

ഏപ്രില്‍ 13: ബെംഗളൂരു-എറണാകുളം-8.38, 8.39, 8.48-ഐരാവത് ക്ലബ് ക്ലാസ്. തൃശ്ശൂര്‍-9.03, 9.18, 9.28- ഐരാവത് ക്ലബ് ക്ലാസ്, 9.24-എസി സ്ലീപ്പര്‍. പാലക്കാട്-9.16, 9.49, 9.50, 10.10- ഐരാവത് ക്ലബ് ക്ലാസ്. കോട്ടയം-7.52, 8.21-ഐരാവത് ക്ലബ് ക്ലാസ്. കണ്ണൂര്‍- 9.13, 9.30, 9.32, 9.41 (ഐരാവത്), 9.04, 9.27, 9.34 (രാജഹംസ). കോഴിക്കോട്- 9.29, 9.48 -(ഐരാവത് ക്ലബ് ക്ലാസ്), 9.31- രാജഹംസ.

ഏപ്രില്‍ 14: ബെംഗളൂരു- മൂന്നാര്‍-9.11- (നോണ്‍ എസി സ്ലീപ്പര്‍).

കെട്ടിടനിര്‍മാണ ഫീസ് ഇന്നുമുതല്‍ കുത്തനെ കൂടും; ചെറിയ വീടുകള്‍ക്ക് പെര്‍മിറ്റിന് 15,000 രൂപ നല്‍കണം

കെട്ടിടനിര്‍മാണ ഫീസ് ഇന്നുമുതല്‍ കുത്തനെ കൂടും; ചെറിയ വീടുകള്‍ക്ക് പെര്‍മിറ്റിന് 15,000 രൂപ നല്‍കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വീടു നിര്‍മാണത്തിനു ചെലവേറും. കെട്ടിടനിര്‍മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ കുത്തനെ വരുത്തിയ വര്‍ധന ഇന്നു നിലവില്‍ വരും.

അപേക്ഷാ ഫീസ് 30 രൂപയില്‍നിന്നു പത്തിരട്ടി കൂട്ടി മിനിമം 300 രൂപയാക്കി. ഇതു കൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1000-5000 രൂപയും കൂട്ടി.

പെര്‍മിറ്റ് ഫീസിലാണ് ഏറ്റവും വലിയ ഇരുട്ടടി. പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍നിന്ന് 7500 രൂപയായും വലിയ വീടുകള്‍ക്ക് 1750 രൂപയില്‍നിന്ന് 25,000 രൂപയായും കൂട്ടി.

നഗരമേഖലയില്‍ ചെറിയ വീടുകള്‍ക്ക് 750 രൂപയില്‍നിന്ന് 15,000 രൂപയായും വലിയ വീടുകള്‍ക്ക് 2500 രൂപയില്‍നിന്ന് 37,500 രൂപയായും കൂട്ടി. കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഇതു സംബന്ധിച്ച ഭേദഗതി പിന്നീടു വരുത്തുമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിഷുക്കൈനീട്ടമായി 3200 രൂപ; ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

വിഷുക്കൈനീട്ടമായി 3200 രൂപ; ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുക.

ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 1871 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

മുന്‍പ് ഫെബ്രുവരി മാസത്തില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളില്‍ നിന്ന് 800 കോടി വായ്പയെടുത്താണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയത്. ശേഷിക്കുന്ന കുടിശിക നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്നുതന്നെ 1200 കോടിയോളം സമാഹരിച്ചിരുന്നു.

ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ലഭിച്ചവർ ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ബയോമെട്രിക് മസ്‌റ്ററിംഗ് നടത്തണമെന്ന് സർക്കാർ മുൻപ് നിർദ്ദേശിച്ചിരുന്നു.

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍

പാലക്കാട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മുഹമ്മദ് അജീഷാണ് അറസ്റ്റിലായത്. വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. കേസില്‍ പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാര്‍, റോബിന്‍, പ്രദീപ് എന്നിവരെ കസബ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്‍മണ്ഡപം പ്രതിഭാനഗറില്‍ അന്‍സാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടില്‍ ഷെഫീന തനിച്ചായിരുന്നു. മുന്‍വശത്ത് പൂട്ടിയിട്ട വാതില്‍ തുറന്ന് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തി തുണി വായില്‍ തിരുകി കയറുകൊണ്ടു ബന്ധിച്ചു.

തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി അലമാര തകര്‍ത്ത് ആഭരണങ്ങളും പണവുമായി വീട്ടിലെ ബൈക്കെടുത്ത് മുങ്ങുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം 18,55,000 രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ യാതൊരു തെളിവും ഇല്ലാതിരുന്ന കേസ്സില്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണമാണ് കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്.

വിദേശ പാഴ്‌സല്‍ വഴി സ്വര്‍ണക്കടത്ത്; സ്ത്രീയടക്കം ആറുപേര്‍ അറസ്റ്റിൽ

വിദേശ പാഴ്‌സല്‍ വഴി സ്വര്‍ണക്കടത്ത്; സ്ത്രീയടക്കം ആറുപേര്‍ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മുന്നിയൂരില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ വന്‍ സ്വര്‍ണവേട്ട. വിദേശ പാഴ്‌സല്‍ വഴി ദുബായില്‍ നിന്ന് കടത്തിയ ആറു കിലോയിലേറെ സ്വര്‍ണം പിടികൂടി. സ്ത്രീ അടക്കം ആറുപേര്‍ പിടിയിലായിട്ടുണ്ട്. മൂന്നു വ്യത്യസ്ത മേല്‍വിലാസങ്ങളിലാണ് വിദേശത്തുനിന്നും പാഴ്‌സലുകളെത്തിയത്. മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്. അസിയ, ജസീല്‍, യാസിര്‍ എന്നിവരുടെ മേല്‍വിലാസത്തിലാണ് പാഴ്‌സല്‍ എത്തിയത്.

തേപ്പ്‌പെട്ടിയിലും മറ്റ് ഉപകരണങ്ങളിലുമായിട്ടാണ് ആറ് കിലോയിലേറെ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കൊച്ചിയിലെ വിദേശ പോസ്റ്റോഫിസിലാണ് പാഴ്‌സല്‍ ആദ്യം എത്തിയത്. പാഴ്‌സലില്‍ സംശയം തോന്നിയ ഡിആര്‍ഐ ഇതു നിരീക്ഷിച്ചു വരികയായിരുന്നു. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ ഷിഹാബിനൊപ്പം കോഴിക്കോട് സബ് പോസ്റ്റ് ഓഫിസില്‍ പാഴ്‌സല്‍ ശേഖരിക്കാനെത്തിയപ്പോള്‍ ആറ് പേരെയും ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആകെ ആറു കിലോ 300 ഗ്രാം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് മൂന്നരക്കോടിയിലേറെ രൂപ വിലവരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയായ ഷിഹാബാണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്നും, ഇയാള്‍ നേരത്തെയും പലതവണ വിദേശപാഴ്‌സല്‍ വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

24 പന്തില്‍ 63 റണ്‍സ്; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി ഗുജറാത്ത്

24 പന്തില്‍ 63 റണ്‍സ്; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി ഗുജറാത്ത്

അഹമ്മദാബാദ്: സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് അടിച്ചെടുത്ത് ഗുജറാത്ത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിക്കുന്നത്. ടോസ് നേടി ഗുജറാത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ മെല്ലെ പോയ അവര്‍ 11 ഓവറിന് ശേഷമാണ് കൂടുതല്‍ ആക്രമണത്തിലേക്ക് കടന്നത്.

24 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 63 റണ്‍സ് അടിച്ചെടുത്ത വിജയ് ശങ്കറിന്റെ ബാറ്റിങാണ് സ്‌കോര്‍ 200 കടത്തിയത്. താരം പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ രണ്ട് റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നു. സായ് സുദര്‍ശന്‍ 38 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 53 റണ്‍സെടുത്തു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 31 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 39 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹ (17), അഭിനവ് മനോഹര്‍ (14) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സുയഷ് ശര്‍മ ഒരു വിക്കറ്റെടുത്തു.