ഭാര്യയോട് ഫോണില്‍ സംസാരിക്കവെ കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

ഭാര്യയോട് ഫോണില്‍ സംസാരിക്കവെ കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

പെരുമ്പാവൂര്‍: വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ യുവാവു മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് (മനു-35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9നായിരുന്നു സംഭവം. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിച്ചു.

ഇവരുടെ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ്.
ഭാര്യ: മഴുവന്നൂര്‍ നെടുമറ്റത്തില്‍ കവിതമോള്‍.
മകള്‍: ആയില്യ.

‘എലത്തൂര്‍ ട്രെയിന്‍ തീവെയ്പില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്’;  ദേശീയ അന്വേഷണ ഏജന്‍സി

‘എലത്തൂര്‍ ട്രെയിന്‍ തീവെയ്പില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്’; ദേശീയ അന്വേഷണ ഏജന്‍സി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. എന്‍ഐഎ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. തീ വെയ്പില്‍ ഭീകരവാദ സ്വഭാവം തള്ളിക്കളയാനാകില്ല. കേരളത്തിന് പുറത്തും അന്വേഷണം വേണമെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎയുടെ കൊച്ചി, ചെന്നൈ യൂണിറ്റുകള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കേസ് അന്വേഷിക്കുന്ന സംസ്ഥാന പൊലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, ഡല്‍ഹി പൊലീസ്, മഹാരാഷ്ട്ര എടിഎസ് എന്നിവയുമായി നടത്തിയ ആശയവിനിമയത്തിന്റെയും, എന്‍ഐഎ നടത്തിയ അന്വേഷണവും ക്രോഡീകരിച്ചാണ് പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുള്ളത്. എലത്തൂരിലെ ട്രെയിനിലെ തീവെയ്പ് ഏതെങ്കിലും ഒരു വ്യക്തിക്ക് പെട്ടെന്നുണ്ടായ പ്രേരണയുടെ അടിസ്ഥാനത്തിലുണ്ടായ ആക്രമണമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ട്. ഇത് അന്വേഷിക്കണം. ആക്രമണത്തിന് ഏതെങ്കിലും ഭീകരസംഘടനകളുടേയോ, ഭീകര കൂട്ടായാമകളുടേയോ പിന്തുണയോ സഹായമോ ലഭിച്ചിട്ടുണ്ടോ എന്നത് പൂര്‍ണമായി തള്ളിക്കളയാനാകില്ല. പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, സോഷ്യല്‍ മീഡിയ ചാറ്റുകള്‍, സെയ്ഫിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുമ്പോള്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന് അകത്തു മാത്രം അന്വേഷണം ഒതുങ്ങിനില്‍ക്കുന്നതല്ല.

കേരളത്തിനു പുറത്തും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. യുപി, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട് എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേസന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കണോ എന്നതില്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. ചിലരുടെ പ്രേരണയാലാണ് താന്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്ന് ഷാറുഖ് മഹാരാഷ്ട്ര എടിഎസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹം

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹ​ങ്ങൾ നടക്കും. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകിയത്. എത്ര സമയം വരെ വിവാഹം ആകാമെന്നതിൽ തീരുമാനമായിട്ടില്ല. നിലവിൽ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹം നടക്കാറുണ്ടായിരുന്നില്ല. എന്നാൽ രാത്രി നട അടയ്ക്കുന്നതുവരെ വിവാഹം നടത്താനാണ് തീരുമാനിച്ചത്.

രാത്രി 9 മണിയോടെ ശീവേലിക്കു പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്തു വിവാഹം പതിവില്ല. നായർ സമാജം ജനറൽ കൺവീനർ വി.അച്യുതക്കുറുപ്പ്, മകന്റെ വിവാഹം ക്ഷേത്രത്തിനു മുന്നിൽ വൈകിട്ട് നടത്താൻ അനുമതിക്കായി ദേവസ്വത്തിന് 2022 ഡിസംബറിൽ അപേക്ഷ നൽകിയിരുന്നു. ദേവസ്വം ഇത് അംഗീകരിക്കുകയും ആ മാസം 19ന് വൈകിട്ട് 5ന് വിവാഹം നടക്കുകയും ചെയ്തു. ഇതാണ് രാത്രിയും വിവാഹം നടത്താൻ ദേവസ്വത്തെ പ്രേരിപ്പിച്ചത്.

ഇന്നുമുതൽ അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഇന്നുമുതൽ അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഇന്നുമുതൽ അഞ്ച് ദിവസം രാജ്യത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ മുതൽ ജൂൺ വരെ താപനില ഉയരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

വീണ്ടും കോവിഡ് ജാഗ്രതയിലേക്ക് രാജ്യം; മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാനങ്ങള്‍

വീണ്ടും കോവിഡ് ജാഗ്രതയിലേക്ക് രാജ്യം; മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാനങ്ങള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഏതു സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ സജ്ജമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഏപ്രില്‍ 10, 11 തീയതികളില്‍ ഒരുക്കങ്ങള്‍ വിലയിരുത്താനായി എല്ലാ ആശുപത്രികളിലും മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗര്‍ഭിണികളും പ്രായമായവരും രോഗികളും പുറത്തുപോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണെന്നും മന്ത്രി വ്യക്തമായിരുന്നു.

കേരളത്തിനു പുറമേ ഹരിയാനയിലും പുതുച്ചേരിയിലുമാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സാഹചര്യം മനസിലാക്കി പെരുമാറണമെന്ന് ഹരിയാന ആരോഗ്യവകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മാസ്‌ക് നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങളും പഞ്ചായത്തുകളും ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളില്‍ അടിയന്തരമായി മാസ്‌ക് നിര്‍ബന്ധമാക്കിയതായി പുതുച്ചേരി ഭരണകൂടവും അറിയിച്ചു. ആശുപത്രി, ഹോട്ടല്‍, റസ്റ്ററന്റുകള്‍, മദ്യക്കടകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈസ്റ്ററെന്നാൽ വിശ്വാസികൾക്ക് ഉയിർപ്പ് തിരുന്നാൾ കൂടിയാണ്.
സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.