സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുന്നത് എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വേനൽ മഴ വീണ്ടും സജീവമാകും.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.

ഐടി പാര്‍ക്കുകളില്‍ ചുമട്ടുതൊഴിലാളികള്‍ക്ക് പരിശീലനം; പ്രശ്‌നപരിഹാരത്തിന് തൊഴില്‍ സേവ ആപ്പ്

ഐടി പാര്‍ക്കുകളില്‍ ചുമട്ടുതൊഴിലാളികള്‍ക്ക് പരിശീലനം; പ്രശ്‌നപരിഹാരത്തിന് തൊഴില്‍ സേവ ആപ്പ്

തിരുവനന്തപുരം: ചുമട്ടുതൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി തൊഴില്‍ സേവ ആപ്പ് എന്ന പേരില്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച പദ്ധതികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. മാറിയ തൊഴില്‍ വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ചുമട്ടു തൊഴിലാളി സമൂഹത്തെ പരിഷ്‌കരിക്കുന്നതിനും പൊതുസമൂഹത്തിനിടയില്‍ ചുമട്ടു തൊഴിലാളികളോടുള്ള മനോഭാവത്തില്‍ കാതലായ മാറ്റം ഉണ്ടാക്കാനും പദ്ധതി നടപ്പിലാക്കും. ഐടി പാര്‍ക്കുകള്‍, കിന്‍ഫ്ര പാര്‍ക്കുകള്‍, വ്യവസായ എസ്റ്റേറ്റുകള്‍ എന്നിവിടങ്ങളിലെ 25-50 പ്രായ പരിധിയിലുള്ള ചുമട്ടു തൊഴിലാളികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ത്രിതല പരിശീലനവും പ്രത്യേക യൂണിഫോമും നൂതന സുരക്ഷാ ഉപകരണങ്ങളും നല്‍കും.

കോവിഡ് പശ്ചാത്തലത്തില്‍ സമസ്ത മേഖലയിലും തൊഴില്‍ നഷ്ടവും സാമ്പത്തിക മാന്ദ്യവും സംഭവിക്കുന്ന സാഹചര്യത്തില്‍ പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി പ്രവാസികള്‍ക്കായി ആരംഭിക്കുന്ന വെര്‍ച്വല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഉദ്ഘാടനം ഉടന്‍ നിര്‍വ്വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് അവരുടെ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും യോഗ്യരായ തൊഴിലന്വേഷകര്‍ക്ക് പ്രസ്തുത അവസരങ്ങള്‍ വിനിയോഗിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കും.

ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യം മേയ് 15നുള്ളില്‍ വിതരണം പൂര്‍ത്തീകരിക്കണമെന്ന് കെബിപിഎസിന് മന്ത്രി നിര്‍ദേശം നല്‍കി. അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള പോര്‍ട്ടലിനോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനും കൊണ്ടു വരും. കേരളാ സവാരി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് രണ്ടാം ഘട്ടം എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിൽ ഉണ്ടായിരുന്ന സ്വർണവില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 360 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ10 രൂപ കുറഞ്ഞു. വിപണി വില 4645 രൂപയാണ്.

ദുബായി ഭരണാധികാരിയുടെ മകള്‍ വിവാഹിതയാകുന്നു

ദുബായി ഭരണാധികാരിയുടെ മകള്‍ വിവാഹിതയാകുന്നു

വീണ്ടുമൊരു രാജകീയ വിവാഹത്തിന് ഒരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമാണ് വിവാഹിതരാകുന്നത്.

വിവാഹത്തീയതി രാജകുടുംബം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂം നവദമ്പതികളെകുറിച്ചെഴുതിയ കവിത ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുകെ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദധാരിയാണ് ഷെയ്ഖ മഹ്‌റ. ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും സാങ്കേതിക മേഖലയിലും വിജയകരമായ ബിസിനസുകള്‍ സ്വന്തമായുള്ള സംരഭകനാണ് ഷെയ്ഖ് മന. ഷെയ്ഖ മഹ്‌റയും ഷെയ്ഖ് മനയും തങ്ങളുടെ ഇഷ്ടങ്ങളും യാത്രകളിലെ സന്ദര്‍ഭങ്ങളുമൊക്കെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

ലൈഫ് മിഷൻ; നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ലൈഫ് മിഷൻ; നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമാണം പൂർത്തിയാക്കിയ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാല് ജില്ലകളിലായി 172 കുടുംബങ്ങൾക്കാണ് ഇതുവഴി വീട് സ്വന്തമായത്. പദ്ധതിയുമായി ബന്ധപ്പെടുത്തി അനാവശ്യ കാര്യങ്ങൾ ഉയർത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂർ, കൊല്ലം, കോട്ടയം ഇടുക്കി ജില്ലകളിലെ നിർമാണം പൂർത്തിയായ നാല് ഭവന സമുച്ചയങ്ങളിലായി ഭൂ – ഭവന രഹിതരായ 172 കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് സ്വന്തമായത്. സംസ്ഥാന തല ഉദ്ഘാടനവും കണ്ണൂരിലെ 44 ഫ്ലാറ്റുകളുടെ താക്കോൽ വിതരണവും കടമ്പൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾ തൊടാതെ, പദ്ധതിയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കൊല്ലം പുനലൂരിൽ മന്ത്രി കെ.എൻ ബാലഗോപാലും, കോട്ടയം വിജയപുരത്ത് മന്ത്രി വി.എൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി ആഗസ്റ്റിനും ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി. വിവാദ കോലാഹലങ്ങൾക്കിടയിലും പദ്ധതി പൂർത്തീകരിക്കാനാകുന്നത് വലിയ നേട്ടമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്ത് ആലപ്പുഴയിൽ; ദേശീയ പഞ്ചായത്ത് അവാർഡിൽ കേരളത്തിന് നേട്ടം

രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്ത് ആലപ്പുഴയിൽ; ദേശീയ പഞ്ചായത്ത് അവാർഡിൽ കേരളത്തിന് നേട്ടം

തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ പഞ്ചായത്ത് അവാർഡിൽ നാല്‌ പുരസ്കാരങ്ങൾ നേടി കേരളം. ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്‌ രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത്‌. അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്‌തതയുടെ കാര്യത്തിൽ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്തും രാജ്യത്ത്‌ ഒന്നാമതാണ്. ജലപര്യാപ്തതയ്ക്ക്‌ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക്‌ മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത്‌ രണ്ടാം സ്ഥാനവും സൽഭരണ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ പഞ്ചായത്ത്‌ മൂന്നാം സ്ഥാനവും നേടി.

കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) പ്രകാരം ഒൻപത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നിശ്ചയിക്കുന്നത്. പുരസ്‌കാരങ്ങൾ ഈ മാസം 17ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പതിനായിരക്കണക്കിന്‌ പഞ്ചായത്തുകളോട്‌ മത്സരിച്ച്‌ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ സംസ്ഥാനത്തെ നാല്‌ പഞ്ചായത്തുകളെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഈ നേട്ടം പ്രചോദനമാകട്ടെ എന്നും അദ്ദേഹം കുറിച്ചു.