നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം

നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം

നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടെങ്കിലും ഒരു മാസത്തോളം താരം ആശുപത്രിയില്‍ തന്നെ തുടരും. ബാലയ്ക്ക് കരള്‍ ദാനം ചെയ്ത ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നു. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ഭാര്യ എലിസബത്തിനൊപ്പം പങ്കുവച്ച വഡിയോയില്‍ ശസ്ത്രക്രിയയുടെ കാര്യം ബാല സൂചിപ്പിച്ചിരുന്നു. ”മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി.”-ബാല അന്നു പറഞ്ഞു.

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയ്ക്ക് നേരെ നഗ്നതാപ്രദർശനം; 53കാരൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയ്ക്ക് നേരെ നഗ്നതാപ്രദർശനം; 53കാരൻ അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാളെ കരമന പൊലീസ് പിടികൂടി. കരമന, ചുളളമുക്ക്, മുണ്ടപ്ലാവിള വീട്ടിൽ ജയനെയാണ് (53) പൊലീസ് അറസ്റ്റ് ചെയ്തത്. നേമം സ്റ്റോപ്പിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയുടെ അടുത്തുവന്നിരുന്ന് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. കരമന സി.ഐ സുജിത്ത്, എസ്.ഐ.സന്തു, സി.പി.ഒമാരായ സാജൻ, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 നിർമ്മിത ബുദ്ധി കാമറകൾ 20 മുതൽ പ്രവർത്തിക്കും

മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 നിർമ്മിത ബുദ്ധി കാമറകൾ 20 മുതൽ പ്രവർത്തിക്കും

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കാൻ എം.സി റോഡിലും ദേശീയ പാതയിലുമായി സ്ഥാപിച്ചിട്ടുള്ള 726 നിർമ്മിത ബുദ്ധി കാമറകൾ 20 മുതൽ പ്രവർത്തിച്ചു തുടങ്ങും. കാമറകളുടെ പരീക്ഷണ പ്രവർത്തനം വിജയകരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കാമറകൾ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ 131 സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. സ്‌മാർട്ട് ആർ.സി ബുക്കിന്റേയും സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് കാർഡിന്റേയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന സമയത്താണ് നിർമ്മിത ബുദ്ധി കാമറകൾ സ്ഥാപിച്ചത്. സാങ്കേതിക പൊരുത്തം ഇല്ലാത്തതിനാൽ ഇവ കൺട്രോൾ റൂമുമായി കണക്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. കാമറകൾ നോക്കുകുത്തിയായി. പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തത് മുതൽ സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തത് വരെയുള്ള ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമ്മിത ബുദ്ധി കാമറകൾക്ക് കഴിയും.

നഷ്ടപെട്ട പേഴ്സും പണവും തിരികെ നൽകി മാതൃകയായി കിളിമാനൂർ ഹൈവെ പോലീസ് ഡ്യൂട്ടി എസ് ഐ

നഷ്ടപെട്ട പേഴ്സും പണവും തിരികെ നൽകി മാതൃകയായി കിളിമാനൂർ ഹൈവെ പോലീസ് ഡ്യൂട്ടി എസ് ഐ

കളഞ്ഞ് പോയ പേഴ്സും പണവും തിരികെ നൽകി മാതൃകയായി കിളിമാനൂർ ഹൈവെ പോലീസ് ഡ്യൂട്ടി എസ് ഐ പ്രദീപ്. ഇന്ന് കാലത്ത് പതിനൊന്നരമണിയോടെ ഹൈവേ പോലീസ്ഡ്യൂട്ടിയിലായിരുന്ന കിളിമാനൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രദീപിന് കിളിമാനൂർ ജംഗ്ഷനിൽ നിന്നും 5000 രൂപയും വിലപ്പെട്ട രേഖകളുമടങ്ങിയ ഒരു പേഴ്സ് കളഞ്ഞ് കിട്ടി. അതിൽ നിന്നും കിളിമാനൂർ കീഴ്പേരൂർ സ്വദേശിയായ രാജശേഖരൻ നായരുടെ ഫോൺ നമ്പർ കിട്ടി. എസ്ഐ ഉടൻ ആ നമ്പറിൽ വിളിയ്കുകയും പേഴ്‌സ് രാജശരഖരൻനായരുടേതെന്ന് തിരിച്ചറിയുകയും ചെയ്തു. പേഴ്സും പണവും രാജശേഖരൻ നായർ ക്ക് തിരിച്ച്നൽകി എസ് ഐ പോലീസിന് മാതൃകയായി.

കളമശ്ശേരിയിലെ ദത്തു വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

കളമശ്ശേരിയിലെ ദത്തു വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

കൊച്ചി: എറണാകുളം കളമശ്ശേരിയിലെ അനധികൃത ദത്തു വിവാദത്തില്‍ കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം എറ്റെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് യഥാര്‍ത്ഥ മാതാപിതാക്കള്‍ അറിയിച്ചു.

തുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ എല്‍പ്പിക്കുന്നതില്‍ തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മാര്‍ച്ച് 13 ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യങ്ങള്‍ പരിശോധിച്ചായിരുന്നു കുട്ടിയുടെ സംരക്ഷണം ദമ്പതികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

രാജ്യത്ത് കോവിഡ് വ്യാപനം കുതിക്കുന്നു: 5000 കടന്ന് വൈറസ് ബാധിതര്‍; 20 ശതമാനം വര്‍ധന

രാജ്യത്ത് കോവിഡ് വ്യാപനം കുതിക്കുന്നു: 5000 കടന്ന് വൈറസ് ബാധിതര്‍; 20 ശതമാനം വര്‍ധന

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനമായി കുതിച്ചുയര്‍ന്നു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. 25,587 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച രാജ്യത്ത് 4435 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. ഒമൈക്രോണ്‍ ഉപവകഭേദമാണ് രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ അധികൃതര്‍ വിലയിരുത്തുന്നു. രാജ്യത്ത് കോവിഡ് രോഗബാധ കുതിച്ചുയരുന്നത് കണക്കിലെടുത്ത്, വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.