by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: ഇരട്ടകുട്ടികളാണ് നയന്‍താരയ്ക്കും, വിഘ്നേശ് ശിവനും. വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ താര ദമ്പതികള്‍ കുറ്റക്കാര്‍ അല്ലെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികള്‍ പകര്‍ത്താന്‍ അനുവദിച്ചിട്ടില്ല. ഉയിര്‍, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്നത് കുട്ടികള്‍ ജനിച്ചപ്പോള്‍ തന്നെ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ എന്നാണ് പുറത്തുവരുന്ന വിവരം.
അടുത്തിടെ മുംബൈ വിമാനതാവളത്തില്‍ എത്തിയ നയന്‍താരയെയും ഭര്‍ത്താവിനെയും പാപ്പരാസികള്‍ വളഞ്ഞിരുന്നു. എന്നാല്‍ രണ്ടുപേരും കൈയ്യില്‍ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയില്‍ ആരാധകരുടെ കമന്‍റുകള്‍ നിറയുകയാണ്. മികച്ച രക്ഷിതാക്കളാണ് നയന്‍സും, വിഘ്നേശും എന്നാണ് കമന്‍റുകളില്‍ പലതും പറയുന്നത്. ഒപ്പം തന്നെ പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പലരും വിമര്‍ശിക്കുന്നുണ്ട്. തന്‍റെ കുട്ടികളെ ചിറകിനുള്ളില്‍ ഒളിപ്പിക്കുന്ന അമ്മ കിളിയെപ്പോലെ എന്നും ചില കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് നയന്‍താരയെക്കുറിച്ച് ആരാധകരുടെതായി വരുന്നുണ്ട്.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ഡ്യൂട്ടിക്കിടെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. വൈക്കത്ത് നിന്ന് പാലായിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. അതേസമയം, അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
അഖിലയ്‌ക്കെതിരായ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാം. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ജനുവരി 11-ാം തീയതി അഖില നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവില്‍ മാനേജ്മെന്റ് പറഞ്ഞിരുന്നു.
നടപടി ഉത്തരവില്‍ പറഞ്ഞത് ഇങ്ങനെ: ‘11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30 കളക്ടറേറ്റ് സര്‍വീസ് പോയ കണ്ടക്ടര്‍ അഖില എസ് നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും എതിരെ പ്രതിഷേധിച്ച് ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേല്‍ക്കാരണങ്ങളാല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിടുന്നു.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗൺ, മെഡിക്കൽ കോളേജ്, അസിസ്റ്റൻറ് കമ്മീഷണർമാരും, റൂറൽ എസ്എസ്ബി ഡിവൈഎസ്പി എന്നിവർ എലത്തൂർ സ്റ്റേഷനിൽ എത്തിച്ചേർന്നിട്ടുണ്ട്. ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. കണ്ണൂരിലേക്കെത്തി അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രാക്കിൽ നിന്നും കണ്ടെത്തിയിരുന്നു.
പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്‌സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: തമിഴ് സിനിമയിലെ ദളപതിയാണ് നടന്‍ വിജയ്. സോഷ്യല്‍ മീഡിയയില്‍ എത്ര സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ട്വിറ്ററിലും വിജയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ട്. ഇത് അഡ്മിന്മാരാണ് നോക്കുന്നതെന്ന് പൊതുവേദിയില്‍ വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കില്‍ 78 ലക്ഷവും ട്വിറ്ററില്‍ 44 ലക്ഷവുമാണ് വിജയ്‍യുടെ ഫോളോവേഴ്സ്. ഇപ്പോഴിതാ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും വിജയ് തന്‍റെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. ഇന്‍സ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കില്‍ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ 7.5 ലക്ഷത്തോളം ഫോളോവേര്‍സാണ് വിജയ് നേടിയത്. ഇപ്പോൾ വരെ അദ്ദേഹത്തിന് 4.3 മില്ല്യൺ ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രൊമോഷന് വലിയ രീതിയില്‍ ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: ചെന്നൈ കലാക്ഷേത്രയിലെ രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ ലൈംഗികാരോപണത്തില്‍ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. നൃത്ത അധ്യാപകനായ ഹരിപത്മന്‍ ആണ് അറസ്റ്റിലായത്. കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം. കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക പീഡനം, സ്ത്രീകളുടെ അഭിമാനത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ ഇടപെടല്‍, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ഹരിപത്മനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം മാര്‍ച്ച് 31 നാണ് അധ്യാപകനെതിരെ അഡയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെന്നൈ നോര്‍ത്തില്‍ നിന്നാണ് അധ്യാപകന്‍ പിടിയിലായത്. കേസില്‍ തമിഴ്‌നാട് പൊലീസ് ഞായറാഴ്ച കേരളത്തിലെത്തി സാക്ഷികളായ കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. മറ്റു അധ്യാപകര്‍ക്കെതിരായ പരാതിയും പ്രത്യേക പൊലീസ് സംഘം അന്വേഷിച്ചു വരികയാണെന്ന് അഡയാര്‍ പൊലീസ് അറിയിച്ചു. അധ്യാപകരുടെ ശല്യത്തെത്തുടര്‍ന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തി പോകുകയായിരുന്നു.
by Midhun HP News | Apr 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കോഴിക്കോട് കഴിഞ്ഞ ദിവസം ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, സംഭവത്തെക്കുറിച്ച് എൻ ഐഎയും അന്വേഷിച്ചേക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടും. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30നുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ് പോകുന്നതെങ്കിലും ട്രെയിന്‍ ആക്രണത്തെക്കുറിച്ചുള്ള അന്വേഷണം ഡിജിപി വിലയിരുത്തുമെന്നാണ് സൂചന.
ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിന്‍റെ D1 കോച്ചില്‍ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ കയ്യില്‍ കരുതിയരുന്ന കുപ്പിയില്‍ നിന്നും പെടോള്‍ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു.രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ മൂന്നു പേര്‍ മരിച്ചു. 9 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെനില ഗുരുതരമാണ്. അക്രമിയുടേതെന്ന് കരുതുന്ന മൊബൈലും ഹിന്ദിയിലെഴുതിയ ചില ബുക്കുകളും കിട്ടിയിട്ടുണ്ട്. ആസൂത്രിതമായ ആക്രണമെന്ന് വ്യക്തമായിട്ടുണ്ട്. തീവ്രവാദ ബന്ധം ആക്രണമത്തിന് പിന്നിലുണ്ടെയന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയവും എന്‍ഐഎയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
Recent Comments