രാജമല നാളെ തുറക്കും; പ്രവേശനം രാവിലെ എട്ടു മുതല്‍

രാജമല നാളെ തുറക്കും; പ്രവേശനം രാവിലെ എട്ടു മുതല്‍

മൂന്നാര്‍: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. (www.eravikulamnationalpark.in) 2880 പേര്‍ക്കേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ.

അഞ്ചാം മൈല്‍ മുതല്‍ താര്‍ എന്‍ഡ് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം തഗ്ഗി കാറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. അഞ്ചുപേര്‍ക്ക് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ 7500 രൂപയാണ് നിരക്ക്. വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയ ഉദ്യാനം അടച്ചത്.

ധീരേതിഹാസം രചിച്ച ആറ്റിങ്ങൽ കലാപ നായകൻ കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി

ധീരേതിഹാസം രചിച്ച ആറ്റിങ്ങൽ കലാപ നായകൻ കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി

ഡൽഹി: ഭാരതത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1721-ൽ ആറ്റിങ്ങലിൽ പോരാട്ടം നയിച്ച ധീരദേശാഭിമാനി കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി. കേരളത്തിന് ഇത് അഭിമാന നിമിഷമായി മാറി.
കഴിഞ്ഞദിവസം ഡൽഹിയിലെ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാറിൽ നിന്ന് ഐസിഎച്ച്ആർ മെമ്പർ സെക്രട്ടറി പ്രൊഫ. ഉമേഷ് അശോക് കദം ചിത്രം ഏറ്റുവാങ്ങി.

കുടമൺ പിള്ളയുടെ ചിത്രം ആദ്യമായാണ് ഒരു ചിത്രകാരൻ വരച്ചിരിക്കുന്നത്. പ്രസിദ്ധ ചിത്രകാരനും തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ സുജിത്ത് ഭവാനന്ദനാണ് കുതിരപ്പുറമേറി വരുന്ന കുടമൺപിള്ളയുടെ ചിത്രം വരച്ചിരിക്കുന്നത്. ആറ്റിങ്ങൽ കലാപത്തിന്റെ ചരിത്രവും കുടമൺ പിള്ള എന്ന ധീരദേശാഭിമാനിയായ വീരനായകനെയും ജനശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം വരച്ചതെന്ന് സുജിത്ത് പറയുന്നു. ഇതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളോടൊപ്പം കുടമൺ പിള്ളയുടെ ചിത്രവും അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ ഇടം പിടിച്ചത്.

കുടമൺ പിള്ളയുടെ ചിത്രം ഐസിഎച്ച്ആറിൽ സ്ഥാപിക്കുമെന്ന് പ്രൊഫ. ഉമേഷ് അശോക് കദം അറിയിച്ചു. സംസ്‌കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പടപൊരുതി 143 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തി, ധീരേതിഹാസം രചിച്ച ആറ്റിങ്ങൽ കലാപത്തിന് നേതൃത്വം നൽകിയ കുടമൺ പിള്ളയെക്കുറിച്ച് നമ്മുടെ ചരിത്രപുസ്തകങ്ങളിൽ കാണാനാകില്ലെന്ന് ജെ. നന്ദകുമാർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവം, ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ട, തമസ്‌കരിക്കപ്പെട്ട നൂറുകണക്കിന് ധീര ദേശാഭിമാനികളെകുറിച്ച് പഠിക്കാൻ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ലളിതകലാ അക്കാദമി നടത്തിയ ചിത്ര കലാ ക്യാമ്പിൽ വെച്ച് വരച്ച ചിത്രം കേന്ദ്ര ലളിത കലാ അക്കാദമി അംഗീകരിച്ചിരുന്നു. തുടർന്ന് രാജാരവിവർമ്മയുടെ 174-ാമത് ജന്മ വാർഷികവുമായി ബന്ധപ്പെട്ട് 2022 മെയ് മാസത്തിൽ കിളിമാനൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി സംസ്‌കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രന് ചിത്രം കൈമാറി നാടിന് സമർപ്പിച്ചിരുന്നു. ഈ ചിത്രമാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈ മാറിയിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 3,095 പേർക്ക് വൈറസ് ബാധ

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 3,095 പേർക്ക് വൈറസ് ബാധ

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,095 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയർന്നു. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടി (4,47,15,786) ആയി രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 2.61% ആണ്. പ്രതിദിന പോസിറ്റിവിറ്റി 2.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 1.91 ശതമാനവുമാണ്. വീണ്ടെടുക്കൽ നിരക്ക് 98.78%. 24 മണിക്കൂറിനിടെ 1,390 പേർ രോഗമുക്തി നേടി. ഇന്നലെ 5 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. കേരളം 3, ഗോവ 1, ഗുജറാത്ത് 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതോടെ ആകെ മരണസംഖ്യ 5,30,867 ആയി ഉയർന്നു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി ഇതുവരെ 220.65 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.

ഐപിഎൽ ഇന്ന് മുതൽ; ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ചെന്നൈയെ നേരിടും

ഐപിഎൽ ഇന്ന് മുതൽ; ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ചെന്നൈയെ നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് മുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഗുജറാത്ത് ജയൻ്റ്സിൽ ഡേവിഡ് മില്ലർ ഈ കളി കളിക്കില്ല. അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ഏപ്രിൽ 28 വരെയും ടീമിലുണ്ടാവില്ല.

ഇരു താരങ്ങളും രാജ്യാന്തര മത്സരങ്ങളിൽ തിരക്കിലാണ്. കഴിഞ്ഞ സീസണിൽ അസ്ഥിരമായിക്കിടന്ന മൂന്നാം നമ്പറിലേക്ക് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കെയിൻ വില്ല്യംസൺ എത്തുന്നതാണ് ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ ഹൈലൈറ്റ്. ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ/സായ് സുദർശൻ, കെയിൻ വില്ല്യംസൺ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ/ശ്രീകർ ഭരത്/അഭിനവ് മനോഹർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നാവും ബാറ്റിംഗ് ഓപ്ഷനുകൾ. അൽസാരി ജോസഫ്, മുഹമ്മദ് ഷമി, ശിവം മവി/യാഷ് ദയാൽ/പ്രദീപ് സാങ്ങ്വാൻ എന്നിവരാവും സ്പെഷ്യലിസ്റ്റ് പേസർമാർ. ഹാർദികിൽ ഓൾറൗണ്ടർ ഓപ്ഷനുണ്ട്. മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാരിൽ ഒരാൾക്ക് പകരം ഓൾറൗണ്ടർ ഒഡീൻ സ്‌മിത്തിനെ ഉൾപ്പെടുത്തി ബാറ്റിംഗ് ശക്തമാക്കാനിടയുണ്ട്. റാഷിദും തെവാട്ടിയയും സ്പിൻ ചോയിസാണ്.

ഇംപാക്ട് പ്ലയർ നിയമം ഉള്ളതിനാൽ ഈ ഇക്വേഷനുകൾ മാറിമറിഞ്ഞേക്കാം. മില്ലർ തിരികെയെത്തുമ്പോൾ അഞ്ചാം നമ്പറിൽ മില്ലറെത്തും.ചെന്നൈ സൂപ്പർ കിംഗ്സിനെ പരിഗണിക്കുമ്പോൾ ശ്രീലങ്കൻ താരങ്ങളായ മഹീഷ് തീക്ഷണയും മതീഷ പതിരനയും ആദ്യ മൂന്ന് മത്സരങ്ങൾ കളിക്കില്ല. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ബെൻ സ്റ്റോക്സ് ടീമിലെത്തിയെന്നതാണ് ടീമിലെ ഹൈലൈറ്റ്. ടീം ബാലൻസ് മെച്ചപ്പെടുന്നതിനൊപ്പം ഭാവി ക്യാപ്റ്റൻ ചോയിസ് കൂടിയാണ് ബെൻ സ്റ്റോക്സിനെ ടീമിലെത്തിച്ചതുവഴി ചെന്നൈ സുരക്ഷിതമാക്കിയത്.

ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്ക്‌വാദ്, അമ്പാട്ടി റായുഡു/അജിങ്ക്യ രഹാനെ, മൊയീൻ അലി, ബെൻ സ്റ്റോക്സ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, എംഎസ് ധോണി, ഡ്വെയിൻ പ്രിട്ടോറിയസ്/സിസാൻഡ മഗാല, മിച്ചൽ സാൻ്റ്നർ എന്നിവരാണ് ബാറ്റിംഗ് ഓപ്ഷനുകൾ. ദീപക് ചഹാർ, സിമർജീത് സിംഗ് എന്നിവർ സ്പെഷ്യലിസ്റ്റ് പേസർമാരാവും. സാൻ്റ്നർ, ജഡേജ എന്നിവർ സ്പിൻ ബൗളിംഗ് ഓപ്ഷനാണ്.

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപ ഉയര്‍ന്ന് വില വീണ്ടും 44,000ല്‍ എത്തി. ഗ്രാം വില 30 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5500 രൂപ. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. റെക്കോര്‍ഡ് നിലയായ 44,240ല്‍ എത്തിയ ശേഷമാണ് പവന്‍ വില തിരിച്ചിറങ്ങിയത്.

അധ്യയന വർഷത്തിന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

അധ്യയന വർഷത്തിന് സമാപനം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും

തിരുവനന്തപുരം: അധ്യയന വര്‍ഷത്തിന് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. മധ്യവേനല്‍ അവധിക്കായി വൈകീട്ട് അഞ്ചുമണിക്കാണ് സ്‌കൂളുകള്‍ അടയ്ക്കുക. പരീക്ഷകള്‍ കഴിഞ്ഞാലും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വരാം. അധ്യാപകരും ഇന്ന് സ്‌കൂളിലെത്തണം. പരീക്ഷാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവെയ്ക്കാം. ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട അഞ്ചുകിലോ അരി വാങ്ങാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നു തന്നെ കൈപ്പറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. അവധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍ബന്ധിത പരിശീലന ക്ലാസ് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 ന് ആരംഭിക്കും. മെയ് രണ്ടിന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളുടെ ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ 26 വരെയാണ്. ടാബുലേഷന്‍ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. 4,19,554 പേരാണ് ഇത്തവണ കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ മെയ് 20 നകം പ്രഖ്യാപിക്കും.