തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ ഭാര്യമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്. ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. സ്‌കൂള്‍ അധ്യാപികയാണ് ഇവര്‍.

പിന്നീട് ഇയാള്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്. മുംതാസിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം. അലി അക്ബര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മുംതാസിന്റെയും അലി അക്ബറിന്റെയും നില ഗുരുതരമാണെന്നാണ് സൂചന.

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി കവലയൂർ നടത്തിയ സമരത്തിന് കർഷകകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സതീഷ്കൃഷ്ണൻ അധ്യക്ഷനായി. മണമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജീവ്, കർഷകകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് കിനാൽവിള, ഐഎൻറ്റിയുസി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ, കർഷകകോൺഗ്രസ് മണ്ഡലം ട്രഷറർ അനിൽ അനശ്വര, സവാദ്ഖാൻ, സുരേഷ്‌കുമാർ, ഒലീദ്, രാധാകൃഷ്ണൻ, നഹാസ്, നാസിമുദ്ധീൻ എന്നിവർ പങ്കെടുത്തു.

വർക്കല താലൂക്ക് അദാലത്ത്: ആലോചനായോഗം ചേർന്നു, വർക്കല എസ്.എൻ കോളേജ് അദാലത്ത് വേദിയാകും

വർക്കല താലൂക്ക് അദാലത്ത്: ആലോചനായോഗം ചേർന്നു, വർക്കല എസ്.എൻ കോളേജ് അദാലത്ത് വേദിയാകും

മന്ത്രിസഭ രണ്ടാംവാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ നടക്കുന്ന താലൂക്ക് തല അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വർക്കല താലൂക്കിൽ ആലോചനായോഗം ചേർന്നു. മെയ് 9ന് താലൂക്കിൽ നടക്കുന്ന അദാലത്തിന് വർക്കല എസ്.എൻ കോളേജ് വേദിയാകും. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ജയമോഹന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അദാലത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിക്കുന്നതിന് ധാരണയായി.

അടൂർ പ്രകാശ് എം.പി, എംഎൽഎമാരായ വി.ജോയി, ഒ.എസ് അംബിക, വർക്കല മുൻസിപ്പാലിറ്റി ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടുന്നതാണ് സ്വാഗതസംഘം. താലൂക്കിൽ ലഭിക്കുന്ന പരാതികളുടെ മോണിറ്ററിംഗ് ചുമതല തഹസിൽദാർക്കാണ്. ഏപ്രിൽ ഒന്നു മുതൽ 15 വരെയാണ് അദാലത്തുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അപേക്ഷ സ്വീകരിക്കും. നിലവിൽ 25 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.

വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികളും വർക്കല താലൂക്കിലെ തഹസിൽദാർമാരായ സജി.എസ്.എസ്, വിനോദ് കുമാർ. ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു; മാതൃസഹോദരന്‍ പിടിയില്‍

ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു; മാതൃസഹോദരന്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ മുപ്ലിയത്ത് ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥിത്തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥിത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കുട്ടിക്ക് വെട്ടേല്‍ക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. അസം സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസമാണ് മുപ്ലിയത്ത് സഹോദരിയുടെ വീട്ടിലെത്തിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. ആക്രമണം നടത്തിയ കുട്ടിയുടെ അമ്മാവനെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിലെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു.

മോദി പരാമര്‍ശം: രാഹുലിന് വീണ്ടും നോട്ടീസ്

മോദി പരാമര്‍ശം: രാഹുലിന് വീണ്ടും നോട്ടീസ്

ഡല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും കോടതി നോട്ടീസ്. പട്‌ന കോടതിയാണ് രാഹുലിന് നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 12 ന് നേരിട്ടു ഹാജരായി മൊഴി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി 2019 ല്‍ നല്‍കിയ പരാതിയിലാണ് പട്‌ന കോടതി ഇപ്പോള്‍ രാഹുലിന് നോട്ടീസ് നല്‍കിയത്. കേസില്‍ സുശീല്‍മോദിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുശീല്‍മോദി ഇതുമായി ബന്ധപ്പെട്ട തെളിവുകളും നല്‍കിയിട്ടുണ്ട്.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പ്രചാരണ തിരക്ക് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി നേരിട്ടു ഹാജരാകാന്‍ കൂടുതല്‍ സാവകാശം തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സോലാര്‍ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനെതിരെ ബിജെപി രാഹുല്‍ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി പരാതി നല്‍കിയിരുന്നു.
മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാഹുലിന്റെ എംപി സ്ഥാനത്തിന് ലോക്‌സഭ സെക്രട്ടേറിയറ്റ് അയോഗ്യത പ്രഖ്യാപിച്ചു. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഉടന്‍ തന്നെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന.

തിരുവനന്തപുരത്ത് സിപിഎം കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

തിരുവനന്തപുരത്ത് സിപിഎം കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ റിനോയി ടിപി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുട്ടട വാര്‍ഡ് കൗണ്‍സിലറായിരുന്നു. റിനോയിയുടെ മരണത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. റിനോയിയുടെ പെട്ടെന്നുള്ള വിയോഗം വേദനാജനകമാണ്. ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ ജി. ഗണേഷ്‌കുമാറാണ് മരിച്ചത്. പുന്നലത്തുപടിയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഗണേഷ്‌കുമാറിനെ കണ്ടെത്തിയത്. ആത്മഹത്യാ എന്നാണ് പ്രാഥമിക നിഗമനം. ഗണേഷിന്റേതെന്ന് കരുതുന്ന ജീവിതം മടുത്തു എന്ന് കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.