by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല ഹെലിപ്പാട് നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ഹിൽ വ്യൂ റിസോർട്ടിലെ യോഗ സെന്ററിൽ ആണ് ഇന്ന് രാവിലെ 8.45 ഓടെ തീപിടുത്തം ഉണ്ടായത്. വിദേശികൾ ഉൾപ്പെടെ നിരവധിപേർ ഈ സമയം യോഗ ചെയ്യാനായി ഇവിടെ ഉണ്ടായിരുന്നു. തീ പടർന്ന് പിടിക്കുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞു വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.

ഷീറ്റ് മേഞ്ഞ യോഗ ഹാളിന് താഴെയായി അലങ്കാര തുണികൾ കൊണ്ട് മോടിപിടിപ്പിച്ചിരുന്നു. യോഗഹാളിനോട് ചേർന്നുള്ള റൂമിലെ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തകാരണമായി പറയുന്നത്. ഫാനിന്റെ സ്വിച്ച് ഇടുന്ന സമയം ഫാനിലെ ഇലക്ട്രിക് കേബിളിൽ നിന്നും സ്പാർക്ക് ഉണ്ടാവുകയും അലങ്കാര തുണികളിലേക്ക് തീ പടരുകയും ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് നല്ല മഴ ഉണ്ടായിരുന്നു. ഇതുമൂലം കേബിളിലേയ്ക്ക് വെള്ളം ഇറങ്ങിയതാവാം ഷോർട്ട്സർക്യൂട്ട് ഉണ്ടാവാൻ കാരണമായത് എന്നാണ് നിഗമനം. ഒരു ലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് ഫയർഫോഴ്‌സ് അധികൃതർ നൽകുന്ന വിവരം.

അശാസ്ത്രീയമായ ഇലക്ട്രിക് സംവിധാനമാണ് ഇതുപോലുള്ള മിക്ക റിസോർട്ടുളിലും യോഗ സെന്ററുകളിലും ഉള്ളത് . തീപിടുത്തം ഉണ്ടാവാൻ ഇത് ഒരു കാരണമായി പല ഘട്ടങ്ങളിലും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുള്ളതും ആണ്. എന്നാൽ ഇക്കാര്യത്തിൽ നാളിതുവരെ വേണ്ട ശ്രദ്ധ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.
ഇടുങ്ങിയ ഇടറോഡുകൾ ഒരുപാടുള്ള നോർത്ത് ക്ലിഫ് മേഖലയിൽ തീപിടുത്തം ഉണ്ടായാൽ ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് എത്തിച്ചേരാനുള്ള വഴികൾ ഇല്ല എന്നുള്ളതും വലിയൊരു വെല്ലുവിളി ആയി നാട്ടുകാർ ചുണ്ടിക്കാട്ടിയിട്ടുള്ളതാണ്. പരിഹാരമെന്നോണം ഫയർ ഹൈഡ്രന്റ് സംവിധാനം ഉൾപ്പെടെയുള്ളവ പ്രദേശത്ത് സ്ഥാപിക്കണം എന്നുള്ള ഫയർ ഫോഴ്‌സിന്റെ നിർദേശവും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. യോഗ ഹാളിനോട് ചേർന്ന് വലിയൊരു കൂമ്പാരം തന്നെയുണ്ട്. ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെ തള്ളിയിട്ടുണ്ട്. ഇതിലേക്കും തീ പടരാനുള്ള സാഹചര്യം ഉണ്ടായിരുന്നു
by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1,805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവില്‍ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യം ജാഗ്രതയിലാണ്.
പരിശോധനകൾ അടക്കം കൂട്ടി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്ര സർക്കാർ തീരുമാനം. സംസ്ഥാനങ്ങളോട് ഏപ്രിൽ പത്തിനും പതിനൊന്നിനുമായി മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി തയാറാക്കിയ നിർദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. എല്ലാ ജില്ലകളിലെയും സർക്കാർ– സ്വകാര്യ ആശുപത്രികൾ മോക്ഡ്രില്ലിൽ പങ്കെടുക്കണമെന്നാണം നിർദേശം. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ ആശുപത്രികൾ സജ്ജമാണോ എന്ന് വിലയിരുത്താനാണിത്.

അതേസമയം രാജ്യത്ത് കേസുകൾ കൂടാൻ കാരണം ഒമിക്രോണിന്‍റെ പതിപ്പാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുവരെ കണ്ടെത്തിയ പതിപ്പുകൾക്ക് വാക്സീൻ ഫലപ്രദമെന്നും മന്ത്രി അറിയിച്ചു.

by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട് ആലന്തറ യിൽ ലോറി കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു
പുലർച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോൾ പമ്പിന് സമീപമാണ് അപകടം. തമിഴ്നാട്ടിൽ നിന്ന് പന്തളത്തേക്ക് പോവുകയായിരുന്ന നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാർ (43) ആണ് മരിച്ചത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ പന്തളത്ത് ജോലിക്ക് സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ദിവസം രാത്രിയാണ് നാഗർകോവിലിൽ നിന്നും തിരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ വെഞ്ഞാറമൂട് ആലന്തറ പെട്രോൾ പമ്പിന് സമീപമുള്ള ചായക്കടയിൽ നിന്നും ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിലേക്ക് പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരികയായിരുന്ന ഒരു കാർ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറിയുടെ ടയർ കയറി ഇറങ്ങുകയും ചെയ്തു. സംഭവ സ്ഥലത്ത് വച്ചുതന്നെ കൃഷ്ണകുമാർ മരിച്ചു.
മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: പൈങ്കുനി ഉത്രം മഹോത്സവ പൂജകള്‍ക്കായി ശബരിമലയില്‍ ഇന്ന് കൊടിയേറും. രാവിലെ 9.45 നും 10.45 നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്നു. ഇതിനു ശേഷമാണ് അയ്യപ്പന്മാരെ പതിനെട്ടാം പടി കയറാന്‍ അനുവദിച്ചത്.
രണ്ടാം ഉത്സവ ദിവസമായ 28 മുതൽ ഉത്സവം ആരംഭിക്കും. ഏപ്രിൽ 4ന് പള്ളിവേട്ട. ഏപ്രിൽ 5 ന് പമ്പാനദിയിൽ തിരു ആറാട്ട് നടക്കും. തുടര്‍ന്ന് ഹരിവരാസനം പാടി രാത്രി 10 മണിക്ക് നട അടക്കും. വെർച്വൽ ക്യൂവിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഞായറാഴ്ച രാവിലെ മുതൽ നിലയ്ക്കലിലും, പമ്പയിലും തുടങ്ങി. മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ ദേവസ്വംബോർഡിന്റെ അന്നദാനം മൂന്നുനേരം വീതം എല്ലാദിവസവും ഉണ്ടാകും.


by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം നാളെ തുടങ്ങും. ക്ലാസുകൾ തുടങ്ങുന്നതിനു മുൻപുതന്നെ സ്‌കൂളുകളിൽ പുസ്തകവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒന്നാം പാർട്ട് പാഠപുസ്തകങ്ങളാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമാണ്.
നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. 288 റ്റൈറ്റിലുകളിലായി 2.81 കോടി ഒന്നാം വോളിയം പാഠപുസ്തകങ്ങളാണ് വിവിധ ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. പുസ്തകങ്ങൾ മധ്യവേനലവധിക്കാലത്ത് തന്നെ സ്കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. പാഠപുസ്തകങ്ങൾ തരംതിരിച്ച് വിതരണത്തിനു തയ്യാറാക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്.

by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം. ഇന്നസെന്റിന്റെ സംസ്‌കാരം നാളെ ഇരിങ്ങാലക്കുടയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. പൊതു ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

തുടര്‍ന്ന് ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിക്കുന്ന മൃതദേഹം, ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണി വരെയാണ് ടൗണ്‍ ഹാളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി വെക്കുക. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്റിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

Recent Comments