രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍; സ്റ്റേ ഇല്ലെങ്കില്‍ എംപി സ്ഥാനം റദ്ദാവും

രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍; സ്റ്റേ ഇല്ലെങ്കില്‍ എംപി സ്ഥാനം റദ്ദാവും

ഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിക്കു സ്‌റ്റേ വന്നില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും.

രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്കു തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിനു ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അയോഗ്യതയും വരും. മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനു കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.

വിധി പറയുന്നതിനു മുമ്പായി രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് താക്കൂര്‍, അമിത, ചാവ്ഡ, അര്‍ജുന്‍ മോദ്‌വാഡിയ എന്നിവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വെര്‍മ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. 2021 ഒക്ടോബറില്‍ കോടതിയില്‍ ഹാജരായ രാഹുല്‍, പ്രസ്താവനയില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

കൊടും വേനലില്‍ കിളികള്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂള്‍

കൊടും വേനലില്‍ കിളികള്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂള്‍

ആറ്റിങ്ങൽ: കൊടും വേനലില്‍ കിളികള്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി വൃക്ഷച്ചില്ലയില്‍ തൂക്കി ആറ്റിങ്ങല്‍ ഡയറ്റ്‌. കൂടാതെ വേനല്‍ച്ചൂടില്‍ വലയുന്നവര്‍ക്ക് ദാഹനീരൊരുക്കി ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ കുടിവെള്ളം തയ്യാറാക്കിയിട്ടുണ്ട്.

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം മാർച്ച് 22 മുതൽ 27 വരെ

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം മാർച്ച് 22 മുതൽ 27 വരെ

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം മാർച്ച് 22 മുതൽ 27 വരെ ആറ്റിങ്ങലിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം, വിളംബരജാഥ, പതാക ദിനം, ക്രിക്കറ്റ്‌ ടൂർണമെന്റ്, അനാഥാലയ സന്ദർശനം , പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ സംഗമം എന്നിങ്ങനെ ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മാർച്ച്‌ 27ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ
(കലാപ സ്മാരക ഹാൾ)പ്രതിനിധി സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോയുടെ പ്രകാശനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു നിർവഹിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം പ്രദീപ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി ആനന്ദ്, ആദിത്യ ശങ്കർ, ബേഷ്മ എന്നിവർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് വിജയ് വിമൽ അധ്യക്ഷനായിരുന്നു.

ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ

ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ

ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു. ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമല്ല.ട്വിറ്ററിൽ നിരവധി പേരാണ് ഗൂഗിൾ പണിമുടക്കിയതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജസ്ഥാനില്‍ സിപി ജോഷി; നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍

രാജസ്ഥാനില്‍ സിപി ജോഷി; നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍

ഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാനിലും, ഡല്‍ഹി, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ സിപി ജോഷിയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ഡല്‍ഹിയില്‍ വീരേന്ദ്ര സച്ച്‌ദേവ, ഒഡീഷയില്‍ മന്‍മോഹന്‍ സമല്‍, ബിഹാറില്‍ സമ്രാട്ട് ചൗധരി എന്നിവരാണ് പുതിയ അധ്യക്ഷന്മാര്‍. ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്.

ഒഡീഷയില്‍ നിലവിലെ പ്രസിഡന്റ് സമീര്‍ മൊഹന്തിയെ മാറ്റിയാണ് മുതിര്‍ന്ന നേതാവായ മന്‍മോഹന്‍ സമലിനെ പ്രസിഡന്റാക്കിയത്. രാജസ്ഥാനില്‍ സംസ്ഥാന അധ്യക്ഷനായ സിപി ജോഷി നിലവില്‍ ചിറ്റോര്‍ഗഡില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ഡല്‍ഹി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വീരേന്ദ്ര സച്ച്‌ദേവ.

നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററിലാണ് അദ്ദേഹമിപ്പോഴുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.