സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 തൊട്ടു. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,000ല്‍ എത്തിയത്. കഴിഞ്ഞദിവസം 640 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ 480 രൂപയാണ് തിരിച്ചുകയറിയത്. തുടര്‍ന്ന് ഇന്നും വില ഉയര്‍ന്നതോടെയാണ് വീണ്ടും 44,000 തൊട്ടത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് 44,000 കടന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിട്ടു. എട്ടുദിവസത്തിനിടെ 3500 രൂപ വര്‍ധിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് വില 44,000ല്‍ താഴെയെത്തിയത്.

28,044 കിലോമീറ്റര്‍ വേഗം; ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക, ആകാംക്ഷയോടെ ശാസ്ത്രലോകം

28,044 കിലോമീറ്റര്‍ വേഗം; ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായ ഉല്‍ക്ക, ആകാംക്ഷയോടെ ശാസ്ത്രലോകം

വാഷിങ്ടണ്‍: ശനിയാഴ്ച ഭൂമിക്ക് അരികിലൂടെ ഭീമാകാരമായ ഉല്‍ക്ക കടന്നുപോകും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ പകുതി വ്യത്യാസത്തിലാണ് ഉല്‍ക്ക കടന്നുപോകുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2023 ഡിഇസഡ് ടു എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്ക, ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാണ് ഭൂമിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഇത് കടന്നുപോകുമെന്ന് എര്‍ത്ത്‌സ്‌കൈ എന്ന ശാസ്ത്രഗവേഷണ സ്ഥാപനം അറിയിച്ചു.

മണിക്കൂറില്‍ 28,044 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. ഫെബ്രുവരിയിലാണ് ഉല്‍ക്ക ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.21നാണ് ഉല്‍ക്ക ഭൂമിക്ക് അരികിലൂടെ കടന്നുപോകുക. ഭൂമിയില്‍ നിന്ന്് ഒരുലക്ഷത്തില്‍പ്പരം മൈലുകള്‍ക്ക് അപ്പുറത്തുകൂടിയാണ് ഉല്‍ക്ക കടന്നുപോകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രി പരിപാടികളിൽ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ആശുപത്രി പരിപാടികളിൽ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികള്‍ നടത്തുമ്പോള്‍ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗീ സൗഹൃദമായിരിക്കണം. രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികള്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ആശുപത്രികളിലെ പൊതു അന്തരീക്ഷം രോഗി സൗഹൃമായി നിലനിര്‍ത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതില്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍ക്കും, ഗര്‍ഭിണികള്‍ക്കും, നവജാത ശിശുകള്‍ക്കും പ്രയാസമുണ്ടാക്കും എന്നതുകൊണ്ട് ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ബാന്റ് മേളം, വാദ്യഘോഷങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ ഒഴിവാക്കേണ്ടതാണ്.

കോവിഡ് വ്യാപനം; അഞ്ചു തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡ് വ്യാപനം; അഞ്ചു തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ അഞ്ചുതലത്തിലുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്. പരിശോധന, നിരീക്ഷണം, ചികിത്സ, വാക്‌സിനേഷന്‍, കോവിഡ് പ്രതിരോധ നടപടികള്‍ പിന്തുടരുക ( ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷന്‍, കോവിഡ് അപ്രോപ്രിയേറ്റ് ബിഹേവിയര്‍) എന്നിവയാണ് നിര്‍ദേശങ്ങള്‍. കോവിഡ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളില്‍ ഉടന്‍ തന്നെ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരേണ്ടതുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മരുന്നുകളും മറ്റ് സാമഗ്രികളും ആശുപത്രികളില്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സയ്ക്ക് ആവശ്യമായ ബെഡ്ഡുകളും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം രാജ്യത്ത് പുതുതായി 1300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് ആയിരത്തിന് മുകളില്‍ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. 140 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 1.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കായംകുളം നഗരസഭയിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി

കായംകുളം നഗരസഭയിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി

കൊല്ലം: കായംകുളം നഗരസഭയിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. കഴിഞ്ഞദിവസം ബഡ്ജറ്റിനോട് അനുബന്ധിച്ച വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ. നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയൂണിന് ഒപ്പം നൽകിയ മീൻകറിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നു സംശയം. സംഭവത്തെ തുടർന്ന് ന​ഗരസഭയിൽ പകുതിയിലധികം ജീവനക്കാർ എത്തിയിട്ടില്ല, അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍; സ്റ്റേ ഇല്ലെങ്കില്‍ എംപി സ്ഥാനം റദ്ദാവും

രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍; സ്റ്റേ ഇല്ലെങ്കില്‍ എംപി സ്ഥാനം റദ്ദാവും

ഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അയോഗ്യതാ ഭീഷണിയില്‍. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധിക്കു സ്‌റ്റേ വന്നില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും.

രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്കു തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിനു ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അയോഗ്യതയും വരും. മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനു കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.

വിധി പറയുന്നതിനു മുമ്പായി രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് താക്കൂര്‍, അമിത, ചാവ്ഡ, അര്‍ജുന്‍ മോദ്‌വാഡിയ എന്നിവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വെര്‍മ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. 2021 ഒക്ടോബറില്‍ കോടതിയില്‍ ഹാജരായ രാഹുല്‍, പ്രസ്താവനയില്‍ കുറ്റബോധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.