by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
പാലക്കാട്: കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഹൈസ്പീഡ് റെയില്‍വെയുടെ പണികള്‍ മൂന്ന് മാസം കൊണ്ടുതുടങ്ങാനാകുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. താന്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം പറയുന്നതല്ല, മറ്റ് മുന്നണികള്‍ വന്നാല്‍ സാങ്കേതിക കാര്യങ്ങളില്‍ കുരുങ്ങി പദ്ധതി നീണ്ടുപോകാന്‍ ഇടയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. മറ്റു പാര്‍ട്ടിക്കാര്‍ ബന്ധപ്പെട്ടിട്ടില്ല. റെയില്‍വേ മന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് വിശദ പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കുന്നതിലേക്കു കടന്നതെന്നും ശ്രീധരന്‍ പറഞ്ഞു
പുതിയ ഡിസൈന്‍ അനുസരിച്ച് നിര്‍മ്മാണച്ചെലവും പദ്ധതി പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയവും ഗണ്യമായി കുറയ്ക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. പരിഷ്‌കരിച്ച പദ്ധതിയനുസരിച്ച്, തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്താന്‍ മൂന്നുമണിക്കൂര്‍ 20 മിനിറ്റ് മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 80,000 കോടി രൂപയായിരുന്ന പദ്ധതിച്ചെലവ് പരിഷ്‌കരിച്ച എസ്റ്റിമേറ്റ് പ്രകാരം 56,500 കോടി രൂപയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
465 കി.മീ. ദൂരത്തിലാണ് പാത. 445 കിലോമീറ്റര്‍ ആകാശപ്പാത, 20 കിലോമീറ്റര്‍ തുരങ്കപ്പാത. 20-30 കി.മീ. ഇടവിട്ട് ആകെ 20 സ്റ്റേഷനുകള്‍. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് ബന്ധം. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രത്യേക കണക്ടിവിറ്റി. തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 780 രൂപ.
മണിക്കൂറില്‍ 200 കി.മീ. വേഗത്തില്‍ പോകാനാകും. 180 കി.മീ. വേഗത്തില്‍ വണ്ടികള്‍ ഓടും. വേഗനിയന്ത്രണങ്ങള്‍ കണക്കാക്കിയാലും ശരാശരി മണിക്കൂറില്‍ 140 കി.മീ. വേഗത്തില്‍ വണ്ടി ലക്ഷ്യത്തിലെത്തും. 560 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന, എട്ടു കോച്ചുള്ള വണ്ടികളാണ് ഓടിക്കുക. എല്ലാ കോച്ചുകളും പ്രീമിയം ക്ലാസ്. തിരക്കുള്ള സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടും മറ്റു സമയങ്ങളില്‍ ഒരുമണിക്കൂര്‍ ഇടവിട്ടും വണ്ടി ഓടിക്കും.
അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ഹൈസ്പീഡ് റെയില്‍വേ പ്രവര്‍ത്തിക്കുക സൗരോര്‍ജത്തില്‍. ഇതിനുവേണ്ട ചെലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൂണുകളില്‍ പാത പോകുന്നിടങ്ങളില്‍ 20 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്താല്‍ മതി. പണി പൂര്‍ത്തിയായാല്‍ ഏറ്റെടുത്ത സ്ഥലങ്ങള്‍ നിയന്ത്രണങ്ങളോടെ ഉടമകള്‍ക്ക് തിരികെ കൊടുക്കും.
കേന്ദ്രസര്‍ക്കാരിന് 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും പങ്കാളിത്തത്തില്‍ രൂപവത്കരിക്കുന്ന കേരള ഹൈസ്പീഡ് റെയില്‍വേ കോര്‍പ്പറേഷന്‍ ആയിരിക്കും പദ്ധതി നടത്തുന്നത്. കൊങ്കണ്‍ മാതൃകയില്‍ 70 ശതമാനം തുക സര്‍ക്കാരുകള്‍ വഹിക്കും. ബാക്കി വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും എടുക്കും. കേന്ദ്രസര്‍ക്കാരിന് ആകെ 20,171 കോടിയും കേരള സര്‍ക്കാരിന് 19,380 കോടിയുമായിരിക്കും ചെലവ്.
20 സ്റ്റേഷനുകള്‍
തിരുവനന്തപുരം
തിരുവനന്തപുരം എയര്‍പോര്‍ട്ട്
വര്‍ക്കല
കൊല്ലം
കൊട്ടാരക്കര
പത്തനംതിട്ട
തിരുവല്ല
കോട്ടയം
വൈക്കം
എറണാകുളം ബൈപ്പാസ്
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്
തശ്ശൂര്‍
പട്ടാമ്പി
മലപ്പുറം
കരിപ്പൂര്‍ എയര്‍പോര്‍ട്ട്
കോഴിക്കോട്
കൊയിലാണ്ടി
വടകര
തലശ്ശേരി
കണ്ണൂര്‍
രണ്ടാംഘട്ടത്തില്‍ ഏഴിടത്തേക്ക് പദ്ധതി നിട്ടാനാകുമെന്നും ഇതിനായി 35,000 കോടി രൂപ ചെലവ് വരുമെന്നും ശ്രീധരന്‍ പറഞ്ഞു.
കണ്ണൂര്‍-കാസര്‍കോട്: 82 കിലോമീറ്റര്‍. 36 മിനിറ്റ്
കോഴിക്കോട്-കല്‍പ്പറ്റ: 48 കി.മീ. 30 മിനിറ്റ്
പട്ടാമ്പി-പാലക്കാട്: 50 കി.മീ. 22 മിനിറ്റ്
തൃശ്ശൂര്‍-പാലക്കാട്: 52 കി.മീ. 23 മിനിറ്റ്
തൃശ്ശൂര്‍-ഗുരുവായൂര്‍: 22 കി.മീ. 10 മിനിറ്റ്
പത്തനംതിട്ട-പമ്പ: 40 കി.മീ. 20 മിനിറ്റ്
തിരുവനന്തപുരം-പാറശ്ശാല: 29 കി.മീ. 13 മിനിറ്റ്


by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. 1,18,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഇന്നലെ പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കുങ്ങള്‍ പുരോഗമിക്കവെ, മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സംസ്ഥാനത്ത് എത്തുക. മാര്‍ച്ച് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ ഏപ്രില്‍ പകുതിയോടെ ആകും നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ട് ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന് ആയിരുന്നു നടന്നത്. ഒറ്റഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നത് മെയ് രണ്ടിനും നടന്നു. അതുപോലെ പോലെ തന്നെ ഒറ്റഘട്ടം ആയിട്ടായിരിക്കും സംസ്ഥാനത്ത് ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
ഏപ്രില്‍ രണ്ടാംവരത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തിയ പശ്ചാത്തലത്തില്‍ അത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നു വന്നെങ്കിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതി എന്ന തീരുമാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്ളത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആറിന് കേരളം സന്ദര്‍ശിക്കും. മോദിയുടെ സന്ദര്‍ശനത്തില്‍ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കുമെന്നാണ് വിവരം. സാമുദായിക നേതാക്കളുമായും മോദി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് റെയില്‍വേയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഏതായാലും മോദിയുടെ സന്ദര്‍ശനത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഉണ്ടാകുകയെന്നാണ്‌പൊതുവെയുള്ള വിലയിരുത്തല്‍.


by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുക. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലര്‍ക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു ജിജിന്‍. കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയിൽ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് കാറിന് പിന്നില്‍ ജിജിന്‍ ഓടിച്ച ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ജിജിന് ഗുരുതരമായി പരുക്കേറ്റു.
തുടർന്ന് ജിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചത്. ഒരു വൃക്കയും നേത്രപടലങ്ങളും നല്‍കാനുള്ള സ്വീകര്‍ത്താക്കളെ നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതസഞ്ജീവനി വഴി മറ്റ് അവയവങ്ങളും നല്‍ക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ചു വരികയാണ്.


by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം ത്തോടനുബന്ധിച്ച് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ദര്‍ശന നിയന്ത്രണം ഉണ്ടാ കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ പകല്‍ 11.30 വരെയാകും നിയന്ത്രണം. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല.
ഈ വര്‍ഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറി മാര്‍ച്ച് ഒന്‍പതിന് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും. 27ന് വെള്ളിയാഴ്ച രാവിലെ സഹസ്രകലശാഭിഷേകം, തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം എന്നിവയോടെ സമാപിക്കും. മാര്‍ച്ച് മൂന്നിന് ചന്ദ്രഗ്രഹണമായതിനാല്‍ വൈകീട്ട് ആറ് മണിക്കും ക്ഷേത്ര നട അയടക്കുന്നതും 7.15ന് നടതുറന്ന് ക്ഷേത്രത്തിലെ ചടങ്ങുകുള്‍ ക്രമപ്രകാരം നടക്കുന്നതുമാണ്. അന്നേദിവസം അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവല്‍ എന്നി വഴിപാടുകള്‍ ശീട്ടാക്കുന്നതില്ല.


by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കും.
ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപയും നല്‍കി. എന്നാല്‍ 2011-16 കാലയളവിലെ യുഡിഎഫ് സര്‍ക്കാര്‍ വെറും 9,011 കോടി രൂപ മാത്രമാണ് നല്‍കിയിരുന്നത്.
യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ ഘട്ടംഘട്ടമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 2,000 രൂപയായി ഉയര്‍ത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.


Recent Comments