കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ (14-03-2023) മുതൽ 16-03-2023 വരെ 1.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ബ്രഹ്മപുരം തീപിടിത്തം; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കില്ല: വിദ്യാഭ്യാസ മന്ത്രി

ബ്രഹ്മപുരം തീപിടിത്തം; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കില്ല: വിദ്യാഭ്യാസ മന്ത്രി

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇതുവരെ വിദ്യാർഥികൾക്ക് പരാതിയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. പരീക്ഷയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ തന്നെ വിദ്യാർഥികളോട് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ആരും പരാതിയൊന്നും പറഞ്ഞില്ലെന്നും മന്ത്രി വിശദീകരിച്ചു. പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ജില്ല കലക്ടറുമായി വിശദമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന ബോർഡ് നടത്തുന്ന പരീക്ഷ മാറ്റിവെക്കാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി.

ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാളെ മുതലാണ് പരീക്ഷ തുടങ്ങുന്നത്. അതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തീരുമാനമെടുക്കാൻ ജില്ലാ കലക്ടർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അമിത് ഷാ ഇന്ന് കേരളത്തിൽ

അമിത് ഷാ ഇന്ന് കേരളത്തിൽ

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരെത്തും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നോടിയായിട്ടാണ് സന്ദർശനം. ഉച്ചയ്‌ക്ക് നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30 ഓടെ ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തും. രണ്ട് മണിയ്ക്ക് ശക്തൻ തമ്പുരാൻ സമാധി സ്ഥലത്ത് പുഷ്‌പാർച്ചന നടത്തും. മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലം
യോ​ഗത്തിൽ അദ്ദേഹം പങ്കെടുക്കും. വരുന്ന തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് മാർ​ഗരേഖ നേതാക്കന്മാരുമായി ചർച്ച ചെയ്യും. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 4.30ന് നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ പൊതുയോഗത്തിൽ പ്രസംഗിക്കും.

ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ടി രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. പാർട്ടിപദവി അനുസരിച്ച് ഏറെപ്പേരെ മറികടന്നാണ് സുരേഷ് ഗോപി വേദിയിലെത്തുന്നത്. പ്രസം​ഗിക്കാൻ അനുവദിച്ചാൽ ഒരുപക്ഷേ വരുന്ന തെരഞ്ഞെടുപ്പിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാകുമിത് എന്നാണ് സൂചന.

വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌: പാലക്കാട്‌ നെല്ലിയാമ്പതിയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലയമ്പാറ സ്വദേശിനി നന്ദന (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫോൺ നോക്കുന്നതിന് വീട്ടുകാർ വഴക്കു പറഞ്ഞതാണ് കാരണമെന്ന് പൊലീസ് അറിയിക്കുന്നത്. നെന്മാറ ജിബിഎച്ച് എസ്എസി-ൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ് നന്ദന.

ടൈംടേബിളില്‍ മാറ്റം; ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ നാളെ മുതല്‍

ടൈംടേബിളില്‍ മാറ്റം; ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം ടൈംടേബിള്‍ പുനഃ ക്രമീകരിച്ചിരുന്നു.

പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.15നാണ് പരീക്ഷകള്‍ നടക്കുക. ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളില്‍ മാറ്റം വരുത്തിയത്. പുതുക്കിയ ടൈംടേബിള്‍ https://education.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

30 വരെ പരീക്ഷ നീളും. അപ്രതീക്ഷിത അവധിയെ തുടര്‍ന്ന് പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് 31ന് നടത്തും.

കായിക്കര ആശാൻ സ്മാരകത്തിൽ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

കായിക്കര ആശാൻ സ്മാരകത്തിൽ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

മഹാകവി കുമാരനാശാന്റെ ശതോത്തര കനകജൂബിലിജന്മവാർഷികാഘോത്തോടനുബന്ധിച്ച് അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 മുതൽ മേയ് 4 വരെ വിവിധ സാംസ്കാരിക സാഹിത്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഏപ്രിൽ 28, 29, 30 തീയതികളിൽ സ്കൂൾ കോളേജ് – വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

സാഹിത്യ പ്രശ്നോത്തരി (ക്വിസ്) ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്കായിരിക്കും. ഒരു ടീമിൽ 2 പേർ.

സാഹിത്യ സംവാദം (ഡിബേറ്റ്) കോളേജ് വിഭാഗത്തിനാണ്. ഒരു ടീമിൽ
2 പേർ. പ്രശ്നോത്തരി, സംവാദ മത്സരങ്ങൾക്ക് ഒന്നും രണ്ടും സമ്മാനങ്ങളായി യഥാക്രമം 6000 രൂപ യും 3000 രൂപയും സർട്ടിഫിക്കറ്റുകളും മറ്റു മത്സരങ്ങൾക്ക് 3000 രൂപയും 2000 രൂപയും സർട്ടിഫിക്കറ്റുകളും നിശ്ചയിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 9048644065, 9446284136