ബം​ഗളൂരു-മൈസൂരു അതിവേഗ പാത ഇന്ന് നാടിന് സമർപ്പിക്കും

ബം​ഗളൂരു-മൈസൂരു അതിവേഗ പാത ഇന്ന് നാടിന് സമർപ്പിക്കും

ബാംഗ്ലൂർ: ബാംഗ്ലൂർ – മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇതോടെ ബാംഗ്ലൂറിൽ നിന്നു മൈസൂരുവിലേക്ക് വെറും 75 മിനിറ്റിൽ യാത്ര ചെയ്യാം. ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാലഗെരെയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പത്ത് വരി പാത നിർമിച്ചിരിക്കുന്നത്. പ്രധാന ഗതാഗതത്തിനായി ഇരുവശത്തേക്കും ആറു വരി പാതയും വശങ്ങളിൽ രണ്ട് വരി വീതം സർവീസ് റോഡും ഉൾപ്പട്ടതാണ് പാത. നിലവിൽ ബംഗളൂരുവിൽ നിന്നും മൈസൂരു വരെ മൂന്ന് മണിക്കൂറാണ് യാത്ര. പുതിയ പാത വരുന്നതോടെ ബംഗളൂരുവിൽ നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ വരെ കുറയും. അതേസമയം ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ, കുറഞ്ഞ വേഗമുള്ള വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഈ പാതയിലൂടെ അനുമതിയുണ്ടാകില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച പാതയിൽ ടോൾ പിരിവ് 14നു ശേഷം ആരംഭിക്കും.

ഉദ്ഘാടനത്തിന് ശേഷം രണ്ട് കിലോമീറ്റർ റോഡ് ഷോയിലും പ്രധാന മന്ത്രി പങ്കെടുക്കും. തെരെഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ രണ്ട് മാസത്തിനിടെ ഏഴാം തവണയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ഹുബ്ബള്ളിയിൽ നവീകരിച്ച റെയിൽവെ സ്റ്റേഷനും മൈസൂരു – കുശാൽ നഗർ നാലുവരി പാതയുടെ നിർമാണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

കേരള റേഷൻ എംപ്ലോയീസ് യൂണിയന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ  നടക്കും

കേരള റേഷൻ എംപ്ലോയീസ് യൂണിയന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ നടക്കും

സി ഐ റ്റി യുവിന്റെ നേതൃത്വത്തിൽ കേരള റേഷൻ എംപ്ലോയീസ് യൂണിയന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ (മാർച്ച് 12) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. തമ്പാനൂർ മാഞ്ഞാലികുളം കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടി തൊഴിൽ, പൊതു വിദ്യാഭാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ അധ്യക്ഷനാകുന്ന ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തണ്ണീർ‍പന്തലുകള്‍ക്ക് തുടക്കമാകും

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം ‘തണ്ണീര്‍ പന്തലുകള്‍’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങള്‍, സുമനസ്കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ , മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോര്‍പ്പറേഷന്‍ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവര്‍ത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തും.

വ്യാപാരികളുടെ സഹകരണം ഇതിൽ ഉറപ്പാക്കണം. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാവുന്നതാണ്.
എല്ലാ തദ്ദേശ സ്ഥാപനങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട്/തനതു ഫണ്ട് വിനിയോഗിക്കുവാന്‍ അനുമതി നല്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉഷ്ണകാല ദുരന്ത ലഘുകരണ പ്രവർത്തന മാർഗരേഖ (സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാൻ) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗരേഖയിൽ സംസ്ഥാനത്തെ ഓരോ വകുപ്പിനും ചുമതലകൾ നിശ്ചയിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും നിർദേശിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകൾ വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിൻ നടത്തണം. ഇത്തരം ക്യാമ്പയിൻ ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന് നാമകരണം ചെയ്യും. ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരെ ഉപയോഗിക്കാം. ക്യാമ്പയിൻ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കണം. അതതു വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.

തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്നിശമന രക്ഷാസേന പൂർണ സജ്ജമായി നിൽക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ, എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാര്‍ ഓഫീസുകളുടെയും ഫയർ ഓഡിറ്റ് നടത്തണം. അഗ്നിശമന സേനയ്ക്ക് അധികമായി ആവശ്യമായ ഉപകരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ വാങ്ങുവാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 10 കോടി രൂപ അനുവദിക്കും.

ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി, ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റുവാന്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരെ വിനിയോഗിക്കാവുന്നതാണ്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാര്‍ ഓഫീസുകളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. ഷോർട്ട് സർക്യൂട്ടുകൾ തീപിടുത്തങ്ങൾക്ക് കാരണമാകുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

മേൽ പ്രവർത്തനങ്ങൾക്കായി ജില്ലാ തലത്തിൽ ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും തദ്ദേശ സ്ഥാപന തലത്തിൽ ടാസ്ക് ഫോഴ്‌സുകൾ രൂപീകരിച്ച് നടപ്പിലാക്കുകയും ചെയ്യണം.
ജലവിഭവ വകുപ്പ് അടിയന്തിരമായി കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ മുൻകൂട്ടി കണ്ടെത്തി അത്‌ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും, തദ്ദേശ സ്ഥാപന വകുപ്പിനും ലഭ്യമാക്കണം. അത്‌ പ്രകാരം മുൻകൂട്ടിയുള്ള കർമ്മ പദ്ധതിക്ക് പ്രദേശികമായി രൂപം നൽകാൻ സാധിക്കണം. എസ്.ഡി. എം. എ സ്ഥാപിച്ചിട്ടുള്ള 5000 വാട്ടർ കിയോസ്കുകൾ പ്രവർത്തനക്ഷമമാക്കി ഉപയോഗിക്കണം.

വാട്ടർ കിയോസ്കുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ അവ വൃത്തിയാക്കാനോ പുന:ക്രമീകരിക്കാനോ പതിനായിരം രൂപ ഒരു കിയോസ്കിന് എന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കും. ഹോട്ടലുകൾ, സന്നദ്ധ, രാഷ്ട്രീയ, യുവജന സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹകരണത്തോടെ എല്ലാ പ്രദേശത്തും യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന ക്യാമ്പയിനുകൾ നടപ്പിലാക്കണം.

ആരോഗ്യ പ്രവർത്തകർക്ക് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടുന്നതിനായി പ്രത്യേകമായ പരിശീലനം നൽകുക. എല്ലാ പി.എച്ച് സി, സി എച്ച് സികളിലും ഉൾപ്പെടെ ഒ. ആർ. എസ് ഉൾപ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം. തൊഴിൽ വകുപ്പ് ആവശ്യമായ തൊഴിൽ സമയ പുനക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. പരീക്ഷ കാലമായതിനാൽ മാനസിക പിരിമുറുക്കം കൂടുതൽ ഉണ്ടാവും. ഹീറ്റ് സ്‌ട്രെസ്സ് അത്‌ വർധിപ്പിക്കും. പരീക്ഷ ഹാളുകളിൽ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കണം. പോലീസ് അഗ്നി സുരക്ഷാ വകുപ്പിന്‍റെ സഹായത്തോടെ അടിയന്തിരമായി പടക്ക നിര്‍മ്മാണ/ സൂക്ഷിപ്പ് ശാലകള്‍ പരിശോധിച്ച് നിര്‍ബന്ധമായും അഗ്നി സുരക്ഷാ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്സവ സുരക്ഷാ മാനദണ്ഡ മാര്‍ഗ്ഗരേഖ അനുസരിച്ച് ഉത്സവങ്ങള്‍ നടത്താൻ നിർദേശം നൽകും. ഉത്സവത്തോട് അനുബന്ധമായുള്ള പടക്ക ശേഖരം, നിര്‍മ്മാണ/ശൂക്ഷിപ്പ് ശാലകള്‍ നിര്‍ബന്ധമായി പരിശോധിച്ച് അഗ്നി സുരക്ഷാ ഉറപ്പ് വരുത്തണം.

വേനൽ മഴ ലഭിക്കുന്ന സാഹചര്യത്തിൽ പരമാവധി ജലം സംഭരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് പദ്ധതിയുണ്ടാവണം. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലും ശക്തമായ ബോധവൽക്കരണം നടത്തണം. പ്രദേശികമായ പ്രായോഗിക മോഡലുകൾ ഇതിനായി വികസിപ്പിക്കാൻ സാധിക്കണം. ജനപ്രതിനിധികളുടെ ഉൾപ്പെടെ നേതൃത്വത്തിൽ ഒരു ജനകീയ ക്യാമ്പയിനായി ഇത് വളർത്തണം. ചൂട് ഭാവിയിലും വർധിക്കും എന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകളെ പരിഗണിച്ചു കൊണ്ട് അതിനെ അതിജീവിക്കുന്നതിനായി ഹീറ്റ് ആക്ഷൻ പ്ലാനിലൂടെ നിർദേശിച്ചിട്ടുള്ള ‘കൂൾ റൂഫ്’ ഉൾപ്പെടെയുള്ള ഹൃസ്വകാല, ദീർഘകാല പദ്ധതികൾ നൽകി നടപ്പിലാക്കണം. കേരളത്തിലെ എല്ലാ നഗരങ്ങൾക്കും ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കണം.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദ മുരളീധരൻ,
സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, ദുരന്തനിവാരണ അതോറിറ്റി മെമ്പർസെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവരും സംസാരിച്ചു.

സ്കൂട്ടറിൽ മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ

സ്കൂട്ടറിൽ മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ

വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മേലാറ്റുമുഴി, പൂന്തലുകോണം, വട്ടപ്പാറ ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവില്പന നടത്തിവന്ന വാമനപുരം വി പൂന്തലുകോണം ദേശത്ത് വിനോദ് മന്ദിരത്തിൽ 42 വയസ്സുള്ള കുട്ടൻ എന്ന് വിളിക്കുന്ന വിനോദിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

ഈ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും കറങ്ങിനടന്ന് കുട്ടൻ എന്ന വിനോദ് മദ്യവിൽപ്പന നടത്തി വരുന്ന എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകൾക്കിടയിലാണ് സ്കൂട്ടറിൽ മദ്യക്കുപ്പികൾ സൂക്ഷിച്ച് വിൽപ്പന നടത്തിവന്ന പ്രതിയെ പിടികൂടുന്നത്. പ്രതിയിൽ നിന്നും 18 കുപ്പി മദ്യവും മദ്യം വിറ്റ വകയിലുള്ള പൈസയും കണ്ടെടുത്തിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർ സതീഷ് കുമാർ,സുരേഷ് ബാബു, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, വിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവരും പങ്കെടുത്തു.

ഏപ്രിൽ മുതൽ റേഷൻകട വഴി സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രം

ഏപ്രിൽ മുതൽ റേഷൻകട വഴി സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രം

പോഷകമൂല്യങ്ങൾ ചേർത്തു സമ്പുഷ്ടീകരിച്ച അരി (ഫോർട്ടിഫൈഡ് റൈസ്) ഉപയോഗിക്കുന്നതു മൂലം ദോഷമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഏപ്രിൽ മുതൽ റേഷൻ കടകൾ വഴി ഈ അരി മാത്രമേ വിതരണം ചെയ്യാൻ സാധിക്കുകയുള്ളുവെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേന്ദ്രത്തിൽ
നിന്ന് ഇനി സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രമേ ലഭിക്കൂ. ഇതിനു പുറമേ
കേരളത്തിൽ ഉൽപാദിപ്പിച്ചു റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന 5.25 ലക്ഷം ടൺ
മട്ട അരിയും സമ്പുഷ്ടീകരിക്കണം.

ഇത്തരം അരി വിതരണത്തിൽ നിന്നു സിക്കിൾസെൽ അനീമിയ, തലാസീമിയ രോഗികളെ
മാത്രമേ ഒഴിവാക്കാനാകൂ. നിലവിൽ വയനാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ
സമ്പുഷ്ടീകരിച്ച അരി നൽകുമ്പോൾ ഇത്തരം രോഗികളെ ഒഴിവാക്കിയാണു നൽകിയത്.
സംയോജിത ശിശുവികസന പദ്ധതി പ്രകാരവും മറ്റും ഉച്ചഭക്ഷണ പദ്ധതിക്കായി
രണ്ടു വർഷത്തോളമായി ഈ അരിയാണു നൽകുന്നത്. സബ്സിഡി പ്രകാരം അരി നൽകണമെങ്കിൽ സമ്പുഷ്ടീകരിച്ച അരിയേ നൽകാനാവൂ എന്നാണു കേന്ദ്ര നിലപാട്.
ഏപ്രിൽ പകുതിയോടെ ജയ അരി മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ആന്ധ്ര ജയ അരി ഏപ്രിൽ പകുതിയോടെ കേരളത്തിൽ എത്തും.

ഈ ഇനത്തിലെ അരിയ്ക്കു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിക്കുന്നതിന് ആന്ധ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ടതു പ്രകാരം ലഭിച്ച 991 ടൺ റാഗി തിരഞ്ഞെടുത്ത മില്ലുകളിൽ പൊടിച്ച് ഒരു കിലോ പാക്കറ്റുകളാക്കി ഏപ്രിൽ മുതൽ വിതരണം ചെയ്യും. മുൻഗണന ഇതര കാർഡുകൾക്കുള്ള ഗോതമ്പു വിതരണം ഈ മാസം
പുനരാരംഭിക്കും.

മാർച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കൽ സമരം: ഐ.എം.എ. സമരത്തിലേക്ക്

മാർച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കൽ സമരം: ഐ.എം.എ. സമരത്തിലേക്ക്

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക്. മാർച്ച് പതിനേഴാം തീയതി (17.03.2023) സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17-ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ചികിത്സയിൽ നിന്നും മാറിനിന്നാണ് മെഡിക്കൽ സമരം നടത്തുക.

ദിവസത്തിൽ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവിൽ അഞ്ചു ദിവസത്തിൽ ആശുപത്രി അക്രമങ്ങൾ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ ഏതാണ്ട് 200-ലേറെ ആശുപത്രി അക്രമങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ച് പുതിയ രീതിയിൽ കൊണ്ടുവരുവാൻ സർക്കാർ എടുത്ത തീരുമാനത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സഹർഷം സ്വാഗതം ചെയ്യുന്നു.

എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടർക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണ്. പോലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി അക്രമങ്ങൾ സംബന്ധിച്ച് ബഹുമാനപ്പെട്ട കോടതികൾ നൽകിയ നിർദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതിൽ ഡോക്ടർമാർ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്. കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ അതീവ ഉത്കണ്ഠയും ആകാംക്ഷയും ഉൾക്കൊണ്ടുകൊണ്ട്, നിർഭയം ആത്മവിശ്വാസത്തോടെ ചികിത്സ നടത്തുവാനുളള അന്തരീക്ഷം ഉണ്ടാകണമെന്ന് ഇന്ത്യൻ മെഡിക്കൽ ആവശ്യപ്പെട്ടു