by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഊട്ടി: സ്കൂളിൽ വിതരണത്തിനെത്തിച്ച അയേൺ ഫോളിക് ആസിഡ് ഗുളികകൾ മത്സരിച്ചു കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. ഊട്ടി കാന്തലിലെ ഉറുദു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജയനബ ഫാത്തിമ (13) ആണു മരിച്ചത്. മൂന്നു വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ ഗുളിക ആരാണ് കഴിക്കുക എന്നായിരുന്നു മത്സരം. 45 ഗുളികയാണ് ജയനബ ഒന്നിച്ച് കഴിച്ചത്. ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ കുട്ടികളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി ചെന്നൈയ്ക്കു കൊണ്ടുപോകുമ്പോഴാണു ജയനബ ഫാത്തിമ മരിച്ചത്.

സംഭവത്തിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്തു. രണ്ട് ആൺകുട്ടികളും ഗുളികകൾ കഴിച്ചിരുന്നു. രണ്ടോ മൂന്നോ ഗുളികൾ വീതമാണ് കഴിച്ചത്. അതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ല. കുട്ടികളിലെ വിളർച്ച ഒഴിവാക്കുന്നതിനു സർക്കാർ സൗജന്യമായി സ്കൂളുകൾ വഴി വിതരണം ചെയ്യുന്നതാണു ഗുളികകൾ. ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്ന് ഇവ കുട്ടികളുടെ കയ്യിലെത്തിയതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ മുഹമ്മദ് അമീൻ, അധ്യാപിക കലൈവാണി, ആരോഗ്യവകുപ്പു ജീവനക്കാരായ നാഗമണി, ജയലക്ഷ്മി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.

by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാൻറിലെ തീപിടുത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. എന്നാൽ ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

അതിനിടെ മാലിന്യവുമായി പ്ലാന്റിലേക്ക് വന്ന അമ്പതോളം ലോറികൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ലോറികൾ പ്ലാന്റിലെത്തിച്ചു. കൊച്ചി നഗരത്തിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് എത്തിച്ചത്.
പ്രതിഷേധം കാരണം അമ്പലമേട് ഭാഗത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ബ്രഹ്മപുരത്തേയ്ക്ക് തന്നെ കൊണ്ടുവന്നത്. മഹാരാജാസ് കോളേജ് പരിസരത്ത് നിന്ന് പുലർച്ചെ രണ്ടു മണിയോടെ ആണ് മാലിന്യവുമായി ലോറികൾ പ്ലാന്റിലെത്തിച്ചത്. യാതൊരു തരം തിരിവും നടത്താതെ ആണ് മാലിന്യം എത്തിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.

by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീകാര്യം: ബൈക്കിൽ കറങ്ങി സ്തീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. തേക്കുംമൂട് വഞ്ചിയൂർ സ്വദേശി ബിജു (38), ഗൗരീശപട്ടം, ടോണി നിവാസ്, റിനോ ഫ്രാൻസിസ് (32) എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. പല ദിവസങ്ങളായി ശ്രീകാര്യം സ്റ്റേഷൻ പരിധിയിലെ കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കൽ, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി മാല പൊട്ടിച്ച സംഘമാണ് പിടിയിലായത്. നേരത്തെ കേസുകൾ ഇല്ലാത്തതിനാൽ പ്രതികളിലേക്ക് എത്താൻ പോലീസ് നന്നായി കഷ്ടപ്പെട്ടു.
വിവിധ സ്ഥലങ്ങളിലെ 250 ഓളം സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. വ്യാജ നമ്പർ ഉപയോഗിച്ച് ബൈക്കിൽ എത്തി മാല പൊടിച്ച ശേഷം വാഹനത്തിന്റെ നമ്പറും നിറവും മാറ്റിയശേഷമാണ് പ്രതികൾ അടുത്ത പിടിച്ചു പറി നടത്തുന്നത്. പ്രായമായ സ്ത്രീകളുടെ മാലകളാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. നാലു സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികൾ പൊട്ടിച്ചത്.പ്രതികൾ രണ്ട് പേരും ബന്ധുക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ശ്രീകാര്യം ഇൻസ്പെകടർ കെ ആർ ബിജു, എസ് ഐ മാരായ ബിനോദ് കുമാർ, എം പ്രശാന്ത്, സി പി ഒമാരായ വിനീത്, സന്ദീപ്, പ്രശാന്ത്, ബിനു, ഷെർഷ ഖാൻ വിനോദ്, ദീപു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

by Midhun HP News | Mar 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: എച്ച്3 എൻ2 വൈറസിന്‍റെ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതി വിലയിരുത്തി. സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും കേന്ദ്രം നിർദേശിച്ചു. ഈ മാസം അവസാനത്തോടെ രോഗബാധ കുറയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
അതേസമയം, എച്ച്3 എൻ2 (H3N2) വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യ മരണം ഇന്ന് റിപ്പോർട്ടു ചെയ്തു. കർണാടകയിലാണ് ആദ്യ മരണം ഉണ്ടായത്. ഈ മാസം ഒന്നിനാണ് കർണാടക ഹാസനിലെ 82കാരൻ ഹീര ഗൗഡ മരണപ്പെട്ടത്. മരണകാരണം എച്ച്3 എൻ2 ആണെന്ന് ഇന്നു സ്ഥിരീകരിക്കപ്പെട്ടു. ഹരിയാനയിലായിരുന്നു രണ്ടാമത്തെ മരണം. ഇരുവർക്കും കൊവിഡിനു സമാനമായ ലക്ഷണങ്ങളുണ്ടായിരുന്നു.

നിലവിൽ രാജ്യത്ത് 90 പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതുകൂടാതെ 8 പേർക്ക് എച്ച്1എൻ1 (H1N1) ബാധിക്കപ്പെട്ടിട്ടുണ്ട്. ഇത് വായുവിലൂടെ പടരുന്ന അസുഖമായതിനാൽ കൊവിഡ് കാലത്ത് എടുത്ത സമാനപ്രതിരോധ മാർഗങ്ങൾ തുടരാനും കേന്ദ്രം അറിയിച്ചു.‘ഹോങ്കോങ് ഫ്ലു’ എന്നും പേരുള്ള എച്ച്3എൻ2 വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വർധിച്ചു വരികയാണ്. കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്3എൻ2 നും ഉള്ളത്. പനി, ചുമ, തൊണ്ട വേദന, കഫക്കെട്ട് തുടങ്ങിയവയാണ് എച്ച്3 എൻ2വിന്‍റെ ലക്ഷണങ്ങൾ. ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.

by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ധിച്ചവശനാക്കിയ കേസിൽ നാല് പേർ വർക്കല പോലീസിന്റെ പിടിയിലായി.
വെട്ടൂർ സ്വദേശികളായ സുധി, അജി, നന്ദു ശിവാ, അനന്തു എന്നിവരാണ് അറസ്റ്റിലായത്. വെട്ടൂർ വലയന്റെ കുഴി സ്വദേശിയായ സുമേഷിനെയാണ് നാലംഗസംഘം ക്രൂരമായി മർദ്ധിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 7 ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം.
വയൽഗ്രൗണ്ടിൽ ഫുട്ബാൾ കളിയിൽ ഏർപ്പെട്ട സുമേഷിനെ പ്രതികളായ നാലുപേരും ഗ്രൗണ്ടിലെത്തി മുൻവൈരാഗ്യത്തിന്റെ പേരിൽ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് പാറക്കല്ലു ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും മൂക്കിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. നെറ്റിയിലും കണ്ണിന്റെ ഭാഗത്തും ഇയാൾക്ക് പരിക്കുണ്ട്. കഴുത്തിന്റെ ഭാഗത്തെ ഞരമ്പിനും ക്ഷതം സംവവിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല കഴിഞ്ഞു തിരികെ എത്തിയ മാതാവ് രക്തം വാർന്നു ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന മകനെയാണ് കണ്ടത്. പ്രതികൾക്ക് എതിരെ അസഭ്യം വിളിച്ചതിനും കയ്യേറ്റശ്രമത്തിനും സുമേഷ് മുൻപ് പോലീസിൽ പരാതി നൽകുകയും പിന്നീടത് ഒത്തുതീർപ്പ് ആവുകയും ചെയ്തിരുന്നു. പരാതിയിലുള്ള വിരോധം കൊണ്ടാണ് പ്രതികൾ ആക്രമിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കേസ് ഒത്തുതീർപ്പ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റലിൽ വച്ചു പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നും അതല്ലെങ്കിൽ വീണ്ടും ഉപദ്രവിക്കുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നുള്ള ഭീഷണിയും പ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായതായും സുമേഷിന്റെ കുടുംബം പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ തേടിയ യുവാവിനെ ഇപ്പോൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Mar 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സെൽഫ് ഡിഫൻസിന്റെ ഭാഗമായി ജ്വാല എന്ന പേരിൽ വാക്കിംഗ് ട്രെയ്‌നിംഗുമായി കേരള പോലീസ്. ഇതിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയുടെ പ്രോഗ്രാം കല്ലമ്പലത്ത് വച്ചാണ് നടത്തപ്പെടുന്നതെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. ഈ മാസം 11 12 തീയതികളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമായും സ്ത്രീജനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി കേരള പോലീസ് ആവിഷ്കരിച്ചിരിക്കുന്നതെന്നും, വീടുവിട്ട് പുറത്തുപോകുന്ന സ്ത്രീകൾക്ക് അവർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ നേരിടാൻ സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കല്ലമ്പലം ജനമൈത്രി പോലീസ് എസ് ഐ ജയൻ അറിയിച്ചു.
11 – 12 ശനി ഞായർ ദിവസങ്ങളിൽ രണ്ടു വീതം മണിക്കൂറുകളിലാണ് പരിശീലനം നടക്കുന്നത്. രാവിലെ 9 മുതൽ 11 വരെ, 11 മുതൽ 1 വരെ, 2 മുതൽ 4വരെ, 4 മുതൽ 6 വരെ എന്നിങ്ങനെയാണ് ട്രെയിനിംഗ് സെക്ഷൻ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ആ സമയം രജിസ്റ്റർ ചെയ്യാനുള്ള രജിസ്ട്രേഷൻ ഫോം ഗൂഗിൾ ഫോമിൽ ലഭ്യമാണ്.


Recent Comments