തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധി

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിൽ അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കും. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്കും പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തരെ അതാത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്. പൊങ്കാല ദിവസമായ ഇന്ന് പുലർച്ചെ മുതൽ അതത് ഡിപ്പോകളിൽ നിന്നും സ്പെഷൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. പൊങ്കാല സമാപിച്ച ശേഷം തിരികെ എത്തുന്ന വിധമാണ് ക്രമീകരണം.

ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല ഇന്ന്

ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല ഇന്ന്

തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല ഇന്ന്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന പൊങ്കാലയ്ക്കായി നഗരത്തിലെ നിരത്തുകളെല്ലാം ഒരുങ്ങി. ഇന്ന് രാവിലെ പത്ത് മണിക്ക് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും. കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ അവതരിപ്പിച്ചു കഴിഞ്ഞാലുടൻ ശ്രീകോവിലിൽനിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപംപകർന്ന് മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. രാവിലെ പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പിൽ തീ പകരുന്നതിന് പിന്നാലെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാലക്കളങ്ങളിൽ അടുപ്പുകൾ തെളിയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. നാളെ പുലർച്ചെ ഒരുമണിക്ക് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. പൊലീസ്, അഗ്നിരക്ഷാസേന, കോർപറേഷൻ‌, ആരോ​​ഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃ-ത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചു. ഇന്ന് റെയിൽവേയും കെഎസ്ആർടിസിയും പ്രത്യേക സർവീസ് നടത്തും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

♦ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക.

♦ ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കണം.

♦ ജലാംശം കൂടുതലുള്ള തണ്ണിമത്തൻ പോലെയുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജ്ജലീകരണം തടയും.

♦ പാനീയങ്ങളിൽ ശുദ്ധ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം ഉപയോഗിക്കുക.

♦ കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

♦ ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക.

♦ ഇടയ്ക്ക് തണലത്ത് വിശ്രമിക്കുക.

വേനൽ ചൂട്; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

വേനൽ ചൂട്; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

ഡല്‍ഹി: രാജ്യത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. കാട്ടുതീ നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കണം. ചൂടുകാലാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനു വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കണം. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും ചൂടുകാലത്ത് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നതിനും ആരോഗ്യ പ്രവര്‍ത്തകരെയും ദുരന്ത നിവാരണ സേനയെയും സജ്ജമാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. മെയ്‌ 31 വരെ ശക്തമായ ചൂട് അനുഭവപ്പെടാനാണു സാധ്യത. ഭക്ഷ്യോത്പാദനത്തെയും ചൂട് സാരമായി ബാധിക്കാന്‍ ഇടയുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ ചൂടാണ് അനുഭവപ്പെട്ടത്. റാബി വിളകളുടെ ഉത്പാദനത്തെ ബാധിച്ചതോടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം നിര്‍ത്തിവച്ചിരുന്നു.

രാത്രി യാത്ര സുഖകരമാക്കാൻ പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ

രാത്രി യാത്രക്കാര്‍ക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ദിനംപ്രതി ലക്ഷക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയില്‍ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയില്‍വേ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം യാത്രക്കാര്‍ രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കരുത്. ഇയര്‍ഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കരുത്. രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകള്‍ ഒഴികെയുള്ളവ പ്രവര്‍ത്തിപ്പിക്കരുത്. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ട്രെയിനില്‍ പെരുമാറ്റ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ടിക്കറ്റ് എക്‌സാമിനര്‍, കാറ്ററിങ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹയാത്രക്കാര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പെരുമാറുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാര്‍ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കള്‍ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനില്‍ അനുവദിക്കില്ല.

രാത്രി യാത്രക്കാര്‍ക്കായി കൊണ്ടുവരുന്ന മറ്റ് വ്യവസ്ഥകള്‍
1. രാത്രി 10നു ശേഷം ടി ടി ഇമാര്‍ ടിക്കറ്റ് പരിശോധന നടത്തരുത്.
2. സംഘങ്ങളായി യാത്ര ചെയ്യുന്നവര്‍ രാത്രി 10നു ശേഷം പരസ്പരം സംസാരിക്കരുത്.
3. കിടക്കാനായി മിഡില്‍ ബെര്‍ത്തിലെ യാത്രക്കാരന്‍ സീറ്റ് നിവര്‍ത്തിയാല്‍ ലോ ബെര്‍ത്തിലുള്ളയാള്‍ ചോദ്യം ചെയ്യരുത്.
4. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ രാത്രി 10നു ശേഷം വിതരണം ചെയ്യരുത്. എന്നാല്‍, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ ഇ കാറ്ററിങ് സര്‍വീസില്‍ രാത്രി ബുക്ക് ചെയ്യാവുന്നതാണ്.

ഇന്ത്യൻ റെയിൽവേ ഒരു വിശാലമായ റെയിൽ ശൃംഖലയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. അതിനാൽ, ഓരോ യാത്രക്കാരനും മികച്ച യാത്രാനുഭവം ലഭിക്കുന്നതിനും റെയിൽ ശൃംഖല നന്നായി പ്രവർത്തിക്കുന്നതിനും ഈ നിയമങ്ങൾ നിർബന്ധമാണ്. പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ട്രെയിനുകളിൽ പൊതു മര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ആളുകളെ നയിക്കാനും ഓൺ-ബോർഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പുകവലി, മദ്യപാനം, തീവണ്ടി കമ്പാർട്ടുമെന്റുകളിൽ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവർത്തനവും അനുവദനീയമല്ല, അത് ഇന്ത്യൻ റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധവുമാണ്.

ഈച്ച പോലുള്ള പ്രാണി കുത്തി; തിരുവല്ലയില്‍ 13കാരിയ്ക്ക് ദാരുണാന്ത്യം

ഈച്ച പോലുള്ള പ്രാണി കുത്തി; തിരുവല്ലയില്‍ 13കാരിയ്ക്ക് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയില്‍ ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു പതിമൂന്നുകാരി മരിച്ചു. കോച്ചാരിമുക്കം പാണാറയിൽ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകൾ അംജിത പി. അനീഷാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് വൈകുന്നേരം വീട്ടിന് സമീപത്തുള്ള മള്‍ബെറി ചെടിയില്‍ നിന്ന് കായ പറിക്കുന്നതിനിടെയാണ് അംജിതയെ ഈച്ച പോലുള്ള പ്രാണി കുത്തിയത്. കഴുത്തിന് പിന്നിലായാണ് പ്രാണി കുത്തിയത്. പ്രാണിയുടെ കുത്തേറ്റ് അധികം വൈകാതെ അലര്‍ജി പോലെ അംജിതയുടെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയായിരുന്നു.

ഇതോടെ കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അംജിത കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ശ്വാസകോശത്തില്‍ അണുബാധ പടര്‍ന്നതിനേത്തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായം നല്‍കിയിരുന്നു. തിരുവല്ല എംജിഎം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അംജിത. സഹോദരി അഞ്ജന.

ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു

ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു

മലപ്പുറം താനൂർ മൂച്ചിക്കൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി ആഞ്ജലോസിന്റെ മകൻ കുഞ്ഞുമോൻ (54) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൂച്ചിക്കാലിനും പെരുവഴി അമ്പലത്തിന്റെയും ഇടയിൽ ആണ് സംഭവം. അപകട വിവരം അറിഞ്ഞെത്തിയ താനൂർ പോലീസ് മറ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.