ഇത്തവണയും പതിവ് തെറ്റിയില്ല, ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ എത്തി ചിപ്പി

ഇത്തവണയും പതിവ് തെറ്റിയില്ല, ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ എത്തി ചിപ്പി

ആറ്റുകാൽ പൊങ്കാല തിരക്കിലാണ് തലസ്ഥാന ന​ഗരി. ആയിരക്കരണക്കിമ് പേരാണ് പൊങ്കാല അർപ്പിക്കാനായി വന്ന ചേർന്നിരിക്കുന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരിൽ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചിപ്പി ആറ്റുകാൽ എത്തിയിട്ടുണ്ട്.

“എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനു​ഗ്രഹമായിട്ട് ഞാൻ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനു​ഗ്രഹം കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വർഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാർത്ഥനകൾ അതൊക്കെ തന്നെയല്ലേ. ഞാൻ ജനിച്ച് വളർന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്.”, എന്ന് ചിപ്പി പറയുന്നു.

പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണുള്ളത്.

പൊങ്കാല തിരക്കിൽ തലസ്ഥാന നഗരം; ആറ്റുകാലിൽ ഭക്തജനസാഗരം

പൊങ്കാല തിരക്കിൽ തലസ്ഥാന നഗരം; ആറ്റുകാലിൽ ഭക്തജനസാഗരം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി തലസ്ഥാന നഗരം. പൊങ്കാല ഇടാനെത്തിയവരെ കൊണ്ട്ക്ഷേത്ര പരിസരവും നഗരവീഥികളും നിറഞ്ഞിരിക്കുകയാണ്. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണുള്ളത്.

വാക്കുതർക്കം; യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

വാക്കുതർക്കം; യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

കോഴിക്കോട്: വാക്കു തർക്കത്തിന് പിന്നാലെ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു. കോഴിക്കോട് കൊയിലാണ്ടിയിലാണ് കൊലപാതകം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി മലബാർ എക്സ്പ്രസിൽ വച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ശിവ​ഗം​ഗ സ്വദേശി സോനു മുത്തു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയും യുവാവും തമ്മിൽ ട്രെയിനിൽ വച്ച് വാക്കേറ്റമുണ്ടായി. തർക്കത്തിന് പിന്നാലെയാണ് യുവാവിനെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

പനി ബാധിതരുടെ എണ്ണത്തിൽ വർധന, എച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്; നിരീക്ഷണം ശക്തമാക്കി ആരോ​ഗ്യ വകുപ്പ്

പനി ബാധിതരുടെ എണ്ണത്തിൽ വർധന, എച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്; നിരീക്ഷണം ശക്തമാക്കി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. എച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ എല്ലാ ജില്ലകളിലും ആരോ​ഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി. പനിക്കൊപ്പം ഒരാഴ്ച വരെ നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 34,137 പേരാണ് ചികിത്സ തേടിയത്. 35 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ചെള്ള് പനി ബാധിച്ച് മറ്റൊരാളും സംസ്ഥാനത്ത് മരിച്ചു. ആറ് പേരാണ് നിലവിൽ ചെള്ള് പനിക്ക് ചികിത്സയിലുള്ളത്. 344 പേർക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. 164 ഡെങ്കിപ്പനി ബാധിതരുണ്ട്. നാല് പേർക്ക് എച് 1 എൻ 1 ബാധിച്ചു. മെഡിക്കൽ ഗവേഷണ കൗൺസിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഇൻഫ്ളുവൻസ എഎച്ച് 3 എൻ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതർ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എച്ച് 1 എൻ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് ഒസൾട്ടാമിവിർ പോലെയുള്ള മരുന്ന് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ നിന്നുള്ള സാമ്പിൾ ജനിതക ശ്രേണീകരണത്തിന് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് എച്ച് 3 എൻ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

എല്ലാ ജില്ലയിലും പനി ബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. പനി ബാധിതർ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഹോസ്റ്റലുകൾ, ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെക്കണം. മുറിക്കുള്ളിൽ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം.

മികവുറ്റ കലാകാരന്മാരെ അനുമോദിച്ചു മണി ദേവാലയം

മികവുറ്റ കലാകാരന്മാരെ അനുമോദിച്ചു മണി ദേവാലയം

ഒരു ചിരിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കലാഭവൻ മണി എന്ന അതുല്യപ്രതിഭ ഓർമ്മയായിട്ട് ഇന്നലെ ഏഴു വർഷം. മലയാളികളുടെ മണിചേട്ടന്റെ ചരമവാർഷിക ദിനമായ ഇന്നലെ (മാർച്ച്‌ 6) മണിദേവാലയത്തിൽ വച്ച് സാംസ്കാരിക രംഗത്ത് കഴിവ് തെളിയിച്ച മികവുറ്റ കലാകാരന്മാരെ അനുമോദിച്ചു. കൂടാതെ ക്യാൻസർ,കരൾ രോഗികൾക്ക് ചികിത്സാ സഹായം നൽകി. വലിയകുന്ന് ഹോസ്പിറ്റലിന് മുന്നിലും മണിദേവാലയത്തിലും അന്നദാനം നൽകി. കലാഭവൻ മണി സേവനസമിതി സംസ്ഥാന വനിതാ യൂണിറ്റ് സെക്രട്ടറി സുമ സ്വാഗതം രേഖപ്പെടുത്തി. പ്രശസ്ത സിനിമസീരിയൽ താരം ജീജാ സുരേന്ദ്രൻ അനുശോചന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കലാഭവൻ മണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷനായി. ശശി രത്നഗിരി ആശംസകൾ അർപ്പിച്ചു. സുജ സതീഷ് ശ്രീധർ, ജി കുഞ്ഞുമോൾ, സജി ശ്യാം, ഗീത വേണുഗോപാൽ, അനുസ്മയ, രഞ്ജിത്, പ്രണവ് ഊരൂപൊയ്ക, അതിഥി, ജിതിൻ ലാൽ, എം അശോകൻ, സഞ്ജിത്, ദീപ മണിഎന്നിവർ ഓർമ്മപ്പൂക്കൾ പുരസ്കാരത്തിന് അർഹരായി.

അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റല്‍ പാഠശാല പദ്ധതിയുടെ ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മാര്‍ച്ച് 8ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാന്‍ ഡിജിറ്റല്‍ പാഠശാല പദ്ധതി ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഡിജിറ്റല്‍: ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം. സ്ത്രീകളുടെ സുസ്ഥിരമായ ഭാവിക്ക് നൂതന സാങ്കേതികവിദ്യയായ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അനിവാര്യമാണ്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വനിത ശിശുവികസന വകുപ്പ് ഡിജിറ്റല്‍ പാഠശാല പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്ന പദ്ധതിയാണിത്. വനിത ശിശു വികസന വകുപ്പും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ, ബാങ്കിങ്, നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങള്‍, എടിഎം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തില്‍ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഇതിലേക്ക് ജെന്‍ഡര്‍ പാര്‍ക്ക് ഒരു ശില്‍പ്പശാല നടത്തി മൊഡ്യൂള്‍ തയ്യാറാക്കി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരായി പരിശീലനം നല്‍കുന്നു. അത്തരം പരിശീലകരെ ഉപയോഗപ്പെടുത്തി അങ്കണവാടി പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുവാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.