കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ മഹോത്സവം 28 മുതൽ

കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ മഹോത്സവം 28 മുതൽ

ചിറയിൻകീഴ്: കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിൽ പൂയം തിരുനാൾ മഹോത്സവം 2023 ഫെബ്രുവരി 28, മാർച്ച്‌ 1,2,3,4 (1198 കുഭം 16,17,18,19,20) എന്നീ തീയതികളിൽ നടക്കും. ഒന്നാം ഉത്സവം ദിവസം ക്ഷേത്ര സന്നിധിയിൽ തിരുവാതിര, നാടകം ഉണ്ടായിരിക്കുന്നതാണ്. മൂന്നാം ഉത്സവദിവസം താലം എഴുന്നള്ളിപ്പ് ഉണ്ടായിരിയ്ക്കും. നാലാം ഉത്സവദിവസം ഉടവാൾ എഴുന്നള്ളത്ത്, അഞ്ചാം ഉത്സവ ദിവസം രാവിലെ 8:30ന് സമൂഹ പൊങ്കാല, വൈകിട്ട് 4 മണിമുതൽ പറയ്ക്കെഴുന്നള്ളത്തും ഉണ്ടായിരിയ്കും.

വൈദ്യുത ചാർജിനെതിരെ ഫെബ്രുവരി 28 ന് വ്യാപാരികൾ കടകൾ അടച്ച് സമരം ചെയ്യും

വൈദ്യുത ചാർജിനെതിരെ ഫെബ്രുവരി 28 ന് വ്യാപാരികൾ കടകൾ അടച്ച് സമരം ചെയ്യും

വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28ന് വ്യാപാരികൾ കടകളടച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തും. ഡീസൽ, പെട്രോൾ, കെട്ടിട നികുതി വർദ്ധനവ് പിൽ വലിയ്ക്കുക, ഹെൽത്ത് കാർഡിലെ അപാകതകൾ പരിഹരിക്കുക, അമിത വൈദ്യുത ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ സമരം. സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ധർണ ജില്ലാ പ്രസിഡൻ്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് വെട്ടേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് മരിച്ചത്. കുടുംബ വഴക്കിനിടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അയൽവാസിയായ ജയദേവൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ട് ജയദേവൻ. ഇന്നലെയും ഇതാവർത്തിച്ചു. ജയദേവൻ തന്റെ പ്രായമായ അമ്മയെ മർദ്ദിക്കുന്നത് കണ്ടു ശ്രീജിത്ത് ജയദേവന്റെ വീട്ടിലേക്ക് കയറി ചെന്ന് തടയാൻ ശ്രമിച്ചു.

ശ്രീജിത്തിനൊപ്പം മറ്റ് മൂന്ന് പേർ കൂടിയുണ്ടായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ജയദേവൻ പ്രകോപിതനായി. പിന്നാലെയാണ് ഇയാൾ ശ്രീജിത്തിനെ വെട്ടിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടേറ്റ ഉടനെ ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെയും ജയദേവൻ ഇത്തരത്തിൽ മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അന്നും ശ്രീജിത്ത് ജയദേവനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ചെട്ടിക്കുളങ്ങര ഭരണി: നാളെ പ്രാദേശിക അവധി

ചെട്ടിക്കുളങ്ങര ഭരണി: നാളെ പ്രാദേശിക അവധി

ആലപ്പുഴ: ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി. മാവേലിക്കര, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. അതേസമയം പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. 13 കരകളില്‍ നിന്ന് ക്ഷേത്രത്തിന് മുന്നിലേക്ക് പുറപ്പെടുന്ന കെട്ടുകാഴ്ചകളാണ് കുംഭഭരണി നാളില്‍ നാട്ടിലെ ഏറ്റവും വലിയ ആകര്‍ഷണം. ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് മുതല്‍ കൊടുങ്ങല്ലൂരിലേക്കുള്ള പുറപ്പാട് വരെയാണ് ചെട്ടിക്കുളങ്ങരയ്ക്ക് ഉത്സവകാലം. കരുത്തും കലയും ചേരുന്ന കെട്ടുകാഴ്ചകള്‍, ഭഗവതിയ്ക്ക് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന കുത്തിയോട്ടം എന്നിവയെല്ലാം പ്രത്യേകതകളാണ്.

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ റിമാന്‍ഡില്‍

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ റിമാന്‍ഡില്‍

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡില്‍. കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടില്ല. അതിനിടെ, ശിവശങ്കര്‍ ജാമ്യഹര്‍ജി നല്‍കി. കേസില്‍ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറെ കോടതിയില്‍ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന് ഇഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ശിവശങ്കറിനെ റിമാന്‍ഡ് ചെയ്ത് എറണാകുളം ജയിലിലേക്ക് അയച്ചത്. അതിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജിയില്‍ നാളെ വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

ഇഡിയുടെ അന്വേഷണത്തില്‍ ശിവശങ്കറിനെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാമ്യഹര്‍ജിയില്‍ പറയുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാലും ശിവശങ്കറിന് ജാമ്യം അനുവദിക്കണമെന്നതാണ് ഹര്‍ജിയില്‍ പറയുന്നത്. അതേസമയം അന്വേഷണത്തില്‍ ശിവശങ്കര്‍ വേണ്ടപോലെ സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിക്കുന്നു. കേസില്‍ പുതിയതായി ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് ഇഡി ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കസ്റ്റഡി നീട്ടി ചോദിക്കേണ്ടതില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷം

ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷം

ചെമ്പൂര് ശ്രീ ആയിരവില്ലി ശിവപാർവതി ക്ഷേത്ര ഉത്സവ ഘോഷയാത്രയ്ക്കിടയിൽ സംഘർഷം. ഡാൻസ് കളിയ്ക്കുന്നതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തിയ ഒരു സംഘം ആൾക്കാരാണ് ഘോഷയാത്രയ്ക്കിടയിൽ സംഘർഷം സൃഷ്ടിച്ചത്. സംഘർഷം ഉണ്ടാക്കിയവർ ഘോഷയാത്ര അലങ്കോലപ്പെടുത്തുവാനും, അസഭ്യം വിളിച്ചുവെന്നും ക്ഷേത്ര ഭാരവാഹികൾ ആരോപിച്ചു. തുടർന്നു ക്ഷേത്ര ഭാരവാഹികളിൽ ഒരാളുടെ വീട് ആക്രമിക്കുകയും കാർ തല്ലിത്തകർക്കുകയും ചെയ്തുവെന്നും കാർ തല്ലി തകർത്തവർക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലന്നുമാണ് നാട്ടുകാർ പറയുന്നത്.