ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതി; അമിട്ടിനും കുഴിമിന്നലിനും വിലക്ക്

ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതി; അമിട്ടിനും കുഴിമിന്നലിനും വിലക്ക്

തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് വെടിക്കെട്ടു നടത്തുന്നതിന് ജില്ലാ അധികൃതര്‍ അനുമതി നല്‍കി. 21ന് വൈകീട്ട് 7നും 10നും ഇടയ്ക്കുള്ള സമയത്ത് വെടിക്കെട്ട് നടത്തുന്നതിന് പൂരാഘോഷകമ്മറ്റി ഏങ്കക്കാട് ദേശം പ്രസിഡന്റിന് അനുമതി നല്‍കി അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് റെജി പി ജോസഫ് ഉത്തരവിറക്കി. 10000 ഓലപ്പടക്കങ്ങള്‍, 150 മഴത്തോരണം, 300 മത്താപ്പ്, 300 ചൈനീസ് പടക്കങ്ങള്‍, 300 പൂത്തിരി എന്നീ പെസോ അംഗീകൃത നിര്‍മ്മിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. 15 കിലോഗ്രാമില്‍ അധികരിക്കാത്തതും നിരോധിത രാസവസ്തുക്കള്‍ ചേര്‍ക്കാത്തതുമായ വെടിക്കോപ്പുകള്‍ ഉപയോഗിക്കണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നീ ഡിസ്‌പ്ലേ. ഫയര്‍വര്‍ക്‌സ് ഉപയോഗിക്കാന്‍ പാടില്ല. മാഗസിനില്‍ നിന്നും സുരക്ഷിത അകലം പാലിച്ച് എക്‌സ്‌പ്ലോസീവ് ആക്ട്‌സ് പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കേണ്ടതാണ്. വെടിക്കെട്ട് പ്രദര്‍ശനം പൂര്‍ണ്ണമായും ലൈസന്‍സി വീഡിയോഗ്രാഫി ചെയ്യേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.

ട്രെയിന്‍ മാറിക്കയറി; ടിടിഇ യുവതിയുടെ ഷാള്‍ പറിച്ചെടുത്തതായി പരാതി

ട്രെയിന്‍ മാറിക്കയറി; ടിടിഇ യുവതിയുടെ ഷാള്‍ പറിച്ചെടുത്തതായി പരാതി

കോഴിക്കോട്: ട്രെയിന്‍ മാറിക്കറിയതിന് ടിടിഇ യാത്രക്കാരിയുടെ ഷാള്‍ പറിച്ചെടുത്തതായി പരാതി. കോഴിക്കോട് ബാലുശേരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം. ട്രെയിന്‍ മാറിക്കയറിയതിനാണ് ടിടിഇയുടെ അതിക്രമം. മെമുവിന് പകരം ട്രെയിന്‍ മാറി ഇന്റര്‍സിറ്റിയില്‍ യുവതി കയറുകയായിരുന്നു. തലശേരിയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്കാണ് യുവതി വന്നത്. സംഭവത്തില്‍ യുവതി മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ മന്ത്രിയ്ക്കും പരാതി നല്‍കി. ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നുകാട്ടി, യുവതിക്കെതിരെ ടിടിഇയും പരാതി നല്‍കിയിട്ടുണ്ട്.

ആറ്റിങ്ങൽ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ മുൻ കാല ശാഖ സാരഥികൾക്ക് ആദരവ് നൽകി

ആറ്റിങ്ങൽ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ മുൻ കാല ശാഖ സാരഥികൾക്ക് ആദരവ് നൽകി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ചതയ ദിന പൂജയിൽ മുൻ കാല ശാഖ സാരഥികളെ ആദരിച്ചു. ആറ്റിങ്ങൽ ടൗൺ എസ് എൻ ഡി പി ശാഖ ചാർട്ടർ പ്രസിഡന്റ്‌ ആയിരുന്ന പരേതനായ പ്രസന്ന വദനന് നൽകിയ ആദരം ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ ഏറ്റുവാങ്ങി.

നടി ആക്രമിക്കപ്പെട്ട സംഭവം: മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട സംഭവം: മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി. ഇന്നു മുതല്‍ വിചാരണക്കോടതിയില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിനെതിരെ പള്‍സര്‍ സുനി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി. കേസില്‍ വിചാരണ ദിവസങ്ങളില്‍ നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും സുനി കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ തുടരുകയാണ്. കേസില്‍ നടി മഞ്ജു വാര്യരെ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തിന്റെ വിസ്താരം ഇന്നു നടക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ കൂട്ടത്തില്‍ ദിലീപിന്റെ സംഭാഷണവും ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇതു സ്ഥിരീകരിക്കാനായാണ് മഞ്ജു വാര്യരെ വിസ്തരിക്കുന്നത്. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഹര്‍ജി തള്ളുകയും, വീണ്ടും വിസ്താരത്തിന് അനുവാദം നല്‍കുകയുമായിരുന്നു. ശബ്ദരേഖകള്‍ ദിലീപിന്റെയും ബന്ധുക്കളുടേതുമാണെന്ന് നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രികൻ പിടിയിൽ

ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രികൻ പിടിയിൽ

കോഴിക്കോട്: ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരന്‍ പിടിയിലായി. കരിപ്പൂര്‍ എയര്‍പോര്‍ട്ടിൽ നിന്ന് പരിശോധന വെട്ടിച്ച് പുറത്തുകണ്ടെന്നെങ്കിലും ഇയാൽ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. വസ്ത്രത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചു കൊണ്ട് വന്ന വടകര സ്വദേശി മുഹമ്മദ് സഫുവാനാണ് പൊലീസിന്‍റെ പിടിയിലായത്. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ എട്ടരയോടെയാണ് മുഹമ്മദ് സഫ്വാന്‍ കരിപ്പൂരില്‍ എത്തിയത്. ധരിച്ചിരുന്ന പാന്‍റിലും ബനിയനിലും ഉള്‍ഭാഗത്ത് സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന മുഹമ്മദ് സഫുവാന്‍ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു.

എന്നാൽ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് ഇയാൾക്ക് പിടിവീഴുകയായിരുന്നു. സ്വർണവുമായി ഇയാള്‍ വരുന്നതിനെ കുറിച്ച് രഹസ്യവിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനായ മുഹമ്മദ് സഫുവാൻ പിടിയിലായത്. വിദഗ്ദമായി സ്വര്‍ണ മിശ്രിതം വസ്ത്രത്തിൽ പൂശി കൊണ്ടുവന്നെങ്കിലും പൊലീസിന്‍റെ പരിശോധനയിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്വര്‍ണ മിശ്രിതം തേച്ചു പിടിപ്പിച്ച വസ്ത്രഭാഗങ്ങള്‍ തൂക്കി നോക്കിയപ്പോൾ 2.205 കിലോയാണ് ഇതിന്‍റെ ഭാരം എന്ന് വ്യക്തമായി. ഇതില്‍ നിന്നും 1.750 തൂക്കമുള്ള സ്വര്‍ണ മിശ്രിതമാണ് വേര്‍തിരിച്ചെടുത്തത്. ഇതിനാകട്ടെ ആഭ്യന്തര വിപണിയില്‍ മൊത്തം മൂല്യം ഒരു കോടിയോളം രൂപ വിലവരുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം കരിപ്പൂർ എയര്‍പോർട്ട് വഴിയുള്ള സ്വർണക്കടത്ത് വലിയ തോതിൽ കൂടുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലപ്പോഴും എയർപോർട്ടിനകത്തെ കസ്റ്റംസ് പരിശോധന വെട്ടിച്ച് കടത്തുകാർ പുറത്തുകടക്കാറുണ്ട്. അത്തരക്കാരിൽ പലരും പൊലീസിന്‍റെ പിടിയിലാണ് അകപ്പെടാറുള്ളത്. ഈ വര്‍ഷം മാത്രം കരിപ്പൂര്‍ എയര്‍പോർട്ടിന് പുറത്ത് വെച്ച് പൊലീസ് നിരവധിപേരെയാണ് പിടികൂടിയിട്ടുള്ളത്. ഈ വർഷം മാത്രം ഇത്തരത്തിൽ 12 പേരെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്.

മരട് ഫ്ളാറ്റ് പൊളിക്കൽ; ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തി​ഗത സ്വത്തുക്കൾ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്

മരട് ഫ്ളാറ്റ് പൊളിക്കൽ; ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തി​ഗത സ്വത്തുക്കൾ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്

കൊച്ചി: പൊളിച്ചുനീക്കിയ മരട് ഫ്ളാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട തുക ഇതുവരെ കെട്ടി വയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. നേരത്തെ ഹോളി ഫെയ്ത്തിന്‍റെ കമ്പനി സ്വത്തുക്കള്‍ ജപ്തി ചെയ്തിരുന്നു. കമ്പനിയുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും നഷ്ടപരിഹാരത്തുകക്ക് അത് മതിയാകില്ലെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചതിനെ തുടർന്നാണ് ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്. കമ്പനി സ്വത്തുക്കൾ ജപ്തിചെയ്യാൻ ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് മൂന്ന് മാസത്തെ സമയം സംസ്ഥാന സർക്കാരിന് അനുവദിച്ചു.

അതേസമയം മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടിൽ അടുത്തമാസം 28ന് കോടതി വാദം കേള്‍ക്കും. റിപ്പോർട്ടിലെ ചില കണ്ടെത്തലുകളോട് സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ വിശദമായ വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. പൊളിച്ച ഫ്ലാറ്റിന്റെ ഉടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അതിനു ശേഷമേ ഉണ്ടാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2020 ജനുവരി 11, 12 തീയതികളിലാണ് മരടിലെ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കിയത്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. നിയമം ലംഘിച്ചുള്ള നിര്‍മാണത്തിന് ഉത്തരവാദികളായവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.