ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ട് മഹോത്സവം 23 മുതൽ മാർച്ച് 3 വരെ

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ട് മഹോത്സവം 23 മുതൽ മാർച്ച് 3 വരെ

ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവം 23 മുതൽ മാർച്ച് 3വരെ സംഘടിപ്പിക്കും. 23ന് രാവിലെ എട്ടിനാണ് കാളിയൂട്ടിന് തുടക്കം കുറിച്ചുകൊണ്ടുള്ള കുറികുറിക്കൽ ചടങ്ങ് നടക്കുന്നത്. ക്ഷേത്ര മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭണ്ഡാരപ്പിള്ള സ്ഥാനീയൻ ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ അംഗത്തിന് കൈമാറിയാണ് കുറികുറിക്കൽ ചടങ്ങ് നിർവഹിക്കുന്നത്.
മാർച്ച് 3ന് വൈകിട്ട് 5 നാണ് കാളിയൂട്ടിലെ നിലത്തിൽപ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്.

കാളിയൂട്ടിനും തുടർന്ന് മീന മാസത്തിൽ നടക്കുന്ന ഭരണി മഹോത്സവത്തിനും വേണ്ടിയുളള ഒരുക്കങ്ങൾ ആരംഭിച്ചു. മാർച്ച് 25നാണ് പത്ത് നാൾ നീണ്ടുനിൽക്കുന്ന മീന ഭരണി മഹോത്സവം സമാപിക്കുന്നത്. കാളിയൂട്ടിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ഉപദേശക സമിതി സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് ബൈജു, മധു,നിജു കൃഷ്ണൻ കണ്ണൻ, ശരത്, ബാലചന്ദ്രൻ, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം ചിതറയിൽ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 7മണിയോടെയാണ് കുടുംബവീട്ടിൽനിന്നും മടങ്ങിയെത്തിയ സ്മിതയെ ഭർത്താവ് സുനിൽകുമാർ ക്രൂരമായി മർദ്ദിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയും ചെയ്തത്. സിഗരറ്റ് ലാമ്പ് കൊണ്ട് തീകൊളുത്തുകയായിരുന്നുവെന്ന് കുട്ടി പൊലീസിന് മൊഴി നൽകി.

കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴാത്തേക്കും യുവതിയുടെ ദേഹമാസകലം പൊള്ളലേൽക്കുകയും തീ അണയുകയും ചെയ്തിരുന്നു. തുടർന്ന് സ്മിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 60 ശതമാനത്തിൽ അധികം പൊള്ളലേറ്റ സ്മിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സുനിൽ കുമാറിനെ വീട്ടിൽ നിന്നുമാണ് ചിതറ പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്ത് സയിന്റിഫിക് ഉദ്യഗസ്ഥരും, വിരലടയാള വിദഗ്ദരും എത്തി തെളിവുകൾ ശേഖരിച്ചു. പാലക്കാട് സ്വദേശിയായ സുനിൽ നാലര വർഷമായി സ്മിതയോടും രണ്ട് മക്കളോടും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു.

കാപ്പികോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി

കാപ്പികോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് പണിത പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. മാര്‍ച്ച് 28നകം റിസോര്‍ട്ട് പൊളിച്ചു നീക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

എന്നാല്‍, വിധി പുറപ്പെടുവിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഉടമകളില്‍ നിന്ന് പണം ഈടാക്കിയാണ് റിസോര്‍ട്ട് പൊളിച്ചു നീക്കുന്നതെന്നും പ്രകൃതിക്ക് കുഴപ്പം സംഭവിക്കാത്ത തരത്തില്‍ പൊളിച്ചു നീക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് നടപടികള്‍ വൈകാന്‍ കാരണമായി സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. 2022 സെപ്റ്റംബര്‍ 15 മുതലാണ് കാപ്പികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങിയത്. ആദ്യം രണ്ടു വില്ലകളാണ് പൊളിക്കാന്‍ തീരുമാനിച്ചത്. റിസോര്‍ട്ടിനായി കൈയേറിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ആലപ്പുഴ ജില്ലാ കലക്ടര്‍ ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ട്ടിന് പട്ടയമുള്ളതില്‍ ശേഷിച്ച 2.9397 ഹെക്ടര്‍ സ്ഥലമാണ് കലക്ടര്‍ ഏറ്റെടുത്തത്.

മഞ്ജു വാര്യരുടെ വിസ്താരം തുടരും; ഇന്ന് നടക്കുക പ്രതിഭാഗം വിസ്താരം

മഞ്ജു വാര്യരുടെ വിസ്താരം തുടരും; ഇന്ന് നടക്കുക പ്രതിഭാഗം വിസ്താരം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതിഭാഗം ക്രോസ് വിസ്താരമാണ് നടക്കുക. വിസ്താരത്തിനായി ഉച്ചയ്ക്ക് 12 നാണ് മഞ്ജു വിചാരണ കോടതിയിലെത്തുക. പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ കൂട്ടത്തില്‍ ദിലീപിന്റെ സംഭാഷണവും ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇതു സ്ഥിരീകരിക്കാനായാണ് മഞ്ജു വാര്യര്‍ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനായി ഹാജരായത്. ശബ്ദരേഖകള്‍ ദിലീപിന്റെയും ബന്ധുക്കളുടേതുമാണെന്ന് നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

വിസ്താരത്തിന് ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച മഞ്ജു വാര്യര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീട്ടുകയായിരുന്നു. കേസില്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദീലീപിന്റെ ആവശ്യം. അതേസമയം, കേസില്‍ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ച് മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

ആറ്റിങ്ങൽ: ദേശീയപാത ചാത്തൻപാറയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ചാത്തൻപാറ സ്വദേശി ഷമീർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10:30ഓടെയായിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ്സും ആറ്റിങ്ങൽ ഭാഗത്ത് നിന്ന് ചാത്തൻ പാറയിലേക്ക് ഷമീർ സഞ്ചരിച്ച് പോയ യമഹ എഫ്സി ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ ആദ്യം ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരണപ്പെട്ട ഷമീർ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ആലംകോട് ജുമാമസ്ജിദിൽ നടക്കും.

കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

പോത്തൻകോട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ലോറി തലകീഴായി മറിഞ്ഞു. എം സി റോഡിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. കാർ യാത്രക്കാരായ മൂന്ന് പേർക്കും ലോറി ക്ലീനർ മാർത്താണ്ഡം സ്വദേശി മുരുകനുമാണ് പരിക്കേറ്റത്. പോത്തൻകോട് നിന്ന് വെഞ്ഞാറമൂടിലേക്ക് പോയ ലോറിയും എതർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത് അമിതാവേഗതയിൽ വന്ന കാറ് ഇടിക്കുന്നത് കണ്ട് വെട്ടി ഒടിച്ചപ്പോഴായിരുന്നു ലോറി തലകീഴായി മറഞ്ഞത് ലോറിയുടെ ആക്സിൽ ഒടിഞ്ഞു.