കോഴിക്കോട് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: രണ്ടു പേര്‍ അറസ്റ്റിൽ

കോഴിക്കോട് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: രണ്ടു പേര്‍ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട്ടെ ഒളിയിടത്തില്‍ നിന്നാണ് ഇവരെ പൊലീസ് ക്‌സറ്റഡിയിലെടുത്തത്. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഹോസ്റ്റലില്‍ എത്തിച്ച് മദ്യം ബലമായി നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ വ്യക്തമാക്കുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അബോധാവസ്ഥയില്‍ നിന്നും ഉണരുന്നത്. പുലര്‍ച്ചെ പ്രതികള്‍ പെണ്‍കുട്ടിയെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു.

മെഡിസെപ്പില്‍ ആശ്രിതരെ ചേര്‍ക്കുന്നതും നേരിട്ട് പരാതി സ്വീകരിക്കുന്നതും നിര്‍ത്തി; കുട്ടി ജനിച്ചാല്‍ 180 ദിവസത്തിനകം ഉള്‍പ്പെടുത്തണം

മെഡിസെപ്പില്‍ ആശ്രിതരെ ചേര്‍ക്കുന്നതും നേരിട്ട് പരാതി സ്വീകരിക്കുന്നതും നിര്‍ത്തി; കുട്ടി ജനിച്ചാല്‍ 180 ദിവസത്തിനകം ഉള്‍പ്പെടുത്തണം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ആശ്രിതരെ ചേര്‍ക്കുന്നതും നേരിട്ട് പരാതി സ്വീകരിക്കുന്നതും നിര്‍ത്തി. ഇതുസംബന്ധിച്ച നിബന്ധകള്‍ പുതുക്കി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ നവജാതശിശുക്കളെയും പുതുതായി വിവാഹം കഴിക്കുന്നവരുടെ പങ്കാളികളെയും മാത്രമേ ചേര്‍ക്കാനാകൂ. നവജാത ശിശുക്കളുടെ പേര് 180 ദിവസത്തിനകവും വിവാഹം ചെയ്യുന്നവര്‍ പങ്കാളിയുടെ പേര് 30 ദിവസത്തിനകവും ആശ്രിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു.

മറ്റു കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും അനുവദിക്കില്ല. മെഡിസെപ് വെബ്സൈറ്റിലെ ഗ്രീവൻസ് ലിങ്കിലെ ലെവൽ വൺ ഗ്രീവൻസ് ഫയലിങ് മെനുവിലൂടെ മാത്രമേ പദ്ധതിയെക്കുറിച്ചുള്ള ഗുണഭോക്താക്കളുടെ പരാതികൾ സമർപ്പിക്കാൻ പാടുള്ളൂ. ഒരു ജീവനക്കാരന് ഒരു മെഡിസെപ് ഐഡി മാത്രമേ പാടുള്ളൂ.

വാഹനാപകടം, പക്ഷാഘാതം ഹൃദയാഘാതം എന്നീ അടിയന്തര സാഹചര്യത്തിൽ മെഡിസെപ്പിൽ എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ ചെയ്യുന്ന ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വ്യവസ്ഥകൾക്ക് വിധേയമായി ഇൻഷുറൻസ് കമ്പനി റീഇംബേഴ്സ്മെന്റ് അനുവദിക്കും. മെഡിസെപ് വെബ്സൈറ്റിലെ ഡൗൺലോഡ് ലിങ്കിലെ ക്ലെയിം ഫോം പ്രിന്റ് എടുത്തു പൂരിപ്പിച്ച് സ്കാൻ ചെയ്ത് medisep@oriental insurance.co.in എന്ന മെയിലിലേക്ക് അയയ്ക്കണം. ഇതിന്റെ പകർപ്പ് അയയ്ക്കേണ്ട ഇ–മെയിൽ: info.medisep@kerala.gov.in

ശമ്പള പരിധി മറികടന്നാലും ഇഎസ്ഐ ആനുകൂല്യം; ആജീവനാന്ത പരിരക്ഷ, പദ്ധതി ആവിഷ്കരനത്തിന് ആലോചന

ശമ്പള പരിധി മറികടന്നാലും ഇഎസ്ഐ ആനുകൂല്യം; ആജീവനാന്ത പരിരക്ഷ, പദ്ധതി ആവിഷ്കരനത്തിന് ആലോചന

ഡൽ​ഹി: ആജീവനാന്തം ഇഎസ്ഐ പരിരക്ഷ ജീവനക്കാർക്ക് ലഭിക്കുന്ന തരത്തിൽ പദ്ധതി ആവിഷ്കരിക്കാൻ ആലോചന. ഇത് പഠിക്കുന്നതിനായി ഉപസമിതിയെ കേന്ദ്ര സർക്കാർ നിയോ​ഗിച്ചു. ഇഎസ്ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി 21,000 രൂപയിൽ നിന്ന് 25,000 രൂപയാക്കാനും ധാരണയായി. ശമ്പളത്തിന്റെ പരിധി മറികടന്നാലും ജീവനക്കാരുടെ ഇഎസ്ഐ ആനുകൂല്യം ഇനി നഷ്ടമാവില്ല. പ്രോവിഡന്റ് ഫണ്ടിന് സമാനമായി ഒരിക്കൽ അംഗമായാൽ ശമ്പളം പിന്നീട് എത്ര വർധിച്ചാലും ഇഎസ്ഐ ആനുകൂല്യം തുടരും. ശമ്പള പരിധി 25,000ത്തിന് മുകളിലായാൽ നിശ്ചിത തുക അധികമടച്ച് അം​ഗമായി തുടരുന്ന തരത്തിലായിരിക്കും പദ്ധതി ആവിഷ്കരിക്കുക. ഇഎസ്ഐ കോർപറേഷന്റെ അടുത്ത യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.

ജീവനക്കാരും കുടുംബാം​ഗങ്ങളുമടക്കം രാജ്യത്ത് ഏതാണ്ട് 12 കോടിയിലേറെ ഇഎസ്ഐ ​ഗുണഭോക്താക്കളുണ്ട്. ശമ്പളം 21,000 രൂപയിൽ കവിഞ്ഞാൽ പിന്നീട് ആനുകൂല്യം ലഭിക്കില്ല. ഈ പരിധി 25,000 രൂപയാക്കാമെന്ന് കേന്ദ്ര സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചു. അതേസമയം ശമ്പള പരിധി ഉയർത്തുന്നതിനേക്കാൾ പ്രധാനം ഒരിക്കൽ അംഗങ്ങളായവർക്ക് എക്കാലവും ആനുകൂല്യം ലഭ്യമാക്കലാണെന്ന് വിവിധ തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യം കോർപറേഷന്റെ അടുത്ത യോഗത്തിൽ അംഗീകരിച്ചേക്കും. ഇഎസ്ഐ ഗുണഭോക്താക്കൾക്കു വർഷം പത്ത് ലക്ഷം രൂപയുടെ ചികിത്സയാണ് നിലവിലുള്ളത്. പ്രത്യേക അസുഖങ്ങൾക്ക് കൂടുതൽ തുക അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിൽ ചണ്ഡീഗഢിൽ നടന്ന കോർപറേഷൻ യോഗത്തിൽ അനുമതി നൽകി.

ഇതനുസരിച്ച് 30 ലക്ഷം രൂപ വരെ ഇഎസ്ഐ കോർപറേഷന്റെ ഡിജിക്കും 50 ലക്ഷം രൂപ വരെ ലേബർ സെക്രട്ടറിക്കും അതിൽ കൂടുതലായാൽ തൊഴിൽ മന്ത്രിക്കും അംഗീകാരം നൽകാം. അംഗങ്ങൾക്ക് വാട്‌സ്ആപ്പിലൂടെ വിവരങ്ങൾ നൽകാനും ടെലി മെഡിസിൻ സേവനങ്ങൾ ലഭ്യമാക്കാനും തീരുമാനമായി. കോർപറേഷനിലെ കരാർ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നൽകും. രാജ്യത്ത് 160 ഇഎസ്ഐ ആശുപത്രികളുണ്ട്. ഇതിൽ 51 ആശുപത്രികൾ കോർപറേഷൻ നേരിട്ടും ബാക്കി ഇഎസ്ഐ പദ്ധതിക്കു കീഴിൽ സംസ്ഥാനങ്ങളുമാണ് നടത്തുന്നത്. കേരളത്തിൽ ഇവ യഥാക്രമം മൂന്നും ഒൻപതുമാണ്. രാജ്യത്തെ മുഴുവൻ ഇഎസ്ഐ സ്ഥാപനങ്ങളിലും ഈ മാസം 24 മുതൽ അടുത്ത മാസം പത്ത് വരെ ഗുണഭോക്താക്കളുടെ സംഗമവും പരാതി പരിഹാര അദാലത്തും നടത്താനും തീരുമാനമായി.

21കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി; രക്ഷിക്കാനെത്തിയയാളും കൊല്ലപ്പെട്ടു

21കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി; രക്ഷിക്കാനെത്തിയയാളും കൊല്ലപ്പെട്ടു

21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് ദക്ഷിണ കന്നഡ ജില്ലയിലെ കഡ്ബയിൽ പേരട്കയിലെ മിൽക്ക് സൊസൈറ്റിയിൽ ജോലിക്ക് പോവുകയായിരുന്ന രഞ്ജിത (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേഷ് റായിയും (55) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രഞ്ജിതയുടെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരനായ രമേശ് റായിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. പാൽ സഹകരണ സംഘത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് രഞ്ജിതയെ കാട്ടാന ആക്രമിച്ചത്. രമേഷ് റായ് സംഭവസ്ഥലത്തുവെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി.

ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ എം.ആർ.രവികുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈ.കെ. ദിനേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. രഞ്ജിതയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സഹോദരിക്ക് ജോലി നൽകുമെന്ന് അധികൃതർ ഉറപ്പുനൽകി. മേഖലയിൽ കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിസിഎഫ് ശ്രീകുമാർ ഉറപ്പുനൽകി. കഴിഞ്ഞയാഴ്ച കർണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഹുൻസൂർ അൻഗോട്ട സ്വദേശിയായ മധുവിൻ്റെയും വീണ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ചേതൻ മരിക്കുകയും മധു നിസാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചേതൻ്റെ ബന്ധു രാജുവിനെ പിറ്റേദിവസം രാവിലെയാണ് കടുവ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നു.

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 5200 ആയി. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം പകുതി മുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന വില ഏതാനും ദിവസമായി ഇടിവിലാണ്.

വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം; കൊലപ്പെടുത്താനുള്ള ശ്രമവും

വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം; കൊലപ്പെടുത്താനുള്ള ശ്രമവും

തിരുവനന്തപുരം: വര്‍ക്കലയിൽ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം. അമ്മയുടെ കൈയ്ക്ക് വെട്ടേറ്റു, മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിയടക്കം മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി, ഇളയ മകൻ ഷംനാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി ശിഹാബുദ്ധീനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

വർക്കല താഴെവെട്ടൂർ ചുമട് താങ്ങി ജംഗ്ഷന് സമീപം ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വെട്ടൂർ സ്വദേശികളായ റംസീന ബീവി , ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, കുറ്റകൃത്യം ചെയ്ത ശിഹാബുദ്ദീൻ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റംസീന ബീവിയുടെ കൈയ്ക്ക് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശിഹാബുദ്ധീൻ ഓടിച്ച വാനിന്റെ അടിയിൽ പെട്ട ഷംനാദ് അത്യാസന്ന നിലയിലാണ്. വാനിന്റെ അടിയിൽ കുടുങ്ങികിടന്ന ഷംനദിനെ നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.

വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷംനാദിനെ പ്രാഥമിക ചികിത്സക്ക് ശേഷം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. റംസീനയുടെ കയ്യിൽ വെട്ടേറ്റ് ഉണ്ടായ മുറിവുകൾ അഴത്തിലുള്ളതാണെന്ന് വിവരം ലഭിച്ചു. കൈയ്യാങ്കളിയ്ക്കിടെ ശിഹാബുദ്ധീന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയായ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.