by Midhun HP News | Feb 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭുവനേശ്വർ: സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരായ നിർണായക പോരാട്ടത്തിൽ കേരളത്തിന് നിരാശ. മത്സരത്തിൽ ആദ്യം മുന്നിലെത്തിയിട്ടും കേരളം സമനില വഴങ്ങി. നിലവിലെ ചാമ്പ്യൻമാരായ കേരളം ഇതോടെ സെമി കാണാതെ പുറത്തായി. മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് കേരളത്തിന്റെ സാധ്യതകൾക്കും തിരശ്ശീല വീണത്. മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ കേരളം അവസാന നാലിൽ ഇടംപിടിക്കുമായിരുന്നു.
മറ്റൊരു മത്സരത്തിൽ കർണാടകയും ഒഡിഷയും സമനിലയിൽ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് പഞ്ചാബ് 11 പോയിന്റുമായും കർണാടക ഒൻപത് പോയിന്റുമായും സെമിയിലേക്ക് മുന്നേറി. എട്ട് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്ത്.
കേരളത്തിനായി വിശാഖ് മോഹനനാണ് ആദ്യം വല ചലപ്പിച്ചത്. ആദ്യ പകുതിക്ക് പിരിയുന്നതിന് മുൻപ് തന്നെ പഞ്ചാബ് രോഹിത് ഷെയ്ഖിലൂടെ സമനില പിടിച്ചു.
തുടക്കം മുതൽ കേരളം ആക്രമിച്ച് കളിച്ചു. 24ാം മിനിറ്റിൽ തന്നെ അതിന്റെ ഫലവും വന്നു. അബ്ദുൽ റഹീം നൽകിയ പാസിൽ നിന്നാണ് വിശാഖ് മോഹൻ ക്ലിനിക്കൽ ഫിനിഷിലൂടെ കേരളത്തിന് ലീഡ് സമ്മാനിച്ചത്.

കേരളം ആക്രമണം കടുപ്പിച്ചപ്പോൾ പഞ്ചാബ് കൗണ്ടർ അറ്റാക്കിലാണ് ശ്രദ്ധിച്ചത്. കേരളത്തിന്റെ ലീഡിന്റെ ആഹ്ലാദം പത്ത് മിനിറ്റ് മാത്രമാണ് നിലനിന്നത്. 34ാം മിനിറ്റിൽ അവർ സമനില ഗോൾ കണ്ടെത്തി. രോഹിത് ഷെയ്ഖായിരുന്നു സ്കോറർ. ഓഫ്‌സൈഡ് ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കമല്‍ദീപ് നല്‍കിയ ക്രോസ് രോഹിത് അനായാസം വലയിലെത്തിച്ചു. കേരളത്തിന്റെ പ്രതിരോധത്തിലെ പിഴവാണ് പഞ്ചാബിന് ഗോളിലേക്കുള്ള വഴി തുറന്നത്. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചതുമില്ല
by Midhun HP News | Feb 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ് സെന്റിമീറ്റർ നീളമുള്ള വാലുമായി ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും പുറത്തുവരുന്നത്. മെക്‌സിക്കോയിലാണ് ഈ അപൂർവ്വമായ സംഭവം നടന്നത്. കുഞ്ഞിനെ കണ്ട് ഡോക്ടർമാർ വരെ അമ്പരന്നുപോയി. സി-സെഷൻ ഡെലിവറിയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് വാൽ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോഴാണ് വാൽ അതിവേഗം വളരുന്നതായി കണ്ടെത്തിയത്.

ഇതേത്തുടര്‍ന്നാണ് വാൽ നീക്കം ചെയ്തത്. ശരീരത്തിന്റെ പിൻഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ ശരിയാക്കാനും ഡോക്ടർമാർ തീരുമാനിച്ചു.കുഞ്ഞിന് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു എന്നാണ് അശുപത്രി അധിക്യതർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിന്റെ വാലിന്റെ നീളം 5.7 സെന്റിമീറ്ററും വ്യാസം 3.5 മില്ലീമീറ്ററുമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അണുബാധയോ റേഡിയേഷനോ ബാധിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ രണ്ടുപേരും ആരോഗ്യവാന്മാരായിരുന്നു.കുട്ടിയുടെ തലച്ചോറും സുഷുമ്‌നാ നാഡിയും ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളും ഡോക്ടർമാർ പരിശോധിച്ചു.
ശസ്ത്രക്രിയകൾക്ക് ശേഷവും പെൺകുട്ടി സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. പീഡിയാട്രിക് സർജറി ജേണലിൽ ഈ അപൂർവ്വ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആദ്യമായല്ല വാലുമായി കുഞ്ഞുങ്ങൾ ജനിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ അവലോകനത്തിൽ 2017 വരെ ലോകത്ത് 195 കേസുകൾ ഇങ്ങനെ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്.
by Midhun HP News | Feb 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.115 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് തുടക്കം അത്ര മികച്ചതായിരുന്നില്ല. കെ എല്‍ രാഹുലിനെ (1) ആദ്യം തന്നെ ഇന്ത്യക്ക് നഷ്ടമായി.
നേഥന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. മൂന്നാമതെത്തിയ ചേതേശ്വര്‍ പൂജാര (പുറത്താവാതെ 31)- രോഹിത്തിനൊപ്പം (31) ചേര്‍ന്ന് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് കരുതി. എന്നാല്‍ ക്യാപ്റ്റന്‍ റണ്ണൗട്ടായത് തിരിച്ചടിയായി. വിരാട് കോലിയെ (20) ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ശ്രേയസ് അയ്യര്‍ക്ക് 10 പന്ത് മാത്രമായിരുന്നു ആയുസ്. 12 റണ്‍സെടുത്ത താരത്തെ മര്‍ഫി കുടുക്കി. പിന്നീട് പൂജാര- ഭരത് (23) സഖ്യം അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.മൂന്നാംദിനം ആരംഭിക്കുമ്പോള്‍ ഒന്നിന് 61 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഓസീസ്. ആറ് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് നഷ്ടമായിരുന്നത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഖവാജ. ഇന്ന് 34 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ കൂടി ഓസീസിന് നഷ്ടമായി. ആക്രമിച്ച് കളിച്ചിരുന്ന ട്രാവിഡ് ഹെഡ് (46 പന്തില്‍ 43) ഇന്ന് ആദ്യ ഓവറില്‍ തന്നെ മടങ്ങി. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് ക്യാച്ച്. ഒമ്പത് റണ്‍സ് മാത്രമെടുത്ത സ്റ്റീവന്‍ സ്മിത്തിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത മര്‍നസ് ലബുഷെയ്‌നിന്റെ (35) ഊഴമായിരുന്നു.
ജഡേജയുടെ ക്വിക്കറില്‍ ലബുഷെയ്ന്‍ ബൗള്‍ഡായി. ഡേവിഡ് വാര്‍ണര്‍ക്ക് പകരം കണ്‍ക്കഷന്‍ സബ്ബായി എത്തിയ മാറ്റ് റെന്‍ഷ്വൊയ്ക്ക് എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പീറ്റര്‍ ഹാന്‍ഡ്‌കോംപ് (0), പാറ്റ് കമ്മിന്‍സ് (0) എന്നിവരെ രവീന്ദ്ര ജഡേജ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. ഹാന്‍ഡ്‌കോംപ്, വിരാട് കോലിക്ക് ക്യാച്ച് നല്‍കി. ശേഷിക്കുന്ന നാല് വിക്കറ്റുകളും ജഡേജ പിഴുതെടുത്തു. നേഥന്‍ ലിയോണ്‍ (8), അലക്‌സ് ക്യാരി (7), പാറ്റ് കമ്മിന്‍സ് (0), മാര്യൂ കുനെമാന്‍ (0) എന്നിവരാണ് ജഡേജയ്ക്ക് മുന്നില്‍ വിക്കറ്റ് തെറിച്ച് മടങ്ങിയത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 263 റണ്‍സിന് മറുപടിയായി ക്രീസിലിറങ്ങിയ ഇന്ത്യ 262 റണ്‍സിന് ഓള്‍ ഔട്ടായിയിരുന്നു. രണ്ടാം ദിനം ലഞ്ചിന് ശേഷം 139-7ലേക്ക് കൂപ്പുകുത്തിയശേഷം എട്ടാം വിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിനും അക്‌സര്‍ പട്ടേലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് വന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സടിച്ച് മികച്ച ഒന്നാം ഇന്നിംഗ്‌സ് ലീഡെന്ന ഓസീസ് മോഹങ്ങള്‍ ബൗണ്ടറി കടത്തി. കൂട്ടുകെട്ട് പൊളിക്കാന്‍ വഴി കാണാതിരുന്ന ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഒടുവില്‍ രണ്ടാം ന്യൂ ബോള്‍ എടുത്തതാണ് കളിയില്‍ വഴിത്തിരിവായത്.
ന്യൂബോള്‍ എടുത്ത് 3.3 ഓവറിനുള്ളില്‍ ഇന്ത്യ ഓള്‍ഔട്ടായി. 74 റണ്‍സെടുത്ത അക്‌സറായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി (44), രോഹിത് (32), അശ്വിന്‍ (37) എന്നിവര്‍ നിര്‍ണായ പ്രകടനം പുറത്തെടുത്തിരുന്നു. ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിനെ ഉസ്മാന്‍ ഖവാജ (81), പീറ്റര്‍ ഹാന്‍ഡ്‌കോംപ് (72) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
by Midhun HP News | Feb 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിൻ്റെ വ്യാജ പതിപ്പ് സൃഷ്ടിച്ചു പണം തട്ടുവാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മലപ്പുറം മങ്കട കോഴി പറമ്പിൽ വീട്ടിൽ സജിൻ (38), കണ്ണൂർ ചെറുപുഴ കളിക്കലകത്ത് കിഴക്കതിൽ വീട്ടിൽ നിഖിൽ (40) എന്നിവരാണ് പിടിയിലായത്. 5000 രൂപ സമ്മാനം നേടിയ സെറ്റ് ലോട്ടറിയുടെ 12 ടിക്കറ്റുകൾ വ്യാജമായി കളർ പ്രിൻ്റ് എടുത്തു ലോട്ടറി കടയിൽ നിന്നും മാറുവാൻ ശ്രമിക്കുകയായിരുന്നു. ഭഗവതി ലോട്ടറിയുടെ കച്ചേരി നടയിലെയും കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെയും സ്റ്റാളുകളിലാണ് തട്ടിപ്പിന് ശ്രമിച്ചത്. സംശയം തോന്നിയ കച്ചവടക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.


by Midhun HP News | Feb 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ വിവാദം. കഴിഞ്ഞവര്‍ഷം ഉണ്ടായ പ്രളയത്തില്‍ പാകിസ്ഥാനെ സഹായിക്കാനായി തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെയാണ് പാകിസ്ഥാന്‍ തിരിച്ചു തുര്‍ക്കിയിലേക്ക് കയറ്റി വിട്ടതെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ ഷാഹിദ് മസൂദ് ആരോപിച്ചു. സേനയുടെ സി 130 വിമാനങ്ങളില്‍ തുര്‍ക്കിയിലേക്ക് പാകിസ്ഥാന്‍ അടിയന്തര സഹായങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ ഈ സാധനങ്ങള്‍ എല്ലാം തുര്‍ക്കി പാകിസ്ഥാന് നല്‍കിയവയാണ് എന്നാണ് ഷാഹിദ് മസൂദ് ആരോപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ തുര്‍ക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു വരികയാണെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് പുതിയ ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തുവന്നത്. കഴിഞ്ഞദിവസം ഷെഹബാസ് ഷെരീഫ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. അങ്കാറയിലെത്തിയ ഷെഹബാസ്, ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന് പിന്നാലെയാണ്, പാകിസ്ഥാന്റെ നയതന്ത്ര മേഖലയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.

by Midhun HP News | Feb 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ മുന്നോട്ട് വെച്ചതായാണ് വിവരം. ശശി തരൂരിന്റേതിന് സമാനമായ രീതിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്.


Recent Comments