സ്കൂൾ വാർഷിക പരീക്ഷ മാർച്ച്  13 മുതൽ  ഉച്ചക്കു ശേഷം;31 ന്   സ്കൂൾ അടക്കും

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ ഉച്ചക്കു ശേഷം;31 ന് സ്കൂൾ അടക്കും

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും.

രാവിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഒന്ന്-ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഉച്ചക്കു ശേഷം രണ്ടു മുതലായിരിക്കും നടക്കുക. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം അനുസരിച്ചായിരിക്കും പരീക്ഷ. വിശദ ടൈംടേബിൾ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ.

ഉച്ചഭക്ഷണ പദ്ധതിയിൽ മൂന്നു മാസത്തെ കുടിശ്ശിക തുകയായ 126 കോടി അനുവദിച്ചിട്ടുണ്ടെന്നും ഉടൻ വിതരണം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രപ്പോസലുകളിൽ അംഗീകരിക്കാവുന്നവ സർക്കാറിലേക്ക് കൈമാറി. സ്പെഷലിസ്റ്റ് അധ്യാപക സമരം ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായും ഡയറക്ടർ അറിയിച്ചു.

ദിലീപിന് തിരച്ചടി; മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

ദിലീപിന് തിരച്ചടി; മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

ഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ കേസിലെ പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജികള്‍ പരിഗണിക്കുന്നത് മാര്‍ച്ച് 24ലേക്കു മാറ്റി. കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കിയാവും ഇതില്‍ തീരുമാനം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു. സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാന്‍ 30 പ്രവൃത്തി ദിനങ്ങള്‍ വേണമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതില്‍ മൂന്നു പേരുടെ വിസ്താരം പൂര്‍ത്തിയായതായും പ്രോസിക്യൂഷന്‍ അറിയിച്ചു.
നാലു പേരെയാണ് കേസില്‍ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീര്‍ക്കാനാവുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ വ്യാജ കാരണങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടുന്നതെന്നു ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. തെളിവുകളുടെ വിടവ് നികത്താനാണ് ഇതെന്നും ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

ഒളി കാമറ വിവാദം: ചേതന്‍ ശര്‍മ്മ രാജിവെച്ചു

ഒളി കാമറ വിവാദം: ചേതന്‍ ശര്‍മ്മ രാജിവെച്ചു

മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ്ഷായ്ക്ക് രാജിക്കത്ത് നല്‍കി. ചേതന്‍ ശര്‍മ്മയുടെ രാജി സ്വീകരിച്ചതായി ജയ് ഷാ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍, ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് ചേതന്‍ ശര്‍മ്മ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. പൂര്‍ണമായും ഫിറ്റല്ലാത്ത താരങ്ങള്‍ ഉത്തേജക മരുന്ന് കുത്തിവെച്ച് കളിക്കാനിറങ്ങുന്നുവെന്നായിരുന്നു ചേതന്റെ വിവാദ വെളിപ്പെടുത്തല്‍.

വിരാട് കോഹ്‌ലിയും മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള പോരും, നിലവിലെ ഇന്ത്യന്‍ ടീമില്‍ കോഹ്ലിയും നായകന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള ബന്ധങ്ങളുമടക്കം ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. വിരാടും രോഹിതും തമ്മില്‍ പിണക്കങ്ങളില്ലെങ്കിലും, ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷ് ഉണ്ടെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞിരുന്നു.

കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1.4 മുതൽ 2.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിക്കാം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു

സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മുള്ളികുളങ്ങരയിൽ അൻപൊലി സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ മാവേലിക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സജേഷിനെ കൊലപ്പെടുത്തിയ ഉമ്പർനാട് വിഷ്ണു ഭവനം വിനോദ് എന്ന വെട്ടുകത്തി വിനോദ് ഒളിവിലാണ്. തെക്കേക്കര പഞ്ചായത്ത് 19-ാം വാർഡിൽ അശ്വതി ജംഗ്‌ഷന് സമീപം വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. ഇടത് കൈയുടെ മസിലിൽ കുത്തേറ്റ സജേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാർന്നു മരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവുണ്ടായി. നാല് ദിവസംകൊണ്ട് 640 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5180 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4265 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയാണ് വെള്ളിക്ക് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ വില 71 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.