ശിവരാത്രി: ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി

ശിവരാത്രി: ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി. ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് നടപടിയെന്ന് കെഎംആര്‍എല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആലുവ, എസ്എന്‍ ജംഗ്്ഷന്‍ എന്നിവിടങ്ങളില്‍നിന്ന് ശനി രാത്രി 11.30 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ്. ഞായറാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ സര്‍വീസ് തുടങ്ങും. രാവിലെ ഏഴു വരെ 30 മിനിറ്റ് ഇടവിട്ടും ഏഴു മുതല്‍ ഒമ്പതു വരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ്. ഞായറാഴ്ച നടക്കുന്ന യുപിഎസ്സി എന്‍ജിനീയറിങ് കംമ്പയിന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ എഴുതുന്നവര്‍ക്കും പുതുക്കിയ ട്രെയിന്‍ സമയക്രമം ഉപകാരപ്പെടും.

‘അരങ്ങ്’ ഇൻക്ലൂസീവ് തിയേറ്റർ ക്യാമ്പ് നടന്നു

‘അരങ്ങ്’ ഇൻക്ലൂസീവ് തിയേറ്റർ ക്യാമ്പ് നടന്നു

അരങ്ങ് ഇൻക്ലൂസീവ് തിയേറ്റർ ക്യാമ്പ് ആറ്റിങ്ങൽ ബിആർസിയുടെ ആഭിമുഖ്യത്തിൽ നടന്നു. രംഗപ്രഭാത് ഡയറക്ടർ കെ എസ് ഗീത ഉദ്ഘാടനം നിർവഹിച്ചു. വിജയകുമാരൻ നമ്പൂതിരി (എ ഇ ഒ ആറ്റിങ്ങൽ) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ബി ആർ സി ബിപിസി പി. സജി സ്വാഗതം ആശംസിച്ചു. സീന എസ് എം (സി ആർ സി സി,ബി ആർ സി ആറ്റിങ്ങൽ ) നന്ദി പ്രകാശനത്തോടുകൂടി ഉദ്ഘാടന സെഷൻ അവസാനിക്കുകയും തീയറ്റർ ക്യാമ്പ് സെഷൻ അഭിഷേക് രംഗപ്രഭാതിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. ജവാദ് (ഡിപിസി എസ് എസ് കെ തിരുവനന്തപുരം) സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. 8 മണി മുതൽ കുട്ടികൾക്കായി സിനിമ പ്രദർശിപ്പിക്കുകയും 10 മണിക്ക് ഒന്നാം ദിവസത്തെ ക്യാമ്പ് അവസാനിക്കുകയും ചെയ്തു.

രണ്ടാം ദിവസം ആദ്യ സെക്ഷൻ ആരംഭിക്കുകയും അഭിഷേക് നേതൃത്വത്തിൽ ഭാവാഭിനയത്തിന്റെ വിവിധ ഭാവങ്ങൾ ഗ്രൂപ്പുകളായി തിരിച്ച്, സംഗീതത്തിന്റെ അകമ്പടിയോടെ കുട്ടികൾക്ക് പരിശീലനം നൽകി ശേഷം ഓരോ കുട്ടികളുടെയും കഥാപാത്രം നിർണയം നടത്തുകയും സംഭാഷണവും ഭാവ അഭിനയവും ഏകോപിപ്പിച്ചുകൊണ്ടുള്ള പരിശീലനം ഓരോ കുട്ടികൾക്കും നൽകി. തുടർന്ന് ഒരു തീം നൽകുകയും അതുമായി ബന്ധപ്പെട്ട നാടക പരിശീലനം നടത്തുകയും ചെയ്തു. രണ്ടുമണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ശ്രീകുമാരൻ (ഡി പി ഓ എസ് എസ് കെ തിരുവനന്തപുരം) അധ്യക്ഷൻ വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ബിപിസി ശ്രീ പി സജി സ്വാഗതം ആശംസിച്ചു. വാമനപുരം എംഎൽഎ ഡി കെ മുരളി ഉദ്ഘാടനം ചെയ്തു. എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ ഷൂജ മുഖ്യപ്രഭാഷണം നടത്തി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ രശ്മി ആശംസകൾ അർപ്പിച്ച ചടങ്ങിൽ ആശാലത (സ്പെഷ്യൽ എഡ്യൂക്കേഷൻ) നന്ദി അർപ്പിച്ചു. സമ്മേളനത്തിൽ എംഎൽഎ, പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി. രണ്ടുദിവസത്തെ ക്യാമ്പിനെ കുറിച്ചുള്ള അനുഭവം കുട്ടികളും രക്ഷകർത്താക്കളും പങ്കുവെച്ചു. തുടർന്ന് കുട്ടികൾ പഠിച്ച നാടകം അരങ്ങിൽ അവതരിപ്പിച്ചു.

ജമ്മു കശ്മീരില്‍ ഭൂകമ്പം; 3.6 തീവ്രത

ജമ്മു കശ്മീരില്‍ ഭൂകമ്പം; 3.6 തീവ്രത

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂകമ്പം. കത്രയില്‍ വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. കത്രയുടെ കിഴക്ക് ഭാഗത്ത് 97 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാട്ടാക്കടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കാട്ടാക്കടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കാട്ടാക്കട മാർക്കറ്റ് റോഡിൽ ശ്രീകൃഷ്ണപുരം റോഡിന് സമീപത്തെ കൊടും വളവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഇരു ബൈക്കുകളിലും സഞ്ചരിച്ചവർക്ക് ഗുരുതര പരിക്കേറ്റു. ആനപ്പാറ സ്വദേശി ശിവൻകുട്ടിയും കാട്ടാക്കട സ്വദേശി അജ്മലും സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇവരിൽ ഒരാളുടെ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൂട്ടിയിടിച്ചത്. ഒരു വാഹനം വേഗതയിലും ആയിരുന്നു .

അജ്മൽ കാട്ടാക്കടയിൽ നിന്നും പൂവച്ചൽ ഭാഗത്തേക്കും ശിവൻകുട്ടി പൂവച്ചൽ ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്നു ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പോലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവൻകുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ഒരു കണ്ണിന് തകരാറുമുണ്ട്. അജ്മലിനും കാര്യമായ പരിക്കുകൾ ഉണ്ട്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

വർക്കല എസ് എൻ കോളേജിലെ വിദ്യാർത്ഥി സംഘർഷം; നാല് പേർക്ക് പരിക്ക്

വർക്കല എസ് എൻ കോളേജിലെ വിദ്യാർത്ഥി സംഘർഷം; നാല് പേർക്ക് പരിക്ക്

വർക്കല എസ് എൻ കോളേജിലെ വിദ്യാർത്ഥികൾ തമ്മിലുള്ള സഘർഷത്തിൽ കോളേജിന് പുറത്തുനിന്നും ഉള്ളവർ ആക്രമണം നടത്തിയെന്ന് പറയപ്പെടുന്നു. വിദ്യാർഥികൾക്ക് തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കുണ്ട്‌. അഖിൽ മുഹമ്മദ്, വിപിൻ സിബിൻ, ശ്രീമോൻ, ആഷിക് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക് ആശുപത്രിയിൽ ചികിസ്തയിലാണ്. കത്തി കൊണ്ട് കുത്തുകയും കമ്പി പാര കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പരിക്കേറ്റ വിദ്യാർഥികൾ പറയുന്നത്.

‘കാന്താര’ പാട്ടുകേസ്: പൃഥ്വിരാജിനെതിരായ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ

‘കാന്താര’ പാട്ടുകേസ്: പൃഥ്വിരാജിനെതിരായ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: കന്നട ചിത്രം കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിർ‍കക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തിൽ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയിരുന്നത്. പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികൾക്ക് കാരണം.

അനുവാദമില്ലാതെയാണ് തങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്‍റെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആൽബത്തിൽ നിന്നുളള മോഷണമാണ് കാന്താരയിലെ ഗാനമെന്നായിരുന്നു പരാതി. എന്നാൽ കാന്താര സിനിമയിലെ വരാഹ രൂപം എന്ന ഗാനം മോഷണമല്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ ആവർത്തിക്കുന്നത്. ഗാനം യഥാർത്ഥ നിർമ്മിതി തന്നെയാണെന്ന് സംവിധായകൻ ഋഷഭ് ഷെട്ടി പറഞ്ഞു.

പകർപ്പവകാശ ലംഘന കേസിൽ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം. രണ്ടുദിവസമായി നടന്ന ചോദ്യം ചെയ്യലിൽ കാര്യങ്ങൾ മുഴുവൻ പൊലീസിനെ അറിയിച്ചെന്നും സംവിധായകൻ പറഞ്ഞു. സംവിധായകനും നിർമ്മാതാവ് വിജയ് കിരഗന്തൂരൂം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇരുവരും കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്.